Connect with us

Article

പാകിസ്താനിലേക്ക് നോക്കുന്നത് നല്ലതാണ് -എഡിറ്റോറിയല്‍

ഇത്രയും കാലം ഊതി വീര്‍പ്പിച്ചുനിര്‍ത്തിയിരുന്ന സമ്പദ്ഘടന പെട്ടെന്ന് കാറ്റൊഴിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ നെട്ടോട്ടമോടുകയാണ് പാകിസ്താന്‍ ഭരണകൂടം.

Published

on

ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് പാകിസ്താന്‍ കടന്നുപോകുന്നത്. സാമ്പത്തിക തകര്‍ച്ചയോടൊപ്പം ആഭ്യന്തര സമാധാനവും അവര്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഡോളറിനെതിരെ പാക് രൂപയുടെ മൂല്യം 270 രൂപയായി ഇടിഞ്ഞിരിക്കുന്നു. അതോടൊപ്പം അവശ്യസാധന വിലയും കുതിച്ചുയരുകയാണ്. ശ്രീലങ്കയെപ്പോലെ പാകിസ്താനും കുത്തുപാളയെടുത്ത് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) യുടെ പിന്നാലെ ഓടിത്തുടങ്ങി. ഓരോ ദിവസവും റെക്കോര്‍ഡ് ഇടിവാണ് പാകിസ്താന്‍ രൂപയുടെ വിനിമയ നിരക്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പെട്രോള്‍ വില ലിറ്ററിന് 250 രൂപയും ഡീസല്‍ 262 ഉം കടന്നിരിക്കുകയാണ്. മണ്ണെണ്ണ വിലയ്ക്കും തീ പിടിച്ചു തുടങ്ങി.

പണം എത്ര എണ്ണി നല്‍കിയാലും ലഭിക്കാത്ത രൂപത്തില്‍ രാജ്യത്തെ പല പെട്രോള്‍ പമ്പുകളും കാലിയാണ്. ഭക്ഷ്യവസ്തു വിലയും കുതിച്ചുയരുകയാണ്. ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. ഇത്രയും കാലം ഊതി വീര്‍പ്പിച്ചുനിര്‍ത്തിയിരുന്ന സമ്പദ്ഘടന പെട്ടെന്ന് കാറ്റൊഴിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ നെട്ടോട്ടമോടുകയാണ് പാകിസ്താന്‍ ഭരണകൂടം.

കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം കോര്‍പറേറ്റുകളുടെ കയ്യടി കേട്ട് സുഖിച്ചിരിക്കുന്ന കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനും പാകിസ്താനിലേക്ക് കണ്ണോടിക്കുന്നത് നല്ലതാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം ബജറ്റ് അവതരണമെന്നാല്‍ രാഷ്ട്രീയ പ്രസംഗമായി അധ:പതിച്ചിട്ടുണ്ട്. സുന്ദരമായ വാചകങ്ങളോടൊപ്പം ചില സംഖ്യകളും വിദഗ്ധമായി ഘടിപ്പിച്ചുണ്ടാക്കിയ പ്രസംഗം ഒമ്പത് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണെന്ന ആരോപണത്തെ ഇന്ത്യന്‍ ജനത മുഖ വിലക്കെടുത്തില്ലെങ്കില്‍ അയല്‍ രാജ്യങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ ഇന്ത്യയിലേക്ക് അതിര്‍ത്തി കടക്കാനും അധികം കാത്തിരിക്കേണ്ടിവരില്ല.

മോദി സര്‍ക്കാറിന്റെ സ്വന്തക്കാരനായ അദാനി പൊട്ടാനിരിക്കുന്ന മറ്റൊരു ബലൂണാണെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കണക്കുകളില്‍ കൃത്രിമം കാട്ടി രാജ്യം സാമ്പത്തികമായി കുതിച്ചുകൊണ്ടിരിക്കുന്നുവെന്ന് വരുത്തി തീര്‍ത്തതുകൊണ്ട് കാര്യമായില്ല. യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാനാണ് ശ്രമിക്കേണ്ടത്.

സമ്പദ്ഘടനയ്ക്ക് വമ്പന്‍ തകര്‍ച്ച സംഭവിക്കാന്‍ പാകിസ്താനും പലവിധ ന്യായങ്ങള്‍ നിരത്തുന്നുണ്ട്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉത്തരം കിട്ടാതാകുമ്പോള്‍ ഭരണകൂടങ്ങള്‍ മുന്നോട്ടുവെക്കുന്ന പതിവ് ന്യായങ്ങള്‍ക്കപ്പുറം അവയ്‌ക്കൊന്നിനും വിലയില്ല. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തക തകര്‍ച്ചയോടൊപ്പം കഴിഞ്ഞവര്‍ഷം ജൂണിലുണ്ടായ പ്രളയത്തിലേക്കും പാക് സര്‍ക്കാര്‍ വിരല്‍ ചൂണ്ടുന്നു. പക്ഷേ, അതിനപ്പുറം അടിസ്ഥാനപരമായ നിരവധി ഘടകങ്ങള്‍ പാകിസ്താനെ കുത്തുപാള എടുപ്പിച്ചതിന് പിന്നില്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

അധികാരത്തിനുവേണ്ടി രാജ്യത്തെ മുഖ്യധാരാ പാര്‍ട്ടികള്‍ നടത്തിയ കടിപിടികളും പാരവെപ്പുകളുമാണ് അതില്‍ മുഖ്യം. പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ഖാന്റെ രക്തത്തിനുവേണ്ടി ദാഹിച്ച പ്രധാനമന്ത്രിക്കസേരയില്‍നിന്ന് അദ്ദേഹത്തെ താഴെയിറക്കാന്‍ കാണിച്ച ആവേശം രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കാണിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയെയും നവാസ് ഷരീഫിന്റെ പാകിസ്താന്‍ മുസ്‌ലിംലീഗിനെയും നിഷ്പ്രഭരാക്കി കുറഞ്ഞ കാലം കൊണ്ട് പാക് രാഷ്ട്രീയത്തില്‍ കാലുറപ്പിച്ച ഇമ്രാന്‍ഖാനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ഭിന്നതകളെല്ലാം മറന്ന് കൈകോര്‍ത്ത് പുതിയ ഭരണകൂടത്തിന് രൂപം നല്‍കിയെങ്കിലും സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും ആഭ്യന്തര ക്രമസമാധാനം ഉറപ്പാക്കാനും അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇപ്പോഴും അടുത്ത തിരഞ്ഞെടുപ്പില്‍ നേടാനിരിക്കുന്ന ജയ പരാജയങ്ങളെക്കുറിച്ചാണ് ഇമ്രാന്‍ ഖാനും പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ഉള്‍പ്പെടെയുള്ള നേതാക്കളും സംസാരിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലും തിരഞ്ഞെടുപ്പ് നേട്ടങ്ങളില്‍ കണ്ണുനട്ട് മോദി സര്‍ക്കാര്‍ വാഗ്ദാന പെരുമഴ പെയ്യിക്കുകയാണ്. മോഹന പ്രഖ്യാപനങ്ങള്‍ ബജറ്റ് പ്രസംഗത്തോടെ അവസാനിക്കുമെന്നും അടുത്ത വര്‍ഷം വരെ അതേക്കുറിച്ച് ചോദ്യമുണ്ടാകില്ലെന്നുമുള്ള ആശ്വാസത്തിലാണ് സര്‍ക്കാറുള്ളത്. വര്‍ഗീയ പ്രചാരണങ്ങളിലൂടെയും ന്യൂനപക്ഷങ്ങളില്‍ ഭീതി വിതച്ച് പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിച്ചും ജന ശ്രദ്ധ തിരിച്ച് കാലം തള്ളിനീക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നതെന്ന് മുന്‍കാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Article

വികസന വഴിയിലെ വനിതാ സാന്നിധ്യം

Published

on

രാജീവ് ചൗധരി

1960-ൽ സ്ഥാപിതമായ ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (BRO) ജോലിയുടെ സ്വഭാവവും ഒറ്റപ്പെട്ട വിന്യാസവും കാരണം പുരുഷ ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് പതിറ്റാണ്ട് മുമ്പ്, വിരലിലെണ്ണാവുന്ന വനിതാ ഓഫീസർമാർ ചേരാൻ തുടങ്ങിയെങ്കിലും ഗ്രൗണ്ട് ടാസ്‌ക്കുകളുടെ അപകടസാധ്യത കണക്കിലെടുത്ത് അവരെ സ്റ്റാഫ് നിയമനങ്ങളിൽ മാത്രമാണ് നിയമിച്ചത്.

‘നാരി സശക്തികരൻ’ എന്ന നിലവിലെ സർക്കാരിൻ്റെ പ്രമേയത്തിന് അനുസൃതമായി വനിതാ ഉദ്യോഗസ്ഥർക്ക് ലിംഗഭേദമില്ലാത്ത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി 2021 മാർച്ച് 8-ന് DGBR ഒരു ചരിത്രപരമായ തീരുമാനമെടുത്തു, ആദ്യത്തെ വനിതാ ഓഫീസർ EE (Civ) ശ്രീമതി വൈശാലി എസ് ഹിവാസെ, റോഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ (RCC) ഓഫീസർ കമാൻഡിംഗ് ആയി നിയമിച്ചു.

2021 ഏപ്രിൽ 28-ന് അവർ തൻ്റെ അസൈൻമെൻ്റ് ഏറ്റെടുത്തു. മുൻഷിയാരിയെ ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിലെ മിലാം ഹിമാനിയുമായി ബന്ധിപ്പിക്കുന്ന BRO യുടെ ഏറ്റവും ദുഷ്‌കരമായ റോഡുകളിലൊന്നിൻ്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തു. താമസിയാതെ, അരുണാചൽ പ്രദേശിലെ ജനവാസയോഗ്യമല്ലാത്ത സിയാങ് താഴ്‌വരയിൽ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനായി ഒരു RCC യുടെ OC ആയി EE (Civ) ശ്രീമതി. ഒബിൻ ടാകി നിയമിതയായി.

ഈ സംരംഭത്തിൻ്റെ വിജയത്തെത്തുടർന്ന്, ചമോലി ജില്ലയിലെ പിപാൽകോട്ടിയിൽ ഒരു ഓൾ വിമൻ ആർസിസി സ്ഥാപിക്കുകയും 2021 ഓഗസ്റ്റ് 30-ന് മേജർ ഐന റാണയ്ക്ക് ഈ ആർസിസിയുടെ ചുമതല നൽകുകയും ചെയ്തു. അവരുടെ കീഴിലുള്ള മൂന്ന് പ്ലാറ്റൂൺ കമാൻഡർമാരും വനിതാ ഓഫീസർമാരായിരുന്നു. 18,478 അടി ഉയരമുള്ള ഉംലിംഗ്‌ല കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ചുരമായ മന ചുരം വരെയുള്ള റോഡുകളുടെ വികസനത്തിന് അവർ ഉത്തരവാദിയായിരുന്നു. ആ ഉദ്യോഗസ്ഥയുടെ ചടുലമായ നേതൃത്വത്തിൽ ആർസിസി മികച്ച പ്രകടനം കാഴ്ചവച്ചു. 2022 ഒക്ടോബർ 22-ന് പ്രധാനമന്ത്രി മന ഗ്രാമത്തിൽ വന്ന്, മന ചുരം വരെയുള്ള തന്ത്രപ്രധാനമായ റോഡിൻ്റെ വീതി കൂട്ടുന്നതിന് തറക്കല്ലിട്ടു.

കാശ്മീർ താഴ്‌വരയിൽ വിന്യസിച്ചിരിക്കുന്ന ഒരു ഫീൽഡ് വർക്ക്‌ഷോപ്പിലെ ഓഫീസർ കമാൻ്റിംഗ് ആയ കേണൽ നവനീത് ദുഗ്ഗൽ ഏറ്റവും പ്രയാസമേറിയതും വെല്ലുവിളി നിറഞ്ഞതുമായ സ്ഥലത്ത് ഒരു വർക്ക്‌ഷോപ്പ് മേധാവിത്വം വഹിക്കുന്ന ആദ്യത്തെ ഇ.എം.ഇ ഓഫീസർ കൂടിയാണ്. അവരുടെ നേതൃത്വത്തിൽ ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നു. ലെഫ്റ്റനൻ്റ് കേണൽ (ഇപ്പോൾ കേണൽ) സ്നിഗ്ധ ശർമ്മ BRO യുടെ ആസ്ഥാനത്തെ ലീഗൽ സെല്ലിൻ്റെ മേധാവിയായ ആദ്യത്തെ വനിതാ ഓഫീസറാണ്. ഓർഗനൈസേഷൻ്റെ നിയമപരമായ സമഗ്രത ഉയർത്തിപ്പിടിച്ചുകൊണ്ട് 700-ലധികം കോടതി കേസുകൾ അവർ കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഈ വനിതാ ഓഫീസർമാരുടെ എല്ലാ വിജയങ്ങളും അവരുടെ ഉപ യൂണിറ്റുകൾക്ക് നേതൃത്വം നൽകുമ്പോൾ നേടിയ നേട്ടങ്ങളും ലിംഗപരമായ തടസ്സങ്ങൾ തകർക്കുക മാത്രമല്ല, BRO ക്കുള്ളിൽ മികവിൻ്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഈ മികവുകൾ പരിഗണിച്ച് 2023 ഫെബ്രുവരിയിൽ അരുണാചൽ പ്രദേശിലെ സീറോയിൽ ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ കമാൻഡറായി കേണൽ അർച്ചന സൂദിനെ നിയമിച്ചു. അരുണാചൽ പ്രദേശിലെ ദിബാംഗ് താഴ്‌വരയിലെ റോഡുകളുടെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവർ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നു. 2023 ജൂണിൽ, ലഡാക്കിലെ ഹാൻലെയിൽ തന്ത്രപരമായ വളരെ പ്രധാനപ്പെട്ട ചില BRO പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ മേധാവിയായി കേണൽ പോനുങ് ഡോമിങ്ങ് തിരഞ്ഞെടുക്കപ്പെട്ടു. നിയോമയിലെയും ചുഷുൽ – ദുംഗ്‌തി – ഫുക്‌ചെ – ഡെംചോക്കിലെയും ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധവിമാനത്താവളങ്ങളിലൊന്നായ ലികാരു – മിഗ്‌ല – ഫുക്‌ചെ എന്നിവയെയും ബന്ധിപ്പിക്കുന്ന ചുമാർ സെക്ടറിൽ 19400 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും ശ്രമകരവുമായ സാഹചര്യങ്ങളിൽ LAC വഴിയുള്ള റോഡിൻ്റെ നിർമ്മാണം ഏറ്റെടുക്കാൻ അവരുടെ കീഴിൽ രണ്ട് വനിതാ ഓഫീസർമാരെ കൂടി നൽകി. 15000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന നിർമ്മാണ വിഭാഗമാണ് ഹാൻലെ ടാസ്ക് ഫോഴ്സ്. ഡെംചോക്കിനെ ചിസുംലെയുമായി ബന്ധിപ്പിക്കുന്ന ഉംമിംഗ്‌ലയിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് പരിപാലിക്കാനുള്ള ഉത്തരവാദിത്തവും അവർക്കാണ്.

രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ സ്ത്രീകൾ എപ്പോഴും സജീവ പങ്കാളികളായിരിക്കുമെന്ന് ബി. ആർ. ഒ. ഇന്ന് ഉറച്ചു വിശ്വസിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായുള്ള ബി. ആർ. ഒ യുടെ ബഹുമുഖ സമീപനത്തിൽ തൊഴിലവസരങ്ങളിലെ വൈവിധ്യങ്ങൾ, ലിംഗഭേദമില്ലാത്ത അന്തരീക്ഷത്തിൽ വളരാനുള്ള അവസരങ്ങൾ , ശരിയായ ആരോഗ്യപരിരക്ഷയുടെ ലഭ്യത , സാഹസിക/കായിക മേഖലകളിലുള്ള അവസരങ്ങൾ, അതുപോലെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും അവർ പ്രധാന പങ്ക് വഹിക്കുന്നതിനാൽ സമഗ്രമായി വികസിക്കാനുള്ള പ്രോത്സാഹനം എന്നിവ ഉൾപ്പെടുന്നു. “ആസാദി കാ അമൃത് മഹോത്സവ്” ആഘോഷിക്കുന്ന ബി. ആർ. ഒ, വിവിധ പര്യവേഷണങ്ങളിൽ, സ്ത്രീകൾ, അവരുടെ ശക്തിയും ചൈതന്യവും പ്രകടമാക്കി നയിക്കുന്ന സാഹസിക പ്രവർത്തനങ്ങളെ പിന്തുണച്ചു. ഇതിൽ പ്രധാനമായും പർവത ട്രെക്കിംഗ്, വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, സൈക്ലിംഗ് എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി ഡിസിപ്ലിനറി പര്യവേഷണം, പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകൾ മാത്രം പങ്കെടുത്ത ഒരു ഇലക്ട്രിക് വാഹന റാലി എന്നിവ ഉൾപ്പെടുന്നു.

ബി. ആർ. ഒയുടെ ചരിത്രത്തിലാദ്യമായി സ്ത്രീകൾക്ക് കമാൻഡ് പദവികൾ നൽകി. വനിതാ ഉദ്യോഗസ്ഥർ തങ്ങളുടെ കഴിവ് തെളിയിക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്‌തതിനാൽ ഇതൊരു വലിയ മാറ്റമായിരുന്നു. ഈ വനിതാ ഉദ്യോഗസ്ഥർ ഒരുപാട് സ്ത്രീകൾക്ക് ബി. ആർ. ഒയിൽ ചേരുന്നതിനും അവരുടെ കഴിവിന്റെ ഉച്ചസ്ഥായിയിൽ പ്രവർത്തിക്കുന്നതിനും വഴികാട്ടികളായി പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ ആത്മാർത്ഥമായ പ്രയത്‌നങ്ങൾ വഴി പ്രോജക്റ്റ് സമയക്രമം ത്വരിതപ്പെടുത്തുക മാത്രമല്ല, മറ്റ് ഓർഗനൈസേഷനുകൾക്ക് അനുകരിക്കാൻ ഫലപ്രദവും പ്രചോദനാത്മകവുമായ മാതൃകയായി പ്രവർത്തിക്കുകയും ചെയ്തു. ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും സർക്കാർ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. ബി. ആർ. ഒ നിർണായക പങ്ക് വഹിക്കുന്ന പ്രതിരോധ മേഖല , അടിസ്ഥാന സൗകര്യ വികസനമേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ മുന്നേറ്റം പ്രകടമാണ്.

Continue Reading

Article

ഒരേയൊരു ഫാത്തിമ ബീവി

സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ, ഹൈസ്‌കൂള്‍ പഠനകാലത്തേ എന്റെ റോള്‍മോഡലായി ഫാത്തിമാ ബീവി.

Published

on

അഡ്വ. പി കുല്‍സു

‘നീതിയുടെ ധീര സഞ്ചാരം’ എന്നത് ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ആത്മകഥയുടെ പേരാണ്. രാജ്യത്തെ ഒരു വനിതയും സഞ്ചരിക്കാന്‍ ധൈര്യപ്പെടാത്ത വഴികളിലൂടെ പ്രയാണം നടത്തിയ ശാന്തമായൊരു പുഴ കടലാഴങ്ങളില്‍ അലിഞ്ഞിരിക്കുന്നു. തികഞ്ഞ അച്ചടക്ക ജീവിതം, വിശ്വാസം മുറുകെപിടിച്ചുള്ള ചര്യകള്‍, മതാനുഷ്ഠാനങ്ങളില്‍ പോലും വിട്ടുവീഴ്ചയില്ലാത്ത കണിശത, കോടതിയിലെ വിധിന്യായത്തിലും ഗവര്‍ണറുള്‍പ്പെടെയുള്ള പദവി വഹിച്ചപ്പോഴും മനസാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്യില്ലെന്ന നിശ്ചയം, ഇതൊക്കെയാണ് ആ ജീവിതത്തെ സ്ഫുടം ചെയ്‌തെടുത്തതെന്നാണ് പലപ്പോഴും അവരുമായി നേരിട്ടും ഫോണിലൂടെയും കത്തിലൂടെയും സംവദിച്ചപ്പോഴും അനുഭവങ്ങള്‍ വായിച്ചപ്പോഴും ബോധ്യപ്പെട്ടത്. സ്ത്രീധന സമ്പ്രദായത്തോടുള്ള കനത്തൊരു സ്വവിധിക്കലായി, നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്ന് പറഞ്ഞ് ഒറ്റയാനായി ജീവിതം തുഴഞ്ഞതുപോലും അത്തരം ദുശ്പ്രവണതകള്‍ക്കെതിരെ രാജിയാവാനാവില്ലെന്ന നിലപാടിന്റെ ഭാഗമായിരുന്നു.
അധികം പ്രതികരിക്കാനോ തന്റെ വാദം സ്ഥാപിക്കാനോ പോവാതെ എല്ലാം കാലത്തിനു വിട്ടു. അതുകൊണ്ടു തന്നെ, വിനയം അലങ്കാരമായി കൊണ്ടുനടന്ന അവരെ ദൂരെ നിന്ന് നോക്കുന്ന പലരും അഹങ്കാരിയെന്ന് തെറ്റിദ്ധരിച്ചു. അതവര്‍ക്കും അറിയാമായിരുന്നു. എല്ലാവിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിതം സാധ്യമാകണമെന്നായിരുന്നു അവരുടെ സ്വപ്‌നം. പലര്‍ക്കും പലതിലും രഹസ്യമായി സഹായങ്ങള്‍ ചെയ്യുന്നതായിരുന്നു രീതി. കാരുണ്യമായിരുന്നു ഹൃദയം മുഴുവന്‍. കര്‍മത്തില്‍ വിശ്വസിച്ച അവരുടെ വാചാലമായ മൗനത്തിന് കൊടുങ്കാറ്റിനെക്കാള്‍ ശക്തിയുണ്ടായിരുന്നു; സഫലമായ ജീവിതം.

ദര്‍ശന പുണ്യം തേടി

എന്നെപ്പോലെ എത്രയോ പേരില്‍ ചെറുപ്രായത്തിലേ നിയമ പഠനം മോഹമാക്കിയതില്‍ പ്രചോദനമായത് ആ ഒരൊറ്റ വ്യക്തിയാണ്. സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ, ഹൈസ്‌കൂള്‍ പഠനകാലത്തേ എന്റെ റോള്‍മോഡലായി ഫാത്തിമാ ബീവി. കോളജ് പഠനകാലത്ത് അവരെ പോയി കാണാന്‍ എത്രയോ തവണ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകാതെ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗമായപ്പോള്‍ ഡല്‍ഹിയിലേക്കൊരു യാത്രപോയപ്പോഴാണ് സുപ്രീം കോടതി ജഡ്ജായിരുന്ന അവരെ കാണുന്നത്. വിരമിച്ച ശേഷം കത്തിടപാടുകളും ഫോണ്‍ വിളികളുമായി വല്ലാത്തൊരു അടുപ്പമായി. വിശ്രമ ജീവിതവുമായി പത്തനംതിട്ടയിലെ വീട്ടിലെത്തിയപ്പോള്‍ പലപ്പോഴും നേരിട്ട് കാണാനും സംസാരിക്കാനും അവസരമുണ്ടായി. കുല്‍സു എന്നതിന് പകരം കുല്‍സും ബീവി എന്നാണവര്‍ എന്നെ വിളിച്ചിരുന്നത്. അവരുടെ നേരെ താഴെയുള്ള അനിയത്തിയുടെ പേര് കുല്‍സും ബീവി എന്നായിരുന്നു. എന്നെ വനിതാ കമ്മീഷന്‍ അംഗമാക്കിയപ്പോള്‍ അനുഗ്രഹം തേടണമെന്ന്് ആദ്യം മനസ്സില്‍ വന്ന പേരായിരുന്നു ഫാത്തിമ ബീവി.
മുസ്ലിംലീഗിനെയും വനിതാ ലീഗിനെയും വലിയ ഇഷ്ടമായിരുന്നു അവര്‍ക്ക്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ന്യൂനപക്ഷ ശാക്തീകരണ പദ്ധതികളെ കുറിച്ചുമെല്ലാം സംസാരത്തില്‍ ചോദിക്കും. വടകരയിലൊരു വനിതാലീഗ് പരിപാടിക്ക് വരാമെന്നേറ്റത് ആരോഗ്യകാരണങ്ങളാല്‍ നടക്കാതെപോയി. സീതിസാഹിബിനെയും ശിഹാബ് തങ്ങളെയും സി.എച്ചിനെയും കുറിച്ച് അവര്‍ക്ക് വലിയ മതിപ്പായിരുന്നു. ഇ. അഹമ്മദ് സാഹിബിനോട് ആത്മബന്ധമുണ്ടായിരുന്നു. ‘നീതിയുടെ ധീര സഞ്ചാരം’ എന്ന അവരുടെ ആത്മകഥയില്‍ ഇ. അഹമ്മദ് സാഹിബിനെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരണ സാഹചര്യം എന്ന അധ്യായം വായിക്കുമ്പോള്‍ അത് ബോധ്യപ്പെടും.
1989ലെ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മകളായ റൂബിയ സഈദിനെ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് തട്ടിക്കൊണ്ടുപോയതിനെതുടര്‍ന്ന് കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളായി. പട്ടാള നടപടികള്‍ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാകിസ്താന്‍ എപ്പോഴും ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി 1992ല്‍ കശ്മീരിലേക്ക് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനെ അയക്കാന്‍ തീരുമാനിക്കുകയും ഇന്ത്യ അനുമതി നിഷേധിക്കുകയും ചെയ്തു. ഇത് യൂറോപ്യന്‍ യൂണിയന്റെയും മറ്റു വിദേശ രാജ്യങ്ങളുടെയും വലിയ വിമര്‍ശനത്തിന് ഇടയാക്കി. ഈ സാഹചര്യത്തിലാണ് 1993ല്‍ ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനിലേക്ക് ഇന്ത്യന്‍ സംഘത്തെ അയക്കാന്‍ പ്രധാനമന്ത്രി നരസിംഹറാവു തീരുമാനിക്കുന്നത്. എ.ബി വാജ്‌പേയ്, ഇ അഹമ്മദ് എന്നിവരായിരുന്നു സംഘത്തെ നയിച്ചിരുന്നത്. ജനീവയിലെ മനുഷ്യാവകാശ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് തിരിച്ചുവന്നതോടുകൂടിയാണ് ഇന്ത്യയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമായത്. അത്തരമൊരു നീക്കം അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യക്കെതിരെയുള്ള വിമര്‍ശനങ്ങളെ ഒരു പരിധിയോളം പ്രതിരോധിക്കാന്‍ സഹായിക്കും എന്ന് അംഗങ്ങള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. ഇന്ത്യയില്‍ ആദ്യമായി മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാന്‍ കാരണമായത് അന്ന് എം.പി ആയിരുന്ന ഇ.അഹമ്മദ് സാഹിബ് ജനീവയിലെ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് തിരിച്ചുവന്ന ശേഷം നല്‍കിയ റിപ്പോര്‍ട്ടും തുടര്‍ന്ന് നടത്തിയ ഇടപെടലുമാണ്. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും നിയമമന്ത്രിയായ വിജയഭാസ്‌കര്‍ റെഡ്ഡിയെ കണ്ട് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനും സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും റിട്ടയേര്‍ഡ് ജഡ്ജിമാരും മനുഷ്യാവകാശ പ്രവര്‍ത്തകരും അംഗങ്ങളായും കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്തുലമാണ്. ജസ്റ്റിസ് ഫാത്തിമ ബീവിയെ ഇന്ത്യയിലെ ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനിലെ അംഗമാക്കുന്നതില്‍ അഹമ്മദ് സാഹിബ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരള സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണായിരുന്ന ഫാത്തിമ ബീവിയെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ അംഗമാക്കിയതിലും ഇ അഹമ്മദ് സാഹിബിന് പങ്കുണ്ട്.

എന്നും ഒന്നാമത്

ലോകത്താകെയുള്ള വനിതകള്‍ക്ക് ആത്മാഭിമാനത്തിന്റെ പാത വെട്ടിയെന്നതാണ് ജ.ഫാത്തിമ ബീവിയുടെ അമരത്വം. 1927 ഏപ്രില്‍ 30ന് പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെ കണ്‍മണിയായ അവര്‍ എന്നും ഒന്നാമതായി. രൂപീകരണത്തിന്റെ നാല്‍പതു വര്‍ഷത്തിന് ശേഷം സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി കടന്നു ചെന്ന് ‘പുരുഷന്മാരുടെ ക്ലബ്ബ്’ എന്ന ദുഷ്‌പേര് പേറുന്ന ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ പ്രകമ്പനം സൃഷ്ടിച്ച ഫാത്തിമ ബീവി അന്നോളം പിന്നിട്ടതിനും മുന്‍ മാതൃകകളില്ലായിരുന്നു. തിരുവിതാംകൂര്‍ രാജ്യത്തു നിന്ന് നിയമബിരുദം നേടിയ ആദ്യ മുസ്ലിം വനിതയായ അവര്‍ തന്നെയാണ്, മുന്‍സിഫായും മജിസ്‌ട്രേട്ടായും ജില്ലാ ജഡ്ജിയായും ആ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിം വനിത. മുസ്്‌ലിംകളില്‍ നിന്നുള്ള രാജ്യത്തെ ആദ്യ ഹൈക്കോടതി ജഡ്ജി മാത്രമല്ല, സുപ്രീം കോടതിയിലെ ജഡ്ജിയാകുന്ന ഏഷ്യയിലെ ആദ്യ വനിതയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജിയും ഇന്‍കം ടാക്‌സ് അപ്പലേറ്റ്ട്രൈബ്യൂണലില്‍ ജൂഡിഷ്യല്‍ അംഗമായി വന്ന ആദ്യ വനിതയും തമിഴ്‌നാട്ടില്‍ ഗവര്‍ണറായ ആദ്യ വനിതയും മറ്റാരുമല്ല.
പിതാവ് തിരുവിതാംകൂറിലെ രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരനായിരുന്ന മീരാസാഹിബായിരുന്നു അവരുടെ ശക്തി. വിദ്യാഭ്യാസത്തില്‍ പൊതുവെ തല്‍പരരായിരുന്ന തമിഴ് റാവുത്തല്‍ കുടുംബമായിരുന്നു അവരുടേത്. അതുകൊണ്ട് തന്നെ ഫാത്തിമ ബീവിയുടെ സഹോദങ്ങളും അഭ്യസ്ഥവിദ്യരായി. കുല്‍സം ബീവി, റസിയ ബീവി (റിട്ട. ഹെഡ്മിസ്ട്രസ് പത്തനംതിട്ട തൈക്കാവ് സ്‌കൂള്‍), ഡോ. ഫസിയ റഫീഖ് (ശിശുരോഗ വിഭാഗം മുന്‍ മേധാവി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്), പരേതരായ സാറ ബീവി, ഹബീബ് മുഹമ്മദ് (റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍, കൃഷി വകുപ്പ്), ഹനീഫ ബീവി (റിട്ട. ഹെഡ്മിസ്ട്രസ്, ഓമല്ലൂര്‍ ഹൈസ്‌കൂള്‍), മൈതീന്‍ സാഹിബ് (റിട്ട.ഡിവൈഎസ്പി, പത്തനംതിട്ട) തുടങ്ങിയവരെല്ലാം മാതൃകാ വ്യക്തിത്വങ്ങളാണ്.
ഇതൊന്നും വെള്ളിത്താലത്തില്‍ വെച്ച് അവര്‍ക്ക് മുമ്പില്‍ വെച്ചുനീട്ടിയതല്ല. പ്രതികൂല കാലാവസ്ഥയോട് പൊരുതിയാണ് ഓരോ ഘട്ടവും അവര്‍ തരണം ചെയ്തത്. പത്തനംതിട്ട സര്‍ക്കാര്‍ സ്‌കൂള്‍, കാതോലിക്കേറ്റ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. 1943ല്‍ മട്രിക്കുലേഷന്‍ പാസായ ശേഷമാണ് തിരുവനന്തപുരം വിമന്‍സ് കോളജിലേക്ക് സയന്‍സെടുത്ത് പഠിച്ചതും രസതന്ത്രത്തില്‍ ബിരുദം നേടിയതും. പത്തനംതിട്ടയില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു കോളജുപോലുമില്ലായിരുന്നു. പഠനത്തിന് തിരുവനന്തപുരത്തേക്ക് പോകാനുള്ള അടിസ്ഥാന സൗകര്യവും ഇല്ലായിരുന്നു. പാലം പോലുമില്ലായിരുന്നെന്നും ഇടവപ്പാതിക്ക് കോളജ് തുറക്കുമ്പോള്‍ ആറ് കവിഞ്ഞൊഴുകുമ്പോള്‍ മഴവെള്ളത്തില്‍ കടത്ത് വലിയൊരനുഭവമായിരുന്നുവെന്നുവെന്നും ഫാത്തിമ ബീവി പലതവണ പറയാറുണ്ടായിരുന്നു. ബി.എസ്.സി കെമിസ്ട്രി പാസായ അവര്‍ എം.എസ്.സിക്ക് ചേരുമെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചാണ് തിരുവനന്തപുരം ലോ കോളജില്‍ ചേര്‍ന്നത്. അന്നവിടെ അഞ്ച് പെണ്‍കുട്ടികള്‍ മാത്രമാണ് ചേര്‍ന്നത്. അതില്‍ തന്നെ രണ്ടുപേര്‍ പാതിയില്‍ നിര്‍ത്തി പോയി. ഒന്നാം റാങ്കോടെ സ്വര്‍ണമെഡലോല്‍ നേടി നിയമബിരുദം കരസ്ഥമാക്കിയ ഫാത്തിമ ബീവി പെരെടുത്ത അഭിഭാഷകയാവാന്‍ അധിക സമയം വേണ്ടിവന്നില്ല.
1950ല്‍ സി.പി.പരമേശ്വരന്‍ പിള്ളയുടെ ജൂനിയറായി അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ച അവര്‍ പ്രമാദമായ നിരവധി കേസുകളാണ് കൈകാര്യം ചെയ്തത്. കൊല്ലത്തു പ്രാക്ടീസ് ചെയ്യുമ്പോള്‍ ക്രിമിനല്‍ കേസുകളിലായിരുന്നു ശ്രദ്ധ. ആ ഏഴു വര്‍ഷത്തിനിടെ ശൂരനാട് ലഹള, ചവറ ലഹള തുടങ്ങിയ കേസുകളില്‍ ഹാജരായി നടത്തിയ വാദങ്ങള്‍ വലിയ ശ്രദ്ധ നേടി. നല്ലൊരു ക്രിമിനല്‍ ലോയറായി കത്തിനില്‍ക്കുമ്പോഴാണ് കേരളപിറവിക്ക് ശേഷം ആദ്യമായി കേരള പി.എസ്.സി മുന്‍സിഫ് പരീക്ഷ നടത്തിയത്. ഒന്നാം റാങ്കോടെ വിജയിച്ച് 1958ല്‍ തൃശൂര്‍ മുനിസിഫായി ന്യായാധിപരംഗത്തെത്തി. കരുനാഗപ്പള്ളി, തിരുവനന്തപുരം, പുനലൂര്‍ എന്നിവടങ്ങളില്‍ മുനിസിഫായ ശേഷം 1968ല്‍ സബ് ജഡ്ജിയായി കോട്ടയത്ത് നിയമിതയായ അവര്‍ 1974ല്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്ജിയായ ശേഷം 1978ല്‍ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ അംഗമായിരിക്കെയാന് 1983ല്‍ കേരള ഹൈക്കോടതി ജഡ്ജിയായത്. കൊളീജിയം രീതി വരും മുമ്പുള്ള ആ നിയമനത്തില്‍, മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള വനിത ഉന്നത നീതിന്യായ സംവിധാനത്തിലേക്കു വരണമെന്ന അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ നിലപാട് ഫാത്തിമ ബീവിക്ക് അനുഗ്രമായി. 1989 ഏപ്രിലില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചിരിക്കുമ്പോഴാണ് കെ. കരുണാകരന്‍ വഴി പ്രധാമന്ത്രി രാജീവ് ഗാന്ധിയിലേക്ക് ആ പേരെത്തുന്നത്. അദ്ദേഹത്തിന്റെ കൂടി താല്‍പര്യത്തില്‍ 1989 നവംബറില്‍ സുപ്രീം കോടതി ജഡ്ജിയായി അവരെത്തുമ്പോള്‍ ആദ്യ വനിതാ കാവലാളായി ചരിത്രത്തില്‍ ഇടം പിടിച്ചു. സുപ്രീം കോടതിക്ക് 39 വയസ്സ് തികഞ്ഞ ശേഷമാണ് ഒരു വനിതാ ജഡ്ജി എത്തിയതെന്നതിന്റെ കാലാവസ്ഥക്ക് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുള്ള പരമോന്നത കോടതിയില്‍ വനിതാ ജഡ്ജിമാരായി ഇതുവരെ ആറു പേരേ ഉണ്ടായിട്ടുള്ളൂ എന്നതും കൂട്ടിവായിക്കണം.

മനസാക്ഷി കോടതിയിലെ
ഗവര്‍ണര്‍ പദവി

ഗവര്‍ണര്‍ പദവിക്ക് അലങ്കാരം വരുത്തുന്നതായിരുന്നു ജ.ഫാത്തിമ ബീവിക്ക് ആ പദവി ലഭിച്ചത്. ദേവഗൗഡ പ്രധാനമന്ത്രിയായ കാലത്ത് തമിഴ്‌നാട് ഗവര്‍ണറായിരുന്ന ഡോ.ചെന്ന റെഡ്ഢിയുടെ നിര്യാണത്തെത്തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ താല്‍പര്യപ്രകാരമാണ് ഫാത്തിമ ബീവിയെ ഗവര്‍ണറായി നിയമിച്ചത്. 1997 ജനുവരി 25ന് ജ.ഫാത്തിമ ബീവി ഗവര്‍ണറായി ചുമതലയേറ്റ് ആദ്യം ഒപ്പിട്ടത് അനധികൃതമായി സ്വത്തു സമ്പാദിച്ച കേസില്‍ ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന ഫയലിലായിരുന്നു. 2001 മെയ്യില്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ അണ്ണാ ഡിഎംകെ നേതാവ് ജയലളിതയെ മുഖ്യമന്ത്രിയാകാന്‍ എതിര്‍പ്പുകളെയും നിയമ വൃത്തങ്ങളെയും ഞെട്ടിച്ച് ക്ഷണിച്ചതും അതേ ഫാത്തിമ ബീവി.
ടാന്‍സി അഴിമതിക്കേസില്‍ കോടതി കുറ്റക്കാരിയായി കണ്ടെത്തിയതിനാല്‍ ജയലളിതക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടായിരുന്നു. നിയമസഭാ പാര്‍ട്ടി തിരഞ്ഞെടുക്കുന്ന നേതാവിനെയാണ് ഭരണഘടനാപരമായി ഗവര്‍ണര്‍ ക്ഷണിക്കേണ്ടതെന്നായിരുന്നു ഫാത്തിമ ബീവിയുടെ വാദം. ‘സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തിയെ ഭരണഘടന പഠിപ്പിക്കേണ്ടതില്ല’ എന്നു ഗവര്‍ണര്‍ക്ക് പിന്തുണയുമായി ജയലളിത രംഗത്തെത്തിയെന്നു മാത്രമല്ല, 2001 ജൂണ്‍ 30ന് പുലര്‍ച്ചെ നാടകീയമായി മുന്‍ മുഖ്യമന്ത്രി കരുണാനിധി, കേന്ദ്രമന്ത്രിമാരായ മുരശൊലിമാരന്‍, ടി.ആര്‍ ബാലു എന്നിവരെ ചെന്നൈയില്‍ ബലമായി അറസ്റ്റ് ചെയ്ത് പകപോക്കുകയും ചെയ്തു. ക്രമസമാധാന നില തകര്‍ന്നെന്ന റിപ്പോര്‍ട്ട് കാത്തിരുന്ന കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാറിന് നിരാശയായിരുന്നു ഫലം. സംഭവത്തില്‍ വസ്തുനിഷ്ഠമായ വിവരം നല്‍കിയില്ലെന്നും ജയലളിത സര്‍ക്കാറിനെ സഹായിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അവരെ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് തിരിച്ചുവിളിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഫാത്തിമ ബീവി ഉടന്‍ നാലുവരി രാജിക്കത്ത് രാഷ്ട്രപതി ഭവനിലേക്കു ഫാക്‌സയച്ചു. പത്തു മിനിറ്റ് കഴിഞ്ഞ് ഗവര്‍ണറെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള കാബിനറ്റ് തീരുമാനം രാഷ്ട്രപതി ഭവനിലെത്തിയപ്പോഴേക്കും അവര്‍ ആ സ്ഥാനം വിട്ടിരുന്നു.
ഝാന്‍സിറാണി, സരോജിനി നായിഡു, മദര്‍തെരേസ, ഇന്ദിരാഗാന്ധി, പ്രതിഭാ പാട്ടീല്‍, കല്‍പന ചൗള, ലതാമങ്കേഷ്‌ക്കര്‍, എം.എസ് സുബ്ബലക്ഷ്മി, ദൗര്‍പ്രതി മുര്‍മു, കിരണ്‍ബേദി തുടങ്ങിയ മികച്ച പത്ത് ഇന്ത്യന്‍ വനിതകളുടെ പട്ടികയില്‍ ഇടംനേടിയ ഫാത്തിമ ബീവി ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ കൂടി പ്രചോദനമാണ്. പക്ഷെ, ആ മഹാ പ്രതീകത്തെ മാന്യമായി യാത്രയാക്കാന്‍ പോലും ഭരണകൂടങ്ങള്‍ ശ്രമിച്ചില്ല. ഒരു പ്രാദേശിക അവധിപോലും നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒരു മന്ത്രിയെ പോലും പറഞ്ഞുവിട്ടില്ല. പത്തനംതിട്ട ജില്ലയിലെ മന്ത്രിയൊരു സ്ത്രീയായിട്ടുകൂടി ഈ അപമാനകരമായ അവഗണന വലിയ വേദനയാണ്. ഇതുകൊണ്ടൊന്നും മങ്ങുന്നതല്ല വഴികാട്ടിയ ആ മഹാ നക്ഷത്രത്തിന്റെ ശോഭ. തലമുറകള്‍ക്ക് അവര്‍ വഴികാട്ടുകതന്നെ ചെയ്യും.

Continue Reading

Trending