കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടവും അവസാനിക്കാനിരിക്കെ തങ്ങള്‍ക്കെതിരെ മത്സരിച്ചവര്‍ക്കെതിരെ അക്രമത്തിന് സിപിഎം കോപ്പ് കൂട്ടുന്നു. കൊലപ്പെടുത്തുമെന്ന് സൂചന നല്‍കി കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടുമുറ്റത്ത് റീത്ത് സ്ഥാപിച്ചു. ചെമ്പിലോട് പഞ്ചായത്ത് പത്താം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.അബ്ദുള്‍ മുത്തലിബിന്റെ വീട്ട് മുറ്റത്താണ് കഴിഞ്ഞ ദിവസം രാവിലെ റീത്ത് കണ്ടത്.

തോല്‍വി ഭയന്ന് എതിര്‍ പാര്‍ട്ടിക്കാര്‍ തങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ ചക്കരക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

തങ്ങള്‍ക്ക് സ്വാധീനമുള്ള ഇടങ്ങളില്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ആന്തൂര്‍ നഗരസഭയിലടക്കം സിപിഎം എതിരില്ലാതെ ജയിച്ചത് ഇങ്ങനെയാണ്. സിപിഎമ്മിനെതിരെ മത്സരിച്ചാല്‍ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.