എം ഉബൈദുറഹ്മാന്‍

കോവിഡ് മഹാമാരി സാമ്പത്തിക, സാമൂഹിക മേഖലകളിലെന്നപോലെ രാഷ്ട്രീയരംഗത്തും വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നത്. ജനാധിപത്യരീതിയില്‍ അധികാരത്തിലേറിയ മിക്ക രാഷ്ട്രങ്ങളിലെയും സര്‍ക്കാറുകള്‍ കോവിഡ് പ്രതിസന്ധിയെ അധികാര ദുര്‍വിനിയോഗത്തിനും പൗരാവകാശങ്ങള്‍ അട്ടി മറിക്കുന്നതിനും സ്വാതന്ത്ര്യ നിഷേധത്തിനും സൂത്രത്തില്‍ മറയാക്കി മാറ്റുന്ന അശുഭകരമായ കാഴ്ചക്കാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഹംഗറി, ചിലി, ഇസ്രാഈല്‍ തുടങ്ങി പാര്‍ലമെന്ററി ജനാധിപത്യം പേരിനെങ്കിലും നിലനില്‍ക്കുന്ന നിരവധി രാഷ്ട്രങ്ങള്‍ സ്വേച്ഛാധിപത്യ വഴിയേ ആണെന്ന് ചുരുക്കം. ഐക്യരാഷ്ട്ര സംഘടനയുടെ പൗര, രാഷ്ട്രീയാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള കേന്ദ്രം ശേഖരിച്ച ‘കോവിഡ് 19 അടിയന്തിരാവസ്ഥ സ്ഥിതിവിവരക്കണക്ക്’ പ്രകാരം ഇതിനകം 84 രാഷ്ട്രങ്ങളിലധികം മഹാമാരിയെതുടര്‍ന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യം പൊതുവെ ദുര്‍ബലമായ ഇത്തരം രാഷ്ട്രങ്ങളില്‍ കോവിഡ് പ്രതിസന്ധി യഥാര്‍ഥത്തില്‍ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുന്ന കവാടമായി മാറി എന്ന് പറയുന്നതാവും ശരി.
കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ കാര്യമായി ബലക്ഷയം ബാധിച്ച ഇന്ത്യന്‍ ജനാധിപത്യവും ഗുരുതരമായ അപകടാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണ്. കോവിഡ് ആരോഗ്യ പ്രതിസന്ധിയെ തങ്ങളുടെ അജണ്ടകള്‍ ഓരോന്നോരോന്നായി നടപ്പാക്കാനുള്ള കിട്ടിയ അവസരമായി വിനിയോഗിച്ചുകൊണ്ടിരിക്കുന്നു മോദി സര്‍ക്കാര്‍ . മാനുഷിക മൂല്യങ്ങളെ അപ്പാടെ കാറ്റില്‍പറത്തിയും ഫെഡറല്‍ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുമായിരുന്നു പ്രധാനമന്ത്രി മോദി മാര്‍ച്ച് 24ന് രാജ്യമൊട്ടാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച ഒരു ‘കോര്‍പറേറ്റ് അനുകൂല തീരുമാന’മായിരുന്നു ഇത്. തുടര്‍ന്നിങ്ങോട്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ മറ്റു തീരുമാനങ്ങളും വിളംബരങ്ങളുമെല്ലാം സ്വേച്ഛാധിപത്യ വ്യവസ്ഥയിലേതിന് സമാനമായതായിരുന്നു എന്ന് നിസ്സംശയം പറയാം. ഞങ്ങള്‍ കല്‍പിക്കുന്നത് അനുസരിച്ച് കൊള്ളുക; ചോദ്യംചെയ്യുകയോ പ്രതിഷേധിക്കുകയോ അരുത് എന്ന സന്ദേശമായിരുന്നു നിയമ ഭേദഗതികള്‍ക്കും പിന്തിരിപ്പന്‍ നയങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തതിലൂടെ സര്‍ക്കാര്‍ നല്‍കിയത്. ദേശീയ വിദ്യാഭ്യാസ നയം ചര്‍ച്ചയൊന്നും കൂടാതെ പാസാക്കിയതും 20000 കോടി മുതല്‍മുടക്കുള്ള സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ കരാര്‍ പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരുമായി ഉറപ്പിക്കുന്നതും പാരിസ്ഥിതികാഘാത പഠനത്തിന്റെ കരട് വിജ്ഞാപനമിറക്കുന്നതുമെല്ലാം ഈ ആരോഗ്യ അടിയന്തിരാവസ്ഥയുടെ മറപിടിച്ച് തന്നെയായിരുന്നു. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പോലും യാതൊരുവിധ ഇടപെടലിനും ഇടംനല്‍കാതെ ഇത്തരം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനെ സ്വേച്ഛാധിപത്യമെന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക?
നരേന്ദ്ര മോദിയും അദ്ദേഹം നയിക്കുന്ന സര്‍ക്കാറും അനുവര്‍ത്തിച്ചുവരുന്ന ജനാധിപത്യരാഹിത്യ നിലപാടുകളുടെയും ഏകാധിപത്യ പ്രവണതകളുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സപ്തംബര്‍ 14 ന് തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍നിന്ന് ചോദ്യോത്തരവേള ഒഴിവാക്കാനുള്ള തീരുമാനം. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഏതൊരു സര്‍ക്കാറിനും ജനങ്ങളോട് കണക്ക് പറയേണ്ട ഉത്തരവാദിത്തമുണ്ട്. പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം സര്‍ക്കാറുകള്‍ ഈ ഉത്തരവാദിത്തം നിറവേറ്റുന്നത് പാര്‍ലമെന്റില്‍ ജനപ്രതിനിധികള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരങ്ങള്‍ നല്‍കിയും അവക്ക് ഉചിതമായ മറുപടി നല്‍കിയുമാണ്. ജനപ്രതിനിധികള്‍ പാര്‍ലമെന്ററില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ വാസ്തവത്തില്‍ ജനങ്ങളുയര്‍ത്തുന്ന സംശയങ്ങളും ചോദ്യങ്ങളും തന്നെയാണ്. പക്ഷേ ഈ സര്‍ക്കാറിന്റെ മുഖമുദ്രതന്നെ ചോദ്യങ്ങളോടും വിഭിന്ന സ്വരങ്ങളോടും സംവാദങ്ങളോടുമുള്ള കഠിനമായ അസഹിഷ്ണുതയാണ്. പത്രസമ്മേളനങ്ങളോട് എപ്പോഴും നിഷേധാത്മക നിലപാട് സ്വീകരിക്കുകയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും ‘പിടി കൊടുക്കാതിരിക്കുക’യും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം യുക്തി ഭദ്രമായ കാരണങ്ങളില്ലാതെ പാര്‍ലമെന്റിന്റെ ചോദ്യോത്തരവേള ഒഴിവാക്കുന്നത് ഏകാധിപത്യത്തിലേക്കുള്ള മറ്റൊരു കാല്‍വെയ്പായി വ്യാഖ്യാനിക്കാനേ നിവൃത്തിയുള്ളൂ. ആറു മാസത്തെ ഇടവേളകളില്‍ പാര്‍ലമെന്റ് സമ്മേളനം ചേരാന്‍ ഭരണഘടന അനുശാസിച്ചിരുന്നില്ലെങ്കില്‍ ആരോഗ്യ പ്രതിസന്ധിയുടെ കാരണം പറഞ്ഞ് വര്‍ഷകാല സമ്മേളനം തന്നെയും ഒഴിവാക്കിയേനെ.
സ്വാതന്ത്ര്യാനന്തരം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിസഭ നിലവില്‍വന്നത് മുതല്‍ നാല് അതിവിശേഷ സന്ദര്‍ഭങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ (1961, 1975, 1976,1977) ചോദ്യോത്തര വേള ഒഴിവാക്കിയ ചരിത്രം ഇന്ത്യന്‍ പാര്‍ലമെന്റിനില്ല. 14 ന് ചേരാന്‍ പോകുന്ന സഭയില്‍ ചോദ്യോത്തരവേള ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ എഴുന്നള്ളിക്കുന്ന കാരണമാണ് ബാലിശം. പാര്‍ലമെന്റംഗങ്ങള്‍ ചോദ്യം ചോദിച്ചാല്‍ അവക്ക് മറുപടി പറയാനായി മന്ത്രിമാരെ സഹായിക്കാന്‍ വിവിധ മന്ത്രാലയങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സഭാ ഹാളില്‍ കൂട്ടംകൂടുന്നത് കോവിഡ് വ്യാപന സാധ്യത കൂട്ടുമത്രെ. കോവിഡ് ഭീതി മൂലം പരീക്ഷകള്‍ മാറ്റിവെക്കാന്‍ ലക്ഷക്കണക്കിന് പരീക്ഷാര്‍ത്ഥികള്‍ കേണപേക്ഷിച്ചിട്ടും പിടിവാശിയോടെ മുന്നോട്ട്‌പോകുന്ന സര്‍ക്കാറാണ് ഇതേകാരണം പറഞ്ഞ് പാര്‍ലമെന്റില്‍ തങ്ങള്‍ നേരിടാന്‍ പോകുന്ന ‘പരീക്ഷ’ ഉപേക്ഷിക്കുന്നതെന്ന് ഓര്‍ക്കുക. കോവിഡ് മഹാമാരിയുടെ വെളിച്ചത്തില്‍ ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം അവരവരുടെ പാര്‍ലമെന്റുകളുടെ പ്രവര്‍ത്തനരീതികളില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്നുള്ളത് നേരാണ്. പക്ഷേ ബ്രിട്ടന്‍, ന്യൂസിലാന്റ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളൊന്നും പാര്‍ലമെന്റ്് സമ്മേളനങ്ങളുടെ സമയക്രമത്തില്‍ മാറ്റങ്ങള്‍വരുത്തുകയോ അംഗങ്ങള്‍ക്ക് ചോദ്യങ്ങളുയര്‍ത്താനുള്ള അവസരം നിഷേധിക്കുകയോ ചെയ്യുന്ന നടപടികളിലേക്ക് നീങ്ങിയിട്ടില്ല. ഇന്ത്യയില്‍തന്നെ ഛത്തീസ്ഗഢ്, അരുണാചല്‍ പ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളും നിയമസഭയില്‍ ചോദദ്യോത്തര വേള ഉപേക്ഷിക്കുകയുണ്ടായില്ല.
സഭാസമ്മേളനത്തിലെ ആദ്യത്തേതും ഏറ്റവും പ്രസക്തവുമായ സെഗ്മെന്റാണ് ചോദ്യോത്തരവേള. ജനങ്ങള്‍ അറിയേണ്ടതും പൊതു പ്രാധാന്യവുമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് അതതു വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരോട് ചോദ്യങ്ങള്‍ ചോദിക്കുന്ന ഈ സെഷനുകള്‍ തന്നെയാണ് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഹൃദയവും മര്‍മവും. സഭാ സമ്മേളനങ്ങളെ ജൈവികമാക്കി നിലനിര്‍ത്തുന്നതും ചോദ്യോത്തരവേളയത്രെ. ജനാധിപത്യത്തെ കശാപ്പ് ചെയ്തും ‘പാര്‍ലമെന്റിനെ കേവലം ഒരു നോട്ടീസ് ബോര്‍ഡാക്കി ചുരുക്കിയും’ സര്‍ക്കാര്‍ മുന്നോട്ട്‌പോയാല്‍ ജനാധിപത്യം സമ്പൂര്‍ണ സ്വേച്ഛാധിപത്യമായി രൂപാന്തരം പ്രാപിക്കാന്‍ അധികകാലം വേണ്ടി വരില്ല.