അഹമ്മദ്‌നഗര്‍: കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ശനിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാന്‍ സാമൂഹ്യപ്രവര്‍ത്തകനും ലോക്പാല്‍ സമരനേതാവുമായ അണ്ണാ ഹസാരെ. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലാണ് നിരാഹാര സമരം നടത്തുന്നത്. അതത് പ്രദേശങ്ങളില്‍ തന്റെ അനുയായികളെല്ലാം പ്രക്ഷോഭം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷകരുടെ ആവശ്യങ്ങളെക്കുറിച്ച് കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഓര്‍മ്മപ്പെടുത്തുകയാണ്. കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഉചിതമായ തീരുമാനമെടുത്തിട്ടില്ല. കര്‍ഷകരോട് സര്‍ക്കാര്‍ മൃദുസമീപനമല്ല സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്കും കൃഷി മന്ത്രിക്കും കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് കത്തുകളയച്ചിരുന്നു. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി.