ജനീവ: ഇസ്രാഈലിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെയും അധിനിവേശ പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് അമേരിക്കയുടെ രൂക്ഷ വിമര്‍ശം.
ഇസ്രാഈലിനോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും കൗണ്‍സിലില്‍ തുടരുന്ന കാര്യത്തില്‍ യു.എസ് പുനരാലോചനക്ക് നിര്‍ബന്ധിതമായിരിക്കുകയാണെന്നും അമേരിക്കയടെ യു.എന്‍ സ്ഥാനപതി നിക്കി ഹാലി മുന്നറിയിപ്പുനല്‍കി. യു.എന്‍ സ്ഥാനപതിയായ ശേഷം കൗണ്‍സിലില്‍ ഹാലി നടത്തിയ ആദ്യ പ്രസംഗത്തിലുടനീളം യു.എന്‍ മനുഷ്യാവകാശ സമിതിക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു. സമിതിയുടെ പ്രവര്‍ത്തനങ്ങളും അതില്‍ യു.എസിന്റെ പങ്കാളിത്തവും അമേരിക്ക ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സമിതിയില്‍ അംഗമാകുകയെന്നത് അന്തസ്സായാണ് അമേരിക്ക കാണുന്നത്. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് സമിതിയില്‍ ഇരിപ്പിടം ലഭിക്കാന്‍ പാടില്ല. വെനസ്വേലക്കെതിരെ ഒറ്റ പ്രമേയം പോലും പരിഗണിക്കാത്ത സമിതി മാര്‍ച്ചില്‍ ഇസ്രാഈലിനെതിരെ അഞ്ച് പ്രമേയങ്ങളാണ് പാസാക്കിയത്. ഇസ്രാഈല്‍ വിരുദ്ധ നിലപാട് സമിതിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണെന്നും നിക്കി ഹാലി പരാതിപ്പെട്ടു.
ഇസ്രാഈലിനെ എതിര്‍ക്കാനുള്ള സര്‍ക്കസ് മാത്രമാണ് യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ നടക്കുന്നതെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ആരോപിച്ചിരുന്നു.
ഇറാന്‍, സിറിയ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ സമിതി അവഗണിക്കുകയാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.
2013ല്‍ വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചതിനുശേഷം സമിതിയുമായുള്ള ബന്ധം ഇസ്രാഈല്‍ അവസാനിപ്പിച്ചിരുന്നു.
1967ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത ഫലസ്തീന്‍ മേഖലയില്‍നിന്ന് ഇസ്രാഈല്‍ പിന്മാറണമെന്ന് സമിതി മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്‍ ആവശ്യപ്പെട്ടതാണ് ഹാലിയെ പ്രകോപിപ്പിച്ചത്. ഹുസൈന്റെ പ്രസംഗത്തിനുശേഷമാണ് ഹാലി സംസാരിച്ചത്.