Connect with us

Video Stories

ബാരാമുള്ളയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള ദൂരം

Published

on

ഷംസീര്‍ കേളോത്ത്

ദക്ഷിണേഷ്യയുടെ വിഭജനം തീര്‍ത്ത മുറിവിന്റെ നീറ്റലുണങ്ങുന്നതിന് മുന്‍പാണ് ചിനാര്‍ മരങ്ങളുടെ നാടായ കാശ്മീരിലേക്ക് പഷ്ത്തൂണ്‍ ഗോത്രവര്‍ഗക്കാര്‍ ഇരച്ചു കയറിയത്. പാക്ക് സേനയുടെ പിന്തുണയോടെയായിരുന്നു അവരുടെ വരവ്. ദക്ഷിണ ജമ്മുവില്‍ രാജാ ഹരിസിംഗിന്റെ ദോഗ്രാ പട്ടാളം നടത്തിയ മുസ്ലിം കൂട്ടക്കൊലയായിരുന്നു അധിനിവേശത്തിനവര്‍ കണ്ടത്തിയ മുറിന്യായം. അഫ്ഗാന്‍ അതിര്‍ത്തിയിലെ വടക്ക് പടിഞ്ഞാറന്‍ ഗോത്രവിഭാഗങ്ങളിലൊന്നായ അഫ്രീദി സായുധ സംഘങ്ങളുടെ നേതൃത്വത്തില്‍ 1947 ഒക്ടോബര്‍ 22ന് ഇന്നത്തെ പാക് നിയന്ത്രിത കാശ്മീരിലെ മുസാഫറാബാദ് പിടിച്ചടക്കി. 21 ഗോത്രങ്ങളുടെ സംയുക്ത സേനയാണന്ന് കാശ്മീരിലെത്തിയത്. മുസാഫറാബാദില്‍ നിന്ന് ബാരാമുള്ളയിലെത്തിയ സായുധ ഗോത്രസംഘം വഴി നീളെ കൊള്ളയും കൊള്ളിവെപ്പും നിര്‍ബാധം തുടര്‍ന്നു. രാജാ ഹരിസിംഗിന്റെ പട്ടാളത്തെ അവര്‍ അനായാസം പരാജയപ്പെടുത്തി. കാശ്മീരിനെ തങ്ങളുടെ രാജ്യവുമായി കൂട്ടിച്ചേര്‍ക്കുകയെന്ന പാക്ക് പദ്ധതിയുടെ ഭാഗമായിരുന്നു ഗോത്രവര്‍ഗ സേനയുടെ കാശ്മീരിലേക്കുള്ള കടന്നുകയറ്റം. കാശ്മീരികളുടെ ഭൂമി ബാരാമുള്ളവരെ കീഴടക്കിയ ഗോത്രസംഘത്തിന് കാശ്മീരികളുടെ മനസ്സ് അന്ന് പക്ഷെ കീഴടക്കാനായില്ല. അക്രമവും അരക്ഷിതാവസ്ഥയും നാടുനീളെ പരന്നപ്പോള്‍ കാശ്മീരികള്‍ അവര്‍ക്കെതിരായി. ബാരാമുള്ളയില്‍ നിന്ന് ശ്രീനഗറിലെത്തി പ്രദേശത്തിന്റെ വിമാനത്താവളമടങ്ങുന്ന പ്രധാന ഭാഗം പിടിക്കാനൊരുങ്ങിയെങ്കിലും ഗോത്രസേനക്ക് അതിന് കഴിഞ്ഞില്ല. അതിന് മുന്‍പെ ഒക്ടോബര്‍ 27ന് ഇന്ത്യന്‍ പട്ടാളം കശ്മീരിലെത്തി. പിന്നീടുള്ള യുദ്ധം ഇന്ത്യന്‍ സേനയും പാക്കിസ്ഥാന്‍ സേനയും തമ്മിലായി. ബാരാമുള്ളയ്ക്കുമപ്പുറം ഉറി എന്ന പ്രദേശം വരെ പാക്കിസ്ഥാന്‍ സൈന്യത്തേയും പഷ്തൂണ്‍ ഗോത്രവിഭഗങ്ങളേയും ഇന്ത്യന്‍ സേന തുരത്തി. പാക് സേന പിന്‍വാങ്ങിയ ആ പ്രദേശത്ത് നിയന്ത്രണ രേഖ വരയ്ക്കപ്പെട്ടു. അങ്ങനെ ഭൂമിയിലെ സ്വര്‍ഗം ഇന്ത്യയും പാക്കിസ്ഥാനും പങ്കിട്ടെടുത്തു. തുടര്‍ന്നങ്ങോട്ടുള്ള ചരിത്രം കാശ്മീരികളെ സംബന്ധിച്ചിടത്തോളം രക്തപങ്കിലമാണ്.

കാശ്മീര്‍ തങ്ങളുടെ കീഴില്‍ സ്വതന്ത്ര നാട്ടുരാജ്യമായി നിലനില്‍ക്കണമെന്നാഗ്രഹിച്ച രാജാ ഹരിസിംഗിന്റെ മനസ്സ് ഇന്ത്യക്കെതിരായിരുന്നു. തല്‍സ്ഥിതി തുടരാമെന്നുള്ള കരാറ് പാക്കിസ്ഥാനുമായി അദ്ദേഹം ഒപ്പുവെക്കുക പോലുമുണ്ടായി. ഗോത്രസേനയുടെ അധിനിവേശമുണ്ടായപ്പോള്‍ ഗത്യന്തരമില്ലാതെയാണ് ഹരിസിംഗ് ഇന്ത്യന്‍ യൂണിയിനില്‍ ചേരാമെന്ന് ഒക്ടോബര്‍ 26ന് കരാറിലെത്തിയത്്. അപ്പോഴേക്കും കാശ്മീരിന്റെ വലിയൊരു ഭാഗം പഷ്തൂണ്‍ ഗോത്രവിഭാഗങ്ങള്‍ കീഴടക്കിയിരുന്നു. ഒക്ടോബര്‍ 24ന് ബാരമുള്ളയിലെത്തിയ ഗോത്രസൈന്യത്തിന് അമ്പത്തിനാല് കിലോമീറ്റര്‍ മാത്രമകലയുള്ള ശ്രീനഗറിലെത്താന്‍ കഴിയാതെ പോയെതാണ് കാശ്മീരിന്റെ ചരിത്രം മാറ്റിമറിച്ചത്. ഒക്ടോബര്‍ 27ന് ഇന്ത്യന്‍ പട്ടാളം ശ്രീനഗറിലുള്ള എയര്‍ഫീല്‍ഡില്‍ ഇറങ്ങുന്നതിന് മുന്‍പ് ശ്രീനഗറിലെത്താന്‍ അവര്‍ക്കായില്ല. കാശ്മീര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം അവര്‍ക്ക് കിട്ടിയിരുന്നുവെങ്കില്‍ ഇന്ത്യന്‍ പട്ടാളത്തിന് അതിശൈത്യത്തെ മറികടന്ന് കരമാര്‍ഗം താഴ്‌വരയിലെത്താന്‍ കഴിയുമായിരുന്നില്ല. ഓക്ടോബര്‍ 25നകം പഷ്തൂണ്‍ ഗോത്രസേന ശ്രീനഗര്‍ എയര്‍പോര്‍ട്ടിന്റെ നിയന്ത്രണം കൈക്കലാക്കുമെന്നായിരുന്നു പാക്കിസ്ഥാന്റെ കണക്കുകൂട്ടല്‍. ബാരാമുള്ളയിലെ സംഭവവികാസങ്ങളാണ് ജമ്മുകാശ്മീര്‍ പിടിക്കാനുള്ള പാക്കിസ്ഥാന്റെ ഓപ്പറേഷന്‍ ഗുല്‍മാര്‍ഗ് അന്ന് തകര്‍ത്ത് കളഞ്ഞത്. കൊള്ളയിലും അക്രമത്തിലും മതിമറന്ന പഷ്തൂണ്‍ സേന ശ്രീനഗറിലെത്താന്‍ വൈകികൊണ്ടിരുന്നു. അത് കൂടാതെ മഖ്ബൂല്‍ ഷര്‍വാനി എന്ന പേരുള്ള 19 വയസ്സുകാരന്‍ കാശ്മീരി യുവാവ് ശ്രീനഗറിലേക്കുള്ള വഴി താന്‍ കാണിച്ച് തരാമെന്ന് പറഞ്ഞ് കൂടെ കൂടി പരിചയമില്ലാത്ത പ്രദേശത്ത് ഗോത്രസേനയെ പരമാവധി വട്ടം ചുറ്റിച്ചു. വളരെ പ്രധാനപ്പെട്ട ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് മഖ്ബൂല്‍ ഇന്ത്യക്ക് അനുകൂലമാണന്നും അവന്‍ തങ്ങളെ വട്ടം ചുറ്റിച്ചുകൊണ്ടിരിക്കയാണന്നുമുള്ള കാര്യം ഗോത്രവിഭാഗക്കാര്‍ക്ക് മനസ്സിലായത്. മഖ്ബൂലിനെയവര്‍ മരപ്പലകയോട് ചേര്‍ത്ത് നിര്‍ത്തി ആണിയടിച്ച് പരസ്യമായി വെടിവെച്ചു കൊന്നു. കുരിശിലേറ്റപ്പെട്ട ആ കാശ്മീരി യുവാവ് അന്ന് ഇന്ത്യക്കൊപ്പം നിന്നില്ലെങ്കില്‍ ഇന്ന് കാശ്മീരിന്റെ ഭാവി മറ്റൊന്നായേനെ. ഇന്ത്യന്‍ സേന വ്യോമമാര്‍ഗം ശ്രീനഗറിലിറങ്ങിയിട്ട് പതിനൊന്ന് ദിവസം കഴിഞ്ഞതിന് ശേഷം മാത്രമാണ് ഗോത്രസേനയ്ക്ക് ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളിലെങ്കിലും എത്താനായത്. മഖ്ബൂല്‍ ഷര്‍വാനി കശ്മീരികളുടെ ധീരരക്തസാക്ഷിയായി ഏറെക്കാലം തുടര്‍ന്നു; കാശ്മീരികളുടെ പൊതുമനസ്സ് ഇന്ത്യക്കെതിരാവുന്നത് വരെ. മഖ്ബൂല്‍ ഷര്‍വാനിയുടെ രക്തസാക്ഷ്യത്തിന്റെ മുപ്പത്തിയേഴാം ആണ്ട് വര്‍ഷം, 1984-ഫെബ്രുവരി പതിനൊന്നിന് അദ്ദേഹത്തിന്റെ തന്നെ നാടായ ബാരമുള്ള സ്വദേശിയായ മറ്റൊരു മഖ്ബൂല്‍ ഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ടു. ഇരു രാജ്യങ്ങളിലും പെടാതെ കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് പ്രഖ്യാപിച്ച് തോക്കെടുത്ത് പോരാട്ടത്തിനിറങ്ങിയ വ്യക്തിയായിരുന്നു അയാള്‍. പാക്കിസ്ഥാന്‍ ഏജന്റെന്ന് മുദ്രകുത്തി ഇന്ത്യന്‍ സുരക്ഷാ സേനയും ഇന്ത്യന്‍ ഏജന്റെന്ന് ആരോപിച്ച് പാക്ക്‌സേനയും കടുത്ത പീഡനങ്ങള്‍ക്ക് വിധേയമാക്കിയ മഖ്ബൂല്‍ ഭട്ട് ഇന്ന് കാശ്മീരികളുടെ സ്വയംനിര്‍ണ്ണയാവകാശത്തിന്റെ പ്രതീകമാണ്. മഖ്ബൂലിനെ തീഹാര്‍ വളപ്പിലാണ് അന്ന് സംസ്‌ക്കരിച്ചത്. അയാളുടെ ഭൗതികശരീരം കാശ്മീരിലെത്താന്‍ ഇന്ത്യയനുവദിച്ചില്ല. മഖ്ബൂല്‍ ഷര്‍വാനിയില്‍ നിന്ന് മഖ്ബൂല്‍ ഭട്ടിലെത്തിയപ്പോഴേക്കും കാശ്മീരികള്‍ ഏറെ മാറിക്കഴിഞ്ഞിരുന്നു. കാശ്മീരികളുടെ മനസ്സ് ജയിക്കാന്‍ ശ്രമിക്കുന്നതിന് പകരം അവരുടെ മണ്ണിനെ ജയിക്കാനുള്ള നീക്കങ്ങളാണ് അവരെ മാറ്റിയത്്. ഷേറെ കാശ്മീര്‍ ഷൈഖ് അബ്ദുള്ള തടവിലാക്കപ്പെട്ടത് മുതല്‍ തെരഞ്ഞടുപ്പ് അട്ടിമറികളും സൈന്യത്തിന്റെ പ്രത്യേകാധികാരത്തിന്റെ ദുരുപയോഗവും, മനുഷ്യാവകാശ ലംഘനങ്ങളും ജമ്മുകാശ്മീരിന്റെ പ്രത്യേകാധികാരങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെട്ടതും വലിയൊരു വിഭാഗം കാശ്മീരികളെ ഇന്ത്യക്കെതിരാക്കുന്നതിലേക്കാണ് നയിച്ചത്.

കഴിഞ്ഞ ആഗ്‌സ്ത് അഞ്ചിന് പാര്‍ലമെന്റില്‍ ആര്‍പ്പ് വിളികളോടെ പാസ്സാക്കപ്പെട്ട ജമ്മുകാശ്മീര്‍ പുനഃസംഘടനാ നിയമവും ആര്‍ട്ടിക്കിള്‍ 370നെ റദ്ദാക്കാനുള്ള പ്രമേയവുമൊക്കെ കാശ്മീരികളെ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ അകറ്റാനാണ് കാരണമാവുക. ആഴ്ച്ചകളായി തുടരുന്ന കര്‍ഫ്യൂ കാശ്മീരിലെ ജീവിതം ദുസ്സഹമാക്കിയെന്നാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ഡ്രെസിന്റെ നേതൃത്വത്തില്‍ കാശ്മീര്‍ സന്ദര്‍ശിച്ച സംഘം ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തി പറഞ്ഞത്. കുട്ടികളടക്കമുള്ളവര്‍ തടവിലാക്കപ്പെടുന്നുണ്ടന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ഇന്ത്യന്‍ മാധ്യങ്ങള്‍ അതിദേശീയത വിളമ്പുമ്പോഴും അന്താരാഷ്ട്രമാധ്യങ്ങള്‍ പുറത്ത് വിടുന്ന വാര്‍ത്തകള്‍ ഒരിക്കലും രാജ്യത്തിന് ശുഭകരമല്ല. എഴുപത് ലക്ഷം കാശ്മീരികളെ എത്രകാലമാണ് തോക്കിന്‍ മുനയില്‍ നിര്‍ത്തി അനുസരിപ്പിക്കാനാവുക. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ പൊരുതി നേടിയ സ്വാതന്ത്യം ആത്മവായുവായി കാണുന്ന ഇന്ത്യക്കെങ്ങനെയാണ് കാശ്മീരികളുടെ സ്വയംനിര്‍ണ്ണയാവകാശത്തിനായുള്ള അവകാശവാദത്തെ ഏറെക്കാലം മറച്ച് പിടിക്കാനാവുക. 2017ല്‍ ലേഖകന്‍ കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ലാല്‍ബസാറിലെ പള്ളിക്ക് പിറകിലുള്ള മസാറെ-ശുഹദാ കാണാന്‍ പോയിരുന്നു. 2002ല്‍ വിഘടനവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട അബ്ദുള്‍ ഗനി ലോണിന്റെ ഖബറടക്കം സായുധ പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടേ ഖബറുകളാണ് അവിടെ കാണാനായത്. കാശ്മീരിലങ്ങോളമിങ്ങോളം ഇത്തരത്തിലുള്ള നിരവധി മാസാറെ-ശുഹദാ കാണാനാവും. കലാപങ്ങളുടെയും വെടിയൊച്ചകളുടേയും നാടായി കാശ്മീര്‍ തുടര്‍ന്നാല്‍ വിധ്വംസക ശക്തികള്‍ ശക്തിപ്പെടുക മാത്രമാണുണ്ടാവുക.

എണ്‍പതുകളുടെ അവസാന നാളുകളും തൊന്നൂറുകളുടെ ആദ്യദിനങ്ങളുമായിരുന്നു കാശ്മീര്‍ വിഘടനവാദം അതിന്റെ ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരുന്ന കാലം. 1987-ല്‍ കാശ്മീരില്‍ നടന്ന തെരഞ്ഞടുപ്പില്‍ ജനവിധി അട്ടിമറിക്കപ്പെട്ടതും അഫ്ഗാന്‍ യുദ്ധം അവസാനിച്ചതുമായിരുന്നു അതിലേക്ക് നയിച്ച ഘടകങ്ങള്‍. കാശ്മീരി യുവാക്കള്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസ്യത നഷ്ടമായതും അവര്‍ വന്‍തോതില്‍ വിഘടനവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതും അക്കാലത്താണ്. അന്ന് തെരഞ്ഞടുപ്പില്‍ മുസ്ലിം ഐക്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി ശ്രീനഗറില്‍ മല്‍സരിച്ച സയ്യിദ് സലാഹുദ്ദീന്‍ വിജയിച്ചെങ്കിലും യഥാര്‍ത്ഥ വിജയിയായി അധികൃതര്‍ പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ എതിരാളിയായ ഗുലാം മൊഹിയുദ്ധീന്‍ ഷായെ ആയിരുന്നു. പരാജയം സമ്മതിച്ച് വീട്ടിലേക്ക് പോയ ഗുലാം മൊഹിയുദ്ധീനെ രണ്ടാമത് വിളിച്ചു വരുത്തിയാണ് വിജയവിവരമറിയിച്ചത്. 1987-ല്‍ ജനാധിപത്യം തെരഞ്ഞടുത്ത സയ്യിദ് സലാഹുദ്ദീന്‍ പിന്നീട് കളം മാറ്റിചവിട്ടി. ഇന്ന് തീവ്രവാദ സംഘടനയായ ഹിസ്ബൂള്‍ മുജാഹിദീന്റെ തലവനാണയാള്‍. കാശ്മീരിലും രാജ്യത്തിന്റെ മറ്റ് പലഭാഗങ്ങളിലും അരങ്ങേറിയ തീവ്രവാദ ആക്രമണങ്ങളുടെ സൂത്രധാരന്‍മാരില്‍ പ്രധാനിയെന്നാണ് ഇദ്ദേഹത്തെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ വിശേഷിപ്പിക്കുന്നത്. അന്ന് ആ മുന്നണിയുടെ തന്നെ ഭാഗമായിരുന്ന ‘ഹാജി’ ഗ്രൂപ്പെന്ന പേരിലറിയപ്പെടുന്ന അബ്ദുള്‍ ഹാമിദ് ഷെയ്ഖ്, അശ്ഫാഖ് മജീദ് വാനി, ജാവേദ് അഹമദ് മീര്‍, മെഹമ്മദ് യാസീന്‍ മാലിക് എന്നിവരാണ് ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) എന്ന സായുധ സംഘത്തിന് ജന്മം നല്‍കിയത്. ജനപിന്തുണ നഷ്ടപ്പെട്ട ഫാറൂഖ് അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് അനുകൂലമായി 1987 നിയമസഭാ തെരഞ്ഞടുപ്പ് കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചതാണ് ഇന്ന് കാശ്മീരില്‍ കാണുന്ന ഒട്ടുമിക്ക തീവ്രവാദ സംഘങ്ങളുടേയും രൂപീകരണത്തിലേക്ക് നയിച്ചതെന്ന് പല നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റൊരു ഘടകം അഫ്ഗാന്‍ യുദ്ധം അവസാനിച്ചതായിരുന്നു. പാക്ക്പിന്തുണയുള്ള വടക്ക്പടിഞ്ഞാറന്‍ സായുധ ഗോത്രവിഭഗങ്ങള്‍ അഫ്ാഗാന് പകരം കാശ്മീര്‍ ലക്ഷ്യമാക്കി പോരാട്ടം കനപ്പിച്ചതും സ്ഥിതിഗതികള്‍ വഷളാക്കി.

സമാനമായ സാഹചര്യമാണ് കാശ്മീരില്‍ ഇന്ന് കാണാനാവുക. അമേരിക്കയും താലിബാനും തമ്മിലുള്ള സമാധാനചര്‍ച്ചകള്‍ ഫലപ്രദമായി പര്യവസാനിക്കുകയും പാക്ക് ഐ.എസ്.ഐ പിന്തുണയുള്ള വടക്ക്-പടിഞ്ഞാറന്‍ ഗോത്രസൈന്യത്തിന്റെ ആധുനിക രൂപാന്തരമായ ഹഖാനി നെറ്റ്‌വര്‍ക്ക് അടക്കമുള്ള തീവ്രവാദ സംഘങ്ങള്‍ കാശ്മീരിനെ ഉന്നം വെക്കുകയും കൂടി ചെയ്താല്‍ സ്ഥിതിഗതികള്‍ വഷളാവും. പ്രത്യേകിച്ച് കാശ്മീരിലെ ഇന്ത്യന്‍ അനുകൂല മുഖ്യധാരാ പാര്‍ട്ടികളെ പോലും കേന്ദ്ര സര്‍ക്കാര്‍ അന്യവല്‍ക്കരിച്ചിരിക്കുന്ന ഈ ഒരു സാഹചര്യത്തില്‍. ആര്‍ട്ടിക്കിള്‍ 370ന്റെ പരിരക്ഷയാണ് കാശ്മീരി ജനതയെ എന്നും ഇന്ത്യയുമായി ചേര്‍ത്ത് നിര്‍ത്തിയത്. അത് പോലും റദ്ദാക്കിയിരിക്കുന്ന സാഹചര്യത്തില്‍ കാശ്മീരിന്റെ മണ്ണും മനസ്സും ഇന്ത്യേയോട് ചേര്‍ത്ത് നിര്‍ത്തുക അതീവ ദുഷ്‌ക്കരമാവും. ആര്‍.എസ്.എസിന്റെ ഉരുക്കുമുഷ്ടി നയം ഇന്ത്യപോലുള്ള നാനാജാതി-ദേശാ-ഭാഷാ സമൂഹങ്ങള്‍ നിലനില്‍ക്കുന്ന ഒരു നാടിനെ അസ്ഥിരപ്പെടുത്താന്‍ മാത്രമാണ് സഹായിക്കുക. മാനവികതയിലൂന്നിയ സമീപനത്തിലൂടെ മാത്രമേ കാശ്മീരികളുടെ മനസ്സ് ജയിക്കാന്‍ ഇന്ത്യക്ക് സാധിക്കുകയുള്ളൂ. ആ തിരിച്ചറിവായിരുന്നു നെഹറുവിനെയും അംബ്ദേകറേയും പോലുള്ള രാഷ്ട്രശില്‍പ്പികളെ കാശ്മീരിന് പ്രത്യേക പരിഗണന നല്‍കാന്‍ പ്രേരിപ്പിച്ചത്. എന്താണോ പഷ്തൂണുകള്‍ കാശ്മീരികളോട് ചെയ്തത് അത് ഇന്ത്യ അവരോട് ചെയ്യില്ലന്ന വിശ്വാസമാണ് അവരെ ഇന്ത്യക്കൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 370ന്റെ പ്രസക്തിയും അത് തന്നെയായിരുന്നു. ആ നയമാണ് മഖ്ബൂല്‍ ഷര്‍വാനിയെയും ഷൈഖ് അബുദുല്ലയേയും പോലുള്ളവരെ ഇന്ത്യയോട് ചേര്‍ത്ത് നിര്‍ത്തിയത്. അതില്‍ വെള്ളംകലര്‍ന്നപ്പോഴാണ് മഖ്ബൂല്‍ ഭട്ടുമാര്‍ സൃഷ്ടിക്കപ്പെട്ടത്. കാശ്മീരിന് മാത്രമല്ല നാഗാലാന്റ് മിസോറാം തുടങ്ങിയ വ്യത്യസ്ത ദേശീയതകളെ ഇന്ത്യന്‍ യൂണിയനോട് ചേര്‍ത്ത് നിര്‍ത്തിയതും സഹവര്‍ത്തിത്വത്തിന്റെ ഉജ്ജ്വല മുദ്രാവാക്യമായ നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപിടിച്ചായിരുന്നു. എന്നാല്‍ ഇന്ന് ഭരണകക്ഷി ഉയര്‍ത്തുന്നത് വ്യത്യസ്തതകളെ ഇല്ലാതാക്കുന്ന ഏകസ്വരത്തിലുള്ള ഒരൊറ്റ മുദ്രാവാക്യമാണ്. വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള ചവിട്ടു പടികളിലൊന്നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയുള്ള സര്‍ക്കാര്‍ നടപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ട്രൂ ലവ്! ;കാമുകിക്ക് മുന്നില്‍ ആളാവാന്‍ വേണ്ടി 19കാരന്‍ മോഷ്ടിച്ചത് 13 ബൈക്കുകള്‍, ഒടുവില്‍ അറസ്റ്റ്

പുണെ, സോലാപൂര്‍, ലാതൂര്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്നെല്ലാമാണ് ഭാസ്‌കര്‍ മോഷ്ടിച്ച ബൈക്കുകള്‍ പൊലീസ് കണ്ടെത്തിയത്

Published

on

തന്റെ പ്രിയപത്‌നി മുംതാസിന് വേണ്ടി ഷാജഹാന്‍ താജ്മഹല്‍ പണിതതുപോലെ, തന്റെ കാമുകിക്കുവേണ്ടി പത്തൊമ്പതുകാരന്‍ മോഷ്ടിച്ചത് 13ഓളം ബൈക്കുകള്‍. ശുഭം ഭാസ്‌കര്‍ പവാറെന്ന മഹാരാഷ്ട്രകാനാണ് കാമുകിയുടെ മുമ്പില്‍ ആളാവാന്‍ വേണ്ടി 16.5 ലക്ഷം രൂപയോളം വിലവരുന്ന ബൈക്കുകള്‍ മോഷ്ടിച്ചത്. എന്നാല്‍ സംഭവത്തിനൊടുവില്‍ മഹാരാഷ്ട്ര താനെ പൊലീസ് യുവാവിനെ പിടികൂടി. പുണെ, സോലാപൂര്‍, ലാതൂര്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്നെല്ലാമാണ് ഭാസ്‌കര്‍ മോഷ്ടിച്ച ബൈക്കുകള്‍ പൊലീസ് കണ്ടെത്തിയത്.

Continue Reading

News

വെള്ളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം കരയിലെത്തിച്ച് മുതല

ഇന്തോനേഷ്യയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

Published

on

വെള്ളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈമാറുന്ന മുതലയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്.

വെള്ളത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തുവച്ച് മുതല നീന്തുന്നതാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് ബോട്ട് ലക്ഷ്യമാക്കി നീങ്ങിയ മുതലയുടെ പുറത്തുനിന്ന് രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിനെ എടുക്കുന്നതും വീഡിയോയില്‍ കാണാം.

ഇന്തോനേഷ്യയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

Continue Reading

Art

ഡോക്യൂമെന്ററി പ്രദര്‍ശനം; ജാമിഅ മില്ലിയയില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കാതെ പൊലീസ്

ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Published

on

ഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന്‍റെ പേരില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കാതെ പൊലീസ്.ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികളെ കാണാന്‍ എത്തിയ അഭിഭാഷകരെ പൊലീസ് തടഞ്ഞു.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ഫത്തേപൂര്‍ ബെരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് വിട്ടയച്ചില്ല. തുടര്‍ന്നാണ് അഭിഭാഷകര്‍ എത്തിയത്. എന്നാല്‍ ഇവരെ സ്റ്റേഷന് അകത്തേക്ക് പൊലീസ് പ്രവേശിപ്പിച്ചില്ല. അഞ്ചു മണിക്കൂര്‍ അഭിഭാഷകര്‍ സ്റ്റേഷന് പുറത്ത് കാത്തുനിന്നു. വനിതാ അഭിഭാഷകരോട് പൊലീസ് മോശമായി പെരുമാറിയെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.

Continue Reading

Trending