ഐഎസ്എലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ബംഗളൂരു എഫ്‌സി വക ഗോള്‍ മഴ. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. ബംഗളൂരുവിനായി ക്ലെയ്ടന്‍ സില്‍വ, എറിക് പര്‍താലു, ദിമാസ്, സുനില്‍ ഛേത്രി എന്നിവര്‍ ഗോള്‍ നേടി. കേരളം നേടിയ രണ്ടു ഗോളുകളില്‍ ഒന്ന് മലയാളി താരം രാഹുല്‍ കെപിയും മറ്റേത് വിന്‍സന്റ് ഗോമസും വകയായിരുന്നു. അതേ സമയം സുനില്‍ ഛേത്രിയുടെ ഒരു പെനാല്‍റ്റി ഗോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ അല്‍ബിനോ ഗോമസ് തട്ടിയകറ്റിയിരുന്നു.

കളിയുടെ 17ആം മിനുട്ടില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ ഗോള്‍ നേടി കേരളാ ബ്ലാസ്‌റ്റേഴ്‌സാണ് വേട്ടക്ക് തുടക്കമിട്ടത്. അതിമനോഹരമായ കൗണ്ടര്‍ അറ്റാക്കിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പിറന്നത്. ബെംഗളൂരുവിന്റെ പന്തുമായി മുന്നോട് കുതിച്ച ഗാരി ഹൂപ്പര്‍ കൃത്യസമയത്ത് രാഹുലിന് പന്ത് കൈമാറുകയായിരുന്നു.

എന്നാല്‍ മറുപടി നല്‍കാന്‍ അധികം സമയമെടുത്തില്ല ബെംഗളൂരു. ക്ലെയ്ടണ്‍ സില്‍വയിലുടെ ബെംഗളൂരു എഫ്‌സി തിരിച്ചടിച്ചു. 29ആം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്തായിരുന്നു ഗോള്‍ പിറന്നത്. നിശുകുമാര്‍ ഹെഡ് ചെയ്ത് പന്ത് ബ്ലാസ്റ്റേഴ്‌സ് പകുതിയിലേക്ക് പോയി. എന്നാല്‍ ലാറുവാതാരയുടെ മിസ്റ്റേക്ക് മുതലെടുത്ത സില്‍വ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലയിലേക്ക് പന്തടിച്ചു കയറ്റി. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി മറിഞ്ഞു. ബെംഗളൂരു എഫ്‌സിയുടെ താണ്ഡവമാണ് രണ്ടാം പകുതിയില്‍ നടന്നത്. പ്രതിരോധം വീണപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങി.