കൊച്ചി: ഏഴു മുസ്‌ലിം രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാ ള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ഒന്നടങ്കം സമരം നടത്തിയപ്പോള്‍ മുതലെടുപ്പിന് ശ്രമിച്ച യൂബര്‍ ടാക്‌സിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം.

ഇതേ തുടര്‍ന്നുണ്ടായ ഡിലീറ്റ് യൂബര്‍ ഹാഷ് ടാഗിലുള്ള (#DeleteUber)  പ്രതിഷേധ സമരത്തിന് മികച്ച പ്രതികരണമാണ് ലോകമെങ്ങും ലഭിക്കുന്നത്. കേരളത്തിലും ഉപഭോക്താക്കള്‍ യൂബര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ട്രംപിനെതിരെയും യൂബറിനെതിരെയുമുള്ള പ്രതിഷേധത്തില്‍ പങ്കുചേരുകയാണ്.തങ്ങളുടെ യൂബര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയാണെന്ന് നൂറു കണക്കിന് മലയാളി കള്‍ ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അറിയിച്ചു.

ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്ക് ടാക്‌സി വര്‍ക്കേഴ്‌സ് അലയന്‍സില്‍ പെട്ട ഡ്രൈവര്‍മാര്‍ ശനിയാഴ്ച ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഒരു മണിക്കൂര്‍ നേരത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. എന്നാല്‍ അവസരം മുതലെടുത്ത് ഈ സമയത്ത് യൂബര്‍ ടാക്‌സികള്‍ സര്‍വീസ് നടത്തുകയായിരുന്നു. പ്രതിഷേധത്തില്‍ പങ്കു ചേരണമെന്ന സമരക്കാരുടെ ആവശ്യം നിരാകരിച്ചായിരുന്നു യൂബറിന്റെ മുതലെടുപ്പ്.

യാത്രക്കാരില്‍ നിന്ന് അധിക നിരക്ക് (സര്‍ജിങ് പ്രൈസ്) ഈടാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ലോകമെങ്ങും ഡിലീറ്റ് യൂബര്‍ ഹാഷ്ടാഗ് വിപ്ലവം തുടങ്ങിയത്. യൂബര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തുള്ള സ്‌ക്രീന്‍ഷോട്ടുകളും ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യൂബര്‍ സി.ഇ.ഒ ട്രവിസ് കലാനിക് ട്രംപിന്റെ ബിസിനസ് അഡൈ്വസറി കൗണ്‍സിലില്‍ ചേര്‍ന്നതും ട്രംപിന്റെ നയങ്ങളെ എതിര്‍ക്കുന്നവരുടെ വിമര്‍ശന ത്തിന് കാരണമായിട്ടുണ്ട്.

 

കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട ഗതാഗത സൗകര്യം നല്‍കുന്ന യൂബര്‍ ടാക്‌സികള്‍ക്ക് കേരളത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. 2014ലായിരുന്നു യൂബറിന്റെ കൊച്ചി പ്രവേശം. പിന്നീട് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. ആദ്യം കുറഞ്ഞ നിരക്ക് ഈടാക്കിയ കമ്പനി പിന്നീട് സര്‍ജിങ് പ്രൈസ് ഈടാക്കിയതും നിരക്ക് ക്രമാതീതമായി വര്‍ധിപ്പിക്കുകയും ചെയ്തതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടായി. ഇതിനിടയിലാണ് ട്രംപിനോടുള്ള വിധേയത്വം കമ്പനിക്ക് വിനയാവുന്നത്. കേരളത്തില്‍ കൊച്ചിയില്‍ മാത്രം ആയിരത്തോളം ടാക്‌സികളാണ് യൂബറിനായി ഓടുന്നത്.