ആര്‍.എസ്.എസ് ബന്ധം സംബന്ധിച്ചുള്ള താന്‍ ഉന്നയിച്ച ആരോപണത്തോടുള്ള വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ മറുപടി, തന്റെ വെളിപ്പെടുത്തലുകള്‍ ശരിവെക്കുന്നതാണെന്ന് അനില്‍ അക്കര എം.എല്‍.എ. രവീന്ദ്രനാഥ് ചെറുപ്പത്തില്‍ ആര്‍.എസ്.എസ് ശാഖയില്‍ പോയിരുന്നു എന്നും സെന്റ് തോമസ് കോളേജിലെ പഠനകാലത്ത് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്കു വേണ്ടി നോമിനേഷന്‍ നല്‍കി എന്നും അനില്‍ അക്കര ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. അനില്‍ അക്കരയുടെ ‘വ്യാജ ആരോപണത്തില്‍’ ശക്തമായി പ്രതിഷേധിക്കുന്നു എന്നും എ.ബി.വി.പിയുമായി ജീവിതത്തിലൊരിക്കലും ബന്ധപ്പെട്ടിട്ടില്ല എന്നുമാണ് വിദ്യാഭ്യാസ മന്ത്രി ഔദ്യോഗിക ലെറ്റര്‍ പാഡിലും ഫേസ്ബുക്ക് പേജിലും വ്യക്തമാക്കിയത്.

എന്നാല്‍, മന്ത്രിയുടെ നിഷേധക്കുറിപ്പിനെതിരെ അനില്‍ അക്കര വീണ്ടും രംഗത്തെത്തി. മന്ത്രി ഇറക്കിയ പത്രക്കുറിപ്പില്‍ താന്‍ പഞ്ഞത് ശരിയാണെന്ന് സമ്മതിക്കുകയാണെന്നും തന്റെ ആരോപണങ്ങളൊന്നും രവീന്ദ്രനാഥ് നിഷേധിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു. ആര്‍.എസ്.എസ് ശാഖയില്‍ പോയിരുന്നു എന്നും എ.ബി.വി.പി സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയെന്നുമുള്ള ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയിക്കാനും അനില്‍ അക്കര വിദ്യാഭ്യാസ മന്ത്രിയെ വെല്ലുവിളിക്കുന്നു.

അനില്‍ അക്കരയുടെ പോസ്റ്റ്:

ബഹുമാന്യ വിദ്യാഭ്യാസമന്ത്രി
ശ്രീ രവീന്ദ്രന്‍മാഷേ,
ഞാന്‍ ഫെയ്സ് ബുക്കില്‍ ഇട്ടകുറിപ്പ് നിഷേധിച്ചുകൊണ്ട് ഇറക്കിയ പത്രകുറിപ്പില്‍ തന്നെ ഞാന്‍ പറഞ്ഞത് ശരിയാണെന്ന് താങ്കള്‍ സമ്മതിക്കുകയാണ്.
ഞാന്‍ പറഞ്ഞത് രവീന്ദ്രന്‍മാഷ് എബിവിപി യുടെ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയെന്നാണ്. താങ്കള്‍ അത് നിഷേധിക്കുന്നില്ല.
ഞാന്‍ പറഞ്ഞത് താങ്കള്‍ കുട്ടിക്കാലത്ത് ചെരനെല്ലോര്‍
ആര്‍ എസ് എസ് ശാഖയില്‍ പോയിരുന്നു എന്നാണ്.
താങ്കള്‍ അതും നിഷേധിക്കുന്നില്ല.
പിന്നെ എന്റെ അഭിപ്രായത്തോട് പ്രധിഷേധം രേഖപ്പെടുത്താം
അത് ഞാന്‍ സ്വാഗതം ചെയ്യുന്നു.
പിന്നെ എന്താണ് യഥാര്‍ത്ഥ വസ്തുത?
പറയൂ,മാഷ് തന്നെ പറയൂ
ഇതൊന്നും ഇല്ല എന്ന് പറഞ്ഞ് ഒരുവെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍,, നമുക്ക് നോക്കാം.
ഞാനും ആ കോളേജില്‍ പഠിച്ചതല്ലേ?

നേരത്തെ മറ്റൊരു പോസ്റ്റില്‍ രവീന്ദ്രനാഥ് എ.ബി.വി.പിക്കു വേണ്ടി നാമനിര്‍ദേശ പത്രിക നല്‍കിയതിന്റെ വിശദാംശങ്ങള്‍ അനില്‍ അക്കര വ്യക്തമാക്കിയിരുന്നു. അച്യുത മേനോന്‍ മന്ത്രിസഭയിലെ ധനകാര്യമന്ത്രി എന്‍.കെ ശേഷന്‍ വരണാധികാരിയായ 1978-ലെ യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് രവീന്ദ്രനാഥ് എ.ബി.വി.പിക്കു വേണ്ടി പത്രിക നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തതെന്ന് അനില്‍ അക്കര ആരോപിക്കുന്നു.