സിഡ്‌നി: മുസ്്‌ലിം സ്ത്രീകളുടെ വേഷത്തെ പരിഹസിക്കനായി പാര്‍ലമെന്റില്‍ ബുര്‍ഖ ധരിച്ച് എത്തിയ സെനറ്റ് അംഗത്തിന് കൈയടിക്കു പകരം കിട്ടിയത് രൂക്ഷവിമര്‍ശനം. ഓസ്‌ട്രേലിയയിലെ തീവ്രവലതുപക്ഷ കക്ഷിയായ വണ്‍ നേഷന്‍ പാര്‍ട്ടിയുടെ നേതാവ് പൗളിന്‍ ഹാന്‍സനാണ് പാര്‍ലമെന്റില്‍ ബുര്‍ഖ ധരിച്ച് പരിഹസ്യയായത്.
ബുര്‍ഖ ധരിച്ച് പാര്‍ലമെന്റിലേക്ക് കടന്ന പൗളിന്‍ സീറ്റില്‍ എത്തിയ ശേഷം നാടകീയമായി ഊരിയെറിഞ്ഞു. ഓസ്‌ട്രേലിയയില്‍ ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന വലതുപക്ഷ തീവ്രവാദികളില്‍ ഒരാളാണ് പൗളിന്‍. പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചതിന് അംഗങ്ങള്‍ പൗളിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം നാടകങ്ങള്‍ വിലപ്പോകില്ലെന്നും ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാര്‍ ബുര്‍ഖ നിരോധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സെനറ്റ് ലീഡറും അറ്റോര്‍ണി ജനറലുമായ ജോാര്‍ജ് ബ്രാന്‍ഡിസ് വ്യക്തമാക്കി. രാജ്യത്ത് ജീവിക്കുന്ന മുസ്്‌ലിംകളുടെ വികാരം വ്രണപ്പെടുത്തുന്നതിനെതിരെ അദ്ദേഹം പൗളിന് മുന്നറിയിപ്പുനല്‍കി.
ഓസ്‌ട്രേലിയക്കാരായ അഞ്ചുലക്ഷത്തോളം മുസ്്‌ലിംകളെ ഒറ്റപ്പെടുത്താനാണ് പൗളിന്‍ ശ്രമിക്കുന്നതെന്ന് ബ്രാന്‍ഡിസ് കുറ്റപ്പെടുത്തി. ‘മുസ്്‌ലിം സമുദായത്തെ പരിഹസിക്കുകയും മുള്‍മുനയില്‍ നിര്‍ത്തുകയും അവരുടെ മതപരമായ വേഷത്തെ പരിഹസിക്കുകയും ചെയ്തതിലൂടെ നിങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെട്ടിരിക്കുകയാണ്. ഇല്ല, സെനറ്റര്‍ പൗളിന്‍, ഞങ്ങള്‍ ബുര്‍ഖ നിരോധിക്കില്ല’-ബ്രാന്‍ഡിസ് തുറന്നുപറഞ്ഞു. ഓസ്‌ട്രേലിയന്‍ മുസ്്‌ലിംകളെല്ലാം നല്ലവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗളിനെ വിമര്‍ശിച്ചും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയും ബ്രാന്‍ഡിസ് നടത്തിയ പ്രസംഗത്തെ ലേബര്‍ പാര്‍ട്ടിയും ഗ്രീന്‍സ് പാര്‍ട്ടിയും അഭിനന്ദിച്ചു. സത്യസന്ധമായ വിശ്വാസ പ്രകടനമായാണ് മതവേഷങ്ങള്‍ ധരിക്കുന്നതെന്നിരിക്കെ, പാര്‍ലമെന്റില്‍ ഒരാള്‍ സ്റ്റണ്ടിനുവേണ്ടിയാണ് അത് ധരിക്കുന്നതെന്ന് ലേബര്‍ പാര്‍ട്ടി സെനറ്റര്‍ പെന്നി വോങ് അധിക്ഷേപിച്ചു. കടുത്ത മുസ്്‌ലിം വിരോധിയായ പൗളിന്‍ 1996ല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ തന്നെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ മുസ്്‌ലിംകള്‍ പെരുകിക്കൊണ്ടിരിക്കുകയാണെന്ന് 2016ല്‍ അവര്‍ ആരോപിച്ചിരുന്നു.