പരിസ്ഥിതി നിയമങ്ങള്‍ലംഘിച്ചെന്ന ആരോപണം നേരിടുന്ന പി.വി. അന്‍വര്‍ എംഎല്‍എ നിയമസഭ പരിസ്ഥിതി സമിതി അംഗം. നിയമം ലംഘിച്ചു പുഴയുടെ ഒഴുക്കു തടഞ്ഞു, അധികം ഭൂമികൈവശം വച്ചു എന്നീ പരാതികള്‍ ഉയര്‍ന്നിട്ടും പി.വി. അന്‍വര്‍ സമിതിയില്‍ അംഗമായി തുടരുകയാണ്. കൈയ്യേറ്റം ഉള്‍!പ്പെടെയുള്ള പരാതികള്‍ പരിശോധിക്കുന്ന സമിതിയില്‍, ആരോപണവിധേയനായ എംഎല്‍എ തുടരുമ്പോള്‍ സമിതിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

എംഎല്‍എ ആവുന്നതിനു മുമ്പു തന്നെ പി.വി. അന്‍വര്‍ പരിസ്ഥിതി നിയമലംഘനം തുടങ്ങിയിട്ടുണ്ട്. ഇതിനു തെളിവാണു കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാറയിലെ സ്വകാര്യ ഭൂമിയില്‍ അന്‍വര്‍ തടയണ നിര്‍മിച്ചതായി 2015ല്‍ മനോരമ ന്യൂസ് പുറത്തുവിട്ട വാര്‍ത്ത.. അരുവിയുടെ ഒഴുക്കു തടസപ്പെടുത്തിയുള്ള അനധികൃത തടയണ പൊളിച്ചു മാറ്റണമെന്നു ജില്ലാ ഭരണകൂടം പിന്നാലെ ഉത്തരവിട്ടു. പാര്‍ക് തടയണ നിര്‍മാണങ്ങളെത്തുടര്‍ന്നു വിവാദത്തിലായ പി.വി. അന്‍വര്‍ 2016ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു നിയമസഭാംഗമായി.

സിപിഎം പരിസ്ഥിതി സമിതിയിലേക്കു നിയോഗിച്ചതും അന്‍വറിനെത്തന്നെ. മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ സമിതിയില്‍ അനില്‍ അക്കര, പി.വി. അന്‍വര്‍, കെ. ബാബു, ഒ.ആര്‍. കേളു, പി.ടി.എ. റഹീം, കെ.എം. ഷാജി, എം. വിന്‍സെന്റ് എന്നിവരാണു മറ്റ് അംഗങ്ങള്‍. പാരിസ്ഥിതിക വിഷയങ്ങള്‍ പഠിക്കാനും റിപ്പോര്‍ട്ടു നല്‍കാനുമുളള നിയമസഭയുടെ സംവിധാനമാണു സമിതി. കക്കാടംപൊയില്‍ വിഷയത്തില്‍ പോലും നിയമസഭ സമിതി പരിശോധനക്കെത്തിയാല്‍, അംഗം എന്ന നിലയില്‍ പി.വി. അന്‍വറിനും വേണമെങ്കില്‍ സിറ്റിങ്ങില്‍ പങ്കെടുക്കാം.