ന്യൂഡല്‍ഹി: സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചാല്‍ സൈനികര്‍ക്കെതിരെ നടപടിയെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കരസേനാ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ജവാന്‍മാരുടെ മാത്രമല്ല കരസേനയുടേയും ആത്മവീര്യം അത് ചോര്‍ത്തിക്കളയും. ഇത് ശിക്ഷാര്‍ഹമായ നടപടിയാണ്. ഇങ്ങനെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും റാവത്ത് വ്യക്തമാക്കി. ചടങ്ങില്‍ പാക്കിസ്താന് മുന്നറിയിപ്പ് നല്‍കിയും ബിപിന്‍ റാവത്ത് സംസാരിച്ചു. സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും പ്രകോപനങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആവശ്യമായ ഭക്ഷണം കിട്ടുന്നില്ലെന്ന പരാതിയുമായി നേരത്തെ തേജ് ബഹദൂര്‍ യാദവ് എന്ന സൈനികന്‍ രംഗത്തുവന്നിരുന്നു. ഫേസ്ബുക്കില്‍ ഭക്ഷണത്തിന്റെ വീഡിയോ സഹിതമായിരുന്നു സൈനികന്റെ പോസ്റ്റ്. എന്നാല്‍ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചര്‍ച്ചയാവുകയും ചെയ്തു. പിന്നീട് മറ്റു സൈനികരും സമാനരീതിയില്‍ പരാതി ഉന്നയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കി ബിപിന്‍ റാവത്ത് രംഗത്തെത്തിയിരിക്കുന്നത്.