ജാക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇറാന്റെ വുഷു താരം ഇര്‍ഫാന്‍ അഹങ്കാരിയാന്‍ ഇന്ത്യന്‍ താരം സൂര്യ ഭാനുവിനെ മാത്രമല്ല, കാണികളുടെ ഹൃദയം കൂടി കീഴടക്കിയാണ് കളം വിട്ടത്. ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുമ്പോഴായിരുന്നു സംഭവം. ഇന്ത്യന്‍ താരം സൂര്യ ഭാനു പ്രതാപും ഇറാന്റെ ഇര്‍ഫാന്‍ അഹങ്കാരിയാനും തമ്മിലായിരുന്നു മത്സരം നടന്നത്. മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.

കാല് നിലത്ത് കുത്താന്‍ കഴിയാത്ത അവസ്ഥയിലായി. അത്ര്ക്ക് വേദനയുണ്ടായിരുന്നു. എന്നാല്‍ തന്റെ വിജയം ആഘോഷിക്കാതെ ഇര്‍ഫാന്‍ സൂര്യയെ എടുത്തുയര്‍ത്തി കോര്‍ട്ടിന് വെളിയില്‍ എത്തിച്ചു. ഇതു കണ്ട് കാണികള്‍ക്ക് കൈയടിക്കാതിരിക്കാനായില്ല. ഇര്‍ഫാന്റെ വിജയത്തേക്കാള്‍ മധുരമുള്ളതായിരുന്നു വേദിയിലെ ആ കാഴ്ച്ച. സൂര്യ ഭാനുവിനെ ഇന്ത്യന്‍ പരിശീലകരുടെ കൈയ്യില്‍ സുരക്ഷിതമായി ഏല്‍പ്പിച്ച ശേഷമാണ് ഇര്‍ഫാന്‍ കളിക്കളം വിട്ടത്. മത്സരത്തില്‍ 2-0ത്തിനാണ് ഇര്‍ഫാന്‍ വിജയിച്ചത്. ഫൈനലില്‍ ചൈനീസ് താരത്തെ 2-1ന് പരാജയപ്പെടുത്തി ഇര്‍ഫാന്‍ സ്വര്‍ണവുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്. മത്സരത്തില്‍ സൂര്യ ഭാനു വെങ്കലം നേടി.