രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)

അധികാര വികേന്ദ്രീകരണത്തെപ്പറ്റിയും പഞ്ചായത്തുകളെയും നഗരസഭകളെയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും വാതോരാതെ പ്രസംഗിക്കുന്ന സി.പി.എമ്മും ഇടതു മുന്നണിയും അവയുടെ കഴുത്ത് ഞെരിക്കുകയും ശ്വാസം മുട്ടിക്കുകയുമാണിപ്പോള്‍ ചെയ്യുന്നത്. ചരിത്രത്തില്‍ അടുത്ത കാലത്തൊന്നുമുണ്ടാകാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാരുകളെ തള്ളിയിട്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും നഗര സഭകളുടെയും വികസനപ്രവര്‍ത്തനങ്ങള്‍ പാടെ സ്തംഭിച്ചു പോവുന്ന ദുരവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കെടുകാര്യസ്ഥതയും ധൂര്‍ത്തും പിടിപ്പില്ലായ്മയും കാരണം സംസ്ഥാന സര്‍ക്കാര്‍ വരുത്തി വച്ച വന്‍ സാമ്പത്തിക പ്രതിസന്ധിയുടെ തിക്തഫലം തദ്ദേശ സ്ഥാപനങ്ങളുടെ തലയില്‍ അടിച്ചേല്‍പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കടക്കുകയാണ്. അതിന്റെ മുന്നോടിയായി കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസിന്റെ ഗ്രാമ, ബ്ലോക്ക്, ജില്ലാ തല ജനപ്രതിനിധികളും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജനപ്രതിനിധികളും ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും.
കഴിഞ്ഞ വര്‍ഷം (201819) ചെയ്തു തീര്‍ത്ത പണികള്‍ക്കുള്ള തുക പോലും ഈ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് എടുത്തു നല്‍കണമെന്ന തുഗ്ലക് പരിഷ്‌ക്കാരമാണ് ധനകാര്യ മന്ത്രിയും ധനകാര്യ വകുപ്പും ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. സാധാരണ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ട്രഷറികള്‍ അധിക സമയം തുറന്ന് വച്ച് ബില്ലുകള്‍ മാറ്റിക്കൊടുക്കുകയാണ് പതിവ്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെ ട്രഷറികള്‍ തുറന്ന് വച്ച് അവസാന നിമിഷം വരെ എത്തുന്ന ബില്ലുകള്‍ പാസ്സാക്കി പണം നല്‍കിയിരുന്നു. മാര്‍ച്ച് 31 നും പണി പൂര്‍ത്തിയാവാത്ത പദ്ധതികളെ സ്പില്‍ ഓവറാക്കി അടുത്ത സാമ്പത്തിക വര്‍ഷം പണി തുടരാന്‍ അനുവദിക്കുകയും അവക്ക് പ്രത്യേക ഫണ്ട് നല്‍കുകയുമാണ് ചെയ്തു പോന്നിരുന്നത്. അതാത് വര്‍ഷത്തെ പദ്ധതി തുക ലാപ്സായി പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്തു വന്നിരുന്നത്. പക്ഷേ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എല്ലാം തകിടം മറിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാകട്ടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം കടുത്ത ട്രഷറി നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഈ ജനുവരി ആദ്യം മുതല്‍ പൂര്‍ത്തിയാക്കിയ പണികള്‍ക്കുള്ള ബില്ലുകളൊന്നും യഥാസമയം മാറ്റിക്കൊടുത്തിരുന്നില്ല. മാര്‍ച്ച് അവസാന വാരത്തോടെ സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ചു. ഫലത്തില്‍ ട്രഷറികള്‍ പൂട്ടിയിടുന്ന അവസ്ഥ വന്നു. മാര്‍ച്ച് 25 ന് ശേഷം ട്രഷറിയില്‍ സമര്‍പ്പിച്ച ബില്ലുകളെല്ലാം ക്യൂവിലാക്കി നിര്‍ത്തി. അവയ്ക്കൊന്നും പണം നല്‍കിയില്ല. അവ ക്യൂവില്‍ നിന്നു തന്നെ സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസമെന്ന മാര്‍ച്ച് 31 ന്റെ ലക്ഷ്മണ രേഖ കടന്നു പോയി. പിന്നീട് വിചിത്രമായ നടപടിയാണ് സര്‍ക്കാര്‍ ക്കൈകൊണ്ടത്. കഴിഞ്ഞ വര്‍ഷത്തെ ഈ ബില്ലുകള്‍ മാറുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക തട്ടിക്കഴിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇത് ശരിയായ നടപടി അല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പണി പൂര്‍ത്തിയാക്കി ബില്ലുകള്‍ നല്‍കുകയും എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പണം കിട്ടാതെ പോയതുമായ ബില്ലുകള്‍ കഴിഞ്ഞ വര്‍ഷത്തെ ഫണ്ടില്‍ നിന്നാണ് നല്‍കേണ്ടത്. അല്ലെങ്കില്‍ അതിന് പ്രത്യേക ഫണ്ട് അനുവദിക്കണം. അതിന് പകരം ഈ സാമ്പത്തിക വര്‍ഷത്തെ (201920) തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതത്തില്‍ നിന്ന് കൈയ്യിട്ട് വാരുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ പദ്ധതികളാണ് താളം തെറ്റുന്നത്. സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിഴ മൂളേണ്ടി വരുന്നു. കഴിഞ്ഞ വര്‍ഷത്തെ പണികള്‍ക്കുള്ള പണം ഈ വര്‍ഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നെടുത്തു കൊടുക്കാന്‍ സര്‍ക്കാരിനോ ധനകാര്യ മന്ത്രിക്കോ അധികാരമില്ല.
ഇതിന് പുറമെയാണ് സ്പില്‍ ഓവര്‍ പദ്ധതികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച സര്‍ക്കസ്. അതാത് സാമ്പത്തിക വര്‍ഷം പണി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോവുന്ന പദ്ധതികള്‍ അവിടെ വച്ച് മുടങ്ങിപ്പോകാതിരിക്കാനാണ് സ്പില്‍ഓവര്‍ പദ്ധതികളാക്കി മാറ്റി അടുത്ത വര്‍ഷം പണി തുടരാന്‍ അനുവദിക്കുന്നത്. അതിനുള്ള തുക ഇലക്ട്രോണിക് ലഡ്ജറിലേക്ക് (ഇലാംസ്) മാറ്റി പ്രത്യേകമായി സൂക്ഷിക്കുകയും പണി തീരുന്ന മുറയ്ക്ക് നല്‍കുകയുമാണ് യു.ഡി.എഫ് സര്‍്ക്കാര്‍ ചെയ്തു വന്നത്. 2015- 16 ല്‍ യു ഡി എഫ് സര്‍ക്കാര്‍ സദുദ്ദേശത്തോട് കൂടിയാണ് ഇ ലാംസ് സമ്പ്രദായം എന്ന ഇലട്രോണിക്സ് ലെഡ്ജര്‍ സമ്പ്രദായം കൊണ്ടുവന്നത്. മാര്‍ച്ച് 31 ന് മുമ്പ് പണം ചിലവഴിക്കാത്തത് കൊണ്ട് മാത്രം ഒരു പദ്ധതി ലാപ്സ് ആകാതിരിക്കാനായിരുന്നു ഇത്.
സെപ്തംബറിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുള്ള പദ്ധതികളുടെ പണമാണ് ഇങ്ങനെ മാറ്റി സൂക്ഷിക്കുന്നത്. പണി പൂര്‍ത്തിയാക്കുന്നതിനുസരിച്ച് ഈ തുക റിലീസ് ചെയ്യും. എന്നാല്‍ ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇതും തകിടം മറിച്ചു. പൂര്‍ത്തിയാവാത്ത പദ്ധതികള്‍ സ്പില്‍ ഓവറായി അടുത്ത വര്‍ഷം തുടരാന്‍ അനുവദിച്ചെങ്കിലും അതിനുള്ള തുകയില്‍ 20% കഴിഞ്ഞുള്ളത് ഈ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വന്‍ തോതില്‍ ശോഷിക്കുന്ന അവസ്ഥ വന്നു ചേര്‍ന്നു. തനത് വര്‍ഷത്തെ പണികളൊന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഇതോടെ ഉണ്ടായത്.
ലൈഫ് പദ്ധതിക്ക് വേണ്ടി 20% തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം വെട്ടിക്കുറച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും കവര്‍ന്നെടുക്കുകയാണ് ഇത് വഴി സര്‍ക്കാര്‍ ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭവന നിര്‍മ്മാണ പദ്ധതികള്‍ നിലച്ചു എന്ന് മാത്രമല്ല സര്‍ക്കാരിന് ലൈഫ് പദ്ധതി കാര്യക്ഷമമായി നടത്താനും കഴിഞ്ഞില്ല. ഇപ്പോഴും ടേക്ക് ഓഫ് ചെയ്യാതെ അത് മുടന്തിക്കിടക്കുന്നു.
ആകെ നോക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ 50%ത്തിലേറെ പ്ലാന്‍ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ 2019- 20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് 2018 ഡിസംബര്‍ 31നകം അംഗീകാരം വാങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ 2018 ഓക്ടോബര്‍ 2 മുതല്‍ തന്നെ പദ്ധതി രൂപീകരണ പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതികള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ജില്ലാ ആസൂത്രണ സമിതികളുടെ അംഗീകാരവും വാങ്ങി. 2019 ജനുവരി മാസത്തില്‍ ഗ്രാമസഭകളും വാര്‍ഡ് സഭകളും 2019-20 ചേര്‍ന്ന് വര്‍ഷത്തേക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന ദിവസം തന്നെ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാവുന്ന തരത്തിലാണ് എല്ലാം ആസൂത്രണം ചെയ്തിരുന്നത്. അപ്പോഴാണ് സര്‍ക്കാര്‍ എല്ലാം തകിടം മറിച്ചു കൊണ്ട് തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വന്നത്. സ്പില്‍ ഓവര്‍തുകയുടെ 20% കൂടെ വകയിരുത്തി പദ്ധതി പുനര്‍നിര്‍ണ്ണയിച്ച് വീണ്ടും ഡി.പി.സി അംഗീകാരം വാങ്ങണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ പദ്ധതി പൂര്‍ണ്ണമായി പൊളിച്ചു പണിയേണ്ട ആവസ്ഥ വന്നു ചേര്‍ന്നിരിക്കുകയാണ്. പദ്ധതി തുക വന്‍ തോതില്‍ കുറഞ്ഞതോടെ ഈ സാമ്പത്തിക വര്‍ഷം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാവാത്ത ദുരവസ്ഥയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ എത്തിച്ചേര്‍ന്നു. ഇതോടെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള പദ്ധതികള്‍ പോലും ഉപേക്ഷിക്കേണ്ട അവസ്ഥ വന്നു. നേരത്തെ അപേക്ഷ സമര്‍പ്പിച്ച് ഗ്രാമസഭകളുടെയും വാര്‍ഡ് സഭകളുടെയും അംഗീകാരവും വാങ്ങി കാത്തിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് അവ നിഷേധിക്കപ്പെടും. പാവപ്പെട്ടവര്‍ക്ക് വീടുകള്‍ കെട്ടി മേയുന്നതിനും വയോജനങ്ങള്‍ക്ക് കുടില്‍ വാങ്ങുന്നതിനും, കുടിവെള്ള കണക്ഷനും മറ്റുമുള്ള ധനസഹായങ്ങളും നിഷേധിക്കപ്പെടുകയാണ്. ഓരോ തദ്ദേശ സ്ഥാപനത്തിനും ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപയുടെ പദ്ധതി വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നത്.
പ്രാദേശിക ആവശ്യം പരിഗണിച്ച് പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു. സര്‍ക്കാര്‍ അനുവദിക്കുന്നതില്‍ 80% തുകയും എങ്ങനെ ചിലവഴിക്കണമെന്ന്സര്‍ക്കാര്‍ തന്നെ നിശ്ചിക്കുകയാണ്. വിവിധ മരാമത്ത് പണികളും കുടിവെള്ള പദ്ധതികളും ഉള്‍പ്പടെയുള്ള സേവന പദ്ധതികള്‍ക്ക് ധനകാര്യ കമ്മീഷന്‍ ഗ്രാന്റും തനത് ഫണ്ടും മാത്രമാണ് ഉപയോഗിക്കാനാവുക. തനത് വരുമാനം കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇത്തരം പണികള്‍ ഏറ്റെടുക്കാനേ കഴിയാത്ത അവസ്ഥയാണ്. പദ്ധതി രൂപീകരണത്തിന് തദ്ദേശ സഥാപനങ്ങളുടെ അധികാരം കവരുന്നതോടെ അധികാര വികേന്ദ്രീകരണം അട്ടിമറിക്കപ്പെടുകയും അധികാര കേന്ദ്രീകരണത്തിന് വഴി ഒരുങ്ങുകയുമാണ് ചെയ്യുന്നത്.
തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള അഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകളും സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ജനറല്‍ പര്‍പ്പസ് ഫണ്ട് മെയിന്റനന്‍സ് ഫണ്ട് എന്നിവ അതത് വര്‍ഷത്തെ നികുതി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കണമെന്നതായിരുന്നു പ്രധാന ശുപാര്‍ശ. എന്നാല്‍ ഇത് മാറ്റി രണ്ടു വര്‍ഷത്തിനു മുന്‍പുള്ള നികുതി വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ ഫണ്ടുകള്‍ നല്‍കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഡെവലപ്മെന്റ് ഫണ്ട് ഇന്ന് പ്ലാന്‍ ഫണ്ടിന്റെ ഭാഗമാണ്. ഇത് മാറ്റി സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനമാക്കണമെന്ന ശുപാര്‍ശയും അട്ടിമറിക്കപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവരുടെ കീഴിലുള്ള ആശുപത്രികള്‍, സ്‌കൂളുകള്‍ മുതലായവയുടെ അറ്റകുറ്റപ്പണികള്‍ക്ക് നല്‍കുന്ന മെയിന്റനന്‍സ് ഫണ്ട് പ്രത്യേക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലല്ല നല്‍കുന്നത്. വളരെ കുറഞ്ഞ തുകയാണ് ലഭിക്കുന്നത്. ഇതിന് മാറ്റം വരുത്തി ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ആസ്തിയുടെ അടിസ്ഥാനത്തില്‍ നല്‍കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ അട്ടിമറിച്ചു.
അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും പഞ്ചായത്തുകളുടെ ശാക്തീകരണത്തെക്കുറിച്ചും പ്രതിപക്ഷത്തായിരിക്കെ പറയുന്നതിന് കടക വിരുദ്ധമാണ് ഇടതു മുന്നണി അധികാരത്തില്‍ വരുമ്പോഴത്തെ നടപടികള്‍. ഗ്രാമസ്വരാജ് എന്ന മഹാത്മജിയുടെ സ്വപ്നം പൂവണിയിക്കുന്നതിനാണ് രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് പഞ്ചായത്ത് രാജ് ബില്ലും നഗരപാലികാ ബില്ലും കൊണ്ടു വന്നത്. അവയുടെ കടക്കല്‍ കത്തി വയ്ക്കുകയാണ് ഇടതു പക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്.