വയനാട്: താമരശേരി ചുരത്തില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ദേശീയ പാതയിൽ താമരശ്ശേരി ചുരം ഒമ്പതാം വളവിൽ വ്യൂ പോയിന്റിനു സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രക്കാരനായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അന്‍സാര്‍ (20)ആണ് മരിച്ചത്. പെരിന്തല്‍മണ്ണ പെരിന്താറ്റിരിയില്‍ സൈനുദ്ദീന് ആണ് പിതാവ്.

അപകടത്തില്‍ ബൈക്കിലെ സഹയാത്രികനായ മലപ്പുറം ചേലൂര്‍ സ്വദേശിയായ മുഹമ്മദ് നിസാറിന് (20)പരിക്കേറ്റു. നിസാറിനെ വൈത്തിരി ഗവ.ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും വയനാടിലേക്ക് പോവുകയായിരുന്ന ബൈക്കും ബസുമാണ് അപകടത്തില്‍ പെട്ടത്. ചുരത്തിലെ വളവില്‍ വെച്ച് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി, എതിര്‍ദിശയില്‍ നിന്നും മറ്റൊരു വാഹനം വന്നതോടെ ബൈക്കിന്റെ മുകളിലേക്ക് വെട്ടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനകത്തേക്ക് തെറിച്ച ബൈക്ക് യാത്രക്കാന്റെ മുകളിലൂടെ കെഎസ്ആര്‍ടിസി കയറിയിറങ്ങുകയായിരുന്നു.