കൊലച്ചോറിലും താമരപ്പാര്‍ട്ടി നേതാക്കള്‍ പങ്കുപറ്റിയെന്ന് തെളിയിക്കുന്നതാണ് പാലക്കാട്ടെ തൃശൂര്‍ ദേശീയ പാതക്കരികിലുള്ള പ്രമുഖ ആതുരാലയത്തില്‍ നടന്ന നാല് നഴ്‌സുമാരുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ നാലുകോടി രൂപ കൈപ്പറ്റിയെന്ന വാര്‍ത്ത. അതീവഗുരുതരമായ ആരോപണമാണ് നേതൃത്വത്തിനെതിരെ ഉയര്‍ന്നതെന്നറിഞ്ഞിട്ടും തലസ്ഥാനത്തെ അഞ്ചരക്കോടിക്ക് റിപ്പോര്‍ട്ട് തേടിയ നേതൃത്വം ഇക്കാര്യത്തില്‍ കമാന്നനങ്ങിയില്ല. പ്രശ്‌നത്തില്‍ സമരം നടത്തിയ ഛോട്ടാനേതാക്കള്‍ക്കുനേരെയാണ് പരാതിയുയര്‍ന്നിരിക്കുന്നതെങ്കിലും കൈനനയാതെ മീന്‍പിടിച്ചവര്‍ സംസ്ഥാന നേതൃത്വത്തിലുള്ളവരാണ്. മരണപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ബി.ജെ.പി ബന്ധം മുതലെടുത്തായിരുന്നു ഒതുക്കിത്തീര്‍ക്കല്‍. ആസ്പത്രിയിലെ പുരോഹിതനായ അധികാരി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. ആദ്യം സമരവുമായി രംഗത്തെത്തിയത് ബി.ജെ.പിയുടെ പാലക്കാട് മണ്ഡലം കമ്മിറ്റിയാണെങ്കിലും മുതലെടുത്തത് മറ്റുള്ളവരായിരുന്നു. ഏകനഗരസഭാ ഭരണമുള്ള ജില്ലയില്‍ പാര്‍ട്ടി നേതൃത്വം നടത്തിയ കോടികളുടെ അഴിമതിക്കഥക്കിടെയാണ് ഇതും പുറത്തുവന്നിരിക്കുന്നത്. മലപ്പുറം കോഡൂരില്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിന്റെ വീടിന്റെ മതില്‍ചാടിയെത്തിയത് ബി.ജെ.പിയുടെ ദേശീയ ന്യൂനപക്ഷമോര്‍ച്ച വൈസ് പ്രസിഡണ്ടും സംഘവും. മെഡി.കോളജ് കോഴയില്‍ പെട്ടത് സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍. പോഷക സംഘടനകളുടെ പേരിലും ഈ പാര്‍ട്ടിയില്‍ കോടികള്‍ സമ്പാദിക്കുന്നവരുണ്ടെന്നാണ് കൊടുങ്ങല്ലൂര്‍ മതിലകത്തെ കള്ളനോട്ടടിക്കേസും വെളിച്ചത്താക്കിയത്.
കേന്ദ്രത്തില്‍ മൂന്നാം തവണയും അധികാരം, കേരളത്തില്‍ കാലങ്ങളായി പ്രവര്‍ത്തകര്‍ സ്വപ്‌നം കണ്ട അക്കൗണ്ട് തുറക്കല്‍ എന്നിവയൊക്കെ നടന്നപ്പോഴാണ് നേതാക്കള്‍ പടച്ചുണ്ടാക്കിയ രമ്യഹര്‍മങ്ങളെയും ആഢംബരം വാഹനങ്ങളെയും ജീവിത സുഖലോലുപതയെയും കുറിച്ചൊക്കെ മാധ്യമങ്ങള്‍ അച്ചുനിരത്തുകയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത്. ഇതില്‍ വാസ്തവമില്ലെന്ന് സംസ്ഥാന അധ്യക്ഷനുവരെ പറയാന്‍ കഴിയുന്നില്ല. അദ്ദേഹം ആസ്പ്ത്രിക്കിടയില്‍ നിന്ന് പ്രവര്‍ത്തകരോട് എന്നു പറഞ്ഞ് ഇറക്കിയ പ്രസ്താവനയില്‍ പോലും അഴിമതിക്കാര്‍ പാര്‍ട്ടിയിലില്ലെന്ന് പറയുന്നില്ല. ഒത്തുതീര്‍പ്പ് ക്വട്ടേഷന്‍ ഏറ്റെടുത്തവരായി വിശേഷിപ്പിക്കപ്പെട്ടവരില്‍ ഈ നേതാവിന്റെ പേരുകൂടി വലിച്ചിഴക്കപ്പെടുന്നുണ്ട് എന്നത് കേന്ദ്രത്തിലെ അമിത്ഷായും കൂട്ടരും കാണുന്നുണ്ട്. കുമ്മനം പരീക്ഷണവും പാഴായെന്നാണ് ഇപ്പോഴത്തെ കേന്ദ്രത്തിന്റെ വിലയിരുത്തലത്രെ. കാരണം പാര്‍ട്ടിയുമായി സംഘടനാപരമായി ബന്ധമില്ലാത്തയാളെ സംസ്ഥാന അധ്യക്ഷനാക്കിയത് പാര്‍ട്ടിക്കകത്തെ വന്‍ സ്രാവുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോയിട്ട് വിരല്‍ ചലിപ്പിക്കാന്‍ കൂടി ഈ നേതാവിന് കഴിയുന്നില്ലെന്നാണ് പാര്‍ട്ടിക്കുള്ളിലെ അടക്കം പറച്ചില്‍. കോഴയുടെ പിറകെ പോകുന്നവര്‍ ഏതോ രസികന്റെ ഭാഷയില്‍, കുമ്മനത്തിനെ വരെ മുഖ്യമന്ത്രിയാക്കാമെന്ന് പണം വാങ്ങിയിരിക്കാം.!
തിരുവനന്തപുരത്ത് 45000 ചതുരശ്രയടിയില്‍ പാര്‍ട്ടി ഓഫീസ് ആസ്ഥാന മന്ദിരം പണിയുന്നതിന് തീരുമാനിച്ചത് കഴിഞ്ഞ സംസ്ഥാന സമിതിയുടെ കാലത്തായിരുന്നു. കോടികള്‍ എസ്റ്റിമേറ്റ് ഇട്ട കെട്ടിടത്തിന് വേണ്ടി അതിലും എത്രയോ ഇരട്ടി തുകയാണ് നേതാക്കള്‍ പിരിച്ചെടുത്ത് പോക്കറ്റിലിട്ടത്. പഞ്ചായത്ത് മെമ്പര്‍ പോലും ആകാതിരുന്ന കാലത്ത് പാര്‍ട്ടിയുടെ നിലനില്‍പിനും ഉയര്‍ച്ചക്കും വേണ്ടി അഹോരാത്രം പണിയെടുത്ത് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരോട് ചെയ്ത കൊടും ക്രൂരതയാണ് ഈ കോഴക്കഥകളെന്ന് അവര്‍ പറയുന്നു.
സംസ്ഥാന ആസ്ഥാന മന്ദിരത്തില്‍ പണി പൂര്‍ത്തിയാകുമ്പോള്‍ കോടികളുടെ അഴിമതിക്കഥകള്‍ക്കൊപ്പം കേള്‍ക്കുന്നൊരു വാര്‍ത്തയുണ്ട്. അവിടെ മുഖ്യമന്ത്രിക്കായി ഒരു പ്രത്യേകമുറി. ഇതേക്കുറിച്ച് കേന്ദ്ര നേതൃത്വം പരിഹാസത്തോടെയാണ് പ്രതികരിച്ചതെന്നാണ് കേള്‍വി. ഒരൊറ്റ നിയമസഭാസാമാജികനെ സൃഷ്ടിച്ചെടുക്കാന്‍ 1980 ഏപ്രില്‍ ആറിന് പാര്‍ട്ടിയുണ്ടായി മൂന്നര പതിറ്റാണ്ട് വേണ്ടിവന്നെങ്കില്‍ ഇനി എത്രകാലം കൊണ്ടാണ് പാര്‍ട്ടിക്ക് ഇവിടെ അധികാരത്തിലെത്താനാകുക എന്നാണ് ഡല്‍ഹി നേതൃത്വം ചോദിക്കുന്നത്.
കേരളത്തെക്കുറിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് ഇതുവരെയുണ്ടായിരുന്ന അഭിമാനത്തിന് കാരണം ഇവിടെയാണ് പാര്‍ട്ടിയുടെ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനകം എതിര്‍ പാര്‍ട്ടിക്കാരാല്‍ കൊല്ലപ്പെട്ടത് എന്നതാണ് അവര്‍ മറ്റു സംസ്ഥാനങ്ങളില്‍ കേരളത്തെക്കുറിച്ച് പറഞ്ഞുനടക്കുന്നത്. കേരളത്തിലെ ജനങ്ങളെ വരെ കുറ്റം പറഞ്ഞ് നടക്കുകയാണ് നേതൃത്വം ചെയ്യുന്നത്. പാര്‍ട്ടിയുടെ എം.എല്‍.എ പോലും കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് തിരുവനന്തപുരത്ത് പരാജയപ്പെട്ടപ്പോള്‍ മറ്റുപാര്‍ട്ടിക്കാരേക്കാളുപരി ജനങ്ങളെയാണ് പരസ്യമായി ഭല്‍സിച്ചുസംസാരിച്ചത്.
എന്നാല്‍ ഇന്ന് അതേ നേതാക്കള്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടാണ് വന്നുചേര്‍ന്നിരിക്കുന്നത്. അഭിമുഖത്തിനും അത്യാവശ്യം വിവരങ്ങള്‍ക്കുമായി വിളിക്കുമ്പോഴും സംസാരിക്കുമ്പോഴും നേതാക്കള്‍ പറയുന്നത് ഒന്നും പറയാനില്ല. എല്ലാം തെളിഞ്ഞുവരട്ടെ എന്നാണ്. മാധ്യമങ്ങളല്ല ഈ കഥകളൊക്കെ പുറത്തുകൊണ്ടുവരുന്നത് എന്ന് ചൂണ്ടിക്കാട്ടുമ്പോള്‍ പാര്‍ട്ടിക്കകത്ത് ഇത്തിള്‍ കണ്ണികളുണ്ടെന്ന് സമ്മതിക്കുകയാണ് ഈ നേതാക്കള്‍.
2006ല്‍ വി. മുരളീധരന്‍ സംസ്ഥാന പ്രസിഡണ്ടായി അധികാരത്തില്‍ വരുന്നതുവരെ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വിറ്റ് കാശാക്കുക പതിവു രീതിയായിരുന്നു. ലക്ഷങ്ങളാണ് അന്നൊക്കെ വാങ്ങിയെടുത്തിരുന്നത്. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥിയെന്ന ്കരുതുന്നവരുടെ ഏജന്റുമാരെ സമീപിച്ച് രാത്രിയുടെ മറവില്‍ ഏതെങ്കിലും പ്രാദേശിക നേതാവിന്റെ വീട്ടില്‍ ഒത്തുകൂടിയായിരുന്നു കാശ് കൈമാറ്റം. ഒരു നിയമസഭാ മണ്ഡലത്തില്‍ ഏറിയാല്‍ പതിനായിരം വോട്ട് ഉണ്ടാകും. അതിന് വോട്ടൊന്നിന് ഇരുപത് രൂപ എന്ന കണക്കിലാണ് അന്നൊക്കെ വാങ്ങിയെടുത്തിരുന്നത്. രണ്ടുമുതല്‍ പത്തുലക്ഷം വരെ മണ്ഡലത്തിലെ പാര്‍ട്ടിയുടെ സ്വാധീനമനുസരിച്ച് വാങ്ങിയെടുത്തവരുണ്ട്.
കേരളത്തില്‍ ഇരുപത്തെട്ട് എ ക്ലാസ് നിയമസഭാ മണ്ഡലങ്ങളുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തിയിരിക്കുന്നത്. മഞ്ചേശ്വരം, നേമം പോലുള്ളവ. ഇതിലേക്ക് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് വരുന്ന ലക്ഷങ്ങള്‍ നേതാക്കള്‍ തന്നെ പോക്കറ്റിലിടുകയാണ് പതിവ്. ഇതിനുപുറമെയാണ് വോട്ടുവിറ്റ് നേടുന്ന പണം.
ഇത്തരമൊരു അഴിമതിക്കഥയാണ് മഞ്ചേശ്വരത്തുനിന്ന് ഇപ്പോള്‍ ഉയരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ ഒരു കോടി രൂപയില്‍ നല്ലൊരു പങ്കും സ്ഥാനാര്‍ഥിയുടെ സ്വന്തം അക്കൗണ്ടിലേക്കോ ബിനാമിയിലേക്കോ കൈമാറിയെന്നാണ് ആരോപണം. എ ക്ലാസ് മണ്ഡലമായതിനാല്‍ ചെലവ് കൂടി എന്നാണ് പറയുന്നത്. സാധാരണയായി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലം പ്രസിഡണ്ടും സ്ഥാനാര്‍ഥിയും സംയുക്തമായി തുടങ്ങിയ ജോയിന്റ് അക്കൗണ്ടിലേക്കാണ് വരിക. ഇത് താഴേക്കിടയിലേക്ക് കൊടുക്കുക പതിവില്ല. അവരോട് സ്വന്തമായി പിരിവെടുത്ത് പ്രചാരണം നടത്തണം എന്നായിരിക്കും പറയുക. സാധാരണ പ്രവര്‍ത്തകര്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും ഇതുതന്നെ കോള്. അവര്‍ പരമാവധി പിരിവെടുത്ത ് പോസ്റ്ററടിക്കും. ബാക്കി തുക പോക്കറ്റിലേക്കും.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് മല്‍സരിച്ച പ്രമുഖ സംസ്ഥാന നേതാവ് പ്രചാരണത്തിനായി വാടകക്കെടുത്ത വീട് പിന്നീട് സ്വന്തം ഓഫീസായി മാത്രമല്ല, സംസ്ഥാന പാര്‍ട്ടി ആസ്ഥാനമായി പരിവര്‍ത്തിപ്പിച്ചതായാണ് പരാതി. അഞ്ച് ജീവനക്കാരുമായി പ്രതിമാസം രണ്ടര ലക്ഷം രൂപ ചെലവില്‍ പ്രവര്‍ത്തിച്ചുവരികയാണ്് ഈ ഓഫീസ് ഇപ്പോഴും. ഇപ്പോഴത്തെ മെഡിക്കല്‍ കോളജ് അഴിമതിയില്‍ വാദി ഭാഗത്തുനില്‍ക്കുന്നയാളാണ് ഈ നേതാവത്രെ. സംസ്ഥാനത്തെ പാര്‍ട്ടിയിലെ പ്രബല ഗ്രൂപ്പിന്റെ നേതാവും. എന്നാല്‍ ഇദ്ദേഹം പാര്‍ട്ടി നോമിനിയായി കേന്ദ്രയുവജനക്ഷേമ ബോര്‍ഡ് ചെയര്‍മാനായിരിക്കുമ്പോള്‍ പോലും അഞ്ചു പൈസ കൈക്കൂലി വാങ്ങാത്തയാളാണെന്ന് ഇദ്ദേഹത്തിന്റെ അനുകൂലികള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
എന്നാല്‍ ആദ്യമായി ഒരു നഗരസഭയില്‍ അധികാരത്തിലേറിയ പാലക്കാട്ട് ബി.ജെ.പിയുടെ ഔദ്യോഗിക നേതൃത്വം നടത്തിയ അഴിമതിയുടെ കറ ചെന്നടിക്കുന്നത് ഈ നേതാവിലേക്കുകൂടിയാണെന്നതാണ് വിവരങ്ങള്‍. മുന്‍ ജില്ലാ അധ്യക്ഷനും ഇപ്പോള്‍ മുനി. വൈസ് ചെയര്‍മാനുമായ യുവ നേതാവുമായി മുന്‍ സംസ്ഥാന അധ്യക്ഷനുളള അവിഹിതമായ ബന്ധമാണ് ഈ അഴിമതിക്കെല്ലാം പിറകിലെന്നാണ് പാലക്കാട്ട് പാര്‍ട്ടിക്കകത്തുതന്നെയുള്ള സംസാരം. തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ ഭൂമി ബിനാമി പേരുകളില്‍ ഈ സഖ്യം വാങ്ങിക്കൂട്ടിയുണ്ടെന്നത് അങ്ങാടിപ്പാട്ടാണ്. മലമ്പുഴ പോലെ ഇടതുപക്ഷത്തിന് കനത്ത സ്വാധീനമുള്ളൊരു മണ്ഡലത്തില്‍ 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്താന്‍ പാര്‍ട്ടിയെ സഹായിച്ചതിന് ഇതും ഒരു കാരണമാണ്. ഒരു കുടുംബത്തിന് കാല്‍ലക്ഷം രൂപവരെയാണ് അന്ന് നേതാവ് സ്വന്തം കീശയില്‍ നിന്ന് നല്‍കിയതത്രെ. ഈ കോഴക്കഥകളൊക്കെ ഇന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോയുടെ തിരച്ചിലിലാണ്. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാക്കളില്‍ ചിലരെ ഐ.ബി ഉദ്യോഗസ്ഥര്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. എന്തായാലും ഇതൊക്കെ പുല്ലാണെന്ന മട്ടിലാണ് ജില്ലാ നേതൃത്വം. കാരണം ഇവരുടെ കൈയിലാണ് കേന്ദ്ര ഭരണകക്ഷിയുടെ കേരളത്തിലെ ഏക നഗരസഭ എന്നതുതന്നെ. രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ടുമാര്‍ പാലക്കാട്ടുനിന്ന് ഉണ്ടെങ്കിലും അഴിമതി തടയാനാകാത്തതിന് കാരണവും മേല്‍പരാമര്‍ശിച്ചതൊക്കെ തന്നെ. ഇതിലൊരാള്‍ അടുത്ത കാലത്തായി പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുകയുമാണ്. ഇനി ഗ്രൂപ്പു മാറിയാലോ എന്ന ചിന്തയിലാണത്രെ നേതാവ്.
പാലക്കാട്ടുതന്നെയുള്ള ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തരമൊരു ആരോപണത്തില്‍ ജില്ലാ പ്രസിഡണ്ടിനു നേരെ വരെയാണ് അഴിമതി ആരോപണമുയര്‍ന്നത്. ഒറ്റപ്പാലത്ത് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പു ജില്ലാതല വിലയിരുത്തല്‍ യോഗത്തില്‍ ഒരു ജില്ലാ ഭാരവാഹി പൊട്ടിത്തെറിച്ചത് ഇങ്ങനെ: തെരഞ്ഞെടുപ്പ് ചെലവിലേക്ക് സംസ്ഥാന നേതൃത്വം അഞ്ചു പൈസ തന്നിട്ടില്ലെന്നാണ് ചുമതലയുള്ള ഭാരവാഹി പറയുന്നത്. ഇതുശരിയാണോ. അല്ല. പത്തുലക്ഷം കൊടുത്തിട്ടുണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും. ഇതോടെ യോഗം അടിയുടെ വക്കിലെത്തി. അവസാനം ഊണുകഴിക്കാനായി യോഗം പിരിച്ചുവിടുന്നതായി അറിയിച്ച് രമേശ് രംഗം വിടുകയായിരുന്നുവത്രെ.
തലസ്ഥാന നഗരിയില്‍ മാത്രമല്ല കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതൃത്വത്തിലുള്ള ഭൂരിപക്ഷത്തിനും കോടികളുടെ ആസ്തിയുണ്ടെന്ന് വെളിപ്പെടുത്തുന്നത് മാധ്യമങ്ങളോ അന്വേഷണ ഏജന്‍സികളോ അല്ല, സ്വന്തം പാര്‍ട്ടി അണികള്‍ തന്നെയാണ്. തിങ്കളാഴ്ച തിരുവനന്തപുരത്ത് പാര്‍ട്ടിയിലെ വിമതര്‍ പുറത്തിറക്കിയ സേവ് ബി.ജെ.പി ഫോറത്തിന്റെ നാലു പേജുള്ള നോട്ടീസില്‍ പറയുന്നതെല്ലാം ശരിയെങ്കില്‍ കേരളത്തിലെ ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും വലിയ കുംഭകോണമാണ് നടത്തിയതെന്ന് പറയേണ്ടിവരും. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും സംസ്ഥാനഅധ്യക്ഷനും പാര്‍ട്ടിക്കാരുടെ സംഘം എന്നു വിളിപ്പേരുള്ള ആര്‍.എസ്.എസിനും മിണ്ടാട്ടം മുട്ടിയത് എന്തുകൊണ്ടാണ് എന്നതാണ് പലര്‍ക്കും ഇപ്പോഴും പിടികിട്ടാത്തത്. എന്നാല്‍ അതല്ല, സംഘത്തിലെതന്നെ ചിലരുടെ മൗനാനുവാദമാണ് ഇതിനൊക്കെ വഴിമരുന്ന് എന്ന് ആരോപിക്കുന്നവരും പാര്‍ട്ടിക്കകത്തുണ്ട്.
(കേന്ദ്ര ഭരണം എന്ന ചാകര)