പ്രൊഫ. പി.കെ.കെ തങ്ങള്‍

ജനനത്തിനും മരണത്തിനുമിടയിലായി അടിസ്ഥാനപരമായി ശൈശവം, ബാല്യം, യൗവനം, വാര്‍ധക്യം എന്നീ ഘട്ടങ്ങളിലൂടെയാണ് അനിവാര്യമായും മനുഷ്യന്‍ കടന്നുപോകുന്നത്. സ്വാഭാവികമായും ആദ്യത്തെ മൂന്ന് ഘട്ടങ്ങള്‍ വളര്‍ച്ചയുടെതും നിലനില്‍പ്പിന്റെതുമാണെങ്കില്‍ നാലാമത്തേത് അഥവാ വാര്‍ധക്യം ഏറെക്കുറെ സ്തംഭനത്തിന്റെതും ശോഷിപ്പിന്റെതുമാണ്. ആരോഗ്യപൂര്‍ണമായ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മനുഷ്യന്‍ അവന്റെ ജീവിതത്തിന് അത്യാവശ്യമായ ആരോഗ്യം, അറിവ്, സമ്പത്ത് എന്നിവ സമാഹരിക്കുന്നതില്‍ വ്യാപൃതരായിരിക്കും. ആരോഗ്യപൂര്‍ണമായ കാലഘട്ടത്തില്‍ അധ്വാനിച്ചുണ്ടാക്കുന്ന വിഭവങ്ങളാണ് വളര്‍ച്ചക്കും വളര്‍ച്ചയുടെ പരമകാഷ്ഠ പ്രാപ്യത്തിനും അതുകഴിഞ്ഞാലുള്ള അവരോഹണ ഘട്ടത്തിനും അഥവാ വാര്‍ധക്യത്തിനുമുള്ള സൂക്ഷിപ്പുമുതല്‍. അത്തരമൊരു കരുതല്‍ ഇല്ലാത്തപക്ഷം സ്വതേ തളരുന്ന വാര്‍ധക്യത്തില്‍ മനുഷ്യന്‍ നിസ്സഹായനാവാനിടയുണ്ട്. അത്തരം ദുരന്തം മനുഷ്യ ജീവിതത്തില്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് മനുഷ്യനെ വളരെയധികം വ്യവസ്ഥാപിതമായ കുടുംബസംവിധാനം പ്രപഞ്ചനാഥന്‍തന്നെ മനുഷ്യന്റെമുമ്പില്‍ അവതരിപ്പിച്ചത്. അവിടെയാണ് മാതാവ്, പിതാവ്, സഹോദരീ സഹോദരന്മാര്‍ എന്നീ ക്രമത്തിലുള്ളതും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ കുടുംബ ഘടനയും തുടര്‍ന്ന് സമൂഹഘടനയും രൂപപ്പെടുന്നതും ഓരോ മനുഷ്യനും അതിന്റെ ഭാഗമാകുന്നതും.
വളര്‍ച്ചയുടെയും മുന്നേറ്റത്തിന്റെയും ഘട്ടങ്ങളില്‍ പ്രയാസങ്ങളും പ്രതിസന്ധികളുമുണ്ടാവുമെന്നതില്‍ സംശയമില്ല. എന്നാല്‍ ആ കാലഘട്ടം പൂര്‍ണ്ണ ആരോഗ്യത്തിന്റെതും പ്രജ്ഞയുടെയും കരുത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയുമെല്ലാം അവസരമാണെന്നതിനാല്‍ യഥാവിധി ഉപയോഗപ്പെടുത്തി മുന്നേറാന്‍ കഴിയും. അതോടൊപ്പം കരുത്തുചോര്‍ന്നുപോകുന്ന വാര്‍ധക്യത്തിലേക്കാവശ്യമായ വിഭവങ്ങള്‍ കരുതിവെക്കാനും, കഴിഞ്ഞുപോയതിനെയെല്ലാം പാടെ വിസ്മരിക്കുക, വരാനിരിക്കുന്നതിനെക്കുറിച്ച് ബോധവുമില്ലാതിരിക്കുക, നിലവില്‍ അനുഭവിക്കുന്നതും കണ്‍മുമ്പില്‍ കാണുന്നതിനെയും മാത്രം പരിഗണിക്കുകയെന്ന നിര്‍ഭാഗ്യകരമായ അവസ്ഥാവിശേഷം പൊതുവെ കണ്ടുവരുന്നുണ്ട്. മനുഷ്യസമൂഹം ഇന്നനുഭവിക്കുന്ന ഒട്ടുമിക്ക ദുര്‍ഗതികള്‍ക്കും മുഖ്യകാരണം ഈയൊരു നിലപാടാണ്. കഴിഞ്ഞതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ഇന്നിനെ ഉപയോഗപ്പെടുത്തി നാളേക്ക്‌വേണ്ടി കരുതിയിരിക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ അനുവര്‍ത്തിക്കേണ്ട രീതിശാസ്ത്രം. അങ്ങിനെ വരുമ്പോള്‍ ഓരോ വ്യക്തിയും തന്റെ ഉല്‍പത്തി, വളര്‍ച്ചയും നിലനില്‍പ്പും എന്നിവയെക്കുറിച്ചെല്ലാം ചിന്തിക്കാന്‍ ബാധ്യസ്ഥനാകും. അങ്ങനെ ചിന്തിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാളുടെ മനോമുകുരത്തില്‍ ആദ്യം ഓടിയെത്തുന്ന ഓര്‍മ്മ സ്വന്തം മാതാപിതാക്കളെക്കുറിച്ചുള്ളതായിരിക്കും – അഥവാ അങ്ങനെയാവണം. അതില്‍ ആദ്യപരിഗണന മാതാവിനും ഒപ്പം പിതാവിനും. മാതാപിതാക്കളെ അവഗണിച്ചോ വിസ്മരിച്ചോ കൊണ്ടുള്ള ഒരു പ്രവര്‍ത്തനവും ദൈവസന്നിധിയില്‍ സ്വീകാര്യമെല്ലന്ന വസ്തുത വളരെ ഗൗരവമേറിയതാണ്. അവനെ മാത്രം ആരാധിക്കുക, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക, അവര്‍ നിന്റെ സാന്നിധ്യത്തില്‍ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ ‘ഛേ’ എന്ന വാക്കുപോലും നീ അവരോട് ഉച്ചരിക്കരുത്, അവരോട് വെറുപ്പ് പ്രകടിപ്പിക്കുകയുമരുത്, മാന്യമായ പദപ്രയോഗങ്ങള്‍ മാത്രമേ അവരോട് നടത്താവൂ. വിനയത്തിന്റെ ചിറകുകള്‍ നീ അവര്‍ക്കായി താഴ്ത്തിക്കൊടുക്കുകയും, നാഥാ അവര്‍ക്ക് രണ്ടുപേര്‍ക്കും നിന്റെ കാരുണ്യം ചൊരിഞ്ഞു കൊടുക്കുകയും ചെയ്യേണമേ എന്ന് അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക; എന്നുവച്ചാല്‍, എപ്രകാരമാണോ കുഞ്ഞുനാളില്‍ അവന്‍ കാരുണ്യപൂര്‍വ്വം എന്നെ പരിലാളിച്ചു വളര്‍ത്തിയത് അതേ പ്രകാരം. ഇതാണ് പരിശുദ്ധ ഖുര്‍ആന്റെ അധ്യാപനം. അപ്രകാരംതന്നെ പരിശുദ്ധ ഖുര്‍ആന്‍ ചരിത്രപുരുഷനായ ലുഖ്മാനുല്‍ ഹക്കീം തന്റെ അരുമ സന്താനത്തെ ഉപദേശിക്കുന്നത് ഇപ്രകാരമാണ്- കുഞ്ഞു മകനേ, നീ ദൈവത്തില്‍ പങ്കുചേര്‍ക്കരുത്, എന്തെന്നാല്‍ അത് വമ്പിച്ച അപരാധമാണ്. (അപ്രകാരംതന്നെ) മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്ന വിഷയത്തിലും നാം മനുഷ്യനെ ഉപദേശിക്കുന്നു. (വിശേഷിച്ചും മാതാവ് അനുഭവിക്കുന്ന ക്ലേശങ്ങള്‍) മാതാവ് ക്ലേശത്തിനുമേല്‍ ക്ലേശം സഹിച്ചുകൊണ്ട് ഗര്‍ഭം ചുമക്കുകയും (വിശേഷിച്ചും) കഠിനതരമായ രണ്ടു വര്‍ഷത്തെ മുലയൂട്ടുകാലം. നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദി കാണിക്കുന്നവനാകണം- കാരണം നീ (ഒടുവില്‍) മടങ്ങിയെത്തുന്നത് എന്നിലേക്കാണ(ന്നോര്‍ക്കുക.) ഇനി, അഥവാ അവര്‍ നിന്നെ എന്നില്‍ പങ്കുകാരനെ, നിനക്കൊരറിവുമില്ലാത്തവിധം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അതു നീ അനുസരിക്കേണ്ടതില്ല, അതേസമയം നീ അവരോട് ഏറ്റവും മാന്യമായി പെരുമാറുക. ഇവിടെ നാം വളരെയധികം ചിന്തിക്കേണ്ട വസ്തുത, ഏകദൈവവിശ്വാസത്തിനപ്പുറം പ്രാധാന്യമുള്ള മറ്റൊരു കാര്യവും നമുക്ക് പരിഗണിക്കാനില്ല എന്നതാണ്. ഏത് പ്രതികൂല സാഹചര്യത്തിലും മാതൃ-പിതൃ ബന്ധങ്ങള്‍ പോറലേല്‍ക്കാതെ സൂക്ഷിക്കണമെന്നതാണ് മാതൃകാപാഠം. വൃദ്ധന്‍ എന്ന ആശയം ഉള്‍ക്കൊള്ളുന്ന ഈ കാലഘട്ടത്തിലെ പ്രയോഗം മുതിര്‍ന്ന പൗരന്‍ (സീനിയര്‍ സിറ്റിസണ്‍) എന്നുള്ളതാണല്ലോ. വൃദ്ധസമൂഹം ചര്‍ച്ചാവിഷയമാകുന്നേടത്ത് പ്രതീകമെന്നോണം കടന്നുവരുന്നത് മാതാവും പിതാവുമാണ്. (മുത്തശ്ശിയെയും മുത്തശനെയും വിസ്മരിക്കുകയല്ല) തലമുറയുടെ ആദ്യ സമ്പര്‍ക്ക ഘടകം മാതാപിതാക്കളാണല്ലോ. തന്നെയുമല്ല സാങ്കേതികമായി തലമുറയുടെ ഉത്തരവാദി മാതാപിതാക്കളാണ്. ഇവിടെ മുതിര്‍ന്ന പൗരന്മാരെ പരിഗണിക്കുമ്പോള്‍ സാധാരണഗതിയില്‍ ചര്‍ച്ചാവിഷയമാകാറുള്ളത് അവരുടെ സാമ്പത്തികവും ആരോഗ്യപരവും ധൈഷണികവുമായ ശക്തി ദൗര്‍ബല്യങ്ങളാണ്. പ്രായമായവരെല്ലാവരും തളര്‍ന്നവരും ഒന്നിനും കഴിവില്ലാതെ സ്വയം മൂലയില്‍ ഒതുങ്ങുകയോ ഒതുക്കപ്പെടുകയോ ചെയ്യേണ്ടുന്ന വിഭാഗമാണെന്നുമുള്ള ചിന്താഗതി നിലനില്‍ക്കുന്നോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. യുവത്വം ആരോഗ്യത്തിന്റെയും, ഊര്‍ജ്ജസ്വലതയുടെയും ആവേശത്തിന്റെയും തിളച്ചുമറിയുന്ന ഘട്ടമാണെങ്കില്‍ ആ തിളച്ചുമറിയലിന്റെ ശാന്തതയിലേക്കുള്ള, പക്വത പൂക്കുന്നതിലേക്കുള്ള പ്രായമായി കണക്കാക്കപ്പെടുന്നത് നാല്‍പത് വയസ്സ് മുതല്‍ക്കാണ്. പ്രവാചക ദൗത്യം ആരംഭിക്കാന്‍ നിശ്ചയിക്കപ്പെട്ട പ്രായം നാല്‍പത് ആയിട്ടാണല്ലോ കാണുന്നത്. അതിനുള്ള അടിസ്ഥാനപരമായ കാരണം യുവത്വത്തിന്റെ ത്രസിപ്പില്‍ നിന്ന് പക്വതയിലേക്കുള്ള തുടക്കം എന്നതാണ്. മനുഷ്യവിഭവശേഷി (ഹ്യൂമെന്‍ റിസോഴ്‌സ്) എന്നുള്ളത് പേശികളും അസ്ഥികൂടവും തരുന്ന ശക്തിയാണെന്ന് തെറ്റിദ്ധരിച്ചകൂടാ. അമ്പതോ അമ്പത്തഞ്ചോ വയസ്സാകുമ്പോഴേക്കും മനുഷ്യന്‍ എല്ലും തൊലിയുമായി ഒന്നിനും കഴിയാത്തവനെന്ന് മുദ്രകുത്തി മുക്കിലിരുത്തുന്ന സംവിധാനമാണിന്ന് നിലനില്‍ക്കുന്നത്. ജനബാഹുല്യം കാരണം തൊഴില്‍ മേഖലയിലെ പ്രതിസന്ധിയാണതിന് കാരണമെന്ന് പറയുമ്പോഴും, തികഞ്ഞ പരിചയവും അനുഭവജ്ഞാനവും ഒത്തുചേര്‍ന്ന പ്രതിഭകളെ ഉപയോഗശൂന്യ വസ്തുക്കളായി (വേസ്റ്റ് എലിമെന്റസ്) കണക്കാക്കി വലിച്ചെറിയുന്നതുമൂലം സംഭവിക്കുന്ന വിഭവനാശം എത്രയാണെന്ന് ഭരണകര്‍ത്താക്കളിലാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മനുനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം കൂടിവരുന്ന കാലഘട്ടത്തില്‍ മനുഷ്യവിഭവശേഷി കൂടുതല്‍ അവധാനതയോടെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.