കോട്ടയം: മാര്‍ച്ച് മാസത്തിലെ അവസാന ദിനങ്ങളിലെ ബാങ്കുകളുടെ പ്രവര്‍ത്തി ദിനങ്ങളെ സംബന്ധിച്ച സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റ്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ നാലുവരെ രണ്ടുദിവസമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ എന്നാണ് വ്യാജപ്രചാരണങ്ങള്‍. മാര്‍ച്ച് മാസം അവസാനത്തോടെ തുടര്‍ച്ചയായി ബാങ്കുകള്‍ അവധിയായിരിക്കില്ല.

ബാങ്കിങ് ഇടപാടുകള്‍ മാര്‍ച്ച് അവസാനത്തെ മൂന്നുദിവസവും തടസ്സമില്ലാതെ നടക്കും. മാര്‍ച്ച് 27 നാലാം ശനിയാഴ്ചയായതിനാല്‍ പതിവുപോലെ ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായറാഴ്ചയും അവധി. 29, 30, 31 തീയതികളില്‍ പ്രവര്‍ത്തിക്കും. 29-ന് ഹോളി ആയതിനാല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കില്ല. ഹോളി ആഘോഷിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് അവധി. കേരളത്തിലെ ബാങ്കുകള്‍ക്ക് ഇത് ബാധകമല്ല.

31-ന് ഓള്‍ ഇന്ത്യാ ബാങ്കിങ് എംപ്ലോയീസ് അസോസിയേഷന്‍(എ.ഐ.ബി.ഇ.എ.) ഫെഡറല്‍ ബാങ്കില്‍ മാത്രം പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആ ബാങ്കിന്റെയും ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കില്ല. മറ്റ് സംഘടനകള്‍ പണിമുടക്കിലില്ല. ബാങ്കുകളുടെ വാര്‍ഷിക കണക്കെടുപ്പിന്റെ അവധി ഏപ്രില്‍ ഒന്നിന് മാത്രമാണ്. രണ്ടിന് ദുഃഖവെള്ളിയാഴ്ച അവധിയാണ്. ഏപ്രില്‍ മൂന്ന് ശനിയാഴ്ച ബാങ്ക് പ്രവര്‍ത്തിക്കും.