ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി അടക്കം വിചാരണ നേരിടേണ്ടി വരുമെന്ന് സൂചന. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാണിച്ച് കീഴ്ക്കോടതികള്‍ അദ്വാനി അടക്കമുള്ളവരുടെ കുറ്റം ഒഴിവാക്കിയ നടപടിയില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ചാര്‍ജ് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല. കേസില്‍ വിചാരണ വൈകുന്നതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായിട്ടും കേസ് വൈകുന്നതുകൊണ്ട് ചില മുസ്ലിം സന്നദ്ധ സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഗൂഢാലോചന കേസില്‍ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കടിയാര്‍, കല്യാണ്‍ സിങ് എന്നിവര്‍ വിചാരണ നേരിടണോ വേണ്ടയോ എന്ന കാര്യത്തില്‍ മാര്‍ച്ച് 22ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കും. 1992-ഡിസംബര്‍ ആറിനാണ് ബാബരിമസ്ജിദ് തകര്‍ക്കപ്പെടുന്നത്. മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ലക്നൗ, റായ്ബറേലി തുടങ്ങി വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ ഒന്നായി സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ചും കോടതി പരിഗണനയിലുണ്ട്.

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചനകേസില്‍ റായിബറേലിയിലെ കോടതിയാണ് എല്‍.കെ അദ്വാനിയെ ഒഴിവാക്കിയത്. എല്‍.കെഅദ്വാനിയടക്കം 12പേരെ കോടതി ഒഴിവാക്കിയിരുന്നു.1992-ല്‍ വാജ്‌പേയ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു അദ്വാനി.