Connect with us

Video Stories

മോദി കമ്മിറ്റി മാത്രമായി ചുരുങ്ങുന്ന കേന്ദ്ര മന്ത്രിസഭ

Published

on

ഡോ. രാംപുനിയാനി

മോദി സര്‍ക്കാര്‍ ഭരണ കാലാവധിയുടെ പകുതി പിന്നിട്ടത് അടുത്തിടെയാണ് (നവംബര്‍ 2016). ഈ സര്‍ക്കാറിന്റെ പ്രധാന സവിശേഷതയായി നമുക്ക് എന്താണ് കാണാന്‍ സാധിച്ചത്?. ഉറച്ച നിലപാടുകളെടുക്കാന്‍ പ്രാപ്തിയുള്ള, പുതു രീതിയില്‍ രാഷ്ട്രത്തെ മാറ്റിപ്പണിയുന്നതിന് ഉത്തരവ് നല്‍കാന്‍ കെല്‍പ്പുള്ള, പ്രത്യാശ നല്‍കുന്ന ഒരു നേതാവാണ് അദ്ദേഹമെന്നാണ് ചില നിരൂപകര്‍ അഭിപ്രായപ്പെടുന്നത്. ഇത് കാഴ്ചപ്പാടിന്റെ ഒരു വശം; രാജ്യത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗം കാണുന്ന യാഥാര്‍ത്ഥ്യം വളരെ വ്യത്യസ്തമാണ്.

 

അച്ഛേ ദിന്‍, രാജ്യത്തെ ഓരോ പൗരന്റെയും ബാങ്ക് എക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കും എന്നെല്ലാമുള്ള വാഗ്ദാനവുമായാണ് ഈ സര്‍ക്കാര്‍ വന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം നേരെ മറിച്ചാണ്, രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ അവശ്യ സാധന വില കുതിച്ചുയരുന്നത് ജനങ്ങള്‍ക്ക് കടുത്ത വേദനയും പീഡനവുമാണ് സമ്മാനിച്ചതെന്നാണ് സൂചിപ്പിക്കുന്നത്. അവശ്യസാധന വില ഉയരുന്നതിനൊപ്പം നോട്ട് മാറ്റാനായി ബാങ്കുകളില്‍ വരി നിന്ന നൂറിലേറെ പേര്‍ മരിച്ചുവീണ വാര്‍ത്തയും ശ്രവിക്കാനായി. വലിയ വിഭാഗം ദിവസ വേതനക്കാരും കര്‍ഷകരും മുമ്പൊന്നുമില്ലാത്ത തരത്തില്‍ ദാരിദ്ര്യത്തിലും പട്ടിണിയിലും ഉഴലുകയാണ്.

 

ഈ സര്‍ക്കാറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും അധികാരങ്ങളും പ്രധാന മന്ത്രിയെന്ന ഒരു വ്യക്തിയുടെ പ്രഭാവലയത്തില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണെന്നതാണ് മറ്റു സര്‍ക്കാറുമായുള്ള വ്യത്യാസത്തിലെ പ്രധാന വസ്തുത. പ്രധാനമന്ത്രിയുടെ തീരുമാനങ്ങളും തോന്നലുകളും അംഗീകരിക്കുന്ന ഒരു കമ്മിറ്റി മാത്രമായി മന്ത്രിസഭ ചുരുങ്ങി. നോട്ട് നിരോധനം ഉദാഹരണമാണ്. പാകിസ്താനുമായുള്ള സൗഹൃദത്തിനു വന്‍ പ്രഹരമേല്‍പ്പിക്കുന്നതിലൂടെയാണ് വിദേശ നയത്തിനു തുടക്കംകുറിച്ചത്. ലോക രാജ്യങ്ങളുമായുള്ള ബന്ധം അറിയുന്നത് മോദിയുടെ അസംഖ്യം വിദേശ യാത്രകള്‍കൊണ്ടാണ്. രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആഗോള തലത്തില്‍ പ്രധാന മാറ്റമൊന്നുമുണ്ടായിട്ടില്ലെങ്കിലും പ്രത്യേകിച്ച് പാകിസ്താനും നേപ്പാളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ രണ്ട് വന്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

 

അധികാര കേന്ദ്രീകരണത്തോടൊപ്പം ബി.ജെ.പിടെയും അവരുടെ കൂട്ടാളികളായ ആര്‍.എസ്.എസ് സംഘ് പരിവാര നേതാക്കളുടെയും വിദ്വേഷ പ്രസംഗങ്ങളും കൂടുതല്‍ തീവ്രമായി വര്‍ധിച്ചിട്ടുണ്ട്. മത ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനാണ് അവര്‍ തുനിഞ്ഞത്. മന്ത്രിയാകുന്നതിനു മുമ്പ് ‘തന്തയില്ലാത്തവര്‍’ എന്ന വാക്കുവരെ പ്രയോഗിക്കാന്‍ ഒരു ക്യാബിനറ്റ് മന്ത്രി തയാറായി. യൂനിവേഴ്‌സിറ്റി കാര്യങ്ങളില്‍ തലയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു. നിയമപരമായി യോഗ്യതയില്ലാത്തവരെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കാന്‍ തയാറായി. മതിയായ കഴിവൊന്നുമില്ലാത്ത ഗജേന്ദ്ര ചൗഹാനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയര്‍മാനാക്കി നിയമിച്ചു.

 

അതുപോലെ കഴിവിന് പ്രാധാന്യം നല്‍കാതെ ആര്‍.എസ്.എസ് പ്രത്യയ ശാസ്ത്രവുമായി ബന്ധമുള്ളവരെ വിവിധ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരായി നിയമിച്ചു. ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി ക്യാമ്പസുകളില്‍ വളരെ സജീവമാകുകയും ജനാധിപത്യ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്തു. ജെ.എന്‍.യു, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴിസിറ്റി എന്നിവിടങ്ങളില്‍ ഇത് നമുക്ക് വ്യക്തമായി കാണാം. ജെ.എന്‍.യുവില്‍ കനയ്യ കുമാറിനെയും സംഘത്തെയും കുടുക്കാന്‍ വ്യാജ സി.ഡി ഉപയോഗിച്ചവര്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴിസിറ്റിയില്‍ രോഹിത് വെമുലയെന്ന ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.

 

ലൗ ജിഹാദിന്റെയും ഘര്‍വാപസിയുടെയും പേരില്‍ ആര്‍.എസ്.എസ് സംഘം മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രചാരണം ശക്തമാക്കി. ബീഫിന്റെയും വിശുദ്ധ പശുവിന്റെയും പേരില്‍ അവര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടി. യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ബീഫിന്റെ പേരില്‍ സംഘ്പരിവാരം അടിച്ചുകൊന്ന ക്രൂരമായ സംഭവം ഒരു തുടക്കമായിരുന്നു. പിന്നീട് ഉനയില്‍ ദലിത് യുവാക്കളെ നിഷ്ഠൂരമായി മര്‍ദിച്ചവശരാക്കി.

 

വിശ്വാസത്തിന്റെ പേരില്‍ അന്ധത ബാധിച്ച ഫാസിസ ശക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിലപാട് കൂടുതല്‍ കരുത്തുപകര്‍ന്നു. ഗോവിന്ദ് പന്‍സാരെക്കും എം.എം കല്‍ബുര്‍ഗിക്കും പിന്നാലെ ദബോല്‍ക്കറും കൊല്ലപ്പെട്ടു. ഈ സംഭവങ്ങള്‍ രാജ്യ വ്യാപകമായി വന്‍ പ്രതിഷേധത്തിനു വഴിവെച്ചു. സമൂഹത്തില്‍ അസഹിഷ്ണുത വളര്‍ന്നുവരുന്നതില്‍ പ്രതിഷേധിച്ച് പ്രമുഖ വ്യക്തിത്വങ്ങള്‍ തങ്ങള്‍ക്കു ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചു നല്‍കി. രാജ്യത്തെ സാമൂഹികാവസ്ഥ ബി.ജെ.പിയുടെ മുന്‍ സഹയാത്രികനായ അരുണ്‍ ഷൂരി സൂചിപ്പിച്ചതുപോലെ വികേന്ദ്രീകൃത അടിയന്തരാവസ്ഥ അല്ലെങ്കില്‍ ‘പിരമിഡല്‍ മാഫിയ സ്റ്റേറ്റ്’ എന്ന തരത്തിലേക്ക് സംഘ്പരിവാര പ്രഭൃതികള്‍ കൊണ്ടെത്തിച്ചു.

 

കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും ശക്തമായ ചെറുത്തുനില്‍പ് അവരെ ഉദ്യമത്തില്‍ നിന്ന് പിന്നോട്ടടിപ്പിച്ചു. ചെറുകിട, ഇടത്തരം ഫാക്ടറികളിലെ തൊഴിലാളികളെ പരിരക്ഷിക്കുന്ന വകുപ്പുകള്‍ പൂര്‍ണമായും വേണ്ടെന്നു വെച്ച തൊഴില്‍ പരിഷ്‌കരണം തൊഴിലാളികളെ സാരമായി ബാധിച്ചു. കോര്‍പറേറ്റ് ലോകത്തിന്റെ സമാന്തര അധികാര വളര്‍ച്ച വളരെ പ്രകടമായി. വന്‍കിട വ്യവസായികളുടെ കിട്ടാക്കടം വന്‍തോതില്‍ ബാങ്കുകള്‍ എഴുതിത്തള്ളി. വന്‍ കടബാധ്യതയുണ്ടായിരുന്ന വിജയ്മല്യ ഒന്നുമറിയാതെ രാജ്യം വിട്ട് പറന്നകന്നു. ഒരു കൂട്ടം പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും മിക്കതും കടലാസില്‍ ഒതുങ്ങുകയും സാധാരണക്കാരെയോ പാവപ്പെട്ട കര്‍ഷകരെയോ തൊഴിലാളികളെയോ ശാക്തീകരിക്കാനാവാതെ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതായി.

പ്രതിപക്ഷ കക്ഷികളെയും പരിസ്ഥിതി സംരക്ഷണത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെയും പീഡിപ്പിച്ചും അവരുടെ എഫ്.സി.ആര്‍.എ റദ്ദാക്കിയും നവടപ്പിച്ചും അടിച്ചമര്‍ത്താന്‍ ശ്രമമുണ്ടായി. നമ്മുടെ ജനാധിപത്യത്തിന്റെ മുഖമുദ്രയായിരുന്നു അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ സര്‍ക്കാറിനെതിരായ അഭിപ്രായ പ്രകടനം ദേശീയ വിരുദ്ധ ലേബലില്‍ ചേര്‍ക്കപ്പെട്ടു. തിരിച്ചറിയല്‍ രാഷ്ട്രീയം ഭാരത് മാതാ കീ ജയ് വിളിയിലും സിനിമാശാലകളിലെ ജനഗണമന പാടലിലും നിര്‍മ്മിക്കപ്പെട്ടു.
പ്രാഥമികമായി വേണ്ടത് കലാപങ്ങള്‍ വര്‍ധിച്ചുവരുന്നത് രേഖപ്പെടുത്തുകയാണെങ്കിലും മോദി പ്രോത്സാഹിപ്പിച്ച വിഭാഗീയ ഹിന്ദുത്വ രാഷ്ട്രീയം കണ്ടുപിടിക്കാന്‍ പറ്റാത്ത തരത്തില്‍ കലാപങ്ങള്‍ വ്യാപകമാക്കുകയാണ് ചെയ്തത്. കഴിഞ്ഞ കാലങ്ങളിലെ അഴിമതിയെക്കുറിച്ച് വാചാലമാകുമ്പോള്‍ തന്നെ കള്ളപ്പണത്തിന്റെ പേരില്‍ വന്‍ അഴിമതിക്കു കളമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കള്ളപ്പണത്തിന്റെ സ്രോതസായി പണത്തെ ലക്ഷ്യമിട്ടു. എന്നാല്‍ നോട്ട് രൂപത്തിലുള്ള കള്ളപ്പണം വളരെ കുറച്ചു മാത്രമാണ്. വിദേശ ബാങ്കുകളിലും റിയല്‍ എസ്റ്റേറ്റായും ആഭരണങ്ങളായുമൊക്കെയാണ് കള്ളപ്പണം സൂക്ഷിക്കുന്നത്.

 

ജനങ്ങളെ യാതൊരു നിലയിലും പരിഗണിക്കാതെയുള്ള ഭരണ കക്ഷിയുടെയും അവരുടെ കൂട്ടാളികളുടെയും നടപടിയില്‍ പൊതുജനങ്ങള്‍ കടുത്ത നിരാശയിലാണ്. യൂനിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്നത് കനയ്യ കുമാര്‍ പോലുള്ള യുവ നേതാക്കളെ കേന്ദ്രീകരിച്ച് ശക്തമായ പ്രക്ഷോഭത്തിനാണ് വഴിവെച്ചത്. ദലിതുകളുടെ പ്രക്ഷോഭം ജിഗ്നേഷ് മെവാനിയെ പോലുള്ള യുവ നേതാക്കളുടെ നേതൃത്വത്തില്‍ സംയോജിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഭാവി പ്രതീക്ഷയാണ്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മഹാ സഖ്യങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ മറ്റു പാര്‍ട്ടികളുടെ നിലപാട് തെരഞ്ഞെടുപ്പ് തലത്തില്‍ പ്രതീക്ഷയുള്ളതാണ്. ഭാവിയില്‍ മതേതര ശക്തികളുടെ വിശാല സഖ്യം വരുമെന്നതാണ് പ്രത്യാശ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending