Connect with us

Video Stories

തെറ്റുതിരുത്തുന്ന സി.പി.എം

Published

on


റസാഖ് ആദൃശ്ശേരി

തെറ്റുതിരുത്തുന്ന തിരക്കിലാണ് സി.പി.എം. ശബരിമല വിഷയത്തില്‍ വോട്ട് ഒലിച്ചുപോയപ്പോള്‍, മത വിശ്വാസത്തിലേക്ക് തിരിച്ചുപോകണമെന്നാണ് അണികളോടു സംസ്ഥാന സമിതിയുടെ ആഹ്വാനം. ‘വിശ്വാസമാണ് ശക്തി’ എന്ന തിരുത്തലിലേക്ക് സി.പി.എം എത്തിനില്‍ക്കുന്നു. പ്രാദേശിക വിശ്വാസക്കൂട്ടായ്മകളിലും ഉല്‍സവങ്ങളിലും പാര്‍ട്ടിയംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമത്രെ. കാവുകളിലും അമ്പലങ്ങളിലും പള്ളികളിലും പാര്‍ട്ടിയംഗങ്ങള്‍ക്ക് ഇടപെടാം. ഒരു സ്ത്രീയെയും ശബരിമലയില്‍ കൊണ്ടുപോകാനോ മല കയറ്റാനോ സി.പി.എമ്മോ സര്‍ക്കാരോ ആഗ്രഹിക്കുന്നില്ല-സി.പി.എം സംസ്ഥാന സമിതിയുടെ തെറ്റുതിരുത്തല്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.
നാളിതുവരെ പറഞ്ഞുപഠിപ്പിച്ച ഭൗതികവാദവുമായി നടന്നാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യത്തെ നേതൃത്വം അംഗീകരിച്ചിരിക്കുന്നു. മതം മനഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന മാര്‍ക്‌സിയന്‍ വചനത്തില്‍നിന്നു മതം മനുഷ്യനു മധുരിക്കുന്ന കല്‍ക്കണ്ടമാണെന്നു സമകാലിക സഖാക്കള്‍ കണ്ടെത്തിയിരിക്കുന്നു. ഇന്നു മുഹൂര്‍ത്തം നോക്കലും കവടി നിരത്തലും എല്ലാ വീടുകളിലും നടക്കുന്നു. സഖാക്കള്‍ക്കിന്നിത് പ്രത്യയശാസ്ത്രത്തിന്റെ തന്നെ ആചാരമാണ്. മക്കളുടെയും പേരമക്കളുടെയുമെല്ലാം വിവാഹം ക്ഷേത്രത്തിലും പള്ളിയിലുംവെച്ചു ആചാരപ്രകാരം തന്നെ നടത്തണം. പാര്‍ട്ടി സ്റ്റഡി ക്ലാസുകളില്‍ വെച്ചു പറഞ്ഞുതന്ന മാര്‍ക്‌സ്‌ന്റെയും ലെനിന്റെയുമെല്ലാം സിദ്ധാന്തങ്ങള്‍ പ്രായോഗിക ജീവിതത്തില്‍നിന്നു അവര്‍ പുറന്തള്ളിയിരിക്കുന്നു. എല്ലാ സഖാക്കള്‍ക്കുമായി ക്ഷേത്ര പ്രവേശന വിളംബരം അടുത്ത്തന്നെ ഉണ്ടാകുന്നത് കാത്തിരിക്കുകയാണവര്‍. പാര്‍ട്ടി ബുദ്ധിജീവികള്‍ക്ക് ഇനി ആശ്വാസിക്കാം. മത വിശ്വാസം സഖാക്കള്‍ക്ക് കൈവന്നാല്‍ പിന്നീട് വൈരുധ്യാധിഷ്ഠിത ഭൗതികവാദം ചുമക്കേണ്ടല്ലോ.
എന്നാല്‍ കേരളത്തിന്റെ കമ്യൂണിസ്റ്റ് ചരിത്രത്തില്‍ ഒരു കാലമുണ്ടായിരുന്നു. മനുഷ്യനു ജീവിക്കാന്‍ അപ്പമാണ് വേണ്ടത്, മതമല്ല എന്നു പറഞ്ഞ ഒരു കാലം. പൊന്‍കുന്നംവര്‍ക്കിയും എം.സി ജോസഫും കുറ്റിപ്പുഴ കൃഷ്ണപിള്ളയുമൊക്കെ നിറഞ്ഞുനിന്ന കാലം. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്നായിരുന്നു മുദ്രാവാക്യം. ഈ മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാര്‍ രാത്രികാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ കടന്നു വിഗ്രഹങ്ങളെയും മറ്റും അപമാനിച്ച സംഭവങ്ങള്‍ ഒട്ടനവധി അക്കാലത്തുണ്ടായിട്ടുണ്ട്. വിശ്വാസത്തില്‍നിന്നു മനുഷ്യനെ മോചിപ്പിക്കാന്‍ പല തന്ത്രങ്ങളാണ് അന്ന് പ്രയോഗിച്ചത്. നിരക്ഷരരോടു അവന്റെ വീട്ടുമൃഗങ്ങള്‍ക്ക് ദൈവമില്ലാത്തത്‌പോലെ അവനും ദൈവത്തിന്റെ ആവശ്യമില്ല എന്നോതികൊടുത്തു. അല്‍പംകൂടി ജ്ഞാനമുള്ളവരോടു ദൈവം മനുഷ്യയുക്തിക്ക് നിരക്കുന്നവനല്ലന്നും അതുകൊണ്ടുതന്നെ ദൈവം ഇല്ലന്നും സമര്‍ത്ഥിച്ചു. മനുഷ്യ മഹത്വത്തിന്റെ പേരില്‍ ദൈവത്തെ നിഷേധിച്ചുകൊണ്ടു വേറെ ചിലരെ ഹ്യൂമനിസ്റ്റുകളാക്കി. മനുഷ്യന്‍ അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ഹനിക്കുന്നവനാണ് ദൈവം. ആ ദൈവത്തെ അനുസരിക്കേണ്ടതില്ല. ഇതായിരുന്നു വാദം. അങ്ങനെ അസ്തിത്വവാദത്തിന്റെ ബീജാക്ഷരങ്ങള്‍ പഠിപ്പിക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ മുന്നിലുണ്ടായിരുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്‌നം നല്‍കികൊണ്ടാണ് മാര്‍ക്‌സിസ്റ്റ് ഭൗതികവാദം കേരളത്തിലും വിത്തിറക്കിയത്. അന്നത്തെ ജനപ്രീതി നേടിയ ചലച്ചിത്രഗാനങ്ങള്‍ ദൈവനിന്ദകള്‍ നിറഞ്ഞതായിരുന്നു. ‘കണ്ണു തുറക്കാത്ത ദൈവങ്ങളെ’, ‘വിണ്ണിലിരുന്നുറങ്ങുന്ന ദൈവം’, ‘മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചു’ തുടങ്ങിയവ ഉദാഹരണം. നേതാക്കളുടെ ബന്ധുക്കള്‍ക്ക് വിശ്വാസവും ആചാരവും ആവാം. നേതാക്കള്‍ക്ക് പാടില്ല എന്നാണ് തെറ്റുതിരുത്തല്‍ രേഖ പറയുന്നത്. നേതാക്കള്‍ വൈരുധ്യാത്മിക ഭൗതികവാദം ആശ്ലേഷിക്കണം. ഈ തീരുമാനത്തില്‍തന്നെ ഒരു വൈരുധ്യമില്ലെ? ഇത് പാര്‍ട്ടിയില്‍ രണ്ടു ഗണത്തില്‍ പെട്ടവരെ സൃഷ്ടിക്കുന്നു. അണികളെ വെറും വിറകുവെട്ടുകാരും വെള്ളം കോരികളും മാത്രമാക്കി മാറ്റുന്നു. ഒരാള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു നേതാവായി ഉയര്‍ന്നാല്‍ അയാള്‍ അപ്പോള്‍ മതവിശ്വാസം ഉപേക്ഷിക്കേണ്ടിവരില്ലെ? ഇത് ശരിയായ മാര്‍ഗമല്ല. അതിനാല്‍ തന്നെ സി.പി.എമ്മില്‍ അന്തസ്സായി പ്രവര്‍ത്തിക്കാന്‍ വിശ്വാസികള്‍ക്ക് പറ്റില്ല. അപ്പോള്‍ ഈ തീരുമാനത്തിനുപിന്നില്‍ എന്തോ ഒരു കുതന്ത്രം ഒളിഞ്ഞിരിപ്പുണ്ട്. നേതാക്കള്‍ കമ്യൂണിസം എത്ര പ്രസംഗിച്ചാലും സ്വന്തം വീട്ടില്‍ പോലും അതു നടപ്പിലാക്കാന്‍ കഴിയില്ലെന്നു സമ്മതിക്കലാണ് ഈ തീരുമാനത്തിന്റെ മറ്റൊരു വശം. അല്ലെങ്കില്‍ ബന്ധുക്കളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ മാര്‍ഗം കണ്ടെത്തിയതാവാം. മുന്‍കൂര്‍ ജാമ്യമെടുക്കല്‍. സ്വന്തം കുടുംബത്തില്‍ നടപ്പിലാക്കാന്‍ കഴിയാത്ത ആദര്‍ശം നാട്ടുകാര്‍ സ്വീകരിക്കണമെന്നു പറയുന്നതിലെ ഔചിത്യമില്ലായ്മ ആലോചിച്ചു നോക്കുക. കമ്യൂണിസ്റ്റ് താത്വിക ആചാര്യന്മാരായിരുന്ന ഇ.എം.എസ്സിനും പി.ഗോവിന്ദപിള്ളക്കുംവരെ സ്വന്തം കുടുംബത്തില്‍ മാര്‍ക്‌സിസം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ഒരിക്കല്‍ ഇ.എം.എസ്സ് തന്റെ സഹധര്‍മ്മിണി ആര്യ അന്തര്‍ജനത്തിന്റെ കൂടെ മധുര മീനാക്ഷി ക്ഷേത്ര ദര്‍ശനത്തിനു പോയി. വിവാദമായപ്പോള്‍ ആര്യ അന്തര്‍ജനം ദര്‍ശനത്തിനായി ക്ഷേത്രത്തിനകത്ത് പോയപ്പോള്‍ ഇ.എം.എസ്സ് പുറത്ത്തന്നെ നില്‍ക്കുകയായിരുന്നുവെന്നു പറഞ്ഞു ന്യായീകരിക്കാന്‍ നോക്കി. ഇ.എം.എസ്സിന്റെ ഭാര്യ മതവിശ്വാസിയായിരുന്നു. ഭാര്യയുടെ മതവിശ്വാസത്തിനു കാവല്‍നില്‍ക്കുന്ന ഇ.എം.എസ്സിന്റെ കമ്യൂണിസം കാപട്യമല്ലാതെ മറ്റെന്തായിരുന്നു എന്ന ചോദ്യത്തിനു ഇതുവരെ സി.പി.എം മറുപടി പറഞ്ഞിട്ടില്ല. പി. ഗോവിന്ദപിള്ള ശബരിമല ക്ഷേത്ര ദര്‍ശനം നടത്തിയതും ഓര്‍ക്കേണ്ടതാണ്. മത വിശ്വാസിയായ ഭാര്യയുടെ ആഗ്രഹപ്രകാരം നടത്തിയ തീര്‍ത്ഥാടനമെന്നായിരുന്നു പിന്നീട് അതിനെ പി.ജി വ്യാഖ്യാനിച്ചത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന എം.എം ലോറന്‍സിന്റെ മകളുടെ കല്യാണം നടന്നത് പള്ളിയില്‍ വെച്ചായിരുന്നു. വീട്ടുകാരും മകളും ഭാര്യയും ഇക്കാര്യത്തില്‍ ശാഠ്യം പിടിക്കുന്നുവെന്നാണ് ലോറന്‍സ് സെക്രട്ടേറിയറ്റ് യോഗത്തില്‍ കുമ്പസരിച്ചത്. ഭാര്യയുടെ മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ മകളുടെ കല്യാണം പള്ളിയില്‍വെച്ചു നടത്താന്‍ സെക്രട്ടേറിയറ്റ് അനുവാദം കൊടുത്തു. ഇത്തരം സംഭവങ്ങള്‍ പിന്നീട് ധാരാളം ആവര്‍ത്തിച്ചു. ഇനിയും ആവര്‍ത്തിക്കും. അന്നു അതൊരു പ്രത്യയശാസ്ത്ര പ്രശ്‌നമാകാതിരിക്കാനാണ് ഇപ്പോഴത്തെ ഈ തീരുമാനം.
എന്നാല്‍ മതം ‘നികൃഷ്ടജീവി’ ആയിമാറിയ അവസ്ഥയും കേരളത്തിലെ സി.പി.എം ചരിത്രത്തിലുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മതവിരുദ്ധമുഖം അനാവരണം ചെയ്ത ഒന്നായിരുന്നു അത്. തിരുവമ്പാടിയിലെ സി.പി.എം എം.എല്‍.എ ആയിരുന്ന മത്തായി ചാക്കോ സഖാവിനു സ്വബോധത്തോടെ രോഗീ ലേ പന കൂദാശ നല്‍കിയ ബിഷപ്പ് മാര്‍പോള്‍ ചിറ്റിലപള്ളിയെയാണ് അന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ‘നികൃഷ്ടജീവി’ എന്നു വിളിച്ചത്. ‘ധന്യമായ കമ്യൂണിസ്റ്റ് ജീവിതം നയിച്ച സഖാവ് മത്തായി ചാക്കോ സ്വബോധത്താലെ അന്ത്യകൂദാശ സ്വീകരിച്ചുവെന്ന പച്ചക്കള്ളം പറയുന്നത് ചാക്കോയെ അപമാനിക്കാനാണ്’ എന്നായിരുന്നു പിണറായിയുടെ പ്രസ്താവന. ഇതില്‍നിന്നു തന്നെ ക്രൈസ്തവ ജീവിതം പോലെ തന്നെ കമ്യൂണിസ്റ്റു ജീവിതം ഉണ്ടെന്നും കമ്യൂണിസ്റ്റ് ജീവിതം നയിച്ചൊരാള്‍ മതകീയാചാരങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും വരുന്നു. പക്ഷെ കാലം അധികം വേണ്ടിവന്നില്ല. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ മലബാര്‍ മേഖലയില്‍ മുസ് ലിംകളെ പാര്‍ട്ടിയോടു അടുപ്പിക്കാന്‍ ശ്രമം നടത്തി. വൈരുധ്യാധിഷ്ഠിത ഭൗതിക വാദത്തെ കുറിച്ചു ക്ലാസ് എടുത്തു കൊണ്ടായിരിക്കണം പാര്‍ട്ടി കെട്ടിപ്പടുക്കേണ്ടതെന്ന മാര്‍ക്‌സിസ്റ്റുകളുടെ തനത് സിദ്ധാന്ത രോഗമൊന്നും പിണറായിക്ക് ഉണ്ടായിരുന്നില്ല. കാര്യം നടക്കണം. വോട്ടു കിട്ടണം.
‘നിങ്ങളുടെ മത വിശ്വാസമൊക്കെ ശരി. നമസ്‌ക്കരിക്കേണ്ടവര്‍ നമസ്‌ക്കരിച്ചോളു.നോമ്പെടുക്കേണ്ടവര്‍ പാര്‍ട്ടി പരിപാടിക്ക് വരുമ്പോഴും നോമ്പെടുത്തോളു. പക്ഷെ തീവ്രവാദത്തിനും ഫാസിസത്തിനും സാമ്രാജ്യത്വത്തിനും മുസ്‌ലിം പീഡനത്തിനുമെതിരായ സമരം മുന്നോട്ടുകൊണ്ടുപോവാന്‍ ഇടതു പക്ഷത്തിനെ കഴിയൂ. ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോരാടി രക്തസാക്ഷിയായ വരുടെ പാര്‍ട്ടി എങ്ങനെയാണ് മതത്തിനെതിരാവുക? പിണറായി ചോദിച്ചു. ഇത്തരത്തില്‍ മതവിശ്വാസികളെ അവഹേളിക്കുകയും പലപ്പോഴും മതവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ പാര്‍ട്ടിയിലേക്ക് വിശ്വാസികളെ അടുപ്പിക്കാന്‍ അവരെ സുഖിപ്പിക്കുകയും ചെയ്യുന്ന പതിവ് കാലങ്ങളായി സി.പി.എം പയറ്റി വരുന്നു. പക്ഷെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അവര്‍ക്ക് കൈപൊള്ളി. സി.പി.എം സ്വീകരിച്ച നിലപാട് വിശ്വാസികളുടെ മനസ്സിനെ മുറിവേല്‍പ്പിച്ചു. തുടര്‍ന്നുവന്ന പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ജനം ഇടതു പക്ഷത്തെ കൈയൊഴിഞ്ഞു. ഇരുപതില്‍ പത്തൊമ്പത് സീറ്റിലും ഇടതുമുന്നണി പരാജയപ്പെട്ടു. തന്മൂലം ഉണ്ടായ പുതിയ ബോധോദയമാണ് വിശ്വാസികളെ പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള തീരുമാനം. പാര്‍ട്ടി തെറ്റുതിരുത്താന്‍ എത്രയോ പ്രാവശ്യം ഇതിനു മുമ്പ് ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ബൂര്‍ഷ്യാ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ പാര്‍ട്ടിക്കായില്ല. അനവധി ദൗര്‍ബല്യങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടുകയാണ്. ഭൗതികതയോടുള്ള ആര്‍ത്തിയാണ് ഇന്നു സി.പി.എമ്മിനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ തകര്‍ച്ചക്ക് കാരണം പ്രതിസന്ധികളെ അതിജീവിക്കാനുള്ള ദാര്‍ശനിക കരുത്ത് കമ്യൂണിസത്തിനില്ല എന്നുള്ളതാണ്. അത് മറന്നു കൊണ്ടുള്ള ഏത് മുറിവുണക്കലും ഫലം ചെയ്യില്ല. കമ്യൂണിസത്തില്‍ ദൈവത്തിനു ഇടം കൊടുക്കാനുള്ള ശ്രമമാണ് പാര്‍ട്ടി സംസ്ഥാന സമിതി ആലോചിക്കുന്നതെങ്കില്‍ ‘മാര്‍ക്‌സിസിസത്തിന്റെ ഭൗതികവാദം കാലഹരണപ്പെട്ടു’ എന്ന കാര്യം ഉറക്കെ പറയാന്‍ പാര്‍ട്ടി തയ്യാറാവണം. എന്നാല്‍ സി.പി.എമ്മിന്റെ ഏറ്റവും വലിയ തിരുത്തലായി അത് മാറും.

kerala

ബജറ്റിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം; കൂടിയത് 400 രൂപ

ഇന്ന് മാത്രം രണ്ട് തവണയാണ് വില കൂടിയത്

Published

on

കൊച്ചി: ധനമന്ത്രിയുടെ കേന്ദ്രബജറ്റ് അവതരണത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 400 രൂപയാണ് ഇന്ന് പവന് കൂടിയത്. ഇന്ന് മാത്രം രണ്ട് തവണയാണ് വില കൂടിയത്. രാവിലെ 200 രൂപ കൂടി 42200 രൂപയും ഉച്ചക്ക് വീണ്ടും 200 രൂപ കൂടി 42,400 രൂപയുമായി.

ഗ്രാമിന് രാവിലെ 25 രൂപ വര്‍ധിച്ച് 5275 രൂപയും ഉച്ചക്ക് 25 രൂപകൂടി 5300 രൂപയുമായി. ബജറ്റില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് മൂന്ന് ശതമാനം നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 22% ഉണ്ടായിരുന്ന ഇറക്കുമതി നികുതി 25% ആയാണ് ഉയര്‍ത്തിയത്.

Continue Reading

Video Stories

വൈലിത്തറ ; അറിവിന്റെ നിലാവെളിച്ചം

ആലപ്പുഴയിലെ തീരദേശ ഗ്രാമമായ തൃക്കുന്നപ്പുഴയില്‍ 1930ലായിരുന്നു ജനനം. ഈഴവ സമൂഹം തിങ്ങി പാര്‍ത്ത പ്രദേശത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച വൈലിത്തറയുടെ സഹപാഠികളെല്ലാം ഇതര മതവിശ്വാസികളായിരുന്നു. ഇത് പില്‍ക്കാലത്ത് ഇതര മതവിശ്വാസങ്ങളെ ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. പിതാവ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്ലിയാര്‍ മകന്‍ അറിവിന്റെ വിഴിയില്‍ സഞ്ചരിക്കണമെന്ന് അഗ്രഹിച്ചു.

Published

on

നസീര്‍ മണ്ണഞ്ചേരി

ആലപ്പുഴ: പുലരുവോളം നീളുന്ന പ്രഭാഷണ പരമ്പരകള്‍, ഖുര്‍ആനിനൊപ്പം ഭഗവത്ഗീതയും ഉപനിഷത്തുകളും ബൈബിളും വേദികളില്‍ നിറഞ്ഞൊഴുകും. ഇലയനക്കത്തിന്റെ ശബ്ദത്തിന് പോലും ഇടം നല്‍കാതെ സദസ്യര്‍ അറിവിന്റെ നിലാമഴയില്‍ ലയിച്ചു കഴിഞ്ഞിരിക്കും ആരാത്രിയില്‍. ഇടയ്ക്ക് ബര്‍ണാട്ഷായുടെ കവിതകള്‍ കൃത്യമായ ഉച്ചാരണ ശുദ്ധിയോടെ ഉദ്ദരിച്ച് ശ്രോതാക്കളെ അത്ഭുതപ്പെടുത്തും. കേരളത്തിന്റെ പ്രഭാഷണ രംഗത്തെ കുലപതിയായി വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി വാണിരുന്ന കാലത്തെ ഇങ്ങനെ ചുരുക്കി വിവരിക്കാം.
വൈലിത്തറ നിധി പോലെ സൂക്ഷിച്ചു വെച്ചിരുന്ന തന്റെ പ്രഭാഷണ പരമ്പരയെ കുറിച്ച് 1960-80 കാലഘട്ടത്തില്‍ ചന്ദ്രികയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലുണ്ട് അദ്ദേഹത്തെ ഒരു ജനത എത്രമാത്രമാണ് നെഞ്ചേറ്റിയെന്നതിന്റെ തെളിവ്. ആ പ്രഭാഷണ പരമ്പരകളിലൂടെ ഉയര്‍ന്ന് പൊങ്ങിയ പള്ളിമിനാരങ്ങള്‍ ഇന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ കഴിയും.
തിരുവിതാംകൂറിന്റെ മലയാളത്തനിമയില്‍ പ്രഗല്‍ഭര്‍ വാണിരുന്ന മലബാറിന്റെ പ്രഭാഷണ വേദികളെ വേറിട്ട ശൈലികൊണ്ട് കീഴടക്കിയ മഹാപ്രതിഭയായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി. ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിലും മദ്ഹബുകളും അഗാധ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹം ലളിതമായ ഭാഷയില്‍ കേള്‍വിക്കാര്‍ക്ക് വലിയ അറിവുകള്‍ പകര്‍ന്നു നല്‍കി. കേരളത്തിന് പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലും തിരക്കുള്ള പ്രഭാഷകനായി അദ്ദേഹം വേഗത്തില്‍ വളര്‍ന്നു. നാട്ടിലേക്ക് ലീവിനെത്തുന്ന പ്രവാസികള്‍ ബന്ധുക്കള്‍ക്ക് സമ്മാനിക്കാനായി കൊണ്ടുവന്നിരുന്നത് വൈലിത്തറയുടെ പ്രഭാഷണ കാസറ്റുകളായിരുന്നു എന്നതിലുണ്ട് നാട്ടിലും ഗല്‍ഫിലും അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത. അറിവായിരുന്നു മുഖമുദ്ര. മരണപ്പെടുന്നതിന് മുമ്പ് വരെ അദ്ദേഹം വായനയ്ക്കായി ജീവിതം മാറ്റിവെച്ചു. വലുപ്പച്ചെറുപ്പമില്ലാതെ ആരില്‍ നിന്നും പുതിയ അറിവുകള്‍ തേടുന്നതിനായി അദ്ദേഹം എന്നും പരിശ്രമിച്ചുകൊണ്ടിരുന്നു. ഓരോ പ്രഭാഷണ പരമ്പരകള്‍ക്ക് പുറപ്പെടുന്നതിന് മുമ്പും ദിവസങ്ങള്‍ നീണ്ട പഠനം നടത്തും. വിഷയത്തില്‍ നിന്നും വഴുതി മാറാതെ ശ്രോതാക്കളെ പിടിച്ചിരുത്തുകയെന്നത് ഏറെ അധ്വാനമുള്ള പ്രവര്‍ത്തിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
ആലപ്പുഴയിലെ തീരദേശ ഗ്രാമമായ തൃക്കുന്നപ്പുഴയില്‍ 1930ലായിരുന്നു ജനനം. ഈഴവ സമൂഹം തിങ്ങി പാര്‍ത്ത പ്രദേശത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച വൈലിത്തറയുടെ സഹപാഠികളെല്ലാം ഇതര മതവിശ്വാസികളായിരുന്നു. ഇത് പില്‍ക്കാലത്ത് ഇതര മതവിശ്വാസങ്ങളെ ആഴത്തില്‍ പഠിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. പിതാവ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മുസ്ലിയാര്‍ മകന്‍ അറിവിന്റെ വിഴിയില്‍ സഞ്ചരിക്കണമെന്ന് അഗ്രഹിച്ചു. കളത്തിപ്പറമ്പില്‍ മൊയ്തീന്‍കുഞ്ഞ് മുസ്ലിയാര്‍, വേണാട് ഹൈദ്രോസ് മുസ്ലിയാര്‍, ആലി മുസ്ലിയാര്‍, വടുതല കുഞ്ഞുബാവ മുസ്ലിയാര്‍ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാര്‍. കുട്ടനാട് തകഴി കുന്നുമ്മ പള്ളിയിലായിരുന്നു ദറസ് പഠനം ആരംഭിച്ചത്. പാപ്പിനപ്പള്ളി മുഹമ്മദ് മുസ്ലിയാരായിരുന്നു അന്ന് മുദരിസ്. തുടര്‍ന്ന് സൂഫിവര്യനുമായ വാഴക്കാടന്‍ മുഹമ്മദ് മുസ്ലിയാരുടെ ദറസിലും ചേര്‍ന്ന് ദറസ് പഠനം നടത്തി. ദറസ് പഠനകാലത്ത് തന്നെ പ്രഭാഷണ രംഗത്ത് കഴിവ് തെളിച്ച അദ്ദേഹത്തിന് 18-ാം വയസില്‍ ജന്മാനാടായ തൃക്കുന്നപ്പുഴയിലെ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ആദ്യ പൊതുപ്രഭാഷണ വേദിയായി. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യന്‍ ആര്യഭട്ട സ്വാമിയുടെ അഭിനന്ദനം വേദിയില്‍ വെച്ച് ഏറ്റുവാങ്ങിയത് അഭിമാനത്തോടെ പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതൊരു തുടക്കമായിരുന്നു, കേരളത്തിലൂടനീളമുള്ള പ്രഭാഷണ വേദികള്‍ കീഴടക്കിയ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയെന്ന യുവ പ്രഭാഷകന്റെ പിറവി. തുടര്‍ന്ന് സമീപ പ്രദേശമായ താമല്ലാക്കല്‍ പ്രഭാഷണ പരമ്പര തന്നെ നടത്തി. ഹരിപ്പാടിനും ആലപ്പുഴയുടെയും പുറത്തേക്ക് യുവ പ്രഭാഷകന്റെ ഖ്യാതി പടര്‍ന്നത് വളരെ വേഗത്തിലായിരുന്നു. പിന്നീട് മലബാര്‍ അദ്ദേഹത്തെ ഏറ്റെടുക്കുന്നതാണ് കണ്ടത്. ഏഴ് ദിവസത്തെ പ്രഭാഷണ പരമ്പര എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറപ്പെടുന്ന വൈലത്തറ ആഴ്ചകള്‍ക്ക് ശേഷവും വീട്ടില്‍ തിരികെ എത്താന്‍ കഴിയാത്ത അവസ്ഥയില്‍ വരെ എത്തി. പരമ്പരയ്ക്ക് അനുവദിച്ച ദിവസം കഴിഞ്ഞിട്ടും പലനാടും അദ്ദേഹത്തെ മടങ്ങാന്‍ അനുവദിക്കാത്ത സഹചര്യം വരെ സംജാതമായി. മലബാറിന്റെ ഹൃദയം കീഴടക്കിയ മുന്നേറിയ അദ്ദേഹം അവിടത്തെ ആത്മീയ രാഷട്രീയ രംഗത്തെ പ്രമുഖരുമായി വേഗത്തില്‍ അടുക്കുകയും ചെയ്തു. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്ലിയാര്‍, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍ തുടങ്ങി കാലയവനികയിലേക്ക് മറഞ്ഞ മഹാരതന്മാരുമായി അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയുരുന്നത്. തന്റെ വിശ്വാസ പ്രമാണങ്ങളെ ഉറക്കെ പറയുമ്പോഴും ഇതര മതവിശ്വാസികളെയും അദ്ദേഹം ചേര്‍ത്ത് നിര്‍ത്തി. അതിനാല്‍ തന്നെ പ്രഭാഷണ വേദികളില്‍ അദ്ദേഹത്തെ കേള്‍ക്കാന്‍ ഇതര മതസ്ഥര്‍ ഒഴുകിയെത്തുമായിരുന്നു. തൃക്കുന്നപ്പുഴയിലെ എസ്.എന്‍.ഡി.പി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം പെരുന്നാള്‍ ദിവസം ഇതര മതസ്ഥര്‍ക്കായി വീട്ടില്‍ തന്നെ പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.

 

Continue Reading

Video Stories

വയനാട് സ്കൂളിൽ 86 കുട്ടികൾക്ക് ഛർദിയും വയറുവേദനയും: ഭക്ഷ്യവിഷബാധയെന്ന് സംശയം

ഇതില്‍ 12 പേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

വയനാട്ടിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ലക്കിടി ജവഹര്‍ നവോദയ സ്‌കൂളിലെ 86 കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥ്യം അനുഭവപ്പെട്ടു.
കുട്ടികളെ എല്ലാവരെയും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 12 പേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂളില്‍ താമസിച്ച്‌ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഇന്നലെ രാത്രി മുതല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട 86 കുട്ടികളെ ഉടന്‍ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് എങ്ങനെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നത് വ്യക്തമല്ല. ആരോഗ്യവിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending