kerala

മൂന്നാം ക്ലാസുകാരിയെ ചൂരൽ വടി കൊണ്ട് അടിച്ച അധ്യാപകന് സസ്പെൻഷൻ

By webdesk15

July 26, 2023

മൂന്നാം ക്ലാസുകാരിയെ ചൂരൽ വടി കൊണ്ട് അടിച്ച അധ്യാപകന് സസ്പെൻഷൻ.ആറന്മുള എരുമക്കാട് ഗുരുക്കൻകുന്ന് കുറുമ്പൻ ദൈവത്താൻ സ്മാരക ഗവൺമെൻ്റ് എൽ.പി സ്ക്കൂളിലെ അധ്യാപകനും മെഴുവേലി സ്വദേശിയുമായ ബിനോജ് കുമാറിനെയാണ് സസ്‌പെന്റ് ചെയ്‌തത്‌ . എ ഇ ഒയുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. അധ്യാപകനെതിരെ പോലീസ് കേസെടുത്തിരുന്നു.കണക്ക് ചെയ്യാത്തതിൽ പ്രകോപിതനായി അധ്യാപകൻ ഏഴ് വയസുകാരിയായ പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥിനിയെ ചൂരൽ കൊണ്ട് ഇരു കൈത്തണ്ടയിലും അടിച്ചെന്നാണ് പരാതി. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോടു വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. അധ്യാപകർക്ക് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.