ഫിര്‍ദൗസ് കായല്‍പ്പുറം

ഇടതു പാരമ്പര്യത്തിന്റെ പിന്‍മുറക്കാരനായി വന്നയാളല്ല കെ.ടി ജലീല്‍. ഒരിക്കല്‍പോലും സിന്ദാബാദ് വിളിച്ചിരിക്കാനും ഇടയില്ല. അധികാരം ലഭിച്ചയുടന്‍ ബന്ധുവിന് നിയമനം നല്‍കിയതാണ് ജലീല്‍ ആകെ സംഭാവന ചെയ്ത ‘വിപ്ലവം’. പിന്നീട് ബന്ധുവിനെ പിരിച്ചുവിടേണ്ടിവന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇപ്പോള്‍ പ്രധാനമായി കൈകാര്യം ചെയ്യുന്നത്- വിദ്യാഭ്യാസ വകുപ്പിന്റെ ഒരു പകുതി. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളെ ഉദ്ധരിക്കാനുള്ള വകുപ്പും കൈവശമുണ്ട്. അതിന്റെ കാര്യം ഇപ്പോള്‍ അധോഗതിയിലാണ്.

ഒരു ഘട്ടത്തില്‍ മുസ്‌ലിംലീഗിനെയും യു.ഡി.എഫിനെയും അടിക്കാന്‍ പിണറായി എടുത്ത വടി. അതിപ്പോള്‍ സി.പി.എമ്മിനാകെ തലവേദയായി മാറി. തലവേദന എന്ന് ലഘൂകരിക്കരുത്, ബൂമറാങ് ആയി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലും തമ്മിലുള്ള അന്തര്‍ധാര എന്താണ്?. അത് ആര്‍ക്കുമറിയില്ല. അറിയാത്തത് പറയാതിരിക്കലാണ് ഉചിതം. പക്ഷേ, ജലീല്‍ നിസ്സാരക്കാരനല്ല. ഞാന്‍ പറയില്ല, എനിക്ക് പറയാന്‍ മനസ്സില്ല, അത് നിങ്ങള്‍ അറിയേണ്ട കാര്യമില്ല എന്നൊക്കെ മാധ്യമങ്ങളോട് ചെറുത്തുനില്‍ക്കണമെങ്കില്‍ എ.കെ.ജി സെന്ററില്‍നിന്നോ ക്ലിഫ്ഹൗസില്‍നിന്നോ കൈ ത്താങ്ങ് ഉണ്ടാകാതെ പറ്റില്ലല്ലോ. അതുതന്നെയാണ് സംശയാസ്പദം. പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ മന്ത്രി ഇ.പി ജയരാജന്‍ ബന്ധുനിയമം നടത്തി. വിവാദമായപ്പോള്‍ പിണറായി അദ്ദേഹത്തെ തല്‍ക്കാലത്തേക്കെങ്കിലും പുറത്താക്കി. അധികം വൈകാതെ ജലീലും ഒരു നിയമം നടത്തി. ജയരാജന്‍പോയ വഴിയേ ജലീലിനും പടിയിറങ്ങേണ്ടിവരും എന്നു കരുതിയവര്‍ക്ക് തെറ്റി. ജലീലിനെ പിണറായി സംരക്ഷിച്ചു. ഇപ്പോഴും അതുതന്നെയാണ് നടക്കുന്നത്. സമാനമായ സാഹചര്യമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനും സംഭവിച്ചത്. ആരോപണ വിധേയനായ ശിവശങ്കറിനെ സ്ഥാനത്തുനിന്നു നീക്കി. അദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്തു. എന്നാല്‍ ജലീലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് എന്താണ് തടസ്സം? അവിടെയാണ് ജലീല്‍ നിസ്സാരനല്ലെന്ന് പറയുന്നത്.

അഴിമതിക്കും സാമ്രാജ്യത്വത്തിനും തീവ്രവര്‍ഗീയതക്കുമെതിരെ പോരാടാനുറച്ച് ‘ഒരു കൊടുങ്കാറ്റായ ജനപക്ഷ രാഷ്ട്രീയം’ എന്ന പുസ്തകം രചിച്ചയാളാണ്. കമ്യൂണിസ്റ്റുകളുടെയും മുസ്‌ലിംകളുടെയും കാലോചിതമായ ഐക്യനിരയുടെ ആവശ്യകതയാണ് ജലീലിനെ ഇത്തരമൊരു ഗ്രന്ഥരചനക്ക് നിര്‍ബന്ധിതനാക്കിയത്. അതാണ് ജലീലിന്റെ സ്വപ്‌നം. ഇസ്‌ലാമിക ദര്‍ശനത്തിന്റെയും മാനവികതയുടെയും ഇന്ത്യന്‍ മതനിരപേക്ഷതയുടെയും ഉന്നതമായ കാഴ്ചപ്പാടുകളാണ് ജലീല്‍ അവതരിപ്പിച്ചത്. അതേ ജലീല്‍ ഇപ്പോള്‍ ആരെയാണ് ഭയക്കുന്നത്? മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിക്കണ്ടെന്നും ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നുമൊക്കെ കാടടച്ച് വെടിവെച്ച ജലീല്‍ ഒടുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറടേറ്റിന് മുന്നില്‍ ചോദ്യംചെയ്യലിന് വിധേയനാകേണ്ടി വന്നു. യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി ജലീലിന് പാഴ്‌സലുകള്‍ വന്നിരുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിന് പിന്നാലെയാണ് ജലീലിനെതിരെ ആരോപണം ഉയര്‍ന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായും ജലീലിന് ബന്ധമുണ്ടെന്നാണ് ആരോപണം. ഇക്കാര്യങ്ങള്‍ സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണ സംഘം ജലീലിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി ജലീലിന് പാഴ്‌സലുകള്‍ എത്തിയത്.

എന്നാല്‍ ഈ പാഴ്‌സലുകള്‍ യു.എ.ഇ അയച്ച മതഗ്രന്ഥമാണെന്നാണ് ജലീലിന്റെ വാദം. നയതന്ത്ര ബാഗേജ്‌വഴി വന്ന ഖുര്‍ആന്‍ പാഴ്‌സലിനെ സംബന്ധിച്ചും അന്വേഷണസംഘം ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വിദേശത്തു നിന്നും പാഴ്‌സലുകള്‍ എത്തിയത് പ്രോട്ടോകോള്‍ ലംഘനമാണെന്ന പ്രാഥമികമായ ആരോപണം പോലും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതു സംബന്ധിച്ചും അന്വേഷണസംഘം ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടാകാം. ഒരു മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടററേറ്റ് ചോദ്യം ചെയ്തത് എന്തിനാണെന്ന് അറിയാനുള്ള ജനാധിപത്യപരമായ അവകാശം ജനങ്ങള്‍ക്കുണ്ട്. അത് അന്വേഷിക്കാനുള്ള കടമ മാധ്യമങ്ങള്‍ക്കുമുണ്ട്. വിചിത്രമെന്നുപറയട്ടെ, ചില സി.പി.എം നേതാക്കളുടെ ന്യായീകരണമാണ് അസഹ്യം. ജലീലിന്റെ വീട്ടിലെ മേല്‍വിലാസത്തിലാണ് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയതെന്നും അതുകൊണ്ടാണ് അദ്ദേഹം ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തില്‍ പോയതെന്നുമാണ് വിശദീകരണം. ജലീല്‍ എന്ന വ്യക്തിയെ ആണോ ജലീല്‍ എന്ന മന്ത്രിയെ ആണോ ഇ.ഡി ചോദ്യം ചെയ്തത്? സി.പി.എം നേതാക്കളുടെ ന്യായീകരണം അംഗീകരിച്ചാല്‍തന്നെ ആ വ്യക്തി മന്ത്രിയായി തുടരാമോ?

സംസ്ഥാനത്തെ ഒരു മന്ത്രി, മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര ബാഗേജ് വഴി വരുന്ന പാര്‍സല്‍ സ്വീകരിക്കുന്നതും അതുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ പങ്കാളിയാകുന്നതും പ്രോട്ടോകോള്‍ ലംഘനമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? കാരണം, സംസ്ഥാന മന്ത്രിക്ക് അതിനുള്ള അധികാരമില്ല. ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നതിനെയും ‘അധികാര ദുര്‍വിനിയോഗം’ എന്നു വിളിക്കാം. യു.എ.ഇയില്‍ നിന്നുവന്ന മതഗ്രന്ഥ പാഴ്‌സലുകളുടെ തൂക്കത്തില്‍ 20 കിലോ കുറവെന്ന് കണ്ടെത്തലുണ്ട്. യു.എ.ഇയില്‍ നിന്നെത്തിയത് 4478 കിലോയാണ്. 4458 കിലോയാണ് മതഗ്രന്ഥങ്ങളുടെ തൂക്കം. ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്നാണ് മന്ത്രി പറയുന്നത്. കൂടാതെ പാഴ്‌സല്‍ വഹിച്ചിരുന്ന സി ആപ്റ്റ് വാഹനത്തിലെ ജി.പി.എസും ഒഴിവാക്കിയിരുന്നു. കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. മന്ത്രി ജലീല്‍ വഴിവിട്ട ഇടപാടുകള്‍ക്ക് കൂട്ടുനിന്നിട്ടുണ്ടോ, അദ്ദേഹത്തിനു സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്നതൊക്കെ അന്വേഷണത്തില്‍ പുറത്തുവരേണ്ട കാര്യങ്ങളാണ്. എന്നാല്‍ ഒരു മന്ത്രി എന്തിനാണ് കള്ളം പറയുന്നത് എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്.

പിണറായി സര്‍ക്കാരിന് ഏറ്റവും തലവേദനയുണ്ടാക്കിയ മന്ത്രിയാണ് ജലീല്‍. തദ്ദേശ സ്വയംഭരണ വകുപ്പാണ് ജലീലിന് ആദ്യം നല്‍കിയത്. എന്നാല്‍ ജലീലിന്റെ ബന്ധുവായ കെ.ടി അദീബിനെ വേണ്ടത്ര യോഗ്യത ഇല്ലാഞ്ഞിട്ടും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജറാക്കി. ഇത് വലിയ വിവാദമായി. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും മാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്‍കി. അവിടെയും വിവാദങ്ങള്‍ പിന്നാലെ കൂടി. എം.ജി സര്‍വകലാശാലയിലെ ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കുദാനം നല്‍കാന്‍ അദാലത്ത് നടത്തിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി. മാര്‍ക്കു കൂട്ടിനല്‍കാന്‍ അദാലത്തെടുത്ത തീരുമാനം നിയമവിരുദ്ധമെന്ന് സിന്‍ഡിക്കേറ്റും വ്യക്തമാക്കി. ഇതോടെ മന്ത്രി പ്രതിരോധത്തിലായി. ഒടുവില്‍ മാര്‍ക്ക് ദാനം റദ്ദാക്കി. ചട്ടവിരുദ്ധമായി സര്‍വ്വകലാശാലയില്‍ ഇടപെട്ടതിനും അദാലത്ത് നടത്തിയതിനും സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജലീലിനെ ശാസിച്ചു.

കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫീസിലെ ക്ലാര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന്പകരം നിലമ്പൂര്‍ സ്വദേശിനിയെ ക്ലാര്‍ക്കായി നിയമിച്ചതും വേറൊരാളെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി ഗാര്‍ഡനര്‍ ആയി നിയമിച്ചതും വിവാദമായി. ഈ ഘട്ടത്തിലെല്ലാം ജലീലിനെ സംരക്ഷിച്ച പിണറായി ഇനിയും അദ്ദേഹത്തെ സംരക്ഷിക്കുന്നുവെങ്കില്‍ സി.പി.എമ്മിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി തന്നെയാകും എന്നതില്‍ സംശയമില്ല.