കൊച്ചി: കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ധുവിനെ സിദ്ധിഖ് ആക്കി ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ വാര്‍ത്താസമ്മേളനം. പരിവര്‍ത്തനയാത്രയുടെ ഭാഗമായി ഇന്ന് രാവിലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി നേതാവ് തുടരെ തുടരെ മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞത്.

ഉമ്മന്‍ചാണ്ടിയുടെ ട്വിറ്റര്‍ സന്ദേശം പകര്‍ത്തി എഴുതി കൊണ്ടുവന്നു വായിച്ചപ്പോഴാണ് രാധാകൃഷ്ണന്റെ ആദ്യ മണ്ടത്തരം വെളിപ്പെട്ടത്. അഭിനന്ദന്റെ മോചനവുമായി ബന്ധപ്പെട്ട ട്വിറ്റര്‍ സന്ദേശത്തില്‍ ഉമ്മന്‍ചാണ്ടി താങ്ക്സ് റ്റു സിദ്ധു എന്ന് കുറിച്ചിരുന്നു. സിദ്ധുവിനു ഇതിലെന്ത് കാര്യമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് എന്തെങ്കിലും പറഞ്ഞാല്‍ പാകിസ്താന്‍ കേള്‍ക്കണമെന്നുണ്ടോ എന്നുമായിരുന്നു ട്വിറ്റര്‍ വായിച്ച ശേഷം പ്രതികരിക്കവെ രാധാകൃഷ്ണന്റെ പരാമര്‍ശം. സിദ്ധു കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമാണെന്നറിയാതെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ധിഖ് ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു രാധാകൃഷ്ണന്‍ പരിഹാസ്യനായത്.

ബിജെപി നേതാവിന്റെ മണ്ടത്തരം കേട്ട് മാധ്യമപ്രവര്‍ത്തകര്‍ ചിരിയടക്കാന്‍ പാട് പെടുമ്പോഴേക്കും അടുത്ത ചിരിക്കുള്ള വകയെത്തി. തൃപ്പൂണിത്തുറ ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഗുരുതി പൂജയ്ക്ക് ചുണ്ണാമ്പിന് പകരം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച വിഷയം പരാമര്‍ശിക്കവെ, ചോറ്റാനിക്കര ക്ഷേത്രത്തില്‍ ബ്ലീച്ചിങ് പൗഡര്‍ കലക്കിയ വെള്ളമാണ് പ്രസാദം തയാറാക്കാനും പൂജയ്ക്കും ഉപയോഗിക്കുന്നതെന്നായിരുന്നു രാധാകൃഷ്ണന്റെ പരാമര്‍ശം. മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം അടക്കിപ്പിടിച്ചു സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നത് കണ്ടതോടെ അധികം വൈകാടെ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് സ്ഥലം വിടുകയും ചെയ്തു.