Connect with us

Video Stories

ബി.ജെ.പി കെണിവെച്ചത് രാഹുലിന് വീണത് സിദ്ധുവിന്റെ ചാണക്യ തന്ത്രത്തില്‍

Published

on

അഹമ്മദ് ഷരീഫ് പി.വി

ചാടിച്ചും, ചാക്കിട്ടും, പണം നല്‍കിയും ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരം കയ്യടക്കിയ ബി.ജെ.പി ദക്ഷിണേന്ത്യയില്‍ കച്ചിത്തുരുമ്പ് തേടി നടത്തുന്ന കുടില തന്ത്രങ്ങളുടെ ഉത്തമ ഉദാഹരണമാണ് കര്‍ണാടകയില്‍ നിന്നും കാണാനാവുന്നത്. അഞ്ചുവര്‍ഷം മുഖ്യമന്ത്രിക്കസേരയില്‍ തികച്ചിരിക്കാന്‍ കഴിയാതിരുന്ന കന്നഡിക രാഷ്ട്രീയക്കാര്‍ക്ക് മുന്നില്‍ നെഞ്ചു വിരിച്ച് അഞ്ചു വര്‍ഷം തികച്ച സിദ്ധരാമയ്യയെന്ന രാഷ്ട്രീയ ചാണക്യനു മുന്നില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ ഏറെ പിന്നാക്കം പോകേണ്ടി വന്ന ബി.ജെ.പിക്ക് കര്‍ണാടകയിലേക്കു കരുതി വെച്ച ഗുണ്ട് ചീറ്റിയതാണ് നിലവിലെ വെപ്രാളങ്ങള്‍ക്ക് കാരണം. തലസ്ഥാനമായ ബംഗളൂരുവിലൂടെ കടന്നു പോകുന്ന ഒരാള്‍ക്ക് ഈ സംസ്ഥാനത്ത് തന്നെയല്ലേ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന സംശയം തോന്നിയേക്കാം. കാരണം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന മോദിയും അമിത് ഷായുമൊന്നും ഇവിടെ ചര്‍ച്ച പോലുമല്ല. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മുന്‍നിര നേതാക്കളുടെ വാചോടാപം ഒഴിവാക്കിയാല്‍ ബി.ജെ.പി ബഹുദൂരം പിന്നിലാണ്. ഏറെ പിന്നിലായ ബി.ജെ.പി പ്രതീക്ഷിച്ചത് പ്രധാനമന്ത്രി മോദിയുടെ വാചക കസര്‍ത്തിലൂടെ പിടിച്ചു നില്‍ക്കാമെന്നായിരുന്നു. രാഹുലിനെ പഴിച്ച് കോണ്‍ഗ്രസിനെ പിടിച്ചുലക്കാമെന്ന ഉത്തരേന്ത്യയിലും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പയറ്റിയ അതേ തന്ത്രമാണ് കര്‍ണാടകയിലും മോദി പയറ്റുന്നത്. പക്ഷേ മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സംഭവിച്ചതു പോലെയല്ല കര്‍ണാടകയില്‍ ഇതുവരെ സംഭവിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
നടക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പായതിനാല്‍ മോദിയുടെ അന്താരാഷ്ട്ര കരാറുകളും വാചക കസര്‍ത്തുകളുമൊന്നുമല്ല, സംസ്ഥാന വിഷയങ്ങളാണ് ചര്‍ച്ചയാവേണ്ടതെന്നാണ് കന്നഡികര്‍ പറയുന്നത്. സിദ്ധരാമയ്യ സര്‍ക്കാറിന്റെ നേട്ടങ്ങളെ കുറിച്ച് 15 മിനിറ്റ് സംസാരിക്കാന്‍ രാഹുലിനെ വെല്ലുവിളിച്ചു തുടങ്ങിയ മോദിക്ക് പക്ഷേ മറുപടി മുറക്ക് ലഭിക്കുന്നത് സിദ്ധരാമയ്യയില്‍ നിന്നാണ്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഫലപ്രദമായി ഉപയോഗിക്കുന്ന സിദ്ധരാമയ്യ ട്വീറ്റുകളിലൂടെ മോദിയെ പ്രതിരോധത്തിലാക്കുകയാണ്. വെല്ലുവിളി താനുമായാകാമെന്നും പരസ്യമായ സംവാദത്തിന് തയാറെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. കോണ്‍ഗ്രസിന്റെ മുന്‍കാല അഴിമതികളെ കുറിച്ച് വാചാലനാവുന്ന പ്രധാനമന്ത്രിക്ക് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്ന യെദ്യൂരപ്പയുടെ മുന്‍കാല ചരിത്രം തുറന്നു കാട്ടിയാണ് സിദ്ധരാമയ്യ മറുപടി നല്‍കുന്നത്. രാഹുലില്‍ പിടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം വരുതിയിലാക്കാമെന്ന ബി.ജെ.പി പോള്‍മാനേജ്‌മെന്റിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചത് ഇവിടെയാണ്. സിദ്ധരാമയ്യക്കെതിരെ കാര്യമായആരോപണമുന്നയിക്കാതെ രാഹുലിനെയും മുന്‍ഗാമികളെയും കടന്നാക്രമിക്കുന്ന പതിവ് രീതിയിലൂടെയാണ് മോദി മുന്നോട്ടു പോയിരുന്നത്. എന്നാല്‍ സിദ്ധയുടെ മണ്ണിന്റെ മകന്‍ വാദവും കുറിക്കു കൊള്ളുന്ന ട്വീറ്റുകളും ഉണ്ടാക്കുന്ന അപകടത്തെ കുറിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ഉത്തമ ബോധ്യമുണ്ട്. ഇത് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതോടെയാണ് സിദ്ധരാമയ്യ അഴിമതിക്കാരനെന്ന പുതിയ വാദവുമായി മോദി തന്നെ രംഗത്തു വന്നത്. നനഞ്ഞിടം കുഴിക്കുന്ന പതിവ് കലാപരിപാടി പക്ഷേ സാധാരണക്കാരുടെ പള്‍സ് അറിയുന്ന മുഖ്യന് നേരെ നടക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ പി.പി.പി പ്രയോഗം പോലും തെളിയിക്കുന്നത്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പക്ക് സിദ്ധരാമയ്യയെ പോലെ ജനങ്ങളില്‍ വലിയ ഓളമുണ്ടാക്കാന്‍ കഴിയാത്തതും ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന നേതാക്കളെ കുറ്റപ്പെടുത്തുന്നതിനേക്കാളും കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ കടന്നാക്രമിക്കുന്നതാണ് ദേശീയ തലത്തില്‍ നേട്ടമാവുകയെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വവും കരുതുന്നു. പക്ഷേ തെരഞ്ഞെടുപ്പ് മോദിയും രാഹുലും തമ്മിലുള്ള പോരാട്ടമാക്കുന്നതിന്റെ അപകടം തുടക്കത്തിലെ തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം ഈ കെണിയില്‍അകപ്പെടാതെ ഭംഗിയായി രക്ഷപ്പെടുകയും രാഷ്ട്രീയ ചാണക്യനായ സിദ്ധരാമയ്യയെ മുന്‍ നിര്‍ത്തി പോരാട്ടം കൊഴുപ്പിക്കുകയും ചെയ്തു. രാഹുല്‍ ഒരു ഭാഗത്ത് മോദിക്കെതിരെആഞ്ഞടിക്കുമ്പോഴും സിദ്ധരാമയ്യയെ മുന്‍ നിര്‍ത്തി സംസ്ഥാന വിഷയങ്ങള്‍ തുറന്നിടാനാണ് കോണ്‍ഗ്രസ് മുതിരുന്നത്. സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ സംഭാവനകളും, സംസ്ഥാന നേട്ടവും മുന്‍നിര്‍ത്തി മോദിക്കെതിരെ നിരന്തര ചോദ്യങ്ങളുമായി സിദ്ധുവിന്റ അഡാര്‍ ട്വീറ്റുകള്‍ വൈറലാവുകയും ചെയ്യുന്നു. സംസ്ഥാന ബി.ജെ.പിയുടെ ആത്മ ധൈര്യം തീര്‍ത്തും ദുര്‍ബലമാണ്. മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇക്കാര്യം പേരുവെളിപ്പെടുത്തരുതെന്ന മുഖവുരയോടെ സമ്മതിക്കുന്നുണ്ട്.
വോട്ടെടുപ്പിന് മുമ്പേ പരാജയം പല നേതാക്കളും സമ്മതിക്കുന്നുമുണ്ട്. പക്ഷേ അവര്‍ ഗുജറാത്തില്‍ സംഭവിച്ചതു പോലെ മോദിയുടെ അവസാന തുരുപ്പു ചീട്ടുകളിലാണ് നേരിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നത്. ഒപ്പം അമിത് ഷായുടെ ധ്രുവീകരണ പ്രചാരവും അവസാന നാളുകളില്‍ ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്. ബംഗളൂരുവിനെ ഗാര്‍ബേജ് സിറ്റിയെന്ന് വിളിച്ച മോദിയുടെ നടപടി വിപരീത ഫലമാണ് ഉണ്ടാക്കുകയെന്ന് പ്രാദേശിക ബി.ജെ.പി നേതാക്കള്‍ പറയുന്നു. സിദ്ധരാമയ്യക്കു മുമ്പ് സംസ്ഥാനം ഭരിച്ച യെദ്യൂരപ്പ സര്‍ക്കാറിനെ അപേക്ഷിച്ച് നഗരത്തിലുണ്ടായ പുരോഗതി തീര്‍ത്തും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നാണ് ഇവര്‍ പറയുന്നത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അഴിമതി നടന്നത് യെദ്യൂരപ്പയുടെ കാലത്താണ്. സിദ്ധരാമയ്യ സര്‍ക്കാര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കിയ സഹായങ്ങളും ഇന്ദിരാ കാന്റീന്‍ പോലുള്ള വിഷയങ്ങളും വോട്ടായി മാറാനുള്ള സാധ്യത കൂടുതലാണ്. നിലവിലെ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ സംതൃപ്തി പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് രാഹുലും മോദിയും തമ്മിലുള്ള പോരാട്ടമാക്കി തെരഞ്ഞെടുപ്പിനെ മാറ്റാന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ഒരു മാസക്കാലം കര്‍ണാടകയിലുടനീളം പ്രചാരണം നടത്തിയിട്ടും അമിത് ഷാക്ക് ഒരു ചലനവും ഉണ്ടാക്കാനായില്ലെന്നതിന്റെ തെളിവാണ് പുതിയ ആരോപണങ്ങളും തീവ്ര ഹിന്ദുത്വ നിലപാടുകളുമെന്ന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് പറയുന്നു. ജെ.ഡി.എസ്-ബി.ജെ.പി രഹസ്യ സഖ്യം പുറത്തായതിന്റെ ജാള്യത മറക്കാനാണ് കോണ്‍ഗ്രസിനെ ജെ.ഡി.എസ് സഹായിക്കുമെന്ന നിലാപാടിലേക്ക് മോദി മലക്കം മറഞ്ഞതെന്നും അദ്ദേഹം പറയുന്നു. 75 പിന്നിട്ടവരെ മുഖ്യമന്ത്രി, മന്ത്രിക്കസേരകളില്‍ നിന്നും മാറ്റുക എന്ന തീരുമാനം കര്‍ണാടകയിലും ബി.ജെ.പി പയറ്റിയാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്ന യെദ്യൂരപ്പയെ തഴയാനും സാധ്യതയുണ്ടെന്ന് ലിംഗായത്ത് നേതാക്കളും ആശങ്കപ്പെടുന്നുണ്ട്. മോദിയും രാഹുലും കര്‍ണാടകയില്‍ വിഷയമല്ലെന്നും ഇവിടെ സംസ്ഥാന കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കന്നഡികര്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍, കാവേരി, മഹാദായി തുടങ്ങിയ നദീ ജല പ്രശ്‌നങ്ങള്‍ എന്നിവയിലാണ് കാര്യമായി ശ്രദ്ധ കൊടുക്കുന്നത്. ഇവിടെ സിദ്ധരാമയ്യ, യെദ്യൂരപ്പ, കുമാര സ്വാമി ഇവരൊക്കെയാണ് ചര്‍ച്ച. എല്ലാ പാര്‍ട്ടികളും ഇവരെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും രാഷ്ട്രീയനിരീക്ഷകനായ രാമചന്ദ്ര മഹാരുദ്രപ്പ പറയുന്നു. പക്ഷേ കനത്ത പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ ബി.ജെ.പി പൂര്‍ണമായും പ്രതീക്ഷ അര്‍പ്പിക്കുന്നത് മോദിയിലാണ്. അതേ സമയം രാഹുലും മോദിയും തമ്മിലുള്ള പോരാട്ടമാണ്‌നടക്കുന്നതെന്ന വാദം ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പ അംഗീകരിക്കുന്നില്ല. രാഹുല്‍ ഇവിടെ വിഷയമല്ലെന്നും സിദ്ധരാമയ്യ മോദിയുമായി താരതമ്യംചെയ്യാന്‍ പറ്റാത്ത ആളാണെന്നുമാണ് അദ്ദേഹത്തിന്റെവാദം.
കോണ്‍ഗ്രസിനെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു ഭയവുമില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുന്ന സിദ്ധരാമയ്യ മോദിയേയും യെദ്യൂരപ്പയേയും കണക്കിന വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ദേശീയ വിഷയങ്ങള്‍ വിട്ട് സംസ്ഥാന വിഷയം ചര്‍ച്ച ചെയ്യാന്‍ ഇരുവരേയും വെല്ലുവിളിക്കുകയുംചെയ്യുന്നു. ഇവിടെയാണ് സിദ്ധരാമയ്യ എന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരന്റെ വിജയം. മോദി നൂറ് തവണ വന്നാലും മണ്ണിന്റെ മകന്‍ സിദ്ധാന്തം മുറുകെ പിടിക്കുന്ന സിദ്ധരാമയ്യക്ക് അത് പ്രശ്‌നമില്ല താനും.
കര്‍ണാടകയിലെ ബി.ജെ.പി പോഷകാഹാരമില്ലാത്ത ശിശുവിനെ പോലെയാണെന്നും മോദി തെരഞ്ഞെടുപ്പ് കഴിയും വരെ എന്തെങ്കിലും എനര്‍ജി ടോണിക് കൊണ്ടു വരുമെന്ന വിശ്വാസം മാത്രമാണ് അവരെ നയിക്കുന്നതെന്നുമാണ് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവും കര്‍ണാടകയിലെ മുതിര്‍ന്ന അംഗവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മോദിയുടെ പുതിയ നിലപാട് മാറ്റത്തെ കുറിച്ച് പ്രതികരിച്ചത്. ദക്ഷിണേന്ത്യയിലേക്ക് ചൂണ്ടയിട്ട് നില്‍ക്കുന്ന ബി.ജെ.പിക്ക് ചലച്ചിത്ര താരം പ്രകാശ് രാജിനെ പോലുള്ള കറകളഞ്ഞ മതേതര വാദികളും ഉണ്ടാക്കുന്നത് ചെറുതല്ലാത്ത തലവേദനയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending