X

ചിലിയോട് പകരം ചോദിച്ച് അര്‍ജന്റീന; മെസിക്ക് ചുവപ്പ് കാര്‍ഡ്

ഓരോ കളി കഴിയുംതോറും മെച്ചപ്പെട്ടുവന്ന അര്‍ജന്റീനക്ക് കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനം. ലൂസേഴ്‌സ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ ഏറ്റുമുട്ടിയടീമുകള്‍ പരസ്പരം വീണ്ടും മുട്ടിയപ്പോള്‍ മല്‍സരം പരുക്കനായി. ഗോളുകള്‍ വീണതോടെ വീറും വാശിയും ഏറിയ മത്സരത്തില്‍ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയും ചിലി താരം ഗാരി മെദലും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

കോച്ച് ലയണല്‍ സ്‌കലോനിയുടെ ആക്രമണ തന്ത്രം തുടക്കം മുതലെ പുറത്തെടുത്ത അര്‍ജന്റീന 12-ാം മിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ടു. സ്വന്തം ഹാഫില്‍ നിന്നും മെസി പൊടുന്നനെ നീട്ടിയ നീള പാസ് അഗ്യൂറോ തന്റെ തനത് വേഗതയില്‍ വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ കണ്ടെതോടെ അധിപത്യം പുലര്‍ത്തിയ മെസിയും സംഘവും മൈതാനത്ത് സുന്ദരമായ നീക്കങ്ങളാണ് പുറത്തെടുത്തത്. ആദ്യ ഗോളിന് 10 മിനിറ്റുകള്‍ പിന്നിടുംമുന്നേ ആദ്യ ഇലവനില്‍ തന്നെ അവസരം ലഭിച്ച പൗളോ ഡിബാലയും ലീഡ് ഉയര്‍ത്തി. ബോക്‌സിലേക്ക് വന്നെത്തിയ പന്ത് ഇടതു വിങ്ങിലെ കൃത്യമായ ഇടപടിലൂടെ യുവന്റസ് താരം വലയിലെത്തിക്കുകയായിരുന്നു. കോപ്പയിലെ ഡിബാലയുടെ ആദ്യ ഗോളാണിത്.

തുടര്‍ന്ന് പരുക്കനായി മാറിയ കളിയുടെ ആവേശം പലപ്പോഴും കയ്യാങ്കളിയിലും എത്തി. 37ാം മിനിറ്റില്‍ ചിലിയുടെ ഔട്ട് ലൈനില്‍ വെച്ച് പന്തിനായി നടത്തിയ തള്ളാണ് മെസിയെയും ചിലെ താരം ഗാരി മെദലിനും ചുവപ്പുകാര്‍ഡിലേക്ക് എത്തിച്ചത്. സൂപ്പര്‍താരം ലയണല്‍ മെസ്സി രാജ്യന്തര മത്സരത്തില്‍ ഇത് രണ്ടാം തവണയാണ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്താവുന്നത്. ആകെ 37 ഫൗളുകള്‍ കണ്ട മല്‍സരത്തില്‍ ഏഴ് മഞ്ഞക്കാര്‍ഡുകളും റഫറി പുറത്തെടുത്തു.

ഇതോടെ 10 പേരുമായി നടന്ന മല്‍സരത്തിന്റെ 59-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അര്‍തുറോ വിദാലാണ് ചിലിയുടെ ആശ്വാസ ഗോള്‍ നേടിയത്. കായികമായി എതിര്‍ത്ത ഗാരി മെദലിനെതിരെ കാര്യമായ ഫൗളൊന്നും ചെയ്യാതിരുന്നിട്ടും മെസിക്കു ചുവപ്പുകാര്‍ഡ് നല്‍കിയതും രണ്ടാം പകുതിയില്‍ ചിലിക്ക് അനുവദിച്ച പെനല്‍റ്റിയും റഫറിയെ വിവാദത്തിലാക്കിയിട്ടുണ്ട്.

chandrika: