ജയ്പൂര്‍: ജമ്മുകശ്മീരിലെ തീവ്രവാദികള്‍ക്കു പാകിസ്താന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിച്ചതിന് ശേഷം മാത്രമേ പാകിസ്താനുമായി സമാധാന ചര്‍ച്ചകള്‍ നടക്കൂവെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സമാധാനം ആഗ്രഹിക്കുന്ന പ്രവര്‍ത്തനങ്ങളല്ല പാകിസ്താന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
താര്‍ മരുഭൂമിയില്‍ ഇന്ത്യ-പാക് അതിര്‍ത്തിക്കു സമീപം സതേണ്‍ കമാന്റിന്റെ ഹമേശ വിജയി പരിശീല പാരിപാടി വീക്ഷിക്കാനെത്തിയതായിരുന്നു അദ്ദേഹം. തീവ്രവാദികള്‍ക്കു നല്‍കുന്ന പിന്തുണ പാകിസ്താന്‍ അവസാനിപ്പിക്കണം. എങ്കില്‍ മാത്രമേ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനാവൂ എന്നം അദ്ദേഹം പറഞ്ഞു. അയല്‍ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തണമെന്നാണ് ഇന്ത്യയുടെയും ആവശ്യം പക്ഷേ ജമ്മുകശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുകയാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുന്ന പിന്തുണയിലൂടെ പാകിസ്താന്‍ സമാധാനം യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്രവാദികള്‍ക്കെതിരായി സൈന്യവും പാരമിലിറ്ററി വിഭാഗവും പൊലീസും നടപടികള്‍ എടുക്കുന്നുണ്ടെന്നും ഇത് ഇനിയും തുടരുമെന്നും റാവത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ വ്യക്തമാക്കി. ഇസ്്‌ലാമാബാദ് തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ മുഖ്യ ആശങ്ക തീവ്രവാദമാണെന്ന് പാകിസ്താന്‍ മനസിലാക്കണമെന്നും പാക് മണ്ണില്‍ നിന്നും പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പിന്നാലെ ഇന്ത്യയുമായി സമാധാനപരമായ ബന്ധം പാകിസ്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി ചര്‍ച്ചകളിലൂടെ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സൈന്യം എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പാക് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെയാണ് സൈനിക മേധാവി ഇക്കാര്യം പറഞ്ഞത്.
Be the first to write a comment.