Connect with us

Video Stories

മുസ്ലിംകളും രാഷ്ട്രീയ ആധുനികതയും: മുഹമ്മദ് അലി ജിന്നയുടെ നിലപാടുകള്‍

Published

on

ഖാഇദേ അഅ്‌സം മുഹമ്മദലി ജിന്ന ചരിത്രത്തിലേക്ക് മടങ്ങിയിട്ട് ഇന്ന് 70 വര്‍ഷം

മുസ്തഫ തന്‍വീര്‍

 

മുഹമ്മദ് അലി ജിന്നയുടെ മരണത്തിന് എഴുപതാണ്ട് തികയുകയാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ നെടുനായകത്വം ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന വര്‍ഷങ്ങളില്‍ കയ്യാളിയ ചരിത്രപുരുഷന്റെ ജീവിതം, മിക്കവാറും പാക്കിസ്ഥാന്‍ രൂപീകരണത്തിന് അകമ്പടിയായുണ്ടായ മാനുഷിക ദുരിതങ്ങളുമായി ബന്ധപ്പെട്ടാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ദേശരാഷ്ട്രത്തില്‍ ഓര്‍മ്മിക്കപ്പെടുന്നത്. മുസ്ലിം സാമുദായിക രാഷ്ട്രീയം ‘ദേശീയത’യുടെ പ്രതിലോമ പ്രതിപക്ഷമായ ‘വര്‍ഗീയത’യാണെന്നും അതിന്റെ സ്വാഭാവികമായ പര്യവസാനമാണ് സ്വാതന്ത്ര്യത്തിന് തൊട്ടുടനെ ഉണ്ടായ കലാപങ്ങളും പലായനങ്ങളുമെന്നും വാദിക്കുന്ന ‘മതേതര’ ചിന്തകരും, ‘ഭാരതാംബ’യെ വെട്ടിമുറിച്ച് അതിന്റെ ‘അഖണ്ഡതയെ’ തകര്‍ക്കാനുള്ള ‘മുസ്ലിം സഹജവാസന’യുടെ അനിഷേധ്യ ദൃഷ്ടാന്തമായി പാക്കിസ്ഥാന്റെ ജന്മത്തെ വിശദീകരിക്കുന്ന ഹിന്ദുത്വരും വിശകലനങ്ങളില്‍ ബാക്കിയാക്കുന്ന വില്ലന്‍ പരിവേഷത്തിനപ്പുറത്ത് ജിന്നയില്‍ പഠിക്കപ്പെടേണ്ടതും അനുസ്മരിക്കപ്പെടേണ്ടതുമായ യാതൊന്നുമില്ലേ? ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയ ചരിത്രം ഗൗരവതരമായി പരിശോധിക്കുന്നവര്‍ക്കൊന്നും ജിന്നയെ ‘വിഭജന’ത്തിന്റെ മാത്രം കളത്തില്‍ നിര്‍ത്തി എളുപ്പത്തില്‍ കടന്നുപോകാന്‍ കഴിയില്ലെന്നതാണ് വാസ്തവം.
യൂറോപ്യന്‍ പ്രബുദ്ധതയുടെ ഭാഗമായി വികസിച്ച പടിഞ്ഞാറന്‍ രാഷ്ട്രീയ ആധുനികത ഏറെക്കുറെ ഒരു ആഗോള പ്രതിഭാസമായി മാറുക കൂടിയാണ് കൊളോണിയലിസം വഴി സംഭവിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്ന മുസ്ലിം രാഷ്ട്രീയാധികാരങ്ങള്‍ പലതും ബ്രിട്ടീഷ് കടന്നുകയറ്റങ്ങള്‍ വഴി ശിഥിലമാവുകയും ലിബറല്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭാവികളുമായി മുസ്ലിം ജനതകള്‍ മുഖാമുഖം നില്‍ക്കുകയും ചെയ്ത സവിശേഷമായ ചരിത്രസന്ദര്‍ഭം പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഉരുത്തിരിഞ്ഞു. ഇന്‍ന്ത്യന്‍ മുസ്ലിംകള്‍ ഈ പ്രകമ്പനങ്ങള്‍ ഏറ്റവും ശക്തമായി അനുഭവിച്ച ഒരു വിഭാഗമായിരുന്നു. ബംഗാള്‍ നവാബുമാരെയും മുഗള്‍ സാമ്രാജ്യത്വത്തെ തന്നെയും കടപുഴക്കി ‘ബ്രിട്ടീഷ് ഇന്ത്യ’ നിലവില്‍ വരികയും ഉഥ്മാനിയാ ഖിലാഫത്തിന് പ്രവിശ്യകള്‍ നഷ്ടപ്പെടുന്നതിന്റെ സൂചനകള്‍ പ്രകടമായിത്തുടങ്ങുകയും ചെയ്ത സവിശേഷമായ കാലസന്ധിയില്‍ ഇന്ത്യയിലെ മുസ്ലിം ബുദ്ധിജീവികള്‍ക്ക് കൊളോണിയല്‍കാല രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുവാന്‍ കൃത്യമായ ഒരു സൈദ്ധാന്തിക പരിപ്രേക്ഷ്യം ആവശ്യമുണ്ടായിരുന്നു. പ്രധാനപ്പെട്ട രണ്ട് ആശയധാരകള്‍ അതിനായുള്ള പരിശ്രമങ്ങള്‍ വഴി ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തില്‍ രൂപപ്പെട്ടത് കാണാന്‍ കഴിയും.
ബ്രിട്ടീഷ് രാജിനെതിരെ ശക്തമായ ചെറുത്തുനില്‍പാണ് മുസ്ലിം ഇന്ത്യ നടത്തിയത്. ദേശീയ പ്രസ്ഥാനം എന്ന ഒന്ന് വിഭാവനം ചെയ്യപ്പെട്ടിട്ടുപോലുമില്ലാത്ത കാലത്താണ് ഉത്തരേന്ത്യയില്‍ ബ്രിട്ടീഷ് വിരുദ്ധ ജിഹാദ് പ്രസ്ഥാനമുണ്ടാകുന്നത്. സയ്യിദ് അഹ്മദും ശാഹ് ഇസ്മാഈലും സംഘടിപ്പിച്ച സായുധ പോരാട്ടത്തിന്റെ തുടര്‍ച്ച തന്നെയാണ് ഒന്നാം സ്വാതന്ത്ര്യസമരത്തിലും ഖൈറാബാദി മുതല്‍ താനേശ്വരി വരെയുള്ളവരുടെ ധീരസംഘട്ടനങ്ങളിലുമെല്ലാം ദൃശ്യമായത്. ആഗോളതലത്തില്‍ തന്നെ ഈ മുന്നേറ്റങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടായിരുന്നു. ഇന്ത്യന്‍ മുസ്ലിംകളുടെ കൊളോണിയല്‍ വിരുദ്ധ സായുധ സമരങ്ങളില്‍ നിന്ന് ആവേശം എടുത്തും അതിലേറെ അവയിലേക്ക് തിരിച്ചുകൊടുത്തും ആണ് സയ്യിദ് ജമാലുദ്ദീനുല്‍ അഫ്ഗാനി തന്റെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയം മുസ്ലിം ലോകത്ത് പ്രചരിപ്പിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. നാലോളം തവണ ഇന്‍ന്ത്യ സന്ദര്‍ശിക്കുകയും അല്‍ ഉര്‍വതുല്‍ വുഥ്ഖാ എന്ന തന്റെ ആനുകാലികത്തിലെ ലേഖനങ്ങളിലൂടെയും നിരവധി ലഘുലേഖകളിലൂടെയും സമകാലീനരായ വടക്കേ ഇന്ത്യന്‍ മുസ്ലിം പണ്ഡിതന്മാര്‍ക്കിടയില്‍ വ്യാപകമായി വായിക്കപ്പെടുകയും ചെയ്തിട്ടുള്ള അഫ്ഗാനി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ അതിശക്തമായ സ്വാധീനമാണ് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ ചെലുത്തിയത്. അഫ്ഗാനിയുടെ നിലപാടുകള്‍ക്കുചുറ്റും അനുഭാവപൂര്‍വം നിലയുറപ്പിച്ച മുസ്ലിം ബുദ്ധിജീവികളാണ് നേരത്തെ സൂചിപ്പിച്ച രണ്ട് ‘ധാര’കളില്‍ ഒന്നാമത്തേതിന് ചുക്കാന്‍ പിടിച്ചത്.
അഫ്ഗാനിയുടെയും അദ്ദേഹത്തില്‍ ആകൃഷ്ടരായവരുടെയും സാമ്രാജ്യത്വവിരുദ്ധ സമരത്തിന് ഒരു സവിശേഷതയുണ്ടായിരുന്നു. ലോക രഷ്ട്രീയ ഘടന തന്നെ നവോത്ഥാനാനന്തര യൂറോപ്യന്‍ സങ്കല്‍പങ്ങള്‍ക്കനുസൃതമായി അടിമുടി അഴിച്ചുപണിയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നതിനാല്‍ പുതിയ ലോകക്രമത്തില്‍ എങ്ങനെ അതിജീവിക്കണമെന്നതിനെ സംബന്ധിച്ച യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ആലോചനകള്‍ കൂടി സാമ്രാജ്യത്വത്തിന്റെ അപകടങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനൊപ്പം മുസ്ലിംകള്‍ നടത്തേണ്ടതുണ്ടെന്ന കാര്യത്തെ അത് വേണ്ടത്ര പരിഗണിച്ചില്ല. ഒരു ആഗോള ഖിലാഫത്തിന്റെ പുനസ്ഥാപനം എന്ന കാല്‍പനിക സ്വപ്‌നത്തെ ഉഥ്മാനീ ഭരണത്തിന്റെ നഷ്ടപ്രതാപത്തിന്റെ പടവുകളിലിരുന്ന് ഉയര്‍ത്തിപ്പിടിക്കുകയും മുസ്ലിംകളെ ചെറു ദേശരാഷ്ട്രങ്ങളില്‍ ചിതറിക്കിടക്കുന്നവരാക്കാനുള്ള സാമ്രാജ്യത്വ ചരടുവലികള്‍ക്കെതിരില്‍ സമരം ചെയ്യാന്‍ പ്രചോദിപ്പിക്കുകയും ചെയ്ത അഫ്ഗാനിയുടെ ‘പാന്‍ ഇസ്ലാമിസ്റ്റ്’ പ്രസ്ഥാനം, ലോകത്തിന്റെ ഘടികാര ദിശ തങ്ങളാഗ്രഹിക്കുന്നതിന്റെ വിപരീതമായാണ് അപ്പോള്‍ നിലകൊണ്ടിരുന്നത് എന്ന സത്യത്തെ വേണ്ടത്ര ഉള്‍കൊള്ളുന്നതില്‍ പരാജയപ്പെട്ടു. മുസ്ലിം ലോകത്തുടനീളം കൊളോണിയല്‍ വിരുദ്ധ ചെറുത്തുനില്‍പുകളെ ജ്വലിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ സംഭാവനകളര്‍പ്പിച്ച ‘അഫ്ഗാനി ക്യാമ്പ്’ പക്ഷേ മുസ്ലിംകള്‍ പിന്നിലേക്ക് നോക്കുന്നതിനൊപ്പം മുന്നിലേക്കുകൂടി നോക്കേണ്ടതുണ്ടെന്ന് ഓര്‍ത്തില്ലെന്ന് ചുരുക്കം.
അഫ്ഗാനിയുടെ രാഷ്ട്രീയ വീക്ഷണങ്ങളെ എതിര്‍ത്തുകൊണ്ടാണ് രണ്ടാമത്തെ ധാര ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ വളര്‍ന്നുവന്നത്. സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ആയിരുന്നു ഈ മുന്നേറ്റത്തിന്റെ മുഖ്യശില്‍പി. സര്‍ സയ്യിദ് വാദിച്ചത് ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിലവില്‍ വരുന്ന വിവിധ തരം ഭരണവ്യവസ്ഥകളുടെ പ്രജകളായി ജീവിക്കാന്‍ മുസ്ലിംകള്‍ക്ക് മതപരമായ തടസ്സങ്ങളില്ലെന്നിരിക്കെ ലോകമുസ്ലിംകള്‍ ഒരു ഖലീഫക്ക് കീഴില്‍ ഏകോപിക്കപ്പെടാതിരിക്കുന്നതില്‍ അസ്വസ്ഥരാകേണ്ട കാര്യമില്ലെന്നായിരുന്നു. ആധുനിക പടിഞ്ഞാറന്‍ ഭരണക്രമങ്ങള്‍ സ്ഥാപിക്കപ്പെടുന്ന പ്രദേശങ്ങളില്‍ വ്യവസ്ഥിതിയുടെ സാധ്യതകളെ സൃഷ്ടിപരമായി ഉപയോഗപ്പെടുത്തിക്കൊണ്ട് അഭിമാനകരമായ അസ്തിത്വത്തിനുവേണ്ടി പണിയെടുക്കാന്‍ മുസ്ലിം സമൂഹങ്ങള്‍ സന്നദ്ധമാകണമെന്നും ഭൗതിക വിദ്യാഭ്യാസത്തിന്റെയും രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെയും മൂലധനമാണ് ഇതിനുവേണ്ടി സമാഹരിക്കേണ്ടത് എന്നും അദ്ദേഹം നിര്‍ദേശിച്ചു. മുഹമ്മദ് ഖാസിമും റശീദ് അഹ്മദും അടക്കമുള്ള പ്രഗല്‍ഭരായ മതപണ്ഡിതന്മാര്‍ മുതല്‍ അല്‍താഫ് ഹുസയ്ന്‍ ഹാലിയെപ്പോലുള്ള ജനകീയ സാഹിത്യകാരന്മാര്‍ വരെ ശക്തമായി എതിര്‍ത്തിട്ടും സര്‍ സയ്യിദ് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. കേരളത്തില്‍ സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങള്‍ സര്‍ സയ്യിദ് സീകരിച്ച അതേ കാഴ്ചപ്പാടാണ്പങ്കുവെച്ചത്. ജമാലുദ്ദീന്‍ അഫ്ഗാനി ഇന്ത്യയില്‍ വന്നപ്പോള്‍ സര്‍ സയ്യിദിനെ കടുത്ത ഭാഷയില്‍ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പുസ്തകമെഴുതുകയുണ്ടായി. സര്‍ സയ്യിദും അദ്ദേഹത്തെ എതിര്‍ത്തിരുന്ന അഫ്ഗാനിപക്ഷ ഉത്തരേന്ത്യന്‍ മതപണ്ഡിതന്മാരില്‍ മിക്കവരും ഇബ്‌നു തയ്മിയയുടെ മതചിന്തകളാല്‍ സ്വാധീനിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ അവര്‍ക്കിടയില്‍ മതം അനുശാസിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയം എന്താണെന്ന വിഷയത്തില്‍ അതിശക്തമായ സംവാദമാണ് വളര്‍ന്നുവന്നത്.
സര്‍ സയ്യിദിന്റേത് സാമ്രാജ്യത്വ ദാസ്യമാണെന്ന ആരോപണമാണ് അഫ്ഗാനി ഉന്നയിച്ചത്. യഥാര്‍ത്ഥത്തില്‍, സാമ്രാജ്യത്വത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കി വേണം പ്രതിരോധമെന്ന ദീര്‍ഘവീക്ഷണമാണ് സര്‍ സയ്യിദിനെ നയിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയും. സര്‍ സയ്യിദിന്റെ നിലപാടുകളോട് വിയോജിച്ച പണ്ഡിതന്മാരുടെയും ബുദ്ധിജീവികളുടെയും പാരമ്പര്യമാണ് അബുല്‍കലാം ആസാദിനെപ്പോലുള്ളവരിലൂടെ പില്‍കാലത്ത് സജീവമായത്. അവര്‍, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ മാതൃകാപരമായി ഉയര്‍ത്തിപ്പിടിച്ചപ്പോഴും ഒരു ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെക്കുറിച്ചാണ്, അല്ലാതെ ഖിലാഫത്തിന്റെ പുനരേകീകരണത്തെക്കുറിച്ചല്ല സംസാരിച്ചത് എന്ന കാര്യം സര്‍ സയ്യിദ് പറഞ്ഞ കാര്യങ്ങളുടെ പൊരുള്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ സയ്യിദ് ദേശീയ പ്രസ്ഥാനത്തെക്കുറിച്ച് ഉന്നയിച്ച വിമര്‍ശനങ്ങളെ പക്ഷേ ആസാദിന് ഉള്‍കൊള്ളാനായില്ല. കേവലം ബ്രിട്ടീഷ് വിരുദ്ധമായ ഒരു മുന്നണിക്ക് ഇന്‍ഡ്യയിലെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കഴിയില്ലെന്നും അതിന് മുസ്ലിംകള്‍ രാഷ്ട്രീയമായി സംഘടിച്ച സമ്മര്‍ദ്ദശക്തിയായി വളരേണ്ടതുണ്ടെന്നും ആണ് സര്‍ സയ്യിദ് ചൂണ്ടിക്കാണിച്ചത്. സവര്‍ണ ഹിന്ദുത്വത്തിന്റെ സൃഗാല പദ്ധതികള്‍ക്ക് കയറിയിരിക്കാനുള്ള കുറേയേറെ പഴുതുകള്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങളിലും കര്‍മ്മപരിപാടികളിലും ഉണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. സര്‍ സയ്യിദിന്റെ ചിന്തകള്‍ അലിഗഡ് വഴി ഒരു പ്രസ്ഥാനമായിത്തീരുകയും സര്‍വേന്ത്യാ മുസ്ലിം ലീഗിന്റെ രൂപീകരണത്തില്‍ കലാശിക്കുകയും ചെയ്തു.
മുഹമ്മദ് അലി ജിന്ന, സര്‍ സയ്യിദിനെയോ ആസാദിനെയോ പോലെ മതപരമായ ചര്‍ച്ചകളും അപഗ്രഥനങ്ങളും കാര്യമായൊന്നും നിര്‍വഹിച്ചത് കാണാനാവില്ല. എന്നാല്‍ ആധുനിക ലോകത്ത്ആധുനിക രാഷ്ട്രീയ പരീക്ഷണങ്ങള്‍ വഴി പുരോഗതിയാര്‍ജ്ജിക്കാന്‍ മുസ്ലിംകള്‍ക്ക് കഴിയണമെന്ന സര്‍ സയ്യിദിന്റെ സ്വപ്‌നത്തെ സാക്ഷാല്‍കരിക്കാനാവശ്യമായ അനുകൂലനങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. ലണ്ടനില്‍ നിന്ന് മികച്ച ബ്രിട്ടീഷ് വിദ്യാഭ്യാസം ലഭിച്ച ലോകോത്തര നിലവാരമുള്ള അഭിഭാഷകനും രാജ്യതന്ത്രജ്ഞനുമായിരുന്ന ജിന്നക്ക് ഉണ്ടായിരുന്നത് ജനാധിപത്യ മതനിരപേക്ഷ ക്രമത്തില്‍ നിയമവിധേയമായി മുസ്ലിം അവകാശങ്ങള്‍ക്കുവേണ്ടി വില പേശാനുള്ള ജ്ഞാനവും പ്രാഗല്‍ഭ്യവും വ്യക്തതയും ആണ്. ആധുനികത ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ആധുനികതയുടെ തന്നെ വ്യാകരണം ഉപയോഗിച്ചായിരിക്കണം എന്ന നിഷ്‌കൃഷ്ടമായ ബോധ്യമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകളുടെ ആധാരം.
(തുടരും)

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending