ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകനും ഗാന്ധിയനുമായ  ഇന്നലെ രാംലീല മൈതാനത്ത് ആരംഭിച്ച സമരം തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ബി.ജെ.പി സര്‍ക്കാറിന്റെ ജനദ്രോഹ-കര്‍ഷക വിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരിടവേളക്ക് ശേഷം ഹസാരെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.
അഴിമതിക്കെതിരായി നടത്തിയ സമരം ഏഴ് വര്‍ഷം തികയുമ്പോഴാണ് വീണ്ടുമൊരു സമരവുമായി ഹസാരെയുടെ രംഗപ്രവേശനം. സമരത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ആവശ്യങ്ങള്‍ ഉന്നയിച്ചു പലവട്ടം കത്തയച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കാത്തതില്‍ ഹസാരെ നീരസം പ്രകടിപ്പിച്ചിരുന്നു. മഹാത്മജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഹസാരെ രാംലീല മൈതാനത്ത് എത്തിയത്. അതേസമയം ഹസാരെയുടെ സമരത്തിനെത്തിയവര്‍ സഞ്ചരിച്ച ട്രെയിനുകള്‍ മഹാരാഷ്ട്രയിലെ അഹമദ് നഗര്‍ ജില്ലയില്‍ തടഞ്ഞു.
രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും പ്രതിഷേധക്കാരുമായി ഡല്‍ഹിയിലേക്കു വരുന്ന ട്രെയിനുകള്‍ റദ്ദാക്കിയതായി ഹസാരെ ആരോപിച്ചു. ‘അവരെ അക്രമത്തിനു നിര്‍ബന്ധിക്കുകയാണ് നിങ്ങള്‍. എനിക്കുവേണ്ടിയും പൊലീസിനെ അയച്ചു. പൊലീസ് സംരക്ഷണം വേണ്ടെന്നു പലതവണ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ സംരക്ഷണം എന്നെ സഹായിക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെയും മോദിയുടെയും കൗശലം ഇനി നടപ്പില്ല’- ഹസാരെ വ്യക്തമാക്കി. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും സ്ഥാപിക്കണമെന്നാണ് ഹസാരെയുടെ ആവശ്യം. കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.