Connect with us

Video Stories

അഭിമാനമാണ് ഈ പതാക

Published

on


കെ.പി.എ മജീദ്
(മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി)

1962ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന കാലം. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അഭിവന്ദ്യ നായകന്‍ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്്‌റുവിന് അന്നൊരു കത്തെഴുതി. തന്റെ മകന്‍ മിയാഖാനെ യുദ്ധ മുന്നണിയിലേക്ക് സമര്‍പ്പിക്കുന്നുവെന്ന ആ എഴുത്ത് ചരിത്രത്തിന്റെ ഭാഗമാണ്. അന്ന് ചൈന ചൈനയുടേതും ഇന്ത്യ ഇന്ത്യയുടേതുമെന്നു പറയുന്ന തര്‍ക്കപ്രദേശം എന്ന് ഇന്ത്യന്‍ മണ്ണിനെ വിശേഷിപ്പിച്ച പാര്‍ട്ടിയുടെ പിന്‍മുറക്കാരാണ് ഇപ്പോള്‍ എം.എസ്.എഫ് പാക്കിസ്താന്‍ പതാക ഉയര്‍ത്തി എന്നു പ്രചരിപ്പിച്ച് സംഘ്പരിവാറിനെ സഹായിച്ചത്. മക്‌മോഹന്‍ രേഖയെ അവഗണിച്ച് ഇന്ത്യന്‍ പട്ടാളക്കാരുടെ നെഞ്ചിലേക്ക് നിറയൊഴിച്ച ചൈനയുടെ നടപടിയെ അന്നു ന്യായീകരിച്ചത് സഖാവ് ഇ.എം.എസ്സാണ്. ആ യുദ്ധത്തിന്റെ സമയത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ യുദ്ധ നിധിയിലേക്ക് നീക്കിവെച്ചിരുന്ന ശമ്പള വിഹിതം മുടങ്ങാതെ നല്‍കിയും പ്രായം തളര്‍ത്തിയിട്ടും എം.പിമാരുടെ റൈഫിള്‍ പരേഡില്‍ പങ്കെടുത്തും ദേശക്കൂറ് എന്താണെന്ന് തെളിയിച്ച മഹാനായ മനുഷ്യനാണ് മുസ്‌ലിംലീഗിന്റെ നേതാവ് ഇസ്മാഈല്‍ സാഹിബ്.
സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും ഇന്ത്യയിലെ മുസ്‌ലിംകളെ ദേശക്കൂറില്ലാത്തവരായി ചിത്രീകരിക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. 1947 ഡിസംബറില്‍ കറാച്ചിയില്‍ ചേര്‍ന്ന സര്‍വേന്ത്യാ മുസ്്‌ലിംലീഗിന്റെ അവസാന യോഗം വിഹിതമായി വെച്ചുനീട്ടിയ 17 ലക്ഷം രൂപ വേണ്ടെന്നുവെച്ച പാര്‍ട്ടിയാണ് മുസ്്‌ലിംലീഗ്. കറാച്ചിയില്‍നിന്ന് തിരിക്കുമ്പോള്‍ ഖാഇദെ മില്ലത്ത് പാക്കിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്തലി ഖാനോട് പറഞ്ഞു: ഈ ദിവസം ഞങ്ങള്‍ ഒരു രാജ്യക്കാരാണ്. നിങ്ങള്‍ മറ്റൊരു രാജ്യക്കാരും. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം. പരിഹരിച്ചുകൊള്ളാം. ഞങ്ങളാലാവുന്നതെല്ലാം ചെയ്തുകൊള്ളാം. നിങ്ങള്‍ അതില്‍ തലയിടാന്‍ ശ്രമിക്കരുത്. ഞങ്ങള്‍ക്കനുകൂലമായ സംസാരവും ആവശ്യമില്ല. നിങ്ങളില്‍നിന്ന് ഒരേയൊരു കാര്യമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ നാട്ടില്‍ ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ അഭിമാനം സംരക്ഷിക്കണം. അവരെ ജീവിക്കാന്‍ അനുവദിക്കണം. ഞങ്ങള്‍ക്കതു മതി.’
മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വേണ്ടി ഗവര്‍ണര്‍ ജനറലായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു തന്നെ ഖാഇദെ മില്ലത്തിനെ നേരിട്ടു കണ്ടു. ഖാഇദെ മില്ലത്ത് അന്ന് നല്‍കിയ മറുപടി ഇതാണ്: ‘എന്റെ സ്വന്തം കാര്യത്തില്‍ എത്ര വിട്ടുവീഴ്ച ചെയ്യാനും ഞാനൊരുക്കമാണ്. എന്നാല്‍ ഇത് സമുദായത്തിന്റെ പ്രശ്‌നമാണ്.’ അങ്ങനെ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചാണ് ഖാഇദെ മില്ലത്തും സംഘവും ഈ പ്രസ്ഥാനത്തിന്റെ പതാക ഇന്ത്യന്‍ മണ്ണില്‍ ഉയര്‍ത്തിയത്. 1948ലെ ഹൈദരാബാദ് ആക്ഷന്റെ സമയത്തും പച്ചക്കൊടി കണ്ടാല്‍ ഹാലിളകുന്ന പൊലീസുണ്ടായിരുന്നു. മുസ്‌ലിംലീഗ് ഓഫീസുകള്‍ തകര്‍ത്തും കൊടി നശിപ്പിച്ചും പാണക്കാട് പി.എം. എസ്.എ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ ആദരണീയ നേതാക്കളെ അറസ്റ്റ് ചെയ്തും അവര്‍ ഈ പാര്‍ട്ടിയെ നശിപ്പിക്കാന്‍ പാടുപെട്ടു. ഇന്ത്യ-പാക്കിസ്താന്‍ യുദ്ധ വേളയില്‍ മുസ്‌ലിംലീഗുകാരന്റെ ദേശക്കൂറ് ചോദിച്ചവനോട് കഅ്ബാലയം നിലകൊള്ളുന്ന സഊദി അറേബ്യ ഇന്ത്യയെ ആക്രമിക്കാന്‍വന്നാലും രാജ്യത്തിനുവേണ്ടി ആദ്യം മരിച്ചുവീഴുന്നത് ഞങ്ങളായിരിക്കും എന്നു പറഞ്ഞ സി.എച്ച് മുഹമ്മദ് കോയയുടെ അനുയായികളാണ് മുസ്‌ലിംലീഗുകാര്‍. ഈ പച്ചപ്പതാകയുടെ ചരിത്രമോ ദര്‍ശനമോ എന്താണെന്നറിയാതെ കിട്ടുന്ന അവസരങ്ങളിലെല്ലാം കൊടിയുടെയും വംശത്തിന്റെയും പേരു പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കിയാല്‍ അതിനു നിന്നുതരാന്‍ സൗകര്യമില്ല എന്നേ പറയാനുള്ളൂ.
ഇത്രയേറെ പ്രതിസന്ധികളിലൂടെ കടന്നു വന്ന പ്രസ്ഥാനത്തെ പേരാമ്പ്രയിലെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കാമ്പസില്‍ ഉയര്‍ത്തിയ കൊടിയുടെ പേരില്‍ ഭീഷണിപ്പെടുത്തുന്നത് അങ്ങേയറ്റം ബാലിശമാണ്. കൊടി തലതിരിഞ്ഞുപോയ കുറ്റത്തിന് കുരിശിലേറാന്‍ മാത്രം വിഡ്ഢികളല്ല ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍. അഭിമാനത്തോടെയാണ് അവര്‍ ഈ കൊടി പിടിച്ചത്. ഏഴു പതിറ്റാണ്ടിനിപ്പുറം കേരളത്തിലെ മുസ്‌ലിംകളും പിന്നാക്ക വിഭാഗങ്ങളും വളര്‍ച്ചയുടെയും വികസനത്തിന്റെയും പാതയിലേക്ക് കയറിവന്നത് ഈ പതാകയുടെ തണലില്‍ നിന്നതുകൊണ്ടാണ്. കൊടിയില്‍ സംഭവിച്ച ചെറിയ പിഴവിനെ ഊതിപ്പെരുപ്പിക്കാന്‍ കൂട്ടുനിന്ന സി.പി.എം പ്രവര്‍ത്തകര്‍ സ്വന്തം കൊടിയുടെ ചുവപ്പിലേക്ക് ഒന്നു നോക്കുന്നത് നല്ലതാണ്. അത് ചൈനയുടെ ചുവപ്പാണെന്ന് പറഞ്ഞ് മുസ്‌ലിംലീഗുകാര്‍ നിങ്ങളെ ക്രൂശിക്കുകയില്ല. ഞങ്ങള്‍ക്കറിയാം നിങ്ങളുടെ കൊടി മറ്റൊരു രാജ്യത്തിന്റേതല്ലെന്ന്. അതൊന്ന് തിരിഞ്ഞാലോ മറിഞ്ഞാലോ സൂക്ഷ്മദര്‍ശിനി ഉപയോഗിച്ച് ദേശക്കൂറ് അളക്കാനുള്ള മീറ്ററുമായി ഞങ്ങളാരും വരികയില്ല.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘ്പരിവാറിനു മുന്നിലും ദേശസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റിനായി ക്യൂ നില്‍ക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ല. രാജ്യത്തെ തകിടം മറിക്കുന്ന സാമ്പത്തിക നയവും ഭരണത്തിന്റെ പിടിപ്പുകേടുകളും മറച്ചുവെക്കാന്‍ വര്‍ഗീയതയുടെ കാര്‍ഡുമായാണ് ബി.ജെ.പി ഇപ്പോഴും നടക്കുന്നത്. പാക്കിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയും ഭീകരസംഘടനകള്‍ക്ക് ആയുധവും പണവും നല്‍കുകയും ചെയ്ത സംഘ്പരിവാര്‍ നേതാക്കളെ ഈയിടെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ രാജ്യ രഹസ്യങ്ങള്‍ പാക് സംഘടനയായ ഐ.എസ്.ഐക്ക് ചോര്‍ത്തി നല്‍കിയ കുറ്റവും ഇവര്‍ ചെയ്തിട്ടുണ്ട്. ഒരു ഭാഗത്ത് ദേശസ്‌നേഹം പ്രസംഗിക്കുകയും അതിന്റെ മറവില്‍ അങ്ങേയറ്റം സ്‌ഫോടനാത്മകമായ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവരുടെ കൂടാരമാണത്. മലപ്പുറത്തെ ക്ഷേത്രം തകര്‍ത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ച അതേ മാതൃകയിലാണ് പേരാമ്പ്രയില്‍ എം.എസ്.എഫ് കൊടിക്കൊപ്പം ഇവര്‍ പാക്കിസ്താന്‍ കൊടി കെട്ടിയത്. അവര്‍ക്ക് പാക്കിസ്താന്റെ കൊടി എവിടെനിന്നു ലഭിച്ചു എന്ന് അന്വേഷിക്കണം.
സമാധാനത്തോടെ നിലനില്‍ക്കുന്ന കേരളത്തിന്റെ അന്തരീക്ഷത്തെ കലാപഭൂമിയാക്കാനുള്ള അവസരത്തിന് തക്കം പാര്‍ത്തിരിക്കുകയാണ് സംഘ്പരിവാര്‍. എം.എസ്.എഫുകാര്‍ പാക് പതാക ഉയര്‍ത്തില്ല എന്ന് അറിഞ്ഞിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്ന രീതിയിലാണ് മുസ്‌ലിംലീഗ് വിരോധികളെല്ലാം ഈ അവസരത്തെ മുതലെടുത്തത്. വര്‍ഗീയ ശക്തികളുടെ ലക്ഷ്യങ്ങളെക്കുറിച്ച് അറിയുന്നവര്‍ പോലും ഈ വിഷയത്തില്‍ പുലര്‍ത്തിയ മൗനം കുറ്റകരമാണ്. പിന്നീട് സത്യം മനസ്സിലാക്കി തിരുത്തിയെങ്കിലും പൊലീസും കോളജ് അധികൃതരും നടപടിയെടുക്കാന്‍ കാണിച്ച അനാവശ്യ തിടുക്കമാണ് പ്രശ്‌നം ഇത്രയും വഷളാക്കിയത്. ദേശീയ മാധ്യമങ്ങള്‍ ഇതിനെ ആഘോഷിച്ചത് കേരളത്തിലെ ഒരു കോളജില്‍ പാക് പതാക വീശി എന്നെഴുതിയാണ്. കേരളത്തെ ലക്ഷ്യമിട്ട് ഉത്തരേന്ത്യയിലെ ഒരു വിഭാഗം നടത്തുന്ന വെറുപ്പിന്റെ പ്രചാരണത്തിന് ആക്കം കൂട്ടാനാണ് ഈ തിടുക്കം കാരണമായത്. ദുഷ്ടലാക്കോടെയുള്ള എല്ലാ കുപ്രചാരണങ്ങളെയും അവഗണിച്ച് ഈ പച്ചപ്പതാക പിടിച്ചു തന്നെ ഇന്ത്യന്‍ മണ്ണില്‍ മുസ്്‌ലിംലീഗും പോഷക ഘടകങ്ങളും പ്രയാണം തുടരും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending