ഹൈദരാബാദ്: അത്ഭുത ആയുര്‍വേദ മരുന്ന് ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കോവിഡ് ഭേദമായെന്ന് അവകാശപ്പെട്ട ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശി മരിച്ചു. പ്രധാന അധ്യാപകനായി വിരമിച്ച എന്‍ കോട്ടയ്യ എന്നയാളാണ് മരിച്ചത്. നെല്ലൂര്‍ ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരിച്ചത്. ഓക്‌സിജന്റെ അളവ് താഴ്ന്നതിനെ തുടര്‍ന്ന് കോട്ടയ്യയെ വെള്ളിയാഴ്ച രാത്രിയോടെ നെല്ലൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആയുര്‍വേദ മരുന്ന് കഴിച്ച് തന്റെ കോവിഡ് മിനിറ്റുകള്‍ക്കകം ഭേദമായെന്ന് അവകാശപ്പെട്ട കോട്ടയ്യയുടെ വീഡിയോ വൈറലായിരുന്നു. നെല്ലൂരിലെ കൃഷ്ണപ്പട്ടണത്തെ ബോണിഗി ആനന്ദയ്യ നിര്‍മിച്ച ഒരു ഔഷധ മരുന്ന് കണ്ണില്‍ ഒഴിച്ചെന്നും ഇതോടെ കോവിഡില്‍ നിന്ന് മോചിതനായെന്നുമായിരുന്നു ഇയാളുടെ അവകാശവാദം. വീഡിയോ വൈറലായതിന് പിന്നാലെ ആയിരകണക്കിന് പേരാണ് കൃഷ്ണപ്പട്ടണത്ത് മരുന്നിനായി എത്തികൊണ്ടിരിക്കുന്നത്.

കോട്ടയ്യയ്ക്ക് മറ്റു പല രോഗങ്ങളും ഉണ്ടായിരുന്നുവെന്നും തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സുധാകര്‍ റെഡ്ഡി അറിയിച്ചു.