കെ.ബി.എ കരീം
കൊച്ചി

നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യല്‍ പുരോഗമിക്കവേ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീളേണ്ടത് അനിവാര്യമാണെന്ന ഉറച്ച നിലപാടിലാണ് അന്വേഷണ ഏജന്‍സികള്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് മെമ്മൊയില്‍ പറഞ്ഞിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ക്കു പുറമേ ഇവ ബലപ്പെടുത്തുന്നതും സ്ഥിരീകരിക്കുന്നതുമായ നിര്‍ണായക വിവരങ്ങളാണ് ചോദ്യംചെയ്യലില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അനധികൃത ഇടപെടല്‍ നടത്തുമ്പോഴെല്ലാം ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുകയായിരുന്നു എന്നത് തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീളാനുള്ള പ്രധാന കാരണം. സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ പദ്ധതിയുമായി സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്ന തെളിവുകള്‍ കൂടി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒരു തരത്തിലും ഒഴിവാക്കാന്‍ കഴിയില്ലെന്ന നിലപാടിലേക്കാണ് അന്വേഷണ ഏജന്‍സികള്‍ എത്തിയിരിക്കുന്നത്.
സ്വപ്‌നയുടെ നേതൃത്വത്തില്‍ നടത്തിയ 21 സ്വര്‍ണക്കടത്തുകളിലും ശിവശങ്കറിനു പങ്കുണ്ടെന്നാണ്്് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ കള്ളപ്പ ണ ഇടപാടുകളുടെ കടിഞ്ഞാണ്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കൈകളിലായിരുന്നുവെന്നും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യക്തമാക്കുന്നു .
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനുള്ള ബന്ധമാണ് ഇതോടെ മറനീക്കി പുറത്ത് വന്നിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചെയ്തികളില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ ആവില്ലെന്ന നിലപാടാണ് അന്വേഷണ ഏജന്‍സികള്‍ക്കും ഉള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇപ്പോള്‍ ശിവശങ്കറെ അറസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യ സ്ഥാനം വഹിച്ചിരുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തനും ഐ.ടി സെക്രട്ടറിയും കൂടിയായ ശിവശങ്കര്‍ ആയിരുന്നു എന്ന വിവരമാണ് ചോദ്യംചെയ്യലില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വര്‍ണ്ണം ഒളിപ്പിച്ച ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ വിളിച്ചതിന് വ്യക്തമായ തെളിവുകള്‍ ആണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. നയതന്ത്ര സുരക്ഷയുടെ മറവില്‍ നികുതിവെട്ടിച്ച് വന്‍തോതില്‍ സ്വര്‍ണം എത്തിയപ്പോള്‍ ഈ ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നു ശിവശങ്കര്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ആണ് വിളിക്കുന്നത് എന്നാണ് ശിവശങ്കര്‍ പറഞ്ഞിരുന്നതും. സ്വപ്‌നയുടെ ആവശ്യപ്രകാരമാണ് കസ്റ്റംസ്് ഓഫീസറെ വിളിച്ചതെന്ന് ഒക്ടോബര്‍ 15ന് നടത്തിയ ചോദ്യംചെയ്യലില്‍ ശിവശങ്കര്‍ സമ്മതിച്ചിട്ടുമുണ്ട്. ജൂണ്‍ 30 നാണ് 30 കിലോ സ്വര്‍ണം ഒളിപ്പിച്ചു വെച്ച് നയതന്ത്ര ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ചു വെക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കു ശേഷം ജൂലൈ അഞ്ചിന് വിവാദ നയതന്ത്ര ബാഗേജ് തുറന്ന് പരിശോധിക്കുന്നതിന് മുമ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. ബാഗേജ് തുറന്നു പരിശോധിക്കാന്‍ കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിതേടി എന്നു മനസ്സിലാക്കിയാണ് പിന്നീട് തന്ത്രപരമായ മൗനം ശിവശങ്കര്‍ പാലിച്ചത്. ഇനിയും ഇടപെട്ടാല്‍ തിരിച്ചടി കിട്ടുമെന്ന് ഉറപ്പുള്ളതിനാലാണ് നേരിട്ടുള്ള ഇടപെടല്‍ മതിയാക്കി ഏറെ സാമര്‍ത്ഥ്യത്തോടെ കാര്യങ്ങള്‍ വീക്ഷിച്ചു കൊണ്ടിരുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ 2019ല്‍ പലതവണ ശിവശങ്കര്‍ വിളിച്ചതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ അഞ്ചാം പ്രതിയായാണ് ശിവശങ്കറെ എന്‍ഫോഴ്‌സ്‌മെന്റ്്് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കെ പി സരിത്ത്്്, സ്വപ്‌ന സുരേഷ്, ഫൈസല്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരാണ് കേസിലെ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍.
സംസ്ഥാനത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള ബിനാമി ഇടപാടുകള്‍ ആണ് ശിവശങ്കര്‍ ചെയ്തിരുന്നത് എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. വിദേശത്തും അനവധി ബിനാമി ഇടപാടുകള്‍ ഈ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്തിരുന്നു. സ്വപ്‌നയും സന്ദീപും എല്ലാം ഇയാളുടെ ബിനാമി ആണെന്നും അന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്. സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ സ്വപ്‌ന വിദേശത്തേക്ക് കടത്തിയ 1.9 ലക്ഷം ഡോളറില്‍ ശിവശങ്കറിന്റെ പണവും ഉള്‍പ്പെട്ടിട്ടുണ്ടെന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. താഴെക്കിടയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പോലും ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള അധികാര ദുര്‍വിനിയോഗവും വഞ്ചനയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയേ മതിയാകൂ എന്ന നിലപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ എത്തിച്ചേര്‍ന്നത്.
ലൈഫ് പദ്ധതിയിലെ സാമ്പത്തിക ഇടപാടുകളും കമ്മീഷനുമായി സര്‍ക്കാരിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ഇതിനുള്ള തെളിവുകള്‍ കൂടി ശിവശങ്കറിന്റെ ചോദ്യംചെയ്യലില്‍ ലഭിച്ചിരിക്കയാണ്. ലൈഫ് പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സമ്മാനിച്ച വില കൂടിയ ഐ ഫോണുകളില്‍ ഒന്ന്്് ശിവശങ്കറിന്റെ കൈവശം കണ്ടെത്തിയതാണ് സ്വര്‍ണ്ണക്കടത്തുമായി ലൈഫ് മിഷനെ ബന്ധിപ്പിക്കുന്നത്. ശിവശങ്കര്‍ എഴുതി നല്‍കിയ ഐഎംഇഐ നമ്പര്‍ പരിശോധിച്ചാണ് യൂണിടാക് ഉടമ സന്തോഷ്്് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ശിവശങ്കറിന്റെ കൈവശം കണ്ടെത്തിയത്. നിര്‍മാണ കരാര്‍ ലഭിക്കാന്‍ നല്‍കിയ നാലു കോടിയില്‍പരം രൂപയുടെ കമ്മീഷന് പുറമേയാണ് അഞ്ച് ഐഫോണുകളും സര്‍ക്കാരുമായി ബന്ധപ്പെട്ട വര്‍ക്ക് വിതരണം ചെയ്തു എന്ന് കണ്ടെത്തിയത്. ലൈഫ് പദ്ധതിയിലും ശിവശങ്കറിന്റെ ഇടപെടലുകള്‍ കണ്ടെത്തിയതോടെ ഇതുമായി ബന്ധപ്പെട്ടും ശിവ ശങ്കറിനെ ചോദ്യംചെയ്യല്‍ ഉറപ്പായിരിക്കുകയാണ്. അതോടൊപ്പം വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരും മുഖ്യമന്ത്രിയും ഇതുവരെ പറഞ്ഞിരുന്ന കാര്യങ്ങള്‍ എല്ലാം കളവായിരുന്നു എന്നും പകല്‍പോലെ തെളിഞ്ഞിരിക്കുകയാണ്.