Connect with us

Video Stories

വിനാശകരമായ ആര്‍.സി.ഇ.പി കരാര്‍

Published

on

കുറുക്കോളി മൊയ്തീന്‍

ആഗോള വ്യാപാര കരാറില്‍ ഇന്ത്യ ഭാഗമായിട്ട് ഇരുപത്തിയേഴ് വര്‍ഷമായി. ആഗോളവത്കരണ ഉദാരവത്കരണ നയങ്ങള്‍ രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷങ്ങളാണ് വരുത്തിയത്. ഇവയുടെ കുറ്റങ്ങളെല്ലാം കോണ്‍ഗ്രസിന്റെ തലയില്‍ വച്ചുകെട്ടാന്‍ എല്ലാവരും മത്സരിക്കുകയായിരുന്നു തുടക്കത്തില്‍. എന്നാല്‍ മാറിവന്ന എ.ബി വാജ്‌പേയുടെയും ഇടതുപക്ഷ പിന്തുണയില്‍ ദേവഗൗഡ, ഗുജ്‌റാള്‍ എന്നിവര്‍ നയിച്ച സര്‍ക്കാരുകളും മറിച്ചൊരു വഴിയും സ്വീകരിച്ചിരുന്നില്ല. ഈ ഭരണകൂടങ്ങളെ രാജ്യത്തെ എല്ലാ രാഷ്ട്രീയ സംഘടനകളും പിന്തുണച്ചുപോന്നിരുന്നു. ഒരര്‍ത്ഥത്തില്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും ഇതിന്റെ ഭാഗവാക്കായിട്ടുണ്ട്. രാജ്യത്ത് ആഗോളവത്കരണ കെടുതികള്‍ കാരണം ഏറ്റവും കൂടുതല്‍ ദോഷം സംഭവിച്ചത് കാര്‍ഷിക മേഖലക്കാണ്. മുമ്പേ തളര്‍ന്നുകിടന്നിരുന്ന കാര്‍ഷിക മേഖലയെ ഉദാരവത്കരണം കൂടുതല്‍ തളര്‍ത്തി. ആഗോളവത്കരണ കരാറിന്റെ ഭാഗമായി പല അനുബന്ധ കരാറുകളും നിലവില്‍ വന്നിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് നേഷന്‍സ്) കരാര്‍. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ബ്രെൂണൈ, കംബോ ഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്റ്, വിയറ്റ്‌നാം, മ്യാന്‍മര്‍ എന്നീ പത്തു രാജ്യങ്ങള്‍ ചേര്‍ന്നാണ് ആസിയാന്‍ കരാര്‍ തയ്യറാക്കിയത്. ഈ രാജ്യങ്ങളുമായി വ്യാപാര പങ്കാളിത്തത്തിന് ഇന്ത്യ തയ്യാറായി, ആ സന്ദര്‍ഭത്തില്‍ വലിയ ആശങ്ക രാജ്യത്ത് പരന്നിരുന്നു, പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറി. എന്നാല്‍ കരാര്‍ നിലവില്‍ വരിക തന്നെ ചെയ്തു. കാര്‍ഷിക മേഖലയില്‍ ശക്തിപ്പെട്ട ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞു. കേരളത്തില്‍ പോലും കുരുമുളക്, നാളികേരം, അടക്ക, റബ്ബര്‍ എന്നിവകളുടെ വിലയിടിവിന് ആക്കംകൂട്ടി. എന്നാല്‍ കൂനില്‍മേല്‍കുരു എന്നു പറഞ്ഞതുപോലെയാണ് വീണ്ടും മറ്റൊരു കരാര്‍ വരുന്നത്. നിലവിലുള്ള അവസ്ഥയില്‍ കാര്‍ഷിക മേഖലയില്‍ വലിയ നാശത്തിന് ഈ കരാര്‍ കാരണമാകും.
ആസിയാന്‍ രാജ്യങ്ങളും അവകളുടെ സ്വതന്ത്ര വ്യാപാര പങ്കാളികളായ ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണകൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളും ഉള്‍പ്പെട്ട 16 രാജ്യങ്ങള്‍ ചേര്‍ന്ന കരാറാണ് പുതുതായി നിലവില്‍ വരാന്‍ പോകുന്നത്. റീജ്യണല്‍ കോമ്പറഹന്‍സീവ് എകണോമിക് പാര്‍ട്ണര്‍ഷിപ്പ്(ആര്‍.സി.ഇ.പി) അഥവാ സമഗ്ര സാമ്പത്തിക പങ്കാളിത്വം. ലോക വ്യാപാര കരാര്‍ കാരണം അപകടങ്ങള്‍ പല മേഖലകളിലും പല രാജ്യങ്ങള്‍ക്കും അനുഭവിക്കേണ്ടിവന്നതിനാലാണ് മേഖലാകരാറുകളില്‍ ഏര്‍പ്പെടാന്‍ തീരുമാനമുണ്ടായത്. അവകളും അപകടങ്ങള്‍ തന്നെയാണ് വരുത്തിവെക്കുന്നത്. പുതിയ കരാറി (ആര്‍. സി.ഇ.പി) ന്റെ പ്രത്യേകത അത് ഡബ്ല്യൂ.ടി.ഒ കരാറിന്റെ എല്ലാമേഖലകളും ഉള്‍ക്കൊള്ളുന്നു എന്നതാണ്. നാശങ്ങള്‍ ശക്തിപ്പെടാനും അത് കാരണമാകും. കരാറിലെ പ്രധാന വകുപ്പുകള്‍ ഭൗതിക സ്വത്തവകാശം വിദേശ നിക്ഷേപം, തീരുവ രഹിത ഇറക്കുമതി എന്നിവകളാണ്. ഇവകളെല്ലാം ഒരര്‍ഥത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ രാജ്യത്തിന് നാശമുണ്ടാക്കാനിടയുള്ളവയാണ്. എന്നാല്‍ മൂന്നാമത്തെ തീരുവ രഹിത ഇറക്കുമതിയാണ് കാര്‍ഷിക മേഖലയുടെ അന്തകന്‍. ഇപ്പോള്‍തന്നെ സാര്‍ക്ക് രാജ്യങ്ങളില്‍നിന്നും മറ്റും പല വിധ ചരക്കുകളും തീരുവ രഹിതമായോ നേരിയ തീരുവയിലോ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. അവകളുടെ വരവ് കൂടുക മാത്രമല്ല മറ്റു രാജ്യങ്ങളില്‍നിന്നു കൂടി സകല വസ്തുക്കളും അനായാസേന ഇന്ത്യയില്‍ വിറ്റഴിക്കാനാവും.
നഗരങ്ങളില്‍ മത്സ്യ മാര്‍ക്കറ്റും പച്ചക്കറി മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്ന കണക്കെ ചെറുനഗരങ്ങളില്‍പോലും ചൈന മാര്‍ക്കറ്റുകള്‍ ഉയര്‍ന്നു. ഏതൊരു ചെറിയ ഗ്രാമങ്ങളിലെ കടകളില്‍പോലും ചൈനയുടെ ഉത്പന്നങ്ങള്‍ സുലഭമാണ്. ചൈന ചന്തയായി പല അങ്ങാടികളും മാറിയിരിക്കുന്നു. വൈകാതെ ഇന്ത്യതന്നെ ചൈന ചന്തയായി അധപതിക്കാനാണ് പോകുന്നത്. കച്ചവടത്തിന് ഇന്ത്യയില്‍ വന്നവര്‍ രാജ്യം ഭരിക്കുന്ന അവസ്ഥ മുമ്പുണ്ടായി, നാം അവരെ അതിജയിച്ചു. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് കഴിയുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടുവന്ന ഭരണാധകാരികള്‍ വിദേശ ശക്തികള്‍ക്കും മറ്റു രാജ്യങ്ങള്‍ക്കും രാജ്യത്തെ തന്നെ കാല്‍കല്‍ വെച്ചുകൊടുക്കുന്ന ദയനീയ ചിത്രമാണ് കാണാനാവുന്നത്. ഇങ്ങിനെ പോയാല്‍ ജലാശയങ്ങളിലെ കരിയില കണക്കെ ഭരണാധികാരികള്‍ കസേരകളിലെ വെറും ഇരുത്തക്കാരും നടത്തിപ്പുകാര്‍ മറ്റു രാജ്യക്കാരുമാകും. അതിനു വഴിയൊരുക്കണമൊ എന്നായിരിക്കണം ചിന്ത.
ഇന്ത്യക്ക് തീരുവരഹിത ഇറക്കുമതി വളരെ നിര്‍ണായമാവും. കൃഷി, നിര്‍മാണ മേഖലകളിലെ ഉത്പാദകര്‍ ഗൗരവമേറിയ പ്രശ്‌നങ്ങളെയാണ് ഇപ്പോള്‍തന്നെ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇറക്കുമതി ഇനിയും കുതിച്ചുയര്‍ന്നാല്‍ അവകളോടു മത്സരിക്കാന്‍ ആഭ്യന്തര ഉത്പന്നങ്ങള്‍ക്ക് കഴിയാത്ത അവസ്ഥ കനപ്പെടുകയും ചെയ്താല്‍ രാജ്യത്തിന് വിശിഷ്യാ കാര്‍ഷിക മേഖലക്കു സംഭവിക്കുന്ന നാശം വരച്ചുകാണിക്കാനാവാത്ത അത്രയും ആഴമേറിയതായിരിക്കും. 2004-05 വര്‍ഷത്തില്‍ ചൈനീസ് വസ്തുക്കളുടെ ഇറക്കുമതി 700 കോടി ഡോളറിന്റെതായിരുന്നു. 2017-18 വര്‍ഷത്തിലേത് 7600 കോടി ഡോളറിന്റെതായി പെരുകി. ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ വ്യാപാര കരാറില്‍ ഒപ്പുവച്ച ശേഷം ഇറക്കുമതിയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയ ഒരു ഇനം കുരുമുളകാണ്. 2010-11 കാലത്ത് 4800 കോടി ഡോളറിന്റെ കുരുമുളക് ഇറക്കുമതി ചെയ്തുവെങ്കില്‍ 2015-16 വര്‍ഷത്തിലത് 19800 കോടി ഡോളറിന്റെതായി ഇയര്‍ന്നപ്പോള്‍ ആഭ്യന്തര വില 730 രൂപയില്‍നിന്നും 300 രൂപയിലേക്ക് കൂപ്പുകുത്തി. ആസിയാനും കൊറിയയും ജപ്പാനുമായി ഇന്ത്യ മറ്റൊരു കരാറിലും ഒപ്പുവച്ചിരുന്നു. ഇന്ത്യ ശ്രീലങ്ക കാരാര്‍ വേറെയും ഒന്നുണ്ട്. ഇത്രയും കരാറുകള്‍ വരുത്തിവച്ച വിനകളുടെ ചെറുചിത്രമാണിവ.
വിലയ പ്രതിസന്ധികള്‍ ഉണ്ടായിട്ടും പിടിച്ചുനിന്ന ഒരു തലമാണ് ക്ഷീരമേഖല. ആര്‍.സി.ഇ.പി കരാറു കാരണം ക്ഷീര മേഖലയേയും തകര്‍ക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ പാലുത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. പാലിന്റെ ആഭ്യന്തര വില രാജ്യാന്തര വിലയേക്കാള്‍ കൂടുതലുമാണ്. എന്നിട്ടും 2000 മുതല്‍ പാലുത്പന്നങ്ങള്‍ കയറ്റി അയക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന പ്രത്യേകതയും നമുക്കുണ്ട.് വിലകുറച്ച് പാലും പാലുത്പന്നങ്ങളും ഓസ്‌ട്രേലിയയില്‍നിന്നും ന്യൂസിലാന്റില്‍നിന്നും ഇന്ത്യയിലേക്കു കുത്തിയൊഴുകും. അതു വഴി രാജ്യത്തിന്റെ ക്ഷീരമേഖലയും തകരും. ക്ഷീര മേഖലയില്‍ നമ്മുടെ കുത്തക തകര്‍ക്കാനുള്ള ശ്രമത്തിലാണെന്ന് ചുരുക്കം. രാജ്യത്തെ പതിനഞ്ച് കോടിയിലധികം കുടുംബങ്ങള്‍ ക്ഷീര മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. കേരളത്തില്‍ പത്തു ലക്ഷത്തോളം കുടുംബങ്ങളുണ്ടെന്ന് ഭരണാധികാരികള്‍ ഓര്‍ക്കുന്നത് നന്ന്.
ആഗോള വ്യാപാര കരാറില്‍ നിന്നോ രാജ്യം ഒപ്പുവച്ച അനുബന്ധകരാറുകളില്‍ നിന്നോ ഒറ്റയടിക്ക് പിന്‍മാറാനാവില്ലെന്നത് വസ്തുതയാണ്. എന്നാല്‍ ആഭ്യന്തര ഉത്പന്നങ്ങള്‍ക്ക് സംരക്ഷണം ലഭിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ നിര്‍വഹിക്കണം. കരാറനുസരിച്ചതന്നെ ഒരു വര്‍ഷം മുന്‍കൂട്ടിയുള്ള നോട്ടീസു നല്‍കി രാജ്യാന്തര വേദികളില്‍ ചര്‍ച്ച ചെയ്യാനുള്ള വ്യവസ്ഥകളുണ്ട്. വന്‍കിട രാജ്യങ്ങള്‍ അവരുടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് വമ്പന്‍ സബ്‌സിഡികള്‍ നല്‍കി സംരക്ഷിച്ച രീതികളും സുവ്യക്തമാണ്. സര്‍ക്കാര്‍ അത്തരം ശ്രമങ്ങളൊന്നും നടത്തുന്നില്ല എന്നത് വളരെ ഖേദകരമാണ്.
പുതിയ ആര്‍.സി.ഇ.പി കരാറിനെതിരായി മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായി നടന്നുവരികയാണ്. അതു ഉള്‍കൊണ്ട് സഹായിക്കാന്‍ രാജ്യത്തെ രക്ഷിക്കാനുള്ള മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നാണ് പ്രതീക്ഷ. കരാറില്‍നിന്നും പിന്‍മാറണമെന്ന രാജ്യത്തെ ജനങ്ങളുടെ പ്രത്യേകിച്ച് കര്‍ഷകരുടെ വികാരം അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് സംരക്ഷണം നല്‍കാനെങ്കിലും തയ്യാറാവണം ഇത്തരം കരാറുകളില്‍ ഏര്‍പെടുന്നതിന് മുമ്പ് സാമൂഹ്യ സാമ്പത്തിക കാര്‍ഷിക പാരിസ്ഥിതിക മേഖലകളില്‍ വരാവുന്ന ഗുണദോശങ്ങളെ സംബന്ധിച്ച സാമൂഹ്യ ആഘാത പഠനം നടത്താന്‍ തയ്യാറാവണം. കൃഷി ഒരു സംസ്ഥാന വിഷയമാണ്. സംസ്ഥാനങ്ങളോടും കര്‍ഷക സംഘടനകളോടും കരാര്‍ ഒപ്പിടുന്നതിന്മുമ്പ് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണം.
കേരള സര്‍ക്കാറും പൂരം കാണുന്ന മട്ടില്‍ നോക്കി നില്‍ക്കുകയോ വെറും ചര്‍ച്ചചെയ്തു സമയം കളയുകയോ ചെയ്യുകയല്ല വേണ്ടത്. കരാര്‍ നടപ്പിലായാല്‍ കേരളത്തില്‍ അനുഭവിക്കേണ്ടിവരുന്ന ഭവിശ്യത്ത് മനസ്സിലാക്കി എങ്ങിനെ സംരക്ഷിക്കാനാവും എന്ന് പരിശോധിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം. ഇടതു സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാര്‍ഷിക മേഖലയോടു കാണിച്ചത് എന്നത് വലിയ വസ്തുതയാണ്. ലഭിച്ചിരുന്ന സൗകര്യങ്ങള്‍ പോലും നിര്‍ത്തലാക്കിയ അവസ്ഥയുണ്ട്. പുതിയ സാഹചര്യത്തിലെങ്കിലും കര്‍ഷകരെ സഹായിക്കാനും അവരുടെ വരുമാനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാവണം.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending