കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ വിവാദ ഭൂമിയുടെ പോക്കുവരവ് രേഖകള്‍ ഇന്ന് ഹാജരാക്കണം. ആലുവ താലൂക്ക് ഭൂരേഖ അസി. തഹസില്‍ദാര്‍ പി. എന്‍ അനിയാണ് ഇന്ന് രാവിലെ 11ന് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 11ന് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എം.എല്‍.എയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതനുസരിച്ച് രണ്ടാഴ്ച സമയം അനുവദിക്കുകയായിരുന്നു. 11ന് പരാതിക്കാരിയെയും കമ്പനി പ്രതിനിധികളെയും താലൂക്ക് ഓഫീസിലേക്ക് ഹിയറിങിനായി വിളിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഹിയറിങില്‍ പങ്കെടുക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യത്തിന് സമയം കിട്ടിയില്ലെന്ന് റിയല്‍റ്റേഴ്‌സ് കമ്പനി അധികൃതര്‍ അറിയിക്കുകയായിരുന്നു. പാട്ടത്തിനായി നല്‍കിയ ഭൂമിയുടെ കരം ഏത് രേഖ വെച്ചാണ് അടച്ചതെന്ന് ഭൂരേഖ തഹസില്‍ദാര്‍ ചോദിച്ചു.
ഇതിനുള്ള മറുപടിയായാണ് ചുരുങ്ങിയ ദിവസം മാത്രം ലഭിച്ചതിനാല്‍ രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചത്. തുടര്‍ന്ന് പരാതിക്കാരിയുടെ സമ്മതം വാങ്ങിയ ശേഷം രണ്ടാഴ്ച സമയം അനുവദിക്കുകയായിരുന്നു. കാക്കനാട് സ്വദേശി ജോയ് മാത്യുവിന്റെ പേരിലുള്ള എടത്തലയിലെ 11.46 ഏക്കര്‍ ഭൂമിയെ സംബന്ധിച്ചാണ് പരാതി.