ഉപയോക്താക്കളും ബിസിനസ് അക്കൗണ്ടുകളും തമ്മിലുള്ള ആശയവിനിമയത്തില്‍ മാറ്റം വരുത്തുന്ന സുപ്രധാന നയപരിഷ്‌കാരത്തിന് വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നു. ബിസിനസ് സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാത്ത ഉപയോക്താക്കള്‍ക്ക് എത്ര സന്ദേശങ്ങള്‍ വരെ അയയ്ക്കാമെന്നതിനു പരിധി നിശ്ചയിക്കാനുള്ള പദ്ധതികളാണ് മെറ്റ പ്രഖ്യാപിച്ചത്.
സ്പാം, ബള്‍ക്ക് മെസേജിങ് എന്നിവ കുറയ്ക്കുന്നതിനാണ് ഈ നീക്കം. ഉപയോക്താവ് മറുപടി നല്‍കാത്ത സാഹചര്യത്തില്‍ ബിസിനസ് അക്കൗണ്ടുകളില്‍ നിന്ന് പ്രതിമാസം അയയ്ക്കാവുന്ന സന്ദേശങ്ങള്‍ക്ക് ഒരു പരിമിതിയുണ്ടാകും. എന്നാല്‍ ആ പരിധിയുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ല.
മറുപടി ലഭിക്കാത്തവര്‍ക്കു ആവര്‍ത്തിച്ചുള്ള സന്ദേശങ്ങള്‍ അയയ്ക്കുന്ന ബിസിനസുകളും ഉപയോക്താക്കളും പുതിയ നയത്തിന്റെ പ്രഭാവം നേരിടും. ഉദാഹരണത്തിന്, ഒരിക്കലും റിപ്ലൈ നല്‍കാത്ത ഒരാള്‍ക്ക് നിരന്തരം ഫോളോ-അപ്പ് മെസേജുകള്‍ അയച്ചാല്‍, അവ പരിധിയില്‍ ഉള്‍പ്പെടും.
സ്പാം സന്ദേശങ്ങളും രാഷ്ട്രീയ പ്രചാരണങ്ങളും സൈബര്‍ തട്ടിപ്പുകളും വര്‍ധിച്ച പശ്ചാത്തലത്തിലാണ് വാട്‌സ്ആപ്പിന്റെ ഈ തീരുമാനം. മുമ്പും വാട്‌സ്ആപ്പ് ഫോര്‍വേഡിങ് പരിധിയും സംശയാസ്പദ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഉള്‍പ്പെടുത്തി ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.