യു.സി രാമന്‍

രാഷ്ട്രീയ കേരളത്തിലെ പങ്കാളിത്തംകൊണ്ട് പൊലിമയും പങ്കാളിത്തവുമേറിയ നാട്ടുത്സവമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. ഏറെ സുപ്രധാനങ്ങളും നിലനില്‍പ്പിനുതന്നെ അനിവാര്യങ്ങളുമായ നിരവധി വിഷയങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. ഒട്ടേറെ നന്മകളും ലക്ഷ്യങ്ങളും ഇതിലൂടെ സാധ്യമാവേണ്ടതുമുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അങ്ങേയറ്റത്തെ ജനദ്രോഹപരവും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞഴുകിയ ഭരണത്തിനും ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ച്, പ്രതിശബ്ങ്ങളെ തുറുങ്കലിലടക്കുന്ന ഫാസിസ്റ്റ് നടപടികള്‍ക്കുമെതിരെയുള്ള ജനവികാരത്തിന്റെ പ്രതിഫലനം കൂടിയാവണമീ തെരഞ്ഞെടുപ്പ്. ഗ്രാമസ്വരാജ്, അയല്‍പക്കത്തായം, കുടുംബ സ്വാശ്രയസംഘം തുടങ്ങിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്‌നത്തില്‍നിന്നും ആശയത്തില്‍നിന്നും ഉടലെടുത്ത് നെഹ്‌റുവിലൂടെയും ഇന്ദിരാഗാന്ധിയിലൂടെയും വളര്‍ന്ന് രാജീവ്ഗാന്ധി നടപ്പാക്കിയ പഞ്ചായത്ത്‌രാജിന്റെയും നഗരപാലികാനിയമത്തിന്റെയുമൊക്കെ വെളിച്ചത്തിലാണ് അധികാര വികേന്ദ്രീകരണത്തിന്റെ ഈ മഹനീയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഇന്ന് ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് അധികാര കേന്ദ്രീകരണത്തിലല്ലാതെ വികേന്ദ്രീകരണത്തില്‍ താല്‍പര്യമുണ്ടാവില്ലെന്നത് പറയേണ്ടതില്ലല്ലോ, ഈ അടിസ്ഥാന തത്വത്തിന് കടകവിരുദ്ധമായ നിലപാടുകളാണ് നിലവിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചുപോരുന്നത്. അധികാരത്തിന്റെ പുന:കേന്ദ്രീകരണവും അതിലൂടെ ഏകാധിപത്യ ഭരണ സ്വഭാവവുമാണ് ഇവര്‍ ലക്ഷ്യംവെക്കുന്നത്. പ്രത്യക്ഷ രാഷ്ട്രീയത്തില്‍ എതിര്‍ ചേരിയിലാണെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും കേരള മുഖ്യമന്ത്രി പിണറായി വിജയനിലും ഫാസിസ്റ്റു സമാനതകള്‍ ഏറിയും കുറഞ്ഞും കാണാം.
ഇടതു സര്‍ക്കാറിന്റെ നാലര വര്‍ഷത്തെ ഭരണത്തിനിടയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍പോന്ന പുതിയ നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കിയതായി കാണാം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റിലെ വിഹിതത്തില്‍ വന്‍ കുറവ് വരുത്തുകയും ചെയ്തു. ഇവ പ്രാദേശിക വികസനത്തെ പ്രതികൂലമായി ബാധിക്കും. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധികാരം ഈ ഗവണ്‍മെന്റ് എടുത്തുകളയുകയുണ്ടായി. സ്ഥലത്തെ ജനജീവിതത്തെയും പരിസ്ഥിതിയെയും ഏതുരീതിയില്‍ ബാധിക്കുന്നു എന്നത് മുഖവിലക്കെടുത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എന്ന മറവില്‍ റദ്ദാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അനിയന്ത്രിത കെട്ടിട നിര്‍മാണ നിയമലംഘനത്തിനും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് വഴിവെക്കും. മാത്രമല്ല തദ്ദേശസ്ഥാപനങ്ങളുടെ വലിയ വരുമാന മാര്‍ഗമായ പല നികുതികളും ഫീസുകളും ഇതിലൂടെ നഷ്ടപ്പെടും.

മഹാമാരിയും പ്രളയവും കേരളത്തെ ദുരിതത്തിലാഴ്ത്തിയപ്പോള്‍ സര്‍ക്കാരിന്റെ അഴിമതിയും കഴിവുകേടും ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി. കേരളത്തിലെ സവിശേഷമായ പ്രബുദ്ധതയുടെ ഫലമായി ജനങ്ങള്‍ സ്വീകരിച്ച ജാഗ്രത സര്‍ക്കാരിന്റെ നേട്ടമാക്കി പി.ആര്‍ വര്‍ക്കിന് ഇറങ്ങിയ സര്‍ക്കാറിന് പിന്നീട് സ്വീകരിച്ച തീരുമാനങ്ങള്‍ തിരിച്ചടിയായി. അവ ജനജീവിതം കൂടുതല്‍ കഷ്ടത്തിലാക്കി. പ്രളയ സമയത്ത് സ്വജീവന്‍ പണയംവെച്ച് ദുരിതത്തിലായവരെ സഹായിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ പൂര്‍ണമായും കൈവിട്ടു. യു.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രകടനപത്രികയില്‍ പ്രളയവും ഓഖിയും ദുരിതത്തിലാക്കിയ തൊഴിലാളികള്‍ക്ക്‌വേണ്ടി ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണമാണ് ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടന സംവിധാനങ്ങള്‍ മുഴുവന്‍ കണ്‍സള്‍ട്ടന്‍സിക്ക് തീറെഴുതികൊടുത്ത്, സ്വകാര്യ കുത്തകകള്‍ക്ക് കയറി മേയാനുള്ള അവസരം നല്‍കുന്നതിലൂടെ വലിയ അഴിമതിക്കാണ് കളമൊരുങ്ങുന്നത്. പഞ്ചായത്തുകള്‍ കാലങ്ങളായി ചെയ്തുവരുന്ന പാര്‍പ്പിട നിര്‍മാണ പദ്ധതികളെ അട്ടിമറിച്ച് ലൈഫ്മിഷന്‍ എന്ന പുതിയ പേരില്‍ അവതരിപ്പിച്ചിരിക്കുകയാണ്. എന്നാലിത് അഴിമതിയുടെ കൂത്തരങ്ങായിമാറി. വടക്കാഞ്ചേരിയില്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കമ്മീഷന്‍ നല്‍കി ലക്ഷങ്ങളാണ് പാഴാക്കികളഞ്ഞത്. അഴിമതിക്കെതിരെ വോട്ട് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചാണ് ഐക്യജനാധിപത്യമുന്നണി ജനങ്ങളുടെ മുന്നിലേക്കെത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെ പറുദീസയായിമാറിയിരിക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രി അഴിമതിക്കാരെ സഹായിക്കുന്ന, സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുപോരുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കര്‍ അടക്കം ഓഫീസിനെ ആകമാനം ഗ്രസിച്ച അഴിമതിയുടെ കറ ജനസാമാന്യത്തിന് മുന്നില്‍ മറച്ചു പിടിക്കാനാവില്ല. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരുമായി അവരുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. അധികാരദുര്‍വിനിയോഗത്തിനും അഴിമതിക്കും മന്ത്രി കെ.ടി ജലീല്‍ നിരന്തരമായി പഴി കേള്‍ക്കേണ്ടിവന്നു. ഏറ്റവുമൊടുവിലായി ധനകാര്യമന്ത്രാലയം കെ.എസ.്എഫ്.ഇയും അഴിമതിയുടെ കരിനിഴലിലാണ്.

എന്നാല്‍ ഇത്തരം വീഴ്ചകളെ ജനാധിപത്യപരമായി ചോദ്യംചെയ്യുകയും അതിനെതിരെ ശബ്ദമുയര്‍ത്തുകയുംചെയ്യുന്നവരെ ഏകാധിപത്യ മനോഭാവത്തോടെ നേരിടുകയും പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും ഇടതുപക്ഷ സര്‍ക്കാരും സ്വീകരിക്കുന്ന നിലപാട് ജനാധിപത്യ സംവിധാനത്തില്‍ ആശാവഹമല്ല. 118 എ നടപ്പിലാക്കി സര്‍ക്കാറിനെതിരെ വരുന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനുള്ള ശ്രമത്തില്‍നിന്ന് ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നു. പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇതര രാഷ്ട്രീയ ചേരിയിലെ നേതാക്കന്മാരെയും ജനപ്രതിനിധികളെയും ഭരണകൂട സംവിധാനങ്ങളും അന്വേഷണ ഏജന്‍സികള്‍ ദുരുപയോഗം ചെയ്തു നിശബ്ദമാക്കാനുള്ള ശ്രമവും നടന്നുവരുന്നു. മുസ്‌ലിംലീഗിന്റേയും ഐക്യജനാധിപത്യ മുന്നണിയുടെയും നേതാക്കള്‍ക്കെതിരെ കള്ളക്കഥകള്‍ മെനഞ്ഞ് തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധത്തിന്റെ മുനയൊടിക്കാമെന്നത് വ്യാമോഹമാണ്. ഇത് സ്വന്തം നഗ്‌നത മറച്ചുവെക്കാനുള്ള തന്ത്രപ്പാടായേ കാണാനൊക്കൂ.

എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കി ഏകാധിപത്യ വാഴ്ചക്കു കളമൊരുക്കുന്നതിനെ ജനാധിപത്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് പരാജയപ്പെടുത്തണം. അക്രമ രാഷ്ട്രീയത്തെ തേനും പാലും കൊടുത്ത് വളര്‍ത്തുകയും പ്രാദേശികതലത്തില്‍ തങ്ങളുടെ സ്വാധീന മേഖലകളില്‍ ഭീതിയുടെയും ഭയത്തിന്റേയും പിന്‍ബലത്തില്‍ പ്രതിപക്ഷ സംവിധാനങ്ങളെ ഇല്ലാതാക്കുന്ന രീതിയാണ് കണ്ടുവരുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്ക് പുല്ലുവിലയാണ്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു എന്ന് വീമ്പു പറയുമ്പോഴും അടിസ്ഥാന ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന രീതിയാണ് ഇവിടെയെല്ലാം കണ്ടുവരുന്നത്. ഈ ഏകാധിപത്യ ഫാസിസ്റ്റ് രീതിയെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പ് അതിനെതിരെയുള്ള ജനവികാരമായിരിക്കണം. അരികുവല്‍ക്കരിക്കപ്പെട്ടവരെ അകറ്റിനിര്‍ത്തി, അവരെ വോട്ട് ബാങ്കുകളായി കാണാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദലിതരെയും ന്യൂനപക്ഷങ്ങളേയും ദ്രോഹിക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിച്ചുപോന്നിട്ടുള്ളത്. മുന്നോക്ക സംവരണം എന്ന പേരില്‍ കൊണ്ടുവന്ന സവര്‍ണ്ണ സംവരണത്തെ നിയമപരമായി സാധൂകരിക്കുന്നതിലൂടെ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യ നീതിയും സമത്വത്തെയും അട്ടിമറിക്കുകയാണ്.

പാവങ്ങളുടെ പാര്‍ട്ടി എന്ന് ഊറ്റംകൊള്ളുമ്പോഴും അടിസ്ഥാന വര്‍ഗങ്ങളുടെ അവകാശത്തില്‍ കയ്യിട്ടുവാരി സവര്‍ണ്ണന് പകര്‍ന്നുനല്‍കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.
വാളയാറിലെയും പാലത്തായിലെയും കുട്ടികള്‍ക്ക് ഈ സര്‍ക്കാരില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നത് വങ്കത്തരമാണ്. ഭൂരിപക്ഷ പ്രീണനവും ന്യൂനപക്ഷ ദ്രോഹവുമാണ് ഇവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയം. ഈ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള, പൊലീസ് രാജിനെതിരെയുള്ള ജനഹിതമായിരിക്കണം തെരഞ്ഞെടുപ്പ്. അടിസ്ഥാന വര്‍ഗ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് യു.ഡി.എഫിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതികളെല്ലാം ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. പട്ടികവര്‍ഗ പട്ടികജാതി വിഭാഗങ്ങള്‍ക്ക് യു.ഡി.എഫ് ഭരണകാലത്ത് കൊണ്ടുവന്ന വിദ്യാഭ്യാസ വികസന പദ്ധതികള്‍ തിരിച്ചുകൊണ്ടുവരുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയില്‍ ഉറപ്പുനല്‍കുന്നുണ്ട്.

വര്‍ഗീയതയും ന്യൂനപക്ഷ ഉന്മൂലനവും പ്രഖ്യാപിത ലക്ഷ്യമായി കാണുന്ന ബി.ജെ.പി കേരളത്തിലും വര്‍ഗീയതയുടെ വിഷ ബീജങ്ങള്‍ കുത്തിവെക്കാനുള്ള പ്രയത്‌നത്തിലാണ്. സവര്‍ണ്ണര്‍ക്ക്മാത്രം ഇടമുള്ള വളരെ സങ്കുചിതമായ രാഷ്ട്രീയം പറയുന്ന ബി.ജെ.പിയെ കേരളത്തിലെ പ്രബുദ്ധ ജനത ഇക്കാലമത്രയും പുറം തള്ളിയിട്ടേയുള്ളൂ. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നയപരമായ വൈകല്യങ്ങളും ചില രാഷ്ട്രീയ നീക്കുപോക്കുകളും ബി.ജെ.പിയെ സഹായിക്കുന്ന രീതിയിലുള്ളവയാണ്. അത് കേരളത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും.

ദേശീയതലത്തില്‍ മതേതര ചേരി ദുര്‍ബലമാകുന്നത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്റെ തകര്‍ച്ചയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ മതേതര ചേരി ശക്തിയാര്‍ജിച്ച് വരേണ്ടതുണ്ട്. ബി.ജെ.പിയെപോലെ ദേശീയ തലത്തില്‍ കൂടുതല്‍ വേരോട്ടമുള്ള പാര്‍ട്ടിക്കെതിരെ ചെറിയ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പരിമിതികളുണ്ട്. ദേശീയ തലത്തില്‍ കൂടുതല്‍ വിശാലമായ സംഘടനാസംവിധാനങ്ങള്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്നതാണ് അതിനുള്ള പോംവഴി. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയെ തളര്‍ത്തുന്ന നിലപാട് സ്വീകരിക്കുന്നത് നല്ലതല്ല. ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനു അനിവാര്യമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. വികസനോന്മുഖ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം അതിന് അനിവാര്യമാണ്.