അവധി തെറ്റിയ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ സമയപരിധി നീട്ടാനും കടാശ്വാസത്തിന്റെ പരിധി ഉയര്‍ത്താനും സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ ഉത്തരവിറക്കാനുള്ള അനുമതിക്കായി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനു അയച്ച അപേക്ഷ തിരിച്ചയച്ചിരിക്കുകയാണ്. കൂടുതല്‍ വിശദീകരണവും തേടിയിരിക്കുന്നു.
ഈ നാടകമെല്ലാം എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതൊക്കെ കര്‍ഷകരെ സഹായിക്കാനാണോ അതോ കര്‍ഷകരെ സഹായിക്കുന്നുവെന്ന് തോന്നിപ്പിക്കാന്‍ മാത്രമോ? വാര്‍ത്തകള്‍ ഉണ്ടാക്കിയാല്‍ മതിയോ? കര്‍ഷകര്‍ക്ക് നേട്ടങ്ങളൊന്നും ലഭിച്ചില്ലെങ്കിലും തരക്കേടില്ല എന്നാണോ സര്‍ക്കാര്‍ മനോഭാവം.
എന്തിനാണ് ഈ വൃഥാ വ്യായാമം? മൊറോട്ടോറിയം നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ജൂലൈ-31 വരെ നിലനില്‍ക്കുന്നുണ്ടല്ലോ? അതു അടുത്ത ഡിസംബര്‍ 31 വരെക്കു ദീര്‍ഘിപ്പിക്കാന്‍ തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞ് മെയ് 23ന് വോട്ടും എണ്ണിക്കഴിഞ്ഞ് ചെയ്താലും മതിയല്ലോ. ഇപ്പോള്‍ തന്നെ നീട്ടിക്കിട്ടിയിരിക്കുന്നു എന്നറിഞ്ഞത് കൊണ്ട് ഇടതുപക്ഷ നേതാക്കള്‍ക്ക് പ്രസംഗിച്ചു നടക്കാമെന്നല്ലാതെ എന്ത് ഗുണം?
മൊറോട്ടോറിയം കൊണ്ട് തന്നെ കര്‍ഷകര്‍ക്ക് എന്ത് ഗുണമാണ് ലഭിക്കുക, ശരിക്കും കര്‍ഷകര്‍ക്ക് അതു ഭാരമല്ലെ? ഡിസംബര്‍ വരെയുള്ള പലിശയും പിഴപലിശയും കൂടിച്ചേരുമ്പോള്‍ തുക വര്‍ധിക്കുകയും കര്‍ഷകന്റെ ഭാരം കൂടുകയും ചെയ്യും. ഒരേ ഒരു ചെറു സൗകര്യം എന്നതു മൊറോട്ടോറിയ കാലാവധി വരെ ബാങ്കുകളില്‍നിന്നും നോട്ടീസുകളൊന്നും വരില്ല എന്നതാണ്. എന്നാല്‍ അതും പ്രതീക്ഷിക്കാന്‍ കേരളത്തില്‍ കഴിയാതെ വന്നിരിക്കുന്നു. അതിന്റെ പ്രധാന തെളിവാണല്ലോ മൊറോട്ടോറിയം നിലനില്‍ക്കുന്ന സംസ്ഥാനത്തു വയനാട് ജില്ലയിലെ അഞ്ചുകുന്നില്‍ പ്രമോദ് എന്ന കര്‍ഷകന്റെ വീട് രണ്ടാഴ്ച മുമ്പ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍നിന്നും വന്ന ഉദ്യോഗസ്ഥര്‍ ജപ്തി ചെയ്തത്. കുടുംബം വീട്ടിലില്ലാത്ത സമയത്ത് പൂട്ട് കുത്തിത്തുറന്ന് മറ്റൊരു പൂട്ടിട്ട് ജപ്തി ചെയ്തു. എന്തു മാത്രം നാണക്കേട്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണം. സര്‍ക്കാര്‍ ഉത്തരവുകള്‍ ബാങ്ക് അധികൃതര്‍ പാലിക്കുന്നില്ല. എന്നാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ പോലും അനുസരിക്കാന്‍ തയ്യാറായിട്ടില്ല എന്ന ഖേദകരമായ അവസ്ഥ കേരളത്തിലുണ്ട്. സഹകരണ ബാങ്കുകളില്‍ നിന്നുപോലും നോട്ടീസുകള്‍ നിര്‍ബാധം ഒഴുകികൊണ്ടിരിക്കുന്നു. ഇടുക്കിയില്‍ കഴിഞ്ഞ മാസം മാത്രം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളില്‍ സന്ദര്‍ശിച്ചാല്‍ അറിയാം അവിടത്തെ സഹകരണ ബാങ്കുകളില്‍ നിന്നു പോലും വന്ന നോട്ടീസിന്റെ കഥകള്‍. പിന്നെ എന്തിന് ഇത്തരം തീരുമാനങ്ങള്‍.
സര്‍ക്കാരിന്റെ മറ്റൊരു തീരുമാനം കര്‍ഷക കടാശ്വാസത്തിന്റെ പരിധി രണ്ടുലക്ഷം രൂപയായും സമയ പരിധി 2011ല്‍ നിന്നും 2014 എന്നും മാറ്റിയിരിക്കുന്നു. ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടതുകൊണ്ട് എന്തു പ്രയോജനം. എത്ര കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കും. പതിനായിരത്തില്‍ ഒരാള്‍ക്ക് പോലും ലഭിക്കില്ല. നാട്ടിലെ സഹകരണ ബാങ്കുകളില്‍ കയറി പൊതുജനങ്ങള്‍ തന്നെ അന്വേഷിക്കട്ടെ 2014 മാര്‍ച്ചില്‍ കുടിശ്ശികയായ വല്ല കാര്‍ഷിക വായ്പകളും ഉണ്ടോ എന്ന്. എന്നാലത് മാലോകര്‍ക്കുമറിയാം. നിര്‍ഗുണമായ രണ്ടു തീരുമാനങ്ങള്‍. അതിനു ഉത്തരവിറങ്ങിയതുമില്ല. അക്കാര്യം വിവാദമായി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ചുവെന്നും മറ്റു ചിലരെ ശകാരിച്ചുവെന്നുമൊക്കെ വാര്‍ത്ത വന്നിരുന്നു. ഉത്തരവിറക്കാത്ത ആര്‍ക്കും പറ്റിയ പിഴവല്ലെന്നും സാമാന്യബോധമുള്ള എല്ലാവര്‍ക്കുമറിയാം. ഉത്തരവിറങ്ങിയത് കൊണ്ട് സര്‍ക്കാരിന് പണം ചെലവ് വരികയോ ആര്‍ക്കെങ്കിലും വല്ല ഗുണവും ലഭിക്കുകയോ ചെയ്യില്ല. പിന്നെ ഇതൊക്കെ ഒരു വാര്‍ത്തയായി വരികയേ വേണ്ടു. ഞങ്ങള്‍ കര്‍ഷകരുടെ കാര്യത്തില്‍ അതീവ തല്‍പരരാണ് എന്ന് വരണം. തെരഞ്ഞെടുപ്പായതുകൊണ്ട് അതൊരാവശ്യമാണ്. അത്ര തന്നെ. പിന്നെ വിവാദമായപ്പോള്‍ മുഖം മിനുക്കാനാണ് സ്‌ക്രീനിങ്ങ് കമ്മിറ്റിക്കയക്കുന്നത്. ചീഫ് സെക്രട്ടറിയെ വിമര്‍ശിക്കുന്നതും ഒരു വാര്‍ത്ത വന്നതുകൊണ്ട് ചീഫ്സെക്രട്ടറിക്കു നോവിച്ചു കാണില്ലെന്ന് പ്രതീക്ഷിക്കുന്നു. അതേ മന്ത്രി സഭായോഗത്തിലെടുത്ത ഖനനത്തിനുള്ള തീരുമാനത്തിന്റെ ഉത്തരവിറങ്ങിയത് എത്ര വേഗത്തിലായിരുന്നു. അതിലുമുണ്ട് കാര്യം. ജനങ്ങള്‍ മുഴുക്കെ കഴുതകളല്ല.

കുറുക്കോളി മൊയ്തീന്‍