തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ചാനലിലിരുന്ന് രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും ശബരിമലയില്‍ വരുന്ന് സ്ത്രീകളെ ആക്രമിക്കാന്‍ കൂടിയുള്ള ആഹ്വാനമാണെന്നും അത് ശരിയായ നടപടിയല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കലാപമുണ്ടായാല്‍ ആരും ചോദിക്കാന്‍ വരരുതെന്ന് രാഹുല്‍ഈശ്വറിന്റെ പ്രസ്താവനക്കെതിരെയാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.

‘ചാനലിലിരുന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നത് കേട്ടു. വിധിയുടെ പശ്ചാത്തലത്തില്‍ കലാപമുണ്ടായാല്‍ ആരും ചോദിക്കാന്‍ വരരുത് എന്ന്. അദ്ദേഹം കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുകയാണ്. ശബരിമലയില്‍ വരുന്ന സ്ത്രീകളെ ആക്രമിക്കാന്‍ കൂടിയുള്ള ആഹ്വാനമാണ് അത്. തെറ്റായ ആഹ്വാനമാണ് അത്. ശരിയായ നടപടിയല്ല’,ഭാഗ്യലക്ഷ്മി പറഞ്ഞു.

വിധി ഇങ്ങനെ തന്നെയായിരിക്കണമെന്ന് പ്രതീക്ഷിച്ചിരുന്നു. ആഗ്രഹിച്ചിരുന്നു. കാരണം സുപ്രീം കോടതിയില്‍ നിന്ന് മറിച്ച് ഒരു വിധിയുണ്ടാകുമ്പോള്‍ അത് നമുക്ക് നിരാശയുണ്ടാക്കും. സുപ്രീംകോടതിയില്‍ നിന്നും ജനാധിപത്യമാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. സ്ത്രീ പുരുഷ വ്യത്യാസമില്ല എന്നതിന്റെ തെളിവാണ് വിവാഹേതര ബന്ധത്തെ കുറിച്ചും സ്വവര്‍ഗരതിയെ കുറിച്ചുമുള്ള സുപ്രീംകോടതിവിധി. അതിലൂടെ സുപ്രീംകോടതിയിലുള്ള വിശ്വാസമാണ് വര്‍ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.