കെ. മൊയ്തീന്‍കോയ

മൂന്ന് പതിറ്റാണ്ട് മുമ്പ് റഷ്യയുമായി ഒപ്പ്‌വെച്ച ആണവ കരാറിനെ തള്ളിപ്പറഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍കൂടി വിവാദം സൃഷ്ടിക്കുന്നു. ശീതയുദ്ധാനന്തരം വാഷിംഗ്ടണില്‍ 1987ല്‍ അന്നത്തെ പ്രസിഡണ്ട് റൊണാള്‍ഡ് റീഗനും സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി മിഖായേല്‍ ഗോര്‍ബച്ചേവും ഒപ്പ്‌വെച്ച കരാറില്‍നിന്നാണ് ട്രംപ് ഏകപക്ഷീയമായി പിന്‍മാറുന്നത്. 2015ല്‍ ഇറാനുമായി ഒപ്പ്‌വെച്ച ആണവ കരാറില്‍നിന്ന് പിന്‍വാങ്ങിയ ട്രംപിന്റെ പുതിയ നീക്കം രാഷ്ട്രാന്തരീയ സമൂഹത്തെ നടുക്കുന്നു. ആണവായുധ വ്യാപക വിന്യാസം നിരോധിക്കുകയാണ് കരാറിന്റെ കാതല്‍. 500 മുതല്‍ 1000 വരെ കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ മിസൈല്‍ പരീക്ഷണം തടഞ്ഞിരിക്കുകയാണ് കരാര്‍.
അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടര്‍ അടുത്താഴ്ച മോസ്‌കോ സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപ് വെടിയുതിര്‍ത്തത്. ‘ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ്ട്രിറ്റി’ (ഐ.എന്‍.എഫ്) എന്നറിയപ്പെടുന്ന കരാര്‍ ദുര്‍ബലമാകുന്നതോടെ ആണവ മത്സരം സജീവമാകുമെന്നാണ് രാഷ്ട്രാന്തരീയ സമൂഹത്തിന്റെ ആശങ്ക. കിഴക്കന്‍ യൂറോപ്പിലെ നാറ്റോ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ റഷ്യന്‍ നീക്കത്തെ അമേരിക്കയും യൂറോപ്പും ഭയപ്പെടുന്നുണ്ട്. അവക്ക് തിരിച്ചടിയായി റഷ്യന്‍ അതിര്‍ത്തിക്ക് ചുറ്റും മിസൈല്‍ പ്രതിരോധ സംവിധാനം നാറ്റോ തയാറാക്കിവരികയാണ്. നാറ്റോ സൈനിക നീക്കങ്ങള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ (ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വഴി) ചോര്‍ത്തുന്നതായി ആരോപണം നേരത്തെയുണ്ട്. നാറ്റോ പോളണ്ട് കേന്ദ്രം തലവന്‍ അമേരിക്കന്‍ ലെഫ്റ്റ് കേണല്‍ ക്രിസ്റ്റഫര്‍ സ്ഥിരീകരിച്ചിരുന്നതാണ്. ശീതയുദ്ധം തിരിച്ചുവരുന്നുവെന്ന സൂചന ശക്തിപ്പെട്ടുവരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ നീക്കം.
അതേസമയം, ട്രംപിന്റെ റഷ്യന്‍ വിരുദ്ധ, സഊദി വിരുദ്ധ നീക്കവും പ്രചാരണവും അമേരിക്കയില്‍ നവംബര്‍ ആറിന് നടക്കാനിരിക്കുന്ന ഇടക്കാല പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് സംശയം പ്രകടിപ്പിക്കുന്നവരാണ് യൂറോപ്യന്‍ രാഷ്ട്രീയ നിരീക്ഷകരില്‍ അധികവും. ഇടക്കാല തെരഞ്ഞെടുപ്പില്‍ എങ്ങനെ എങ്കിലും തന്റെ പാര്‍ട്ടിയെ (റിപ്പബ്ലിക്കന്‍) കരകയറ്റണമെന്നാണത്രെ ട്രംപിന്റെ തന്ത്രം. വന്‍ പരാജയത്തിലേക്കാണ് റിപ്പബ്ലിക്കന്‍മാരുടെ സ്ഥിതിയെന്നാണ് അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നത്. സെനറ്റിലെ നൂറില്‍ 35 സീറ്റുകള്‍ ഭൂരിപക്ഷവും ഡമോക്രാറ്റുകള്‍ കയ്യടക്കിയാല്‍ ട്രംപിന്റെ ഭാവി അപകടത്തിലാകും. ജനപ്രതിനിധി സഭയിലും ഡമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷം നേടാനാണ് സാധ്യത തെളിയുന്നത്.
റഷ്യയുമായുള്ള ആണവ കരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതിനെ യൂറോപ്പ് സ്വാഗതം ചെയ്യാനാണ് സാധ്യത. ഇറാനുമായുള്ള കരാറില്‍ നിന്ന് ട്രംപ് പിന്‍മാറിയപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇവിടെ നേര്‍വിപരീതം. റഷ്യന്‍ നീക്കം. യൂറോപ്പ് ആശങ്കയോടെയാണ് കാണുന്നത്. ഉക്രൈനില്‍ കടന്നുകയറുകയും റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയ പിടിച്ചടക്കി റഷ്യയോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്ത വഌഡ്മിര്‍പുടിന്റെ നീക്കമാണ് ഇതിന് കാരണം. മുന്‍ സോവിയറ്റ് യൂണിയനില്‍പെടുന്ന രാജ്യങ്ങളും കിഴക്കന്‍ യൂറോപ്പിലെ മുന്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളും റഷ്യന്‍ നീക്കത്തില്‍ ആശങ്കാകുലരാണ്. മറിച്ച് അമേരിക്ക ആകട്ടെ ഇവയില്‍ മിക്ക രാജ്യങ്ങളെയും നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്. സുരക്ഷാചുമതല അമേരിക്ക ഏറ്റെടുത്തു. ഏറ്റവും വലിയ ആയുധ ശക്തി റഷ്യയാണ്. അമേരിക്കയ്ക്ക് പോലുമില്ലാത്ത എസ്-400 ട്രയാംഗം വന്‍ ആകാശ കാവലാണ്. പ്രതിരോധം സുസജ്ജം.
അമേരിക്കന്‍ സമൂഹത്തിന്റെ റഷ്യന്‍ വിരുദ്ധ വികാരം ചൂഷണം ചെയ്യുകയാണത്രെ ട്രംപ്. അതേപോലെ സഊദി വിരുദ്ധ നീക്കത്തിലൂടെ, രാജ്യത്തെ വലിയ സ്വാധീന ശക്തിയായ ജൂത സമൂഹത്തെ ഒപ്പം നിര്‍ത്താനും ട്രംപ് തന്ത്രം പയറ്റുന്നു. സഊദി ജേര്‍ണലിസ്റ്റ് ജമാല്‍ ഖഷോഗിയുടെ വധത്തെ കുറിച്ച് ഞാണിന്മേല്‍ കളിക്കുന്ന ട്രംപ് പക്ഷേ, സഊദിയുമായുള്ള ആയുധ ഇടപാട് ഒഴിവാക്കാന്‍ തയാറാകുന്നില്ല. കഴിഞ്ഞ മേയില്‍ സഊദിയുമായി ഒപ്പ്‌വെച്ച ആയുധ കരാറില്‍ നിന്ന് ട്രംപ് പിന്‍മാറില്ല. പത്ത് വര്‍ഷത്തേക്ക് 11,000 കോടി ഡോളറിന്റെ ആയുധ കരാറാണ്. ആയുധ കയറ്റുമതിയില്‍ വമ്പന്‍മാരായ അമേരിക്ക ഇതില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ല. അതേസമയം, പരസ്യ വിമര്‍ശനത്തിലൂടെ അമേരിക്കന്‍ സമൂഹത്തിന്റെ വികാരത്തിനൊപ്പം സഞ്ചരിക്കുകയാണ് ട്രംപ്. ആയുധ കരാറില്‍നിന്ന് പിന്‍മാറിയാല്‍ ഈ കരാര്‍ റഷ്യക്ക് ആണ് ലഭിക്കുക.
‘ശീതയുദ്ധം’ തിരിച്ചുവരുന്ന സ്ഥിതിയിലേക്ക് പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കേണ്ടത് ട്രംപിന്റെ ആവശ്യമാണ്. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ പുട്ടിന്റെ ഇടപെടല്‍ ആണ് ട്രംപിനെ സഹായിച്ചത്. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് കരകയറാന്‍ പുട്ടിനുമായി കൊമ്പ് കോര്‍ത്തേ പറ്റൂ എന്ന സ്ഥിതിയാണ്.