പാലക്കാട്: ഒഡീഷ സര്‍ക്കാര്‍ ഫോനി ചുഴലിക്കാറ്റിനെ നേരിട്ട രീതിയെ കണ്ടു പഠിക്കാന്‍ ആവശ്യപ്പെട്ട് കേരള സര്‍ക്കാറിന് വി.ടി ബല്‍റാമിന്റെ ഉപദേശം. ഒഡീഷ കാണിച്ച ജാഗ്രതയെയും മുന്നൊരുക്കങ്ങളെയും അഭിനന്ദിച്ച ബല്‍റാം, നമ്പര്‍ വണ്‍ കേരളത്തിന് ഇതില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും പറഞ്ഞു.
ബല്‍റാമിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:
ഫോനി ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ വലിയ ആശ്വാസമാണുണ്ടാവുന്നത്. അതിലേറെ, അഭിനന്ദിക്കപ്പെടേണ്ട മുന്നൊരുക്കങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളുമാണ് ഒറീസ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടത്തിയതെന്ന് പറയാതിരിക്കാനാവില്ല. നിരവധി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിട്ടും മരണസംഖ്യ നാമമാത്രമാണെന്നുള്ളത് ഏറെ ആശ്വാസകരമാണ്. ഏതാണ്ട് 11 ലക്ഷത്തോളമാളുകളെയാണ് മുന്‍കൂട്ടി ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. മുന്‍പൊരു ചുഴലിക്കാറ്റില്‍ ഇതേ ഒറീസ്സയില്‍ മരണപ്പെട്ടത് പതിനായിരത്തോളം മനുഷ്യരാണെന്നോര്‍ക്കുമ്പോഴാണ് ഇത്തവണത്തെ മുന്‍കരുതലുകള്‍ എത്രത്തോളം ഗുണകരമാവുന്നു എന്നത് മനസ്സിലാക്കാന്‍ കഴിയുന്നത്.
നമ്പര്‍ വണ്‍ കേരളത്തിനും ഏറെ പഠിക്കാനുണ്ട് ഇത്തരം അനുഭവങ്ങളില്‍ നിന്ന്. 480ലേറെ മനുഷ്യര്‍ മരണപ്പെട്ട മഹാപ്രളയത്തേക്കുറിച്ച് ഒരു അന്വേഷണം പോലും നടത്തില്ലെന്ന കേരള സര്‍ക്കാരിന്റെ പിടിവാശി മൂലം ഇല്ലാതാവുന്നത് ഇത്തരം പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ഭാവിയില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുമുള്ള പഠനാവസരമാണ്.
Be the first to write a comment.