ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ നിരാഹാരസമരം നടത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പ്രവര്‍ത്തകരോടും സമരം സമരത്തില്‍ പങ്കുചേരാന്‍ അഭ്യര്‍ത്ഥിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദില്ലി ചലോ ആഹ്വാനത്തിനനുസരിച്ച് കൂടുതല്‍ കര്‍ഷകര്‍ ദേശീയപാതകളിലേക്ക് നീങ്ങുന്നത് തലസ്ഥാനനഗരത്തിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തെ ബാധിച്ചേക്കും.

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നേരത്തെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ശിരോമണി അകാലിദള്‍ (ഡെമോക്രാറ്റിക്) നേതാവ് സുഖ്‌ദേവ് സിങ്, പ്രശസ്ത പഞ്ചാബി കവി സുര്‍ജിത് പട്ടാര്‍ തുടങ്ങിയവര്‍ പത്മാ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. പഞ്ചാബിലെ നിരവധി കായിക താരങ്ങളും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു.

അതേസമയം, ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കര്‍ഷക സമരം കൂടുതല്‍ ശക്തമാകുകയാണ്.കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു.