Video Stories
മോദി-പിണറായി സഹകരണ മുന്നണി

കേരളത്തില്‍ അഞ്ചു നിയമസഭാമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം. അതിനിടയില്‍ മണ്ഡലമാകെ ഓടിയെത്താന്‍ സ്ഥാനാര്‍ത്ഥികളും പ്രചാരണം ഫലപ്രാപ്തിയിലെത്തിക്കാന്‍ മുന്നണികളും വിഷമിക്കുകയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പില്‍ അടുത്ത കാലങ്ങളിലായി ഉയരുന്ന വോട്ടുമറിക്കലിന്റെയും അഴിമതിയുടെയും ആരോപണങ്ങള്‍ ഇത്തവണയും രംഗത്തുണ്ട്. ആഴത്തില്‍ പരിശോധിച്ചാല്‍ ഈ വോട്ടുമറിക്കലും അഴിമതി വിവാദവും അവിശുദ്ധവും രഹസ്യാത്മകവുമായ രഹസ്യധാരണകളുടെയും ബ്ലാക്മെയിലിങിന്റെയും പുറത്തേക്കു തെറിക്കുന്ന തെളിവുകളാണെന്ന് പറയേണ്ടിവരും.
പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ. പിയും എതിരാളികള്‍ വോട്ടുമറിച്ചെന്ന ആരോപണം മാറിമാറി ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ വെളിപ്പെട്ടത് എന്‍. ഡി.എ മുന്നണിയില്‍നിന്ന് വോട്ടു ചോര്‍ന്നെന്നും അത് എല്‍. ഡി.എഫിന് മുതല്‍കൂട്ടിയെന്നുമാണ്. തെരഞ്ഞെടുപ്പു വേളയില്‍തന്നെ ഇതിന്റെ പൊട്ടിത്തെറി ബി.ജെ.പിയില്‍ കണ്ടു. കേരളാകോണ്‍ഗ്രസ് എമ്മിലെ പരസ്പര ശത്രുതയും പിളര്‍പ്പും എല്‍.ഡി.എഫിന്റെ വിജയം ഉറപ്പുവരുത്തി.
വോട്ടുചോര്‍ന്നത് ബി.ജെ.പി സംസ്ഥാന നേതൃത്വം തന്നെ സമ്മതിച്ചു. ആര്‍ക്കെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും. അതോടൊപ്പം പാലായിലേത് തീര്‍ത്തും അസാധാരണ രാഷ്ട്രീയ സാഹചര്യമായിരുന്നെന്ന് മൂന്നു മുന്നണികളും അംഗീകരിക്കുന്നുമുണ്ട്. ഇതില്‍നിന്നു വ്യത്യസ്ത നിലപാടാണ് മുഖ്യമന്ത്രിക്ക്. ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം ജനങ്ങള്‍ക്കുപറ്റിയ തെറ്റിദ്ധാരണകൊണ്ടായിരുന്നു. പാലായില്‍ അവരത് തിരുത്തി. സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളുടെ വിധിയെഴുത്താണ് പാലയില്‍ നടന്നത്. അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും അതാവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പിക്കുന്നു.
അങ്ങനെയെങ്കില്‍ വട്ടിയൂര്‍ക്കാവ് തൊട്ട് മഞ്ചേശ്വരം വരെയുള്ള അഞ്ച് മണ്ഡലങ്ങളിലും എല്‍. ഡി.എഫ് വിജയിക്കണം. യു.ഡി.എഫും ബി.ജെ. പിയും പൂര്‍ണ്ണ പരാജയം നേരിടണം. അതാണ് സംഭവിക്കുകയെങ്കില്‍ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചിടങ്ങളിലും ബി.ജെ.പി യു.ഡി.എഫിന് വോട്ടുമറിക്കുമെന്ന് സി.പി.എം ആരോപിക്കുന്നതെന്തിന്? പാലായില്‍തന്നെ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ബി.ജെ.പി യു.ഡി.എഫിന് വോട്ടുമറിക്കുന്നു എന്ന് മാണി സി കാപ്പന് പോലും ആരോപിച്ചിരുന്നു. വോട്ടെണ്ണുന്നതിന്റെ തലേന്നാള്‍ പതിനായിരം വോട്ടിന് ജയിക്കുമെന്നു പറഞ്ഞ മാണി സി കാപ്പന് തന്നെ.
ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതിനുശേഷമുള്ള ഇന്ത്യന്‍ സാഹചര്യം പരിശോധിക്കുന്ന സ്വബുദ്ധി നശിക്കാത്ത ഒരാള്‍ക്കും കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ ബി.ജെ.പി വോട്ടുമറിക്കുമെന്ന് പറയാന്‍ കഴിയില്ല. കോണ്‍ഗ്രസിനെ വേട്ടയാടുകയാണ് മോദി ഗവണ്മെന്റ്. സ്വരക്ഷക്കും അധികാരത്തിനുവേണ്ടി നേതാക്കള്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്ക് ചാടുന്നത് മറ്റൊരു വിഷയം. ചരിത്രത്തിലെതന്നെ സ്വന്തം നിലനില്‍പ്പിന്റെ ജീവന്മരണ പ്രശ്നമാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഇത് സി.പി.എം ഒഴികെയുള്ള ഏതാണ്ട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇപ്പോള്‍ നേരിടുന്ന വെല്ലുവിളിയാണ്. സി.ബി.ഐയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ഉപയോഗിച്ച് തന്നെ നേരിടുകയാണെന്ന് തെരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയില്‍ ശരദ്പവാര്‍ പറഞ്ഞത് ഇതിന്റെ തുടര്‍ച്ചയാണ്.
ആശയപരമായും രാഷ്ട്രീയമായും ആര്.എസ്. എസ് നേതൃത്വം നല്കുന്ന ബി.ജെ.പിയുമായോ അതിന്റെ ഗവണ്മെന്റിന്റെ ഭീകരമായ ധ്രുവീകരണ – ഹിന്ദുത്വ ഏകാധിപത്യ നയങ്ങളുമായോ സഹകരിക്കാന്‍ സാധ്യമല്ലാത്ത ഒരു പാര്‍ട്ടിയാണ് സി. പി.എം. പക്ഷെ, പിണറായി വിജയന് എന്ന മുഖ്യമന്ത്രിയും ബി.ജെ.പി നയിക്കുന്ന കേന്ദ്ര ഗവണ്മെ ന്റും തമ്മില്‍ അസാധാരണ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധമാണുള്ളത്. അതിന് പോറലേല്‍പിക്കുന്നതല്ല പിണറായി വിജയന്റെ കേന്ദ്ര ഗവണ്‍െമെന്റിനോ സംഘ്പരിവാറിനോ എതിരായ വിമര്‍ശനങ്ങള്‍. ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്ക് കൊടുക്കുന്നതിലും കവിഞ്ഞ പരിഗണനയും വിശ്വാസവും സഹകരണവും കേന്ദ്രം പിണറായിയുമായി പുലര്‍ത്തുന്നു. ഡല്‍ഹിയിലെ രാഷ്ട്രീയ നിരീക്ഷകര്‍ നിരവധി ഉദാഹരണങ്ങള്‍ നിരത്തുന്നു. അതിലൊന്ന് ഇപ്പോള്‍ എല്ലാ കാര്യങ്ങളിലും കേരള ഗവണ്മെന്റ് അഭിപ്രായം തേടുന്നത് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടാണ്. ലാവ്ലിന്‍കേസില്‍ സുപ്രിംകോടതിയില്‍ സി.ബി.ഐക്കുവേണ്ടി ഹാജരാകുന്നത് തുഷാര്‍ മേത്തയാണ്. മേത്തയുടെ ഉപദേശപ്രകാരമാണ് ചീഫ് സെക്രട്ടറി മരട് #ാറ്റ് പ്രശ്നത്തില്‍ സുപ്രിംകോടതിയില്‍ ഒടുവില്‍ നിലപാടെടുത്തത്. രാജ്യത്താകെ വിവാദമായ കേന്ദ്ര സര്‍ക്കാറിന്റെ വാഹന ഭേദഗതിനിയമം കണ്ണുംപൂട്ടി ആദ്യം നടപ്പാക്കിയത് കേരളമാണ്. ബി.ജെ.പി ഭരിക്കുന്ന സര്‍ക്കാറുകള്‍പോലും നടപ്പാക്കാന്‍ വിസമ്മതിച്ചപ്പോള്‍.
ധ്രുവങ്ങളുടെ അകലങ്ങളില്‍ നില്‍ക്കേണ്ട പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക് മോദി സര്‍ക്കാറിലുള്ള ഈ സ്വാധീനത്തിന്റെ കാരണങ്ങളും അവര്‍ നിരത്തുന്നു: കേരളത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മേധാവിത്വത്തെയും യു.ഡി.എഫ് മുന്നണി സംവിധാനത്തെയും അവര്‍ക്ക് തകര്‍ക്കേണ്ടതുണ്ട്. കേരളം പിടിച്ചെടുക്കുകയെന്ന അജണ്ടയുടെ ആദ്യ ഘട്ടമായി അവര്‍ അതിനെ കാണുന്നു. ബി.ജെ.പിക്കോ എന്‍.ഡി.എക്കോ സമീപകാലത്തൊന്നും കേരളത്തിലെ മറ്റു രണ്ടു മുന്നണികള്‍ക്കുമിടയില്‍ നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയാകാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങളേറെയുള്ള സംസ്ഥാനമെന്ന തിരിച്ചറിവാണ് ആര്.എസ്.എസിനുതന്നെ ഇത് അംഗീകരിക്കേണ്ടിവരുന്നത്. മുഖ്യമന്ത്രിയേയും സംസ്ഥാന ഭരണത്തെയും എല്‍.ഡി.എഫിനെതന്നെയും ഉപയോഗപ്പെടുത്തി കോണ്‍ഗ്രസിനെയും യു. ഡി.എഫിലെ പ്രമുഖ കക്ഷികളെയും ദുര്‍ബലപ്പെടുത്തുകയും പിളര്‍ക്കുകയുമാണ് തല്ക്കാലം ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ അജണ്ട.
മുഖ്യമന്ത്രി പിണറായിക്കാണെങ്കില്‍ കാലാവധി കഴിയാന്‍ ഒന്നര വര്‍ഷത്തില്‍ താഴെയാണ് ശേഷിക്കുന്നത്. ഇതിനകം അങ്ങോട്ടു പണം നല്‍കിയാണെങ്കില്‍പോലും ദേശീയ പാതതൊട്ടുള്ള കേന്ദ്ര പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങിവെക്കണം. അതിന് മോദി സര്‍ക്കാറിന്റെ സഹായം വേണം. വികസനത്തിന്റെ പേരിലുള്ള ഈ സഹകരണം പരസ്പര രാഷ്ട്രീയ സഹകരണമായി വളരുന്നത് സ്വാഭാവികം. ഹിറ്റ്ലറുമായി സ്റ്റാലിന്‍തന്നെ അനാക്രമണകരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് സി.പി.എമ്മിലെ ചില ഉന്നതരും സ്വകാര്യസംഭാഷണത്തില്‍ ഇതിനെ ന്യായീകരിക്കുന്നു.
വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെയും ആര്.എസ്.എസിന്റെയും പിന്തുണയോടെ മത്സര പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കുമ്മനം രാജശേഖരനെ ഡല്‍ഹിയില്‍നിന്ന് അപ്രതീക്ഷിതമായി വെട്ടിനീക്കി. ഇതിനുപിന്നില്‍ ആരാണെന്ന് താന്‍ അന്വേഷിക്കുന്നില്ലെന്ന് കുമ്മനംതന്നെ പ്രതികരിച്ചത് അര്‍ധഗര്‍ഭമായിരുന്നു. പാലായില്‍ ബി.ജെ.പിക്ക് വോട്ടുചോര്‍ന്നത് സി.പി.എം – ബി.ജെ.പി ഒത്തുകളിയുടെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചിരുന്നു. ഏതാനും വോട്ടുകള്‍ക്ക് അത്തരം ചെറ്റത്തരം സി.പി.എം ചെയ്യില്ലെന്നു പറഞ്ഞ പിണറായി മുല്ലപ്പള്ളിയോട് തെളിവുകള്‍ ആവശ്യപ്പെടുകയുംചെയ്തു.
ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ജയിക്കേണ്ടത് പല കാരണങ്ങളാല്‍ കോണ്‍ഗ്രസിനോട് പകരംവീട്ടാന്‍ പിണറായിക്ക് അനിവാര്യമാണ്. പ്രത്യേകിച്ചും വട്ടിയൂര്‍ക്കാവ് വിട്ട് കെ മുരളീധരന് വടകരയില്‍ചെന്ന് സി.പി.എമ്മിനെ കൊമ്പുകുത്തിച്ചതില്‍. കുമ്മനത്തെ മാറ്റിയത് സി.പി.എമ്മിനെ സഹായിക്കാനാണെന്നും ഇതിന്റെ പ്രത്യുപകാരം കോന്നിയില്‍ ബി.ജെ.പിക്കു ലഭിക്കുമെന്നും കെ മുരളീധരന് പ്രതികരിച്ചു. മന്ത്രി വി മുരളീധരനാണ് ബി.ജെ.പി – സി.പി.എം രാഷ്ട്രീയ ധാരണക്കു പിന്നിലെന്ന് തെളിവും മുന്നോട്ടുവെച്ചു. പിണറായി മൗനം ഭജിച്ചതേയുള്ളൂ.
ബി.ജെ.പി ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുള്ളവര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത ഇതിനപ്പുറം മുഖ്യമന്ത്രിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തമ്മില്‍ രാഷ്ട്രീയധാരണതന്നെ രൂപപ്പെടുത്തിയിട്ടുണ്ടെന്നാണ്. സഹമന്ത്രിയായ വി. മുരളീധരന്റെ തലത്തില്‍നിന്നൊക്കെ എത്രയോ ഉയര്‍ന്ന തലത്തിലാണ് പിണറായിക്കും ബി.ജെ.പിക്കും പരസ്പരം ഗുണം ചെയ്യുന്ന ആ രാഷ്ട്രീയ ബന്ധമെന്നും. ഈ മാസം 21നു നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം 3-2 എന്ന നിലയില്‍ പങ്കുവെക്കാനാണ് ആ ധാരണ. 19 ലോക്സഭാ സീറ്റുകള്‍ കേരളത്തില്‍ നേടിയ യു.ഡി.എഫിനെ ഇത്തവണ പൂജ്യം എന്ന കനത്ത പരാജയക്കുഴിയില്‍ തള്ളാനാകണം. അങ്ങനെ സാധിക്കുമോയെന്നത് അന്തിമമായി തീരുമാനിക്കേണ്ടത് അഞ്ചിടത്തേയും വോട്ടര്‍മാരാണ്. അതുകൊണ്ട് ഈ ഗൂഢ ധാരണയുടെ അവസ്ഥയറിയാന്‍ ഈമാസം 24 വരെ കാത്തിരിക്കണം.
മോദി ഗവണ്മെന്റിനു ബദലാണ് എല്‍.ഡി.എഫ് ഗവണ്മെന്റെന്ന് ആവര്‍ത്തിച്ച് സി.പി.എം അവകാശപ്പെടുന്നു. തിരിച്ചറിയാന്‍ കഴിയാത്ത ഇരട്ടകളെപ്പോലെയാണ് അപ്പോഴും ഇരു സര്‍ക്കാറുകളുടെ നയങ്ങളും പോക്കും. വികസനമെന്ന ലഹരി തലക്കുപിടിക്കാത്ത കേരളീയര്‍ക്കാകെ അത് നേരിട്ട് ബോധ്യവുമാണ്. തെരഞ്ഞെടുപ്പിനിടക്കാണ് മലയാളിയായ ഒരു മുംബൈ വ്യവസായി മാണി സി കാപ്പനെതിരെ മുംബൈ കോടതിയില്‍ കൊടുത്ത ചെക്കുകേസ് വിവാദമാകുന്നത്. തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തേക്ക് അഴിമതിബോംബായി വീണത്. മാണി സി കാപ്പന്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ഒരു പീഢനകേസില്‍ അദ്ദേഹം തള്ളിപ്പറഞ്ഞ മകന് ബിനീഷ് കോടിയേരി എന്നിവരെ കൂട്ടിക്കെട്ടി. എല്ലാ മുന്നണികളും പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ നടത്തുന്ന ആരോപണാഘോഷംപോലെയെന്ന് ഇതിനെയും വ്യാഖ്യാനിക്കാം. തുഷാര്‍ വെള്ളാപ്പള്ളി ഗള്‍ഫില്‍ ചെക്കുകേസില്‍പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായിയടക്കം ഇടപെട്ട കേസുപോലെ കണക്കാക്കുകയും ചെയ്യാം. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായ ധാര്‍മ്മികതയുടെ പ്രശ്നങ്ങള്‍ ഇതില്‍ ഉയര്ന്നുനില്ക്കുന്നു. എം.എല്‍.എയായി മാത്രമല്ല എന്‍.സി.പി മന്ത്രിയായിപോലും പിന്നാലെ സത്യപ്രതിജ്ഞയെടുക്കേണ്ട മാണി സി കാപ്പനാണ് ഈ തട്ടിപ്പുകേസില്‍ പ്രതിസ്ഥാനത്ത്. തുടര്‍ച്ചയായി ഉയരുന്ന ആരോപണങ്ങള്‍ക്കും വിവാദങ്ങള്ക്കുമിടയില് ബലിയാടിനെപ്പോലെ നില്‍ക്കേണ്ടിവരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയും അദ്ദേഹത്തിന്റെ മകനും കേസുകൊടുത്ത മുംബൈയിലെ മലയാളി വ്യവസായിയും മാണി സി കാപ്പനും പറഞ്ഞ കാര്യങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ സി.പി.എം മറുപടി പറയേണ്ട ചില ചോദ്യങ്ങള്‍ ജനങ്ങള്‍ക്കുമുമ്പില്‍ ഉയര്‍ന്നുകഴിഞ്ഞു. അതിനു മറുപടി നല്‍കുന്നതിനുപകരം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ പറഞ്ഞതിങ്ങനെ: ‘മാണി സി കാപ്പനും ദിനേശ് മേനോനും നിഷേധിച്ചിട്ടും എന്തിനാണ് എന്നെ വലിച്ചിഴക്കുന്നത.്’ എത്ര ദയനീയം! മുംബൈ വ്യവസായിക്കുവേണ്ട കോടികള്‍ കൊടുത്ത് ഈ കേസും ഒതുക്കിത്തീര്‍ക്കാന്‍ കുത്തക മുതലാളിമാര്‍ മുന്നോട്ടുവരുമെന്നതില്‍ സംശയമില്ല. സി.പി.എമ്മും എല്‍.ഡി.എഫ് സര്‍ക്കാറും ജാമ്യമായി മുമ്പിലുള്ളപ്പോള്‍ പണമെറിയാന്‍ അവരെന്തിനു മടിക്കണം.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
india2 days ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
Film2 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
india1 day ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala1 day ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
kerala2 days ago
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala3 days ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു