പി. പ്രഭാകരന്‍

സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യമില്ല, ആവിഷ്‌കാര സ്വാതന്ത്ര്യമില്ല, എന്തിന്, സഞ്ചാര സ്വാതന്ത്ര്യം വേണമെങ്കില്‍പോലും പാര്‍ട്ടി കനിയണം. മറ്റു പാര്‍ട്ടികളുടെ ആശയങ്ങളുമായി അടുപ്പമുള്ള ആരെങ്കിലുമുണ്ടെന്നറിഞ്ഞാല്‍ ആദ്യം പേരിനൊരു ഉപദേശം. പിന്നെയും തുടര്‍ന്നാല്‍ ഭീഷണി. പിന്‍മാറിയില്ലെങ്കില്‍ കൈയോ കാലോ വെട്ടല്‍. എതിരാളി ശക്തനെങ്കില്‍ ജീവന്‍ തന്നെയെടുക്കും. പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റു പാര്‍ട്ടിക്കാര്‍ക്ക് പ്രചാരണം നടത്താനോ പോസ്റ്ററൊട്ടിക്കാനോ പ്രചാരണം നടത്താനോ സ്വാതന്ത്ര്യമില്ല. ബൂത്തിലിരിക്കാന്‍പോലും എതിര്‍ പാര്‍ട്ടിക്കാരെ അനുവദിക്കില്ലെന്നു മാത്രമല്ല ഉച്ചക്കു രണ്ടു മണിക്കു ശേഷം കള്ളവോട്ടിന്റെ ഊഴവുമാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ പല തരത്തിലുള്ള മര്‍ദന പീഢന രീതികളാണ് ഉപയോഗിക്കുക. അവരുടെ രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങള്‍ക്ക് കടന്നുവരാത്തവിധം അടിച്ചമര്‍ത്തുന്ന രീതികളുണ്ടാകും. ആളുകളെ ബഹിഷ്‌കരിക്കും. മറ്റു പാര്‍ട്ടിയുമായി അടുപ്പമുണ്ടെന്ന് സംശയം വന്നാല്‍ പിന്നീട് അയാള്‍ക്ക് അവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഒറ്റപ്പെടുത്തും. കല്യാണങ്ങള്‍ പോലുള്ള ചടങ്ങുകളില്‍ പങ്കെടുപ്പിക്കില്ല. പാര്‍ട്ടിക്കകത്ത് വിമത ശബ്ദമുയര്‍ത്തുന്നവരുടെ അവസ്ഥയും ഇതുതന്നെയാണ്. ഒരു പാര്‍ട്ടി ഗ്രാമം രൂപപ്പെട്ടുകഴിഞ്ഞാല്‍ അവിടെ അവരുടെ സര്‍വാധിപത്യമാണ്. ഒരു പ്രദേശത്ത് ന്യൂനപക്ഷമായ രാഷ്ട്രീയ കക്ഷിയുടെ ആളുകള്‍ അവിടം വിറ്റ് തങ്ങളുടെ കക്ഷിക്ക് ആധിപത്യമുള്ളിടത്തേക്ക് പോവുകയും പതിവാണ്. ഇനി അനുഭാവികള്‍ ഉണ്ടെങ്കിലും അവര്‍ക്ക് പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാവാറില്ല. യൂണിറ്റ് രൂപീകരണമോ, കൊടിമരമോ, പോസ്റ്ററോ ഉണ്ടായാല്‍ അപ്പോള്‍ വിവരമറിയും. ഒരു വലിയ വിഭാഗം രാഷ്ട്രീയക്കാരുടെ ഇടയില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ പരസ്യമായ പ്രശ്‌നങ്ങള്‍ക്കൊന്നും പോകില്ല.
നവ മാര്‍ക്‌സിസ്റ്റ് ചിന്തകനായ അല്‍ത്തൂസറിന്റെ ഭരണകൂടത്തിന്റെ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള ഒരു അബിപ്രായമുണ്ട്. ഭരണകൂടം അതിന്റെ അധീശത്വം നിലനിര്‍ത്താന്‍ കുറേ സംവിധാനങ്ങള്‍ ഉപയോഗിക്കും. കോടതി, മീഡിയ, പൊലീസ്, സാംസ്‌കാരികോപാധികള്‍ എന്നിങ്ങനെ. ഇതേ രീതിയും സംവിധാനവുമാണ് പാര്‍ട്ടി ഗ്രാമങ്ങളിലും. രണ്ടുപേര്‍ തമ്മിലുള്ള പ്രശ്‌നം ആദ്യം തീര്‍പ്പാക്കുന്നത് പാര്‍ട്ടിയായിരിക്കും. ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ ചോദ്യം ചെയ്യാനും മറ്റുമൊക്കെയായി പാര്‍ട്ടി പൊലീസിങ് സംവിധാനവും ഉണ്ട്. അരിയില്‍ ഷുക്കൂര്‍ എന്ന പത്തൊമ്പതുകാരനെ സി.പി.എം പാര്‍ട്ടിക്കോടതി രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തതും ഒടുവില്‍ ജീവനെടുത്തതും കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം കീഴറ എന്ന പാര്‍ട്ടി ഗ്രാമത്തിലായിരുന്നു. നൂറിലധികം വരുന്ന ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് വിചാരണയും വധശിക്ഷയും നടപ്പിലാക്കിയത്.
കൊല്ലുകയെന്ന ദൗത്യം പൂര്‍ത്തിയാക്കുന്നത് ഒരു സംഘം. കൊല തീരുമാനിക്കുന്നത് മറ്റൊരു കൂട്ടര്‍. സാക്ഷികളാകുന്നത് വേറൊരു കൂട്ടര്‍. ജയിലില്‍ പോകുന്നത് വേറൊരു സംഘം. വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ മിക്കവാറും കേസുകള്‍ തള്ളിപ്പോകുകയാണ് പതിവ്. കൊല്ലപ്പെട്ടവന് താന്‍ എന്തിനാണ് കൊലചെയ്യപ്പെട്ടതെന്നോ കൊന്നവന് താന്‍ എന്തിനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നോ അറിവുണ്ടാകില്ല. പുറത്തുനിന്നും ഒരാള്‍ക്ക് എളുപ്പം ഇവിടേക്ക് കയറാനാവില്ല. സദാനിരീക്ഷണവുമായി പ്രവര്‍ത്തകരുടെ കണ്ണുകളുണ്ടാകും.
പാര്‍ട്ടി ഗ്രാമങ്ങളില്‍ നിരവധി ഒളിയിടങ്ങളുമുണ്ടാകും. പുരളിമലയുടെ ഭാഗമായ മുടക്കോഴി മല നല്ലൊരു ഒളിത്താവളമാണ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിച്ചു താമസിച്ചതോടെയാണു മുടക്കോഴി മല പുറംലോകമറിയുന്നത്. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ രണ്ടു പേരടക്കം തില്ലങ്കേരി സ്വദേശികളായ മൂന്നു പ്രതികളും ഒളിച്ചിരുന്നതു മുടക്കോഴി മലയിലാണ്. 10,000 ഏക്കറിലധികം വരുന്ന പുരളിമലയുടെ ഒരു ഭാഗമാണ് മുടക്കോഴി മല. പുരളിമലയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള വനവും സ്വകാര്യ ഭൂമിയും കൃഷിയിടങ്ങളുമുണ്ട്. ഇതില്‍, മുഴക്കുന്ന് പഞ്ചായത്തില്‍പെടുന്ന ഭാഗമാണ് മുടക്കോഴി മലയെന്ന് അറിയപ്പെടുന്നത്. തില്ലങ്കേരി, മാലൂര്‍, പേരാവൂര്‍ പഞ്ചായത്തുകളും അതിരിടുന്നു. നാലു പഞ്ചായത്തുകളും ഭരിക്കുന്നത് സി.പി. എം തന്നെയാണ്. താഴ്‌വാരങ്ങള്‍ പാര്‍ട്ടിഗ്രാമങ്ങളായതിനാല്‍, വഴിയില്‍ അപരിചിതരെ കണ്ടാല്‍ ചോദ്യം ചെയ്യലുണ്ടാവും. പൊലീസ് വാഹനം കണ്ടാല്‍ വിവരം എത്തേണ്ടിടത്ത് എത്തും. മറ്റു വഴികളിലൂടെ രക്ഷപ്പെടുത്താന്‍ പ്രദേശത്തെ അണികളും നേതാക്കളും എല്ലാം രംഗത്തുണ്ടാവും. മലകളും ചെങ്കുത്തായ പ്രദേശങ്ങളും നിറഞ്ഞതാണ് മുടക്കോഴിമല. ഇത്തരം മലയടിവാരങ്ങളിലെ നിഗൂഢ സ്ഥലങ്ങളിലാണ് ബോംബ് പരീക്ഷണം നടത്താറ്. രാത്രി കാലങ്ങളില്‍ പലപ്പോഴും ബോംബ് സ്‌ഫോടനത്തിന്റെ ഉഗ്ര ശബ്ദം മുഴങ്ങാറുണ്ട്. ശത്രുവിനെ ഭയപ്പെടുത്താനും പരീക്ഷണം വിജയകരമാണോ എന്നറിയാനുമെല്ലാമാണ് ബോംബ് സ്‌ഫോടനങ്ങള്‍.
മൊറാഴ ഉള്‍ക്കൊള്ളുന്ന ആന്തൂര്‍ പഞ്ചായത്തിലെ പറശ്ശിനിക്കടവ് പ്രദേശത്ത് ദാസന്‍ എന്ന കോണ്‍ഗ്രസ് നേതാവിനെ കൊന്നത് അദ്ദേഹം ഒരു കേസിലും പ്രതിയായിട്ടല്ല. ഒരാളോടും മോശമായി പെരുമാറിയിട്ടുപോലുമില്ല. എന്നാല്‍ ദാസന്‍ ചെയ്ത കുറ്റം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളില്‍ ഇടപെട്ടു പൊതുപ്രവര്‍ത്തനം നടത്തി എന്നതാണ്. വോട്ടര്‍ ലിസ്റ്റില്‍ പേര്‍ ചേര്‍ക്കുക, വാര്‍ധക്യപെന്‍ഷന്‍ ശരിയാക്കി നല്‍കുക തുടങ്ങിയ പ്രവര്‍ത്തനം നടത്തിയതാണ് കൊലക്കു കാരണം. ഒരു വലിയ തെറ്റുകൂടി അദ്ദേഹം ചെയ്തു , തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നതായിരുന്നു ആ വലിയ തെറ്റ്. ഇത്തരം പാര്‍ട്ടി ഗ്രാമങ്ങളിലാണ് എതിരില്ലാതെ സി.പി.എം തെരഞ്ഞെടുക്കപ്പെടുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനോ പ്രചാരണം നടത്താനോ ഒന്നും അനുവദിക്കാത്ത പാര്‍ട്ടി ആധിപത്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു കഴിഞ്ഞതോടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ എതിരില്ലാതെ 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. പി. ജയരാജനടക്കമുള്ളവര്‍ അതാഘോഷിച്ചതായും കണ്ടു. ഇതില്‍ 28 വാര്‍ഡുകളുള്ള ആന്തൂര്‍ നഗരസഭയില്‍ ആറിടത്താണ് ഇങ്ങനെ ഫലമുണ്ടായിരിക്കുന്നത്. കഴിഞ്ഞതവണ 14 സീറ്റുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 14 സീറ്റുകളില്‍ മത്സരിച്ചു വിജയിക്കുകയും ചെയ്തു. ഇക്കുറി എതിരാളികള്‍ ഇല്ലാത്തത് ആറ് സീറ്റുകളിലേക്കു മാത്രമായി ചുരുങ്ങി.
15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിനെതുടര്‍ന്ന് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത് ആന്തൂര്‍ നഗരസഭാ പരിധിയിലാണ്. നൈജീരിയയില്‍ ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയ സാജന്‍, കണ്ണൂര്‍ ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണം തുടങ്ങുകയായിരുന്നു. തുടക്കംമുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആന്തൂരില്‍ 28 സീറ്റുകളില്‍ എല്‍.ഡി.എഫ് മത്സരിച്ചു വിജയിച്ചാലും ജനാധിപത്യ പ്രക്രിയ നടന്നല്ലോ എന്നാശ്വസിക്കാം. പക്ഷേ എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെടുക എന്നത് ഒരിക്കലും കൊട്ടിഘോഷിക്കപ്പെടേണ്ട കാര്യമല്ല. അങ്ങേയറ്റം അപകടകരമായ ഒന്നാണത്. എതിരില്ലാത്ത തെരഞ്ഞെടുപ്പുകള്‍ ഫാസിസത്തിന്റെ അടയാളങ്ങളാണ്. അതാഘോഷിക്കുന്നവര്‍ ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കരുത്. നോമിനേഷന്‍ നല്‍കാന്‍പോലും എതിരാളികള്‍ ഇല്ലാതെ ഏകപക്ഷീയമായി ഒരു പാര്‍ട്ടി ജയിക്കുന്ന ഗ്രാമങ്ങള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. സി.പി.എമ്മിന്റെ ഫാസിസം ഒന്നുകൊണ്ട് മാത്രമാണ് ഇവിടെ ജയിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലായിരത്തിലേറെ വോട്ട് യു.ഡി.എഫിന് കിട്ടിയ സ്ഥലത്താണ് മല്‍സരിക്കാന്‍ ആളില്ലാത്തത് എന്ന് ഓര്‍ക്കണം. കഴിഞ്ഞ തവണ നോമിനേഷന്‍ കൊടുത്തവര്‍ വധഭീഷണി കാരണം വീടിന് പുറത്തിറങ്ങിയിരുന്നില്ല. ജീവിക്കാന്‍ കൊതിയുള്ളവര്‍ നോമിനേഷന്‍ കൊടുക്കാതെ മാറിനില്‍ക്കുന്ന പ്രദേശങ്ങളാണിവ. നോമിനേഷന്‍ കൊടുത്താല്‍ത്തന്നെ പ്രചാരണത്തിനോ ബൂത്തിലിരിക്കാനോ സമ്മതിക്കില്ല. മൊകേരിയില്‍ കോണ്‍ഗ്രസിന്‌വേണ്ടി കഴിഞ്ഞ തവണ മത്സരിക്കാന്‍ നിന്നെന്ന ഒറ്റ കാരണത്താല്‍ 83 വെട്ടുകള്‍ വെട്ടി കൊല്ലാന്‍ ശ്രമിച്ച് ആയുസ്സിന്റെ ബലംകൊണ്ട് ജീവന്‍ പോകാതെ കാലിന്റെ സ്വാധീനം നഷ്ടമായ ജഗദീപന്‍ നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. ശരീരമാസകലം കമ്പികളും ബോള്‍ട്ടുമിട്ട ജഗദീപന്‍ മൊകേരി പഞ്ചായത്തിലെ കൂരാറ നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ കൊടുക്കാനെത്തിയത് ബന്ധുക്കളും നാട്ടുകാരും എടുത്ത് കൊണ്ടാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞു. സി.പി.എം ശക്തികേന്ദ്രത്തില്‍ വെറും 132 വോട്ടുകള്‍ക്കാണ് ജഗദീപന്‍ തോറ്റത്. തുടര്‍ന്ന് സി.പി.എമ്മുകാരുടെ വക വിജയാഘോഷം നടന്നു. പരിക്കേറ്റ് പ്ലാസ്റ്ററിട്ട ജഗദീപന്റെ കോലംകെട്ടിയാണ് ആ വിജയം സി.പി.എമ്മുകാര്‍ ആഘോഷിച്ചത്. ഒരു മനുഷ്യനെ തങ്ങളുടെ എതിര്‍ പാര്‍ട്ടിയായത് കൊണ്ട് മാത്രം വെട്ടി മൃതപ്രായനാക്കിയിട്ട് അയാള്‍ തെരഞ്ഞെടുപ്പില്‍ തങ്ങളോട് തോറ്റതിന് പരിഹസിച്ചുകൊണ്ടുള്ള വേഷം കെട്ടലോടെയുള്ള വിജയാഘോഷം. കഴിഞ്ഞ വര്‍ഷം ആന്തൂരിലെ പുന്നക്കുളങ്ങരയില്‍ 25 വര്‍ഷത്തിനുശേഷം കോണ്‍ക്രീറ്റിട്ട് സ്ഥാപിച്ച കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് കൊടിമരങ്ങള്‍ കണ്ണുചിമ്മി തുറക്കും മുമ്പെ അപ്രത്യക്ഷമായി. കമ്യൂണിസം ഒരു പിന്തിരിപ്പന്‍ ആശയമാണ് എന്ന് പറയുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അത് സമ്പൂര്‍ണ്ണമായി ജനാധിപത്യ വിരുദ്ധമാണ് എന്നതാണ്. വ്യക്തിസ്വാതന്ത്ര്യം എന്നത് ഈ ആശയത്തില്‍ നിഷിദ്ധമാണ്. സ്വാതന്ത്ര്യം ഇല്ലാതെ സമത്വം കൊണ്ടുവരാമെന്ന അന്ധവിശ്വാസവും കൂടിയാണ് കമ്യൂണിസം.