ലത്തീഫ് തുറയൂര്‍

ദലിത്, പിന്നാക്ക പീഡനം ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാട് തന്നെയാണ്. ആ കണക്കില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച സി.പി.എം ഇക്കാര്യത്തില്‍ അവരെ തോല്‍പ്പിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ദലിത്, പിന്നാക്ക സമുദായങ്ങളുടെ പിന്തുണ വാങ്ങി അവരെ പരസ്യമായി വഞ്ചിച്ചു അപമാനിച്ച ഒരു കൂട്ടര്‍ സി.പി.എം തന്നെയാണെന്നാണ് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ബി.ജെ.പി സര്‍ക്കാര്‍ റിസര്‍വേഷന്‍ കഴിച്ച് ബാക്കി മെറിറ്റിന്റെ പരമാവധി 10 ശതമാനം മുന്നാക്ക സംവരണമായി മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നഗരപരിധിയില്‍ രണ്ട് സെന്റ് സ്ഥലത്തിലും ഗ്രാമ പരിധിയില്‍ നാല് സെന്റ് സ്ഥലത്തിലും കവിയാത്ത സ്വത്തു പരിധിയും ഉള്ള മുന്നാക്കക്കാരന് കൊടുക്കണമെന്ന് നൂറ്റി മൂന്നാം ഭരണഘടന ഭേദഗതിപ്രകാരം ആവശ്യപ്പെട്ട സമയത്ത് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ടോട്ടലിന്റെ 10 ശതമാനം മുന്നോക്ക വിഭാഗത്തിലെ അതിസമ്പന്നര്‍ക്ക് വാര്‍ഷികവരുമാനം നാല് ലക്ഷം രൂപയും നഗരപരിധിയില്‍ കോര്‍പറേഷനില്‍ 50 സെന്റ് സ്ഥലവും മുനിസിപ്പാലിറ്റിയില്‍ 75 സെന്റ് സ്ഥലവും പഞ്ചായത്തുകളില്‍ രണ്ടര ഏക്കര്‍ സ്ഥലത്തിലും കവിയാത്ത സ്വത്ത് കൈവശമുള്ളവര്‍ക്ക് നീക്കിവെക്കുന്ന ഏറ്റവും ഗുരുതരമായ ഭരണഘടന അട്ടിമറിയും പിന്നാക്ക വിഭാഗത്തോടുള്ള വെല്ലുവിളിയുമാണ് കാണാന്‍ സാധ്യമായത്.
പുരോഗമനത്തിന്റെ പേറ്റന്റ് സ്വയം കൈവശപ്പെടുത്തിയവരാണ് സി.പി.എം. പക്ഷേ പിന്നാക്ക വിഭാഗത്തിന് അധോഗമനത്തിന് കൃത്യമായ അജണ്ട നിശ്ചയിച്ച് നേതൃത്വം കൊടുക്കുന്ന ഒരു വിഭാഗം ഇടതുപക്ഷവും സി.പി.എമ്മും അല്ലാതെ മറ്റൊരു കൂട്ടര്‍ വേറെ ഉണ്ടാകില്ല. മലബാറിനോടുള്ള വിദ്യാഭ്യാസ അവകാശ നിഷേധം എല്‍.ഡി.എഫിന്റെ അജണ്ടകളുടെ ഭാഗമാണെന്ന് തിരിച്ചറിയുകയാണ് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം. യു.ഡി.എഫ് ഭരണകാലത്ത് ഹയര്‍സെക്കന്‍ഡറി മേഖലകളിലും ഉന്നത വിദ്യാഭ്യാസ മേഖലകളിലും ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട സമയത്ത്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പല സി.പി. എം എം.എല്‍.എമാരുടെ നിയോജകമണ്ഡലങ്ങളില്‍പോലും ഉന്നത വിദ്യാഭ്യാസത്തിന് അവസരങ്ങള്‍ ഉണ്ടായത്, ‘ഒരു മണ്ഡലത്തില്‍ ഒരു കോളജ്’ എന്ന പദ്ധതി വിദ്യാഭ്യാസ മന്ത്രിയായ പി.കെ അബ്ദുറബ്ബ് നടപ്പാക്കിയപ്പോഴാണ്. കാലങ്ങളായി നീണ്ടുനില്‍ക്കുന്ന ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ അപര്യാപ്തത ഒരു പരിധിവരെ പരിഹരിക്കാന്‍ യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്.
എന്നാല്‍ ഈ സര്‍ക്കാര്‍ നാലര വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ഒരു ബാച്ച് പോലും അനുവദിക്കാന്‍ തയ്യാറായിട്ടില്ല എന്നത് ഇടതിന്റെ മലബാര്‍ വിരുദ്ധതയാണ് തെളിയിക്കുന്നത്. പലപ്പോഴായി അവരുടെ നേതാക്കള്‍ മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചു പാസായതാണ് എന്ന് ഉള്‍പ്പെടെയുള്ള അരോചക പ്രസ്താവനകള്‍ വഴിയും തെളിയിച്ചതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഒരുതരത്തിലുള്ള അവസരവും പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടില്ല. പിന്നാക്കക്കാരോട് എല്ലാ അര്‍ഥത്തിലും വിരോധ മനസ്‌കത കാത്തുസൂക്ഷിക്കുന്ന, പിന്നാക്ക വിരുദ്ധ, ഇടത് ലോബിക്കെതിരെ പ്രതികരിച്ചേ മതിയാവൂ. ജാതി അധിഷ്ഠിത സംവരണം കാലാകാലം വേണമെന്ന് ഒരു സമുദായവും ആഗ്രഹിക്കില്ല. ബൗദ്ധിക നിലവാരം മാത്രം നോക്കി തങ്ങള്‍ പരിഗണിക്കപ്പെടുകയും ഉന്നതിയില്‍ എത്തുകയും ചെയ്യുന്ന ഒരു കാലം ആരാണ് ആഗ്രഹിക്കാത്തത്. ഇപ്പോഴുള്ള പോലെ ബൗദ്ധിക നിലവാരത്തോടൊപ്പം സാമൂഹിക പരിഗണനയും അഥവാ സംവരണംകൂടി അവസര വിതരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത്‌കൊണ്ടാണ്, തങ്ങള്‍ക്ക് ലഭിക്കണം എന്ന് നിയമപരമായി ചോദിക്കാന്‍ എങ്കിലും ഒരു സമൂഹത്തിന് സാധ്യമാകുന്നത്.
എല്ലാ ജാതീയ, സാമുദായിക സമവാക്യങ്ങള്‍ക്കും അപ്പുറത്ത്, അവഗണനകള്‍ ലവലേശം ഇല്ലാതെ തീര്‍ത്തും ന്യായമായി ഉദ്യോഗ വിതരണം നടക്കുമ്പോള്‍ മാത്രമേ സംവരണ രഹിത ഇടങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ആവൂ. ഇന്ത്യയുടെ സാംസ്‌കാരിക ഭൂപടം പഠിച്ചവര്‍ക്കറിയാം, ആ ലോകത്തേക്ക് ഇനിയും ഒരുപാട് നടക്കേണ്ടതുണ്ട്. അതുവരെയുള്ള ദാഹജലമാണ് സംവരണം പോലെയുള്ള സാമൂഹ്യ നടപടികള്‍. ഭാരം തോന്നി അത്തരം ദാഹജലങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കുന്നത് വിഡ്ഢിത്വമാണെന് വിധിയെഴുതാന്‍ കൂടുതല്‍ ഗവേഷണങ്ങളുടെ ആവശ്യം ഒന്നും ഇല്ല. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, പ്രാതിനിധ്യം അധികാര പങ്കാളിത്തം മുതലായവ സാങ്കേതികമായെങ്കിലും ഉറപ്പുവരുത്താന്‍ സംവരണം കൊണ്ട് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ഇതുവരെ ഉണ്ടായ പരിശ്രമങ്ങള്‍ എല്ലാം അന്തിക്ക് കലമുടച്ച പോലെ ഇല്ലാതാക്കുന്ന നടപടിയാണ് സാമ്പത്തിക സംവരണം. വിശപ്പ് മാറിയവന് തന്നെ വീണ്ടും വിളമ്പുന്നത് സാമൂഹിക ദഹനക്കേട് ഉണ്ടാക്കും എന്ന് തീര്‍ച്ച.
ഒരു കൂട്ടം പ്രദേശവാസികള്‍ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കി എന്ന് കരുതുക. വിതരണ സമയത്ത് ഒരു വീടിനു ഇത്ര പൊതി എന്ന് പറയുന്നതും വീട്ടുകാരുടെ എണ്ണം നോക്കിയിട്ട് ആ വീട്ടിലേക്ക് ഇത്ര അളവ് ഭക്ഷണം എന്ന് പറയുന്നതും രണ്ടാണ്. ആദ്യത്തെ രീതിയില്‍ ഒന്നുകില്‍ ആള്‍ എണ്ണം കുറഞ്ഞ വീട്ടുകാര്‍ക്ക് അധികം ലഭിക്കും. അവര്‍ ആദ്യമേ വിശപ്പ് അകറ്റിയവര്‍ ആണെങ്കില്‍ അത് ബക്കിയാവുകയും ചെയ്യും. അല്ലെങ്കില്‍ വിശപ്പുള്ള വീട്ടുകാര്‍ക്ക് കുറഞ്ഞ അളവ് ലഭിക്കും. അതുകൊണ്ട് ആളുടെ എണ്ണവും വിശപ്പും നോക്കി, ആവശ്യം അടിസ്ഥാനമാക്കിയുള്ള വിതരണമാണ് ന്യായവും പ്രായോഗികവും എന്ന തിരിച്ചറിവാണ് അവകാശ സംരക്ഷണ പോരാട്ടത്തിന്റെ പ്രസക്തി. പുരോഗമനവാദികള്‍ എന്ന് സ്വയം മേനി നടിക്കുന്നവര്‍ ഒരു ജനതയുടെ അധോഗമനതിന്ന് തിരികൊളുത്തുമ്പോള്‍ എം.എസ്.എഫ് സമരമുഖത്ത് നിലയുറപ്പിക്കും. സംവരണ അട്ടിമറിക്കും മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ അവകാശ നിഷേധത്തിനുമെതിരെ എം.എസ്.എഫ് നടത്തുന്ന സമര ജാഥക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക കൈമാറികൊണ്ട് തുടക്കം കുറിച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ജില്ലാ തലങ്ങളിലാണ് സമരജാഥ നടത്തുന്നത്. ഭരണഘടനാസംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുത്തു നടത്തുന്ന എം.എസ്.എഫ് സമര ജാഥകള്‍ രാജ്യത്തെ പിന്നാക്കക്കാരന്റെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും കരുത്തുപകരാന്‍ സാധ്യമാകും.
(എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)