ഇ.ടി മുഹമ്മദ് ബഷീര്‍

ഇന്ത്യയിലെ സാമുദായിക സംവരണം അടിസ്ഥാനപരമായി അപകടപ്പെടുകയാണ്. മുന്നാക്ക വിഭാഗത്തിന് 10 ശതമാനം സംവരണം നല്‍കുന്ന ഭരണഘടനാഭേദഗതി നിയമം പാര്‍ലമെന്റില്‍ വന്നപ്പോള്‍ ബി.ജെ.പിയുടെ അജണ്ട പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ സി.പി.എം അടക്കം ഇന്ത്യയിലെ പ്രമുഖ പാര്‍ട്ടികള്‍ എടുത്ത പ്രീണന നയത്തിന്റെ ദുര്യോഗമാണ് നാട് ഇന്ന് അറിഞ്ഞുകൊണ്ടിരിക്കുന്നത്.

ബി.ജെ.പി ഈ ആശയം കഴിഞ്ഞ ലോക്‌സഭയുടെ അവസാന കാലഘട്ടത്തില്‍ കൊണ്ട്‌വന്നപ്പോള്‍ മുതല്‍തന്നെ അതിനെ ശക്തിയുക്തം എതിര്‍ത്ത പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. മുസ്‌ലിംലീഗിന്റെ മൂന്ന് വോട്ടുകളും എം.ഐ.എമ്മിന്റെ ഒരു വോട്ടും മാത്രമാണ് അന്ന് ഇതിനെതിരായിഉയര്‍ന്നത്. ഇത്തരമൊരു നിയമം ഇന്ത്യയില്‍ സൃഷ്ടിക്കാന്‍ പോകുന്ന സാമൂഹിക നീതിയുടെ പ്രശ്‌നങ്ങളെ ഞങ്ങള്‍ അന്ന് പാര്‍ലിമെന്റിന് മുമ്പാകെ വസ്തുതകള്‍ നിരത്തി വിശദീകരിച്ചു. അതിന്റെ സംക്ഷിപ്തം ഇപ്രകാരം: ‘സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം കൊണ്ട് വരുന്നത് സുപ്രീംകോടതിതന്നെ ശക്തമായി എതിര്‍ത്തതാണെന്നും ഞങ്ങള്‍ ചൂണ്ടികാട്ടി, ഇന്ത്യയുടെ ചരിത്രപരമായ ഗതിയെതന്നെ നിയന്ത്രിച്ച രണ്ട് ഘടകങ്ങള്‍ മണ്ഡലും മസ്ജിദുമായിരുന്നു. സംവരണം സാമ്പത്തിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ആവരുതെന്ന് ഇന്ദ്രാ സഹാനി കേസിലടക്കം പറഞ്ഞിട്ടുള്ളതാണ്. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കേണ്ടതല്ലേ എന്ന ഒരു ചോദ്യം നിര്‍ദോഷകരമെന്ന് തോന്നുംവിധം ചിലര്‍ ചോദിക്കുന്നുണ്ട്. സംവരണമെന്നത് ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയല്ല, മുന്നാക്ക വിഭാഗത്തിലെ പിന്നാക്കകാര്‍ക്ക് അവരുടെ കഷ്ടപ്പാടുകള്‍ അകറ്റുന്നതിന്‌വേണ്ടി ഒരു പദ്ധതിയും കൊണ്ട് വരുന്നതിന് ഞങ്ങള്‍ എതിരല്ല. പക്ഷേ സംവരണത്തിന്റെ അടിസ്ഥാന പ്രമാണം സാമൂഹ്യ നീതിയാണ്. ഇവിടെ വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകള്‍ എല്ലാമെടുത്ത് പരിശോധിച്ചാല്‍ ഇവിടെയുള്ള ഉദ്യോഗത്തിന്റെ സിംഹഭാഗവും എസ്.സി, എസ്.ടി, ഒ.ബി.സി ഇതര വിഭാഗങ്ങളുടെ കൈകളിലാണ്.
ചരിത്രപരമായ കാരണങ്ങളാല്‍ പുറന്തള്ളപ്പെട്ട ജനവിഭാഗത്തെ അല്‍പ്പം ഉയര്‍ത്തികൊണ്ടുവരാനുള്ള ഒരു നഷ്ടപരിഹാര നടപടിയാണ് സാമുദായിക സംവരണം. മുന്നാക്കക്കാരില്‍ പിന്നാക്കക്കാര്‍ക്കെന്ന് പറഞ്ഞുകൊണ്ട് വരുന്ന 10 ശതമാനം സംവരണം ഭരണഘടനപരമായി നിലനില്‍ക്കാത്തതാണ്. ഇത്തരമൊരു നിയമ നിര്‍മാണത്തിലൂടെ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന ഒരു പ്രളയത്തിന്റെ വാതില്‍പടി തുറക്കുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നത്. ഗവണ്‍മെന്റ് ഇത്തരം നീക്കത്തില്‍ നിന്ന് പിന്തിരിയണം.

പിന്നാക്ക വിഭാഗത്തിന്റെ ഭരണഘടന അവകാശങ്ങള്‍ തേച്ചു മായിച്ചു ഇല്ലാതാക്കുന്ന ജോലി സജീവമായി ചെയ്തു വരികയാണ് ബി.ജെ. പി. അവരുടെ അശാഭിലാഷങ്ങള്‍ അത്ഭുത വേഗതയോട്കൂടി കേരളത്തില്‍ നടപ്പിലാക്കി ഒരു പുതിയ കേരള മാതൃക സൃഷ്ടിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങള്‍ പരിഹാസ്യമാണ,് പ്രതിഷേധാര്‍ഹമാണ്.