ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച് അരുണാചല്‍ പൊലീസ്. ലഡാഖ് അതിര്‍ത്തി മേഖലയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് അധിനിവേശം വ്യക്തമാക്കുന്ന ഗുരുതര ആരോപണവുമായി അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങാണ് രംഗത്തെത്തിയത്. അതിര്‍ത്തിക്കടുത്ത് മീന്‍ പിടിക്കാന്‍ പോയ അഞ്ച് ഗ്രാമീണരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയെന്നണ് ആരോപണം.

അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാസിരി ജില്ലയിലാണ് സംഭവം. താനു ബകര്‍, പ്രശാന്ത് റിങ്ലിങ്, ങാരു ദിരി, ദോങ്തു എബിയ, ടോച് സിങ്കം എന്നീ ഗ്രാമീണരെ അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ രാജ്യാന്തര അതിര്‍ത്തിയ്ക്ക് സമീപത്ത് സെറ 7 പ്രദേശത്തു നിന്ന് തട്ടിക്കൊണ്ടു പോയെന്നാണ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം എപ്പോഴാണ് സംഭവം നടന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നത്. അന്ന് 21 വയസുള്ള ഒരാളെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ച അരുണാചല്‍ പ്രദേശ് പോലീസ് അപ്പര്‍ സുബാന്‍സിരി ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്തേക്ക് പരിശോധനക്കായി പൊലീസിനെ അയച്ചു. സംസ്ഥാനത്തെ അഞ്ച് പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായ റിപ്പോര്‍ട്ടുകള്‍ വാര്‍ത്തയായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തട്ടികൊണ്ടുപോകല്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സത്യം കണ്ടെത്താന്‍ അതിര്‍ത്തിയിലെ വിദൂര പ്രദേശത്തേക്ക് ടീമിനെ അയച്ചതായി അപ്പര്‍ സുബാന്‍സിരിയിലെ ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിദൂര പ്രദേശമായതിനാല്‍ അന്വേഷണ സംഘത്തിന് ഞായറാഴ്ച മാത്രമേ മടങ്ങിയെത്താനാവൂ എന്നും കാല്‍നടയായാണ് പോലീസ് യാത്രയെന്നും മേധാവി അറിയിച്ചു.

ലഡാക്കിലെ ഏറ്റുമുട്ടല്‍ സംബന്ധിച്ച വിവാദങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് പൗരന്മാരെ ചൈന തട്ടികൊണ്ടുപോവുന്നത്. നാലുമാസത്തിലേറെയായി ലഡാക്കില്‍ ഇന്ത്യ- ചൈന സംഘര്‍ഷം തുടരുകയാണ്. എന്നാല്‍ ഇന്ത്യന്‍ സൈന്യമോ അരുണാചല്‍ പ്രദേശ് സര്‍ക്കാരോ ഇതുവരെ സംഭവം സ്ഥിരീകരിച്ചിട്ടില്ല.

പ്രമുഖ പ്രാദേശിക പത്രമായ അരുണാചല്‍ ടൈംസാണ് ശനിയാഴ്ച തട്ടികൊണ്ടുപോവല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.നാചോ വനമേഖലയില്‍ താമസിക്കുന്ന ടാഗിന്‍ ഗോത്രവിഭാഗത്തില്‍ പെട്ട അഞ്ച് യുവാക്കളെയാണ് തട്ടിക്കൊണ്ടുപോയതായി പറയുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം ഉണ്ടായതെന്നാണ് വിവരങ്ങള്‍.

എന്നാല്‍, ലഡാഖിനും ധോക്ലാമിനും ശേഷം ചൈനീസ് സൈന്യം അരുണാചല്‍ പ്രദേശിലും കടന്നുകയറുകയാണെന്നാണ് എംഎല്‍എയുടെ ആരോപണം. ഇന്ത്യ ടുഡേ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ ആരോപണം. ‘ചൈനക്കാര്‍ വീണ്ടും അക്രമം ആരംഭിച്ചിരിക്കുന്നു. ലഡാഖിലും ദോക്ലാമിലും നടത്തിയതു പോലെ അരുണാചല്‍ പ്രദേശിലും അവര്‍ കടന്നുകയറുകയാണ്. അവര്‍ യഥാര്‍ഥ നിയന്ത്രണരേഖ മുറിച്ചു കടന്നെന്ന് തെളിഞ്ഞിട്ടുണ്ട്.’ എംഎല്‍എ പറഞ്ഞു. ഇത് രണ്ടാം തവണയാണ് സംഭവിക്കുന്നതെന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചാനലിനോട് പറഞ്ഞു