എ.എ ഹക്കീം കായംകുളം

കോവിഡ് ഭീതിയില്‍ ലോകത്ത് വേശ്യാലയങ്ങള്‍പോലും പൂട്ടിപ്പോയ സാഹചര്യത്തിലും മനുഷ്യപ്പറ്റില്ലാത്ത മാര്‍ക്‌സിസ്റ്റ് ഭരണം കേരളത്തില്‍ പുതിയ മോഡല്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. അനുനിമിഷം മരണം മനുഷ്യനെ കീഴ്‌പ്പെടുത്തുന്ന സാഹചര്യത്തിലും രാവിലെ കിട്ടുന്ന റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാതെ കോവിഡ് വിവരം രാത്രി മുഖ്യമന്ത്രിയുടെ ടി.വി ഷോ കഴിയുംവരെ കാത്തിരുന്ന് ചരിത്രം സൃഷ്ടിച്ച ലോകത്തെ ഏക പ്രദേശമാണ് കേരളം.

കഴിഞ്ഞ മാര്‍ച്ചു മുതല്‍ ഒരു മുഖ്യമന്ത്രിയുടെ മുഖ്യ പണി എന്നും രാവിലെ ഉറക്കമുണരുന്നതു മുതല്‍ മേക്കപ്പും വൈകുംവരെ റിഹേഴ്‌സലും പിന്നെ സന്ധ്യാനേരത്തെ വായനയുമായി മാറിയിരിക്കുന്നു. കൊച്ചു കാര്യമല്ലിത്. രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരെയും പി.ആര്‍ ഗിമ്മിക്കിന്റെ ഉസ്താദായ സാക്ഷാല്‍ പ്രധാനമന്ത്രിയെയും കേരള മുഖ്യന്‍ കടത്തിവെട്ടി പുതിയ മോഡല്‍ സൃഷ്ടിച്ചിയരിക്കുകയാണ്. ഭൂഗോളത്തിലെവിടെയും ഇങ്ങനെ കൊറോണയെ കൈകാര്യം ചെയ്യുന്നില്ല.

നാട്ടില്‍ രോഗലക്ഷണമുള്ളവരെ പരിശോധിക്കാന്‍ ഒരാഴ്ച കാത്തിരിപ്പ്. പിന്നെ ഫലമറിയാന്‍ രണ്ടാഴ്ചത്തെ താമസം. ഇതിനിടെ രോഗമുണ്ടെങ്കില്‍ അയാള്‍ ഒരു വഴിക്കായില്ലെങ്കില്‍ ആ ജോലി നാട്ടുകാരാല്‍ നിര്‍വഹിക്കപ്പെടുന്നു. അങ്ങനെ രോഗമുണ്ടെന്നറിഞ്ഞാലും മുഖ്യമന്ത്രി അത് ലോകത്തോട് പറയുംവരെ ഒരു നടപടിയുമില്ലാതെ വൈകിപ്പിക്കുന്നതും പുതിയ കേരള മോഡല്‍. അതോടെ പകല്‍ അവസാനിച്ചു കഴിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുകയായി.പണ്ടെക്കെ തവളയെ തേടി പെട്രോമാക്‌സുമായി ഇറങ്ങുന്നതുപോലെ ഇരുട്ടിന്റെ മറവില്‍ കോവിഡ് രോഗിയുടെ വീടു തേടി ആംബുലന്‍സുമായി ഇറങ്ങുന്നത് പുതിയ കേരള മോഡല്‍. കോവിഡ് രോഗിക്ക് ആരോരും കൂട്ടിനില്ലാതെ പാതിരാവില്‍ വിജനമായ സ്ഥലങ്ങളിലൂടെ ആംബുലന്‍സില്‍ സഞ്ചരിക്കേണ്ടി വരുന്നതും പുതിയ കേരള മോഡല്‍!

ലോകം ഉറങ്ങിക്കഴിയുമ്പോള്‍ പാതിരാവില്‍ വയലിന് നടുവിലൂടെ നീളുന്ന റോഡില്‍ ഡ്രൈവര്‍ സീറ്റിലെ കുട്ടി സഖാവ് തന്റെ സഹജമായ രാക്ഷസ ഭാവം പുറത്തെടുത്ത് രോഗലക്ഷണമുള്ള യുവതിക്ക്‌മേല്‍ ഏറ്റവും പുതിയ കേരള മോഡല്‍ സൃഷിടക്കുമ്പോള്‍ എല്ലാം ശരിയാകുന്നതിന് മലയാളക്കര സാക്ഷിയാവുന്നു. കായംകുളം നിയോജക മണ്ഡലത്തിലെ അറിയപ്പെടുന്ന ഡി.വൈ.എഫ്.ഐ ചെഗുവേര സ്‌ക്വാഡിലെ അംഗമായ സഖാവ് തന്റെ പാര്‍ട്ടി ഭരണത്തില്‍ പുതിയ ചരിതം രചിക്കുമ്പോള്‍ അയാളെ കണ്ടില്ലെന്ന് നടിക്കുന്നതും തള്ളിപ്പറയാന്‍ പഴുതു തേടുന്നതും പക്ഷേ പഴയ മാര്‍ക്‌സിസ്റ്റു മോഡല്‍. ഇനി അയാളെ ഉമ്മന്‍ചാണ്ടിയാണ് നിയമിച്ചതെന്ന് കണ്ടുപിടിച്ച് പ്രചരിപ്പിച്ചോളൂ എന്ന് സൈബര്‍ നിര്‍ദ്ദേശം ക്യാപ്‌സൂള്‍ രൂപത്തില്‍ വരുന്നതും പുതിയ കേരള മോഡല്‍!.