ന്യൂഡല്‍ഹി: സൈനികര്‍ അവരുടെ പരാതികള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത് രംഗത്ത്. സൈനികരുടെ ജോലിയുമായി ബന്ധപ്പെട്ട പരാതികള്‍ പരാതിപ്പെട്ടികളിലൂടെ ഉന്നത ഉദ്യോഗസ്ഥരെ അറിയക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സൈനികര്‍ ജോലിയുമായി ബന്ധപ്പെട്ട പരാതികള്‍ പരാതിപ്പെട്ടികളില്‍ നിക്ഷേപിക്കുക. അല്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. എല്ലാ ജവാന്മാരുടെയും കാര്യം ഞങ്ങള്‍ ശ്രദ്ധിക്കും. സൈന്യത്തിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളോ പൊതുജനമോ ജവാന്മാരോ അറിയിക്കുകയാണെങ്കില്‍ അവരെ സംബന്ധിച്ച് രഹസ്യാത്മകകത പുലര്‍ത്തുകയും ചെയ്യും.സൈനികരുടെ പ്രശ്‌നങ്ങളില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കില്‍ പാകിസ്താനില്‍ വീണ്ടും ആക്രമണം നടത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കിട്ടുന്ന ഭക്ഷണം പോരെന്ന് കാണിച്ച് കഴിഞ്ഞ ദിവസം രണ്ടു ജവാന്‍മാര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെ ഭക്ഷണത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ കരസേനാ മേധാവി പ്രതികരിച്ചിരിക്കുന്നത്.