പട്‌ന: ബിഹാറില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തി മൂന്നാം ദിവസം അഴിമതിയാരോപണത്തെ തുടര്‍ന്ന് മന്ത്രി രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരിയാണ് രാജിവെച്ചത്. ജെഡിയു അംഗമായ ഇദ്ദേഹത്തിനെതിരെ ആര്‍ജെഡി അഴിമതിയാരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് രാജിവെച്ചത്.

2017ല്‍ ഭഗല്‍പൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായിരിക്കെ അസിസ്റ്റന്റ് പൊഫസര്‍മാരുടെയും ജൂനിയര്‍ സൈന്റിസ്റ്റുകളുടെയും നിയമനത്തില്‍ അഴിമതി നടത്തിയതിന് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. അന്ന് ബിഹാര്‍ ഗവര്‍ണറായിരുന്ന ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നത്. പക്ഷെ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

തനിക്കെതിരെ മാത്രമല്ല നിരവധി നേതാക്കള്‍ക്കെതിരെ കേസുകളുണ്ടെന്നും എന്നാല്‍ കോടതി ശിക്ഷിച്ചാല്‍ മാത്രമേ കുറ്റക്കാരനാവൂ എന്നുമായിരുന്നു മേവാലാലിന്റെ ന്യായീകരണം. എന്നാല്‍ നിതീഷ് ക്രിമിനലുകളുടെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ രൂപീകരിച്ചതെന്ന വിമര്‍ശനം ശക്തമാക്കിയതോടെ മേവാലാലിനോട് രാജിവെക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.