പ്രൊഫ. പി.കെ.കെ തങ്ങള്‍
മനുഷ്യന്‍ മുതല്‍ ഉറുമ്പുവരെയുള്ള സൃഷ്ടിജാലങ്ങളില്‍ നേതാവിനെയും അനുയായികളെയും കാണാന്‍ കഴിയും. ഇതൊരു പ്രകൃതി സംവിധാനമാണ്, സ്വാഭാവികമാണ്. മനുഷ്യന്‍ ഈയൊരു സംവിധാനത്തിന് വഴങ്ങുകയെന്നതാണ്, അഥവാ അങ്ങിനെ വഴങ്ങിയേ പറ്റൂ. മനുഷ്യന്‍ നാഗരികതയിലേക്ക് എത്തിച്ചേരുന്നതിന് മുമ്പുതന്നെ ഈ സംവിധാനം നിലവിലുണ്ട്. കാലം കഴിയുന്തോറും അതിന്റെ രൂപഭാവങ്ങള്‍ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് മാത്രം. കുടുംബതലംതൊട്ട് ഐക്യരാഷ്ട്ര സഭവരെ ആധുനിക മനുഷ്യവൃന്ദത്തില്‍ ഈയൊരു ഘടന നമ്മുടെ മുന്നിലുണ്ട്. മനുഷ്യന്റെ ക്രമമായ നിലനില്‍പിനും വളര്‍ച്ചക്കുമായാണ് ഇങ്ങിനെയൊരു ഘടന മനുഷ്യന്‍ സ്വീകരിച്ചതും തുടര്‍ന്നുകൊണ്ടിരിക്കുന്നതും. അല്ലായിരുന്നെങ്കില്‍ ഇന്ന് നാം പുലരുന്ന സമൂഹം തന്നെ രൂപപ്പെടുമായിരുന്നില്ല. ഇത് തീര്‍ത്തും പ്രകൃതിപരമാണ്, കാരണം ഇത് രൂപപ്പെടുത്തിയത് പ്രപഞ്ചനാഥന്‍ തന്നെയാണ്. അക്കാരണത്താലാണ് അത് അനുസ്യൂതം നിലനില്‍ക്കുന്നതും കരുത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്നതും. മുന്നേറ്റത്തിന്റെ ഓരോ ഘട്ടങ്ങളിലും പുതിയ പുതിയ ആവശ്യങ്ങള്‍ നേരിട്ടപ്പോള്‍ അതെല്ലാം അവനില്‍ നിക്ഷിപ്തമായ വിശേഷബുദ്ധിയും ക്രമേണ ആര്‍ജ്ജിച്ച അറിവും ശേഷിയും ഉപയോഗപ്പെടുത്തി നേരിടാന്‍ മനുഷ്യന്‍ പഠിച്ചു. കുറേക്കൂടി കഴിഞ്ഞപ്പോള്‍ ഇതെല്ലാം വ്യവസ്ഥകളും ചിട്ടകളും നിയമങ്ങളുമൊക്കെയായി. അവ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനങ്ങള്‍ ആവശ്യമായിവന്നു. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും നിര്‍വഹിക്കാനും നിര്‍വഹിക്കപ്പെടാനുമുള്ള സംവിധാനങ്ങള്‍ കണ്ടെത്തി. അങ്ങിനെ ചുമതലക്കാരും മേല്‍നോട്ടക്കാരനുമൊക്കെയുണ്ടായി. ആ സംവിധാനം ശക്തിപ്പെട്ട് ജനങ്ങള്‍ക്ക് നേതാവ്, നോക്കിനടത്തുന്നവന്‍, ഉത്തരവാദപ്പെട്ടവന്‍ എന്നൊക്കെയുള്ള പദവികളും ഔദ്യോഗിക സ്വഭാവവും നിലവില്‍വന്നു. ഇതെല്ലാം കാലാനുസൃതമായ ക്രമപ്പെടുത്തലുകളിലൂടെ ഇന്ന് നാം ജീവിതത്തിന്റെ എല്ലാതുറകളിലും പിന്തുടരുന്നു.
ആധുനിക സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയും അഭീഷ്ടത്തിനനുസരിച്ച് ജീവിക്കുന്നവനാവാന്‍ പാടില്ല. അങ്ങിനെയുള്ള, എവിടെയും കൊള്ളാത്ത ഒരു ജീവിതശൈലി ഏതെങ്കിലും വ്യക്തിയോ വ്യക്തികളോ പിന്തുടരുന്നുണ്ടെങ്കില്‍ അവരെ ‘നല്ല സമൂഹത്തി’ല്‍ ഉള്‍പ്പെടുത്താനാവില്ല. പ്രവാചകന്‍ തന്റെ അന്ത്യപ്രഭാഷണത്തില്‍ മനുഷ്യരാശിയുടെമുന്നില്‍ അവതരിപ്പിച്ചത് പില്‍ക്കാലത്ത് മാറ്റത്തിരുത്തലുകള്‍ ആവശ്യം വരാത്തവിധത്തിലുള്ള കുറ്റമറ്റ ഒരു ആദര്‍ശ സംഹിതയും ജീവിതശൈലിയുമാണ്. വ്യക്തിജീവിതവും സാമൂഹ്യജീവിതവും ലളിതവും ഭദ്രവുമാക്കേണ്ട എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രവാചകന്‍ തന്റെ മാതൃകാജീവിത്തിലൂടെ മുന്നില്‍ തുറന്നുവെച്ചിട്ടുണ്ട്- നേതാവ്, ഭരണാധികാരി, അനുയായികള്‍ തുടങ്ങി സമൂഹത്തിന്റെ ഓരോ തലത്തിലുമുള്ളവര്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍, അവയുടെയെല്ലാം അടിസ്ഥാനം, രീതികള്‍, മാനദണ്ഡങ്ങള്‍, സ്വഭാവസംഹിത മുതല്‍ സര്‍വവും ഒരു തുറന്ന പുസ്തകമായി നമ്മുടെ മുന്നിലുണ്ട്. ലളിതവും മാന്യവുമായ ജീവിതശൈലി എങ്ങിനെയായിരിക്കണമെന്നതിന്റെ മാതൃക, പ്രവാചകനും തുടര്‍ന്നു ഭരണനിര്‍വഹണം നടത്തിയ ഖലീഫമാരുമായിരുന്നു. അക്കാരണം കൊണ്ടുതന്നെയാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് ‘ഖലീഫ ഉമറിന്റെ ഭരണരീതിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ എന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രഖ്യാപിച്ചത്. ലളിത ജീവിതം നയിച്ചുകൊണ്ട് ജനങ്ങള്‍ക്കുവേണ്ടി ജീവിക്കുകയെന്നതാവണം ഒരു ഭരണകര്‍ത്താവിന്റെ ജീവിതശൈലി എന്ന മഹത്തായ ആശയമാണ് ഗാന്ധിജി സമര്‍പ്പിച്ചത്. പാവങ്ങളെ പിഴിഞ്ഞ് ആഡംബര ജീവിതം നയിക്കുന്നവരാവരുത് ഭരണകര്‍ത്താക്കള്‍.
മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ദാരിദ്ര്യം അഥവാ വിശപ്പാണ്. വിശപ്പകറ്റാന്‍ വകയില്ലാത്തവന്‍ ഗത്യന്തരമില്ലാതെ ഏത് വൃത്തത്തിലേക്കും ചെന്നുചാടും, വിശേഷിച്ചും കുടുംബം പുലര്‍ത്തേണ്ട വ്യക്തി- മനുഷ്യന്റെ മറ്റൊരു ശത്രു അജ്ഞതയാണ്. അതൊരു അനുബന്ധ വിഷയംകൂടിയാണ്. കാരണം വിശക്കുന്നവന്റെ മുമ്പില്‍ സംഹിതകള്‍ക്കൊന്നും സ്ഥാനമില്ല. വിശപ്പും അജ്ഞതയും ഒത്തിണങ്ങിയാല്‍ അത്തരക്കാര്‍ എന്തായിമാറും? മനുഷ്യസമൂഹത്തിലെ ഏറ്റവും ഗുരുതരമായ വിഷയമാണിത്. അക്കാരണം കൊണ്ടുതന്നെയാണ് അഗതി സംരക്ഷണത്തിന് പ്രഥമ പ്രാധാന്യം നല്‍കി നിര്‍ബന്ധമാക്കിയിട്ടുള്ളതും. നിര്‍ബന്ധദാനം എന്ന ‘സക്കാത്ത്’ നിശ്ചയിച്ചിട്ടുള്ളത്, ഐച്ഛികമല്ല. നല്‍കുന്നവന് പുണ്യവും കിട്ടുന്നവന് ആശ്വാസവും പകരുന്ന ദിവ്യമായ സല്‍ക്കര്‍മ്മം. ഭരണകര്‍ത്താക്കള്‍ ഏറ്റവും ശുഷ്‌കാന്തിയോടെ നടപ്പില്‍ വരുത്തേണ്ട വിഷയമാണിത്. അയല്‍ക്കൂട്ടങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളുമെല്ലാം ഇത്തരം ദുരിതനിവാരണശ്രമങ്ങളില്‍ എത്ര തന്നെ നിരതരായാലും പാവപ്പെട്ടവന്റെ വിശപ്പിന്റെ ഉത്തരവാദിത്തം ഏല്‍ക്കേണ്ടത് ഭരണകൂടം തന്നെയാണ്.
വിശപ്പിന്റെ മാത്രമല്ല ഇതരയാതനകളുടെയും കഷ്ടപ്പാടുകളുടെയുമെല്ലാം പരിഹാരചുമതലയും അവര്‍ക്ക് തന്നെയാണ്. നാട്ടില്‍ ഔദ്യോഗിക ഭരണകൂടം നിലനില്‍ക്കുന്നേടത്തോളം ഒരു വ്യക്തിയെങ്കിലും പട്ടിണിയില്‍ കഴിയേണ്ടിവന്നാല്‍ അതിന്റെ ഉത്തരവാദി ഭരണകൂടം തന്നെയാണ്. ‘ഭരണാധികാരി’ എന്ന പദവി, ആ പദവിയിലിരിക്കുന്ന വ്യക്തിയെ സംബന്ധിച്ച് സ്വര്‍ഗീയമായി അനുഭവപ്പെടുമെങ്കിലും അത് അഗ്നിതുല്യമാണെന്നവര്‍ മനസ്സിലാക്കുന്നുണ്ടോ? നിയമങ്ങള്‍ എഴുതിയുണ്ടാക്കുന്നതിനേക്കാള്‍ അത് നടപ്പിലായെന്ന് ഉറപ്പുവരുത്തുന്നതിലാണ് ഭരണാധികാരിയുടെ മിടുക്ക്. ഒരു രാജ്യത്തെ ഏറ്റവും ഒടുവിലത്തെ പട്ടിണിക്കാരന്‍ കൂടി പട്ടിണിമുക്തനായി എന്ന് ഉറപ്പുവരുത്തുമ്പോള്‍ മാത്രമെ രാജ്യഭരണം ക്രമത്തിലാവുന്നുള്ളൂ. ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ആരോഹണാവരോഹണക്രമത്തെ സംബന്ധിച്ച് വ്യക്തമായ അറിവും ഉത്തരവാദിത്തബോധവും ഉള്ളവര്‍ക്കേ ആ സ്ഥാനം അലങ്കരിക്കാന്‍ അര്‍ഹതയുള്ളൂ. വിശേഷിച്ചും ഒരു ജനാധിപത്യസംവിധാനത്തില്‍.